അനുസരണക്കേടിന്റെയും ധാർഷ്ട്യത്തിന്റെയും ഭിന്നിപ്പിന്റെയും ഈ ബലി പ്രീതിപ്പെടുത്തുന്നത് ദൈവത്തെയോ സാത്താനെയോ…?
ഒരു സാധാരണ വിശ്വാസിയുടെ സംശയങ്ങളും ചോദ്യങ്ങളും:
ക്രിസ്തുവിൽനിന്നുള്ള ശരിയായ ഉത്തരം ഇതിനുലഭിക്കുവാൻ, പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമാറാകട്ടെ.. ആമ്മേൻ.. “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.”(യോഹന്നാൻ 1 :1) ആ വചനത്തെ (ദൈവത്തെ) , ഒരു കുറ്റബോധവുമില്ലാതെ ചിത്രത്തിൽ കാണുന്നരീതിയിൽ വികൃതമാക്കി അപമാനിക്കുന്നത് ദൈവാത്മാവിന്റെ പ്രവൃത്തിയോ..? അതോ സാത്താന്റെ പ്രവൃത്തിയോ..? വി. കുർബാനയുടെ സ്ഥാപകവചനത്തിന്റെ സ്ഥാനത്ത് പരിഹാസവാക്കുകൾ ഉണ്ടാക്കിയും, സഭയെ നയിക്കുവാൻ ദൈവം നിയോഗിച്ചവരെ മ്ലേച്ഛവാക്കുകൾ ഉപയോഗിച്ച് നിന്ദിച്ചും ദൈവനിന്ദ നടത്തുന്നത് സീറോ മലബാർ ചർച്ചിന്റെ പേരിലുള്ള ഈ ഒരു ഗ്രൂപ്പിൽ മാത്രമല്ല. ഇത്തരം പ്രവൃത്തിപോലും പുണ്യമാണെന്ന് തോന്നുമാറ് വിശ്വാസികളുടെ മനസ്സുകളെ പ്രസംഗം മൂലവും പ്രവൃത്തിമൂലവും മാറ്റിയെടുത്ത ചില വൈദിക- മെത്രാന്മാർ, തങ്ങളുടെ പ്രവൃത്തികൊണ്ട് ആരെയാണ് പ്രീതിപ്പെടുത്തുന്നത്..? ദൈവത്തെയോ സാത്താനെയോ..?
കുട്ടികളെക്കൊണ്ടുപോലും “സഭയെ ഞാൻ അനുസരിക്കില്ല” എന്നു പ്രതിജ്ഞയെടുപ്പിച്ച നിങ്ങൾ, സഭയെ അനുസരിക്കുവാൻ സ്വയം സന്നദ്ധത പ്രകടിപ്പിച്ച് മാതൃക കാണിച്ചുകൊടുത്തിരുന്നെങ്കിൽ, ഈ ജനങ്ങൾ ഇങ്ങനെ പാപം ചെയുമായിരുന്നോ..? എന്തൊരു ദുഷ്പ്രേരണയാണ് നിങ്ങൾ കൊടുക്കുന്നത്…? പാപമായത് ചെയ്യുവാൻ സഭ നിങ്ങളെ നിർബന്ധിച്ചിട്ടില്ല. കുർബാനക്രമം ഏകീകരിച്ചത് പാപമല്ല എന്നുമാത്രമല്ല ദൈവം നിയോഗിച്ച സഭാസംവിധാനത്തിന്റെ തലവനായ മാർപാപ്പയെവരെ അധിഷേപിച്ചുകൊണ്ട്, ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും സാഹചര്യത്തെ മനഃപൂർവം നശിപ്പിച്ചുകൊണ്ട് നിങ്ങൾ പാപത്തിൽ ജീവിക്കുകയും മറ്റുള്ളവർക്ക് ഉതപ്പിന് കാരണമാവുകയും ചെയ്യുന്നു. അങ്ങനെ തമ്മിലടിക്കുന്ന വിശ്വാസികളുടെയും അജപാലകരുടെയും സമൂഹമായി സഭ ഇപ്പോൾ മാറി. വത്തിക്കാനെയും കർദിനാളിനെയും സിനഡ് തീരുമാനത്തെയും വെല്ലുവിളിച്ചുകൊണ്ട് നിങ്ങൾ കുർബാന നടത്തിക്കാണിക്കുന്നു.
