പ്രസിദ്ധ ഗ്രന്ഥകാരനായ ജോയൽ. എസ്. പീറ്റേഴ്സ് രചിച്ച ഗ്രന്ഥമാണ് ബൈബിൾ മാത്രം മതിയോ? (Scripture Alone?) എന്നത്. ഈ ഗ്രന്ഥത്തിൽ പ്രൊട്ടസ്റ്റന്റ് നേതാവായ മാർട്ടിൻലൂഥറിന്റെ ‘ബൈബിൾ മാത്രം’ എന്ന വാദം കേവലം മനുഷ്യ നിർമിതമായ തത്വസംഹിതയാണെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ‘ബൈബിൾ മാത്രം’ എന്ന പ്രൊട്ടസ്റ്റന്റ് വാദത്തിനെതിരായി 21 വാദമുഖങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അതിൽ ഒരു വാദമുഖമാണ് ‘ബൈബിൾ മാത്രം’ എന്നത് ചീത്ത ഫലങ്ങൾ തരുന്ന ഒരു വാദമാണ് എന്നത്. ‘ബൈബിൾ മാത്രം’ എന്ന വാദത്തിന്റെ ഫലമായി വിശ്വാസ സംബന്ധമായി വ്യത്യസ്തമായ ആശയങ്ങളും പഠനങ്ങളും സ്വീകരിച്ചിട്ടുള്ള ആയിരക്കണക്കിന് സമൂഹങ്ങളെ പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെ ഇടയിൽ കാണാൻ സാധിക്കും.
1517 ലെ പ്രൊട്ടസ്റ്റന്റ് വിഭജനത്തിനുശേഷം ലോകം മുഴുവനും ഏകദേശം ഇരുപത്തയ്യായിരത്തോളം സമൂഹങ്ങളാണ് അതിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു! ‘ബൈബിൾ മാത്രം’ എന്ന വാദത്തിന്റെ വൃക്ഷം കാലാകാലങ്ങളായി ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഭിന്നതയ്ക്കും മാത്സര്യത്തിനും വിശ്വാസ പ്രതിസന്ധിക്കും ആണ് പ്രസ്തുത തത്വം കാരണമായിത്തീർന്നത് എന്ന് ഓർമിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ഇന്നത്തെ ആരാധനക്രമ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മുകളിൽ പറഞ്ഞതുപോലെ ചീത്ത ഫലങ്ങൾ നൽകുന്ന ചില വാദങ്ങൾ നമുക്ക് കാണാനാകും.അവ ചുവടെ ചേർക്കുന്നു:
1.”ആരാധനക്രമം രൂപതയുടെ സ്വന്തം” എന്ന വാദം.
പ്രാദേശികവാദം എന്ന പദം നമുക്ക് ഏറെ പരിചയമുള്ള താണ് .’മണ്ണിന്റെ മക്കൾ വാദം’ എന്ന രീതിയിൽ രാഷ്ട്രീയമായി അതിനെ ഉപയോഗിക്കുന്നവരുണ്ട്. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം വാദങ്ങൾ ഇന്നും ശക്തമാണ്. സീറോ മലബാർ സഭയിലും ഇപ്രകാരം ‘പ്രാദേശികവാദം’ അഥവാ ‘രൂപതാവാദം’ ചിലയിടങ്ങളിൽ ഏറെ ശക്തമാണ്. സീറോ മലബാർ സഭയുടെ ആരാധനക്രമ വുമായി ബന്ധപ്പെട്ടാണ് ഈ വാദം നാം ഇന്ന് ഏറ്റവുമധികം കേൾക്കുന്നത്. “ആരാധനക്രമം രൂപതയുടെ സ്വന്തം” എന്ന രീതിയിലുള്ള വാദമാണിത്. സീറോ മലബാർ സഭയിലാകമാനം ഏകീകൃത ബലിയർപ്പണരീതിക്ക് വേണ്ടിയുള്ള സിനഡിന്റെ തീരുമാനത്തെത്തുടർന്ന് പ്രാദേശികവാദം അഥവാ രൂപതാവാദം ചിലയിടങ്ങളിലെങ്കിലും തലപൊക്കുകയുണ്ടായി. തങ്ങളുടെ രൂപതയിൽ അനുവർത്തിച്ചു പോരുന്ന ചില രീതികൾ മാറ്റാൻ പറ്റില്ല എന്ന നിർബന്ധബുദ്ധിയും വാശിയും ആണ് ഈ പ്രാദേശിക വാദത്തിന്റെ അടിസ്ഥാനം.
‘എല്ലാവരും സഹോദരർ'(Fratelli Tutti)എന്ന തന്റെ ചാക്രിക ലേഖനത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ “ആരോഗ്യകരമായ പ്രാദേശികത”യെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതിനു നേർവിപരീതമായി സ്വന്തം ജനതയോടും സംസ്കാരത്തോടും ആരോഗ്യകരമായ സ്നേഹബന്ധം ഇല്ലാത്ത ഒരു തരം “പ്രാദേശിക ആത്മരതി” യെക്കുറിച്ചും (Narcissism) അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അപരനോടുള്ള ഭയത്തിൽ നിന്ന് ഉടലെടുക്കുന്ന ഒരുതരം നിലപാടാണ് ഇത്. അരക്ഷിതമായ ഈ നിലപാട് തിരസ്ക്കരണത്തിലേക്കും ആത്മ രക്ഷയ്ക്കായി മതിലുകൾ നിർമ്മിക്കാനുള്ള ആഗ്രഹത്തിലേക്കും ചെന്നെത്തിക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. സാർവ്വദേശീയതയോടും മറ്റു സംസ്കാരങ്ങളുടെ സമ്പന്നതയോടും ആത്മാർത്ഥമായ തുറവില്ലാത്ത അവസ്ഥയാണിത്. പരിമിതമായ ആശയങ്ങൾ, ആചാരങ്ങൾ, സുരക്ഷാ രീതികൾ എന്നിവയിൽ ചിന്താകുലമാണ് ഇത്തരത്തിലുള്ള പ്രാദേശിക ആത്മരതിയെന്ന് അദ്ദേഹം പറയുന്നു.
ഇത്തരം സാഹചര്യത്തിൽ ആരോഗ്യകരമായ പ്രാദേശികത അസാധ്യമാണ്. അതായത്, സാർവദേശീയ മൂല്യങ്ങൾ ഇല്ലാത്ത ഒരു സംസ്കാരം യഥാർത്ഥ സംസ്കാരം അല്ല എന്ന് പാപ്പ ഇവിടെ ഓർമ്മിപ്പിക്കുന്നു (No.146). ഫ്രാൻസിസ് മാർപ്പാപ്പ മുകളിൽ പറഞ്ഞ കാര്യങ്ങൾ കത്തോലിക്കാ സഭയിലെ ഒരു സ്വയാധികാരസഭയായ സീറോ മലബാർ സഭയിലെ ഇന്നത്തെ അവസ്ഥയുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ്.സഭാ ശാസ്ത്രപരമായി (Ecclesiology) ചിന്തിക്കുമ്പോൾ സാർവത്രിക സഭയുടെ ഭാഗമായി നിന്നുകൊണ്ട് സ്വന്തം വ്യക്തി സഭയുടെ തനിമയെയും പൈതൃകത്തെയും ഓരോ വിശ്വാസിയും ആദരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്.എന്നാൽ നിർഭാഗ്യവശാൽ, ഇന്ന് സീറോ മലബാർ സഭയിൽ ഈ കാഴ്ചപ്പാടിന് ഏറെ വിള്ളൽ വീണിരിക്കുകയാണ്. പ്രത്യേകിച്ച്, സീറോ മലബാർ സിനഡ് ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കിയതു മുതൽ വിഭജനങ്ങളുടെയും വിഭാഗീയതയുടെയും വേദി സൃഷ്ടിക്കാനാണ് ഈ സഭയിലെ ഒരുകൂട്ടർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഒരു പ്രത്യേക കാലഘട്ടത്തിലെ, ഒരു പ്രത്യേക പ്രദേശത്തെ രീതികൾ മാത്രമേ തങ്ങൾ സ്വീകരിക്കൂ എന്ന ഇത്തരം നിലപാട് ഏറെ അപകടകരമാണ്.ചില രൂപതകളിൽ വൈദികർ മെത്രാനെ ഹൈജാക്ക് ചെയ്തു കൊണ്ട് ആരാധനക്രമവുമായി ബന്ധപ്പെട്ട് തങ്ങൾ നിർദ്ദേശിക്കുന്ന പ്രതീകങ്ങൾ മാത്രമേ തങ്ങളുടെ രൂപതയിൽ നടപ്പിലാക്കാൻ പാടുള്ളൂ എന്ന് ആവശ്യപ്പെടുന്നു!സഭ എന്നും ആദരിക്കുന്ന ചില പ്രതീകങ്ങളെ തങ്ങളുടെ രൂപതയിൽ ഉപയോഗിക്കാൻ പാടില്ല എന്ന നിർദ്ദേശവും അവർ രൂപതാ മെത്രാന് കൈമാറുന്നു! ഇതെല്ലാം സഭാ വിരുദ്ധവും വിശ്വാസ വിരുദ്ധവുമാണ്. സഭയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുക എന്നതാണ് മെത്രാന്റെ ദൗത്യം.അത് പ്രാദേശിക താല്പര്യങ്ങൾക്ക് അപ്പുറത്താണ്.