സാത്താനെ പ്രീതിപ്പെടുത്തുന്ന കുർബാനയേതോ , അതിനെ ലോകം വിളിക്കുന്ന പേരാണ് കറുത്ത കുർബാന അഥവാ ബ്ലാക്ക് മാസ്സ്. ഓർക്കുക, അതിന്റെ പേരും കുർബാന എന്നുതന്നെയാണ്. (ദൈവത്തോട് പൂർണ്ണമായും ചേരുന്നതിനെമാത്രമേ ‘വിശുദ്ധ …’ എന്നുകൂട്ടിവിളിക്കാനാവൂ..) സഭയെ പിളർത്തുവാൻ ശ്രമിച്ചുകൊണ്ട്, ദുഷ്പ്രേരണയും ദുർമാതൃകയും നൽകികൊണ്ട് നിങ്ങൾ നടത്തുന്ന ഈ കുർബാനയിൽ ക്രിസ്തു സന്തോഷത്തോടെ ഇറങ്ങിവരുമോ..? “എത്ര വൈമനസ്യത്തോടെയാണ് വി.കുർബാന സ്വീകരണത്തിൽ ഈശോനാഥൻ ചില ആത്മാക്കളിലേയ്ക്ക് വരുന്നതെന്ന് ഞാൻ കണ്ടു. അവിടുന്ന് ഇപ്രകാരം എന്നോട് പറഞ്ഞു: രണ്ടാമത്തെ പീഡാസഹനത്തിലേയ്ക്ക് എന്നപോലെയാണ് ഞാൻ ചില ഹൃദയങ്ങളിൽ പ്രവേശിക്കുന്നത്.” (വി. ഫൗസ്റ്റീനയുടെ ഡയറി 1598)
വി. കുർബാന വിശുദ്ധിയോടെ അർപ്പിക്കുവാനുള്ള യോഗ്യത സ്വയം നശിപ്പിച്ച് നിങ്ങൾ അർപ്പിക്കുന്ന ഓരോ കുർബാനയിലും ക്രിസ്തു അവഹേളിക്കപ്പെടുകയല്ലേ..? മറ്റൊരു പീഡാസഹനത്തിലൂടെ ക്രിസ്തുവിനെ നിങ്ങൾ കടത്തിവിടുകയല്ലേ..? വി. കുർബാന ഇവിടെ അവഹേളിക്കപ്പെടുമ്പോൾ ആരാണ് പ്രീതിപ്പെടുന്നത്..? സാത്താനല്ലേ ..? സാത്താനാരാധകർ വി. കുർബാനയെ ചവിട്ടിയും തുപ്പിയും അപമാനിച്ചുകൊണ്ട് കുർബാനയർപ്പിക്കുമ്പോൾ, പ്രീതിപ്പെടുന്ന അതേ സാത്താൻതന്നെയാണ് നിങ്ങൾ കുർബാന അർപ്പിക്കുമ്പോഴും സന്തോഷിക്കുന്നത്.. കാരണം സഭയെ തകർക്കുവാൻ അവനുണ്ടാക്കിയ പദ്ധതികളുടെ ഉപകരണങ്ങളായി, സഭയെ ധിക്കരിച്ചുകൊണ്ടുള്ള കുർബാനയർപ്പണം വഴിയായി നിങ്ങൾ മാറുന്നതിൽ സാത്താനല്ലാതെ മറ്റാരാണ് സന്തോഷിക്കുന്നത്..!!
സാത്താനെ സംബന്ധിച്ച്, അവന് പ്രീതിയുണ്ടാക്കുന്ന കുർബാനയാണ് നിങ്ങൾ അർപ്പിക്കുന്നത്.. സാത്താൻ ആരാധകർ അർപ്പിക്കുന്ന ബ്ലാക്ക് മാസ്സ് പോലെ..!!!( സ്വന്തം മെത്രാനോടുള്ള വിദ്വേഷം മനസ്സിൽവച്ച് ബലിയർപ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികന്റെ ബലികളൊന്നും സ്വർഗ്ഗം സ്വീകരിക്കാത്ത അവസ്ഥയെക്കുറിച്ച് ആ വൈദികനോട് വെളിപ്പെടുത്തുവാൻ ദൈവം ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കൽ അച്ചനോട് ആവശ്യപ്പെട്ടത് അച്ചന്റെ ഒരു പ്രസംഗത്തിൽനിന്നും ഇപ്പോൾ ഓർമ്മിക്കുന്നു. (നിത്യജീവിതത്തിലെ പലവിധ പീഢകൾക്ക് പരിഹാരം തേടിയാണ് ആ വൈദികൻ, മഞ്ഞാക്കൽ അച്ചനെ സമീപിച്ചത്) സാത്താന് സന്തോഷം പകരുന്ന നിങ്ങളുടെ ബലിയർപ്പണവേളയിൽ ക്രിസ്തു ഇറങ്ങിവരേണ്ടതുണ്ടെങ്കിൽ വി. ഫൗസ്റ്റീന സൂചിപ്പിച്ചപോലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്തുവായിരിക്കും ഇറങ്ങിവരിക എന്നുറപ്പ്. സാത്താൻ ആരാധകരും കറുത്ത കുർബാനയിൽ (Black Mass ) ക്രിസ്തുവിനെ പീഢിപ്പിക്കുകയാണ്.. നിങ്ങൾ ചെയ്യുന്നപോലെ…!!