ശരിയായ വിശ്വാസപരിശീലന ത്തിന്റെ അഭാവംമൂലം സീറോ മലബാർ സഭയിലെ അനേകം വിശ്വാസികൾ കത്തോലിക്കാ സഭയുടെ സഭാശാസ്ത്രത്തെക്കുറിച്ചും ആരാധനക്രമ വിജ്ഞാനീയത്തെക്കുറിച്ചും ഇന്ന് അജ്ഞരാണ്. സഭയെക്കുറിച്ചും ആരാധന ക്രമത്തെക്കുറിച്ചും ഇന്ന് നിരന്തരമായി നടക്കുന്ന വ്യാജ പ്രചരണങ്ങൾ മുകളിൽ പറഞ്ഞ പ്രാദേശിക വാദത്തിന്റെ ഒരു ചീത്ത ഫലമാണ്.സഭ ഇന്ന് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണിത്.
സാർവത്രികസഭയെന്നോ സ്വയാധികാര സഭയെന്നോ (വ്യക്തിസഭ) ഉള്ള കാഴ്ചപ്പാടില്ലാതെ ‘എന്റെ രൂപത’എന്ന മനോഭാവത്തോടെ ആത്മ രക്ഷയ്ക്കായി മതിലുകൾ ഉയർത്തുന്ന ഇത്തരം ‘പ്രാദേശികവാദം’ അഥവാ ‘രൂപതാവാദം’ സഭയിൽ എന്നും ചീത്ത ഫലങ്ങൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.
2. “ഐക്യം മതി, ഐകരൂപ്യം വേണ്ട” -എന്ന വാദം.
സീറോ മലബാർ സഭയിൽ ഏറെ ചീത്ത ഫലങ്ങൾ ഉണ്ടാക്കിയ വേറെ ഒരു വാദമാണ് ആരാധനക്രമത്തിൽ “ഐക്യം മതി, ഐകരൂപ്യം വേണ്ട” എന്ന വാദം. ഏറെ പൊള്ളത്തരങ്ങൾ നിറഞ്ഞ ഈ വാദത്തിന്റെ ഒരു നേർചിത്രമാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി സീറോമലബാർ സഭയിൽ കണ്ടുകൊണ്ടിരുന്നത്. ഒരു സ്വയാധികാരസഭയായ സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ ഐകരൂപ്യം ഇല്ലാത്ത അവസ്ഥ ഏറെ മുറിവുകളാണ് കാലങ്ങളായി ഈ സഭയിൽ സൃഷ്ടിച്ചുകൊണ്ടിരുന്നത്.
“ഐക്യം മതി, ഐകരൂപ്യം വേണ്ട ” എന്ന വാദത്തിന്റെ ഏറ്റവും പൊള്ളയായ മുഖം നാം കാണുന്നത് പരിശുദ്ധ സിംഹാസനത്തിൽ നിന്നും ആരാധനക്രമവുമായി ബന്ധപ്പെട്ട് നൽകുന്ന നിർദ്ദേശങ്ങളുടെ ലംഘനത്തിലാണ്! 1917 മെയ് 1നാണ് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘം സ്ഥാപിച്ചത്. അന്നുമുതലിങ്ങോട്ട് കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ അഥവാ സീറോമലബാർ സഭയുടെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ള ഒരു തിരുസംഘം ആണിത്. എന്നാൽ നിർഭാഗ്യവശാൽ, പിന്നീടുള്ള പല വർഷങ്ങളിലും പൗരസ്ത്യ തിരുസംഘം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കാനാണ് ഈ സഭയിലെ ഒരു വിഭാഗം ശ്രമിച്ചത്. നാട്ടുരാജ്യങ്ങളെപ്പോലെ സ്വതന്ത്രമായി വളർന്നുവന്ന സീറോ മലബാർ സഭയിലെ രൂപതകൾ 1992ൽ ഒരു മേജർ ആർച്ച്ബിഷപ്പിന്റെ കീഴിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളർന്നെങ്കിലും പിന്നീടും പൗരസ്ത്യ തിരുസംഘം നൽകുന്ന നിർദ്ദേശങ്ങൾ ലംഘിക്കാനാണ് ഇവിടെയുള്ള ഒരു വിഭാഗം പരിശ്രമിച്ചത്.
പൗരസ്ത്യസഭകളുടെ കാനൻ നിയമം അനുസരിച്ച് ആരാധനക്രമ അനുശാസനങ്ങൾ പ്രായോഗികമാക്കാനുള്ള ഒരു ഉദ്ബോധനം ആണ് 1996 ജനുവരി 6 ന് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘം നൽകിയ “ലിറ്റർജിയും പൗരസ്ത്യകാനൻ സംഹിതയും” എന്ന ഉദ്ബോധനം(Instruction for applying the Liturgical Prescriptions of the code of Canons of the Eastern Churches).നിർഭാഗ്യവശാൽ, ഈ രേഖ എന്തെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ സീറോമലബാർ സഭയിലെ പല വിശ്വാസികൾക്കും അറിയില്ല!112 ഖണ്ഡികകൾ ഉള്ള ഈ നിർദ്ദേശക രേഖയിൽ വിശുദ്ധ ആരാധനക്രമത്തിന്റെ സമ്പന്നതയെക്കുറിച്ചും അതു പരികർമ്മം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
ഉദാഹരണമായി ഈ രേഖയുടെ 100 മുതലുള്ള ഖണ്ഡികകളിൽ ദൈവാലയത്തെക്കുറിച്ചും അതിന്റെ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. മദ്ബഹായെക്കുറിച്ചും അതിനു പുറമേയുള്ള ‘വചനവേദി’ അഥവാ ‘ബേമ്മ’ എന്ന സംവിധാനത്തെക്കുറിച്ചും കിഴക്കിനഭിമുഖ പ്രാർത്ഥനാ രീതിയെക്കുറിച്ചും തിരു സ്വരൂപങ്ങളെക്കുറിച്ചും പാരമ്പര്യങ്ങൾ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ രേഖ വിശദമാക്കുന്നുണ്ട്. പരിശുദ്ധ മാർപാപ്പയുടെ കീഴിലുള്ള ഒരു തിരുസംഘം ആണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. അതിനെ കൽദായമെന്നോ പൗരസ്ത്യമെന്നോ വിളിച്ച് അവഗണിച്ചു തള്ളുക യാണെങ്കിൽ അതിന്റെയർത്ഥം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയെ തന്നെ അവഗണിക്കുകയാണ് എന്നാണ്.
“ഐക്യം മതി, ഐകരൂപ്യം വേണ്ട” എന്ന വാദത്തിന്റെ ബാക്കിപത്രമാണ് സീറോ മലബാർ സഭയിലെ പല രൂപതകളിലും ഏകീകൃത ബലിയർപ്പണ രീതി നടപ്പിൽ വരുന്നതിനു മുമ്പ് ബേമ്മ ഉപയോഗിക്കാതെ വിശുദ്ധ ബലി അർപ്പിച്ചു പോന്നിരുന്നു വെന്നത് . ലത്തീൻ സഭയിൽപ്പോലും വചന ശുശ്രൂഷയ്ക്ക് വേണ്ടി ബലിപീഠത്തിൽ നിന്നും വ്യത്യസ്തമായ ഒരു സംവിധാനം ആണ് നിലവിലുള്ളത്. കേവലം പ്രാദേശിക വാദത്തിന്റെ ഫലമായി സഭയുടെ ചില ചിരപുരാതന പ്രതീകങ്ങളെ തള്ളിക്കളയുക എന്നതാണ് ഇവിടെ സംഭവിച്ചത്!ബേമ്മ മാത്രമല്ല ആരാധനക്രമവുമായി ബന്ധപ്പെട്ട മറ്റു പല പ്രതീകങ്ങളും പൗരസ്ത്യ തയുടെ പേര് പറഞ്ഞു കൊണ്ട് പലരും ഒഴിവാക്കുകയാണ് ചെയ്തത്. ഇപ്രകാരം ഓരോ രൂപതയും തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ബലിയർപ്പിക്കുന്ന ശൈലി തുടർന്നു പോന്നപ്പോൾ സീറോ മലബാർ സഭ ഒരു തരം അരാജകത്വത്തിലേക്ക് വീഴുകയാണ് ചെയ്തത്.
നമുക്കറിയാവുന്നതുപോലെ ഇത്തരം അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഏകീകൃത ബലിയർപ്പണ രീതി സഭയിലാകമാനം നടപ്പിൽ വരുത്താൻ സീറോ മലബാർ സഭയുടെ സിനഡ് തീരുമാനിച്ചത്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, അനൈക്യത്തിന്റെ അശുദ്ധാ രൂപി ഈ സഭയിൽ തുടർന്നും തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏകീകൃത ബലിയർപ്പണ രീതിയെ അംഗീകരിക്കാതെ ചില വൈദികരും വിശ്വാസികളും ഭിന്നിച്ചു നിൽക്കുന്നത് തീർച്ചയായും ചീത്ത ഫലത്തിന് ഉദാഹരണമാണ് . അതിനാൽ ‘ഐക്യം മതി, ഐകരൂപ്യം വേണ്ട’ എന്ന വാദം അതിനാൽത്തന്നെ ചീത്ത ഫലങ്ങൾ നൽകുന്ന ഒരു വാദമാണ്.
3. “ആരാധനക്രമം ജനങ്ങളുടെ അവകാശം” -എന്ന വാദം.
ആരാധനാക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളുടെ അവകാശമാണ് എന്ന വാദവും ചീത്ത ഫലങ്ങൾ നൽകുന്ന ഒരു വാദമാണ്. കത്തോലിക്കാ കാഴ്ചപ്പാടനുസരിച്ച് വിശുദ്ധ കുർബാന എന്നു പറയുന്നത് ഒരു വലിയ രഹസ്യവും ദാനവുമാണ്. സഭ നിശ്ചയിക്കുന്ന രീതിയിലാണ് അത് പരികർമ്മം ചെയ്യേണ്ടത്. സഭയുടെ ആരാധനക്രമമേഖലയിലും ദൈവശാസ്ത്ര മേഖലയിലുമുള്ള വളർച്ചയുടെ അടിസ്ഥാനത്തിൽ ഓരോ കാലഘട്ടത്തിലും ആരാധനക്രമവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാനും മാറ്റങ്ങൾ വരുത്താനുമുള്ള അധികാരമുള്ളത് സഭയുടെ മെത്രാൻ സിനഡിനാണ് . എന്നാൽ ഇതിന് വിരുദ്ധമായി ആരാധനക്രമം ജനങ്ങളുടെ അവകാശമാണെന്നും ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമുള്ള അവകാശവാദം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന അവസ്ഥ വന്നാൽ ഒരു ക്ലബ്ബിന്റെ അവസ്ഥയിലേക്ക് സഭ താഴ്ന്നു പോകും.
സഭ ഒരു ആരാധനാ സമൂഹമാണ് (Church is a Liturgical Community ) എന്ന യാഥാർത്ഥ്യത്തിൽ നിന്നുമുള്ള ബോധപൂർവ്വമായ അകൽച്ചയാണ് ഇന്ന് ഉത്തരവാദിത്വപ്പെട്ട പലരും കാണിക്കുന്നത്. “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെയൊരു ബലി സാധ്യമോ” എന്ന് പാണന്മാരെപ്പോലെ പാടുന്നവർ കത്തോലിക്കാസഭയിൽ വിശുദ്ധബലി എന്നത് കർത്താവിനോടും അവിടുത്തെ സഭയോടുമുള്ള കൂട്ടായ്മയിലും ഐക്യത്തിലും ആണ് അർപ്പിക്കേണ്ടത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടുണ്ടോ? ആരാധനക്രമത്തിന്റെ രീതികൾ ജനങ്ങൾ നിശ്ചയിച്ചു കൊള്ളും എന്ന നിലപാട് സഭയുടെ വിശ്വാസത്തിനും യുക്തിക്കും വിരുദ്ധമായ ഒന്നാണ്.
ഏറെ അപകടകരവും സഭാ വിരുദ്ധമായ ഈ വാദം ഏറ്റവുമധികം ആഘോഷിക്കുന്നത് സഭയെ തകർക്കാൻ ആഗ്രഹിക്കുന്ന തൽപരകക്ഷികളാണെന്ന വസ്തുത ബന്ധപ്പെട്ടവർ ഓർക്കുന്നത് നല്ലതായിരിക്കും. ഏതെങ്കിലുമൊരു കാലഘട്ടത്തിലേക്ക് മാത്രം സഭയെ ഒതുക്കുകയും ചുരുക്കുകയും ചെയ്യുന്ന ഈ വാദം യാതൊരു നന്മയും സഭയിൽ ഉളവാക്കുകയില്ല. ദൈവിക രഹസ്യങ്ങളുടെ കാര്യസ്ഥന്മാരായ മെത്രാന്മാരുടെയും അവരുടെ കൂട്ടായ്മയായ മെത്രാൻ സിനഡിന്റെയും അവകാശം സമ്മർദ്ദ തന്ത്രങ്ങളിലൂടെ തങ്ങളുടേതാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ തീർത്തും അപലപനീയവും അച്ചടക്കരഹിതവുമാണ്.
മുകളിൽ പറഞ്ഞ വാദങ്ങളെല്ലാം ഈ കാലഘട്ടത്തിൽ ഏറെ ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് അനുദിനം നമുക്ക് കാണാൻ കഴിയും. ഇവ സഭയിൽ അരാജകത്വം സൃഷ്ടിക്കുകയും വിശ്വാസ കാര്യങ്ങളെ ഇകഴ്ത്തിക്കാ ണിക്കുകയും പുതുതലമുറയ്ക്ക് ദുഷ്പ്രേരണ നൽകുകയുമാണ് ചെയ്യുന്നത്.ഇത്തരം വാദങ്ങൾ സഭയെ ഓരോ നിമിഷവും തളർത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വിശ്വാസത്തെ വിലമതിക്കാനും അധികാരികളോട് അനുസരണാമനോഭാവം പുലർത്താനും വിശ്വാസവുമായി ബന്ധപ്പെട്ട് നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്കു പോലും പ്രാധാന്യം കൊടുക്കാനും പഠിപ്പിച്ചു കൊണ്ടാണ് വരുംതലമുറയെ നാം വിശ്വാസത്തിൽ വളർത്തേണ്ടത്.
അതിനുപകരം ഉത്തരവാദിത്വപ്പെട്ടവർ തന്നെ വിഭാഗീയതയുടെയും വിഴുപ്പലക്കലിന്റെയും കുഴലൂത്തുകാരായി മാറുകയും സഭയുടെ മഹത്തായ പ്രതീകങ്ങളെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നത് “കുറുന്തോട്ടിക്ക് വാതം പിടിക്കുന്നതിനു” സമാനമാണ്. പൊതുസമൂഹത്തിനു മുമ്പിൽ സഭ അപഹസിക്കപ്പെടുന്നതിനേ ഇത്തരം ശൈലികൾ വഴിവയ്ക്കുകയുള്ളൂ. അതിനാൽ ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഇത്തരം വാദങ്ങളിൽ നിന്ന് മാറി നിൽക്കാനും കർത്താവിന്റെ ശരീരമായ സഭയുടെ നന്മയ്ക്കുവേണ്ടി സഭയുടെ മെത്രാൻ സിനഡിന്റെ തീരുമാനത്തോട് ചേർന്നു നിൽക്കാനും ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
By, ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.