കൂടുതൽ ജനകീയരായ പ്രിയപ്പെട്ട ബിനീഷ് അച്ചാ…ജേക്കബ് മഞ്ഞളി അച്ചാ…മെത്രാന്മാരേ..ഒരു വൈദികൻ വിശുദ്ധമായാൽ ദേശം വിശുദ്ധമാകും. ഒരു വൈദികൻ സാത്താനെ സന്തോഷിപ്പിച്ചാൽ ഒരു ദേശം മുഴുവൻ സാത്താന്റെ പിറകേപോകും. അതല്ലേ അച്ചന്മാരേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്…? അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്ന വചനഭാഗം ഇനി മനസ്സാക്ഷിക്കുത്തില്ലാതെ വായിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ..? സാത്താൻ വളരെ സന്തോഷത്തോടെ സന്നിഹിതനായിരിക്കുന്ന അനുസരണക്കേടിന്റെ ഈ ബലിയിൽ സന്തോഷത്തോടെ വരുവാൻ സാധിക്കും..? സാത്താനോടുചേർന്ന് എന്തൊരു പീഢയാണ് നിങ്ങൾ നമ്മുടെ കർത്താവിന് കൊടുക്കുന്നത്..?
അൽപ്പം സോഷ്യൽമീഡിയ കറക്ഷൻസ്:
a.) ആലഞ്ചേരി പിതാവിന്റെ, ഒരു മണിക്കൂറിനുമുകളിൽ ദൈർഘ്യമുള്ള ഒരു വർഷം മുൻപുള്ള വി. കുർബാനയുടെ യുട്യൂബ് കാഴ്ച്ചക്കാരുടെ എണ്ണം, സഭയെ ധിക്കരിച്ച് ബിനീഷ് അച്ചൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കുർബാനയുടെ യുട്യൂബ് കാഴ്ച്ചക്കാരുടെതിനേക്കാൾ വളരെ കുറവാണെന്നും അതിന്റെ കാരണം എല്ലാവരും ജനാഭിമുഖ കുർബാന ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് സ്ഥാപിക്കുവാൻ ചിലർ സോഷ്യൽമീഡിയയിൽ വൃഥാ ശ്രമിക്കുന്നത് കാണുകയുണ്ടായി.
മറുപടി : ഒരു വർഷം മുൻപ് സിനഡ് തീരുമാനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആലഞ്ചേരി പിതാവിന്റെ കുർബാനയ്ക്ക് യൂട്യൂബിൽ കാഴ്ച്ചക്കാർ കുറഞ്ഞതിന്റെ കാരണം നിങ്ങൾ പറയുന്ന കാരണമല്ല.ഓൺലൈൻ കുർബാന കാണുന്നവർ കൂടുതലും തെരെഞ്ഞെടുക്കുന്നത് ഏകദേശം 30 മിനിറ്റുള്ള കുർബാനയാണ്. ബിനീഷ് അച്ചന്റെ കുർബാനയും 30 മിനിറ്റിനുള്ളിൽ തീരുമെന്നുള്ളതുകൊണ്ടാണ് ആ കുർബാന പലരും കാണുന്നത്. ആ കുർബാനയുടെ ദൈർഘ്യം ഒരു മണിക്കൂറായാൽ ജനങ്ങൾ 30 മിനിറ്റ് കുർബാന തേടിപ്പോകുമെന്നുറപ്പ്. (നേരത്തെ സംബന്ധിച്ചിരുന്നുവെങ്കിലും, സാത്താൻ പ്രീതിപ്പെടുന്ന ബിനീഷ് അച്ചന്റെ ഇപ്പോഴത്തെ കുർബാന കൂടുവാൻ തോന്നാറില്ല)
b.) വി. പാദ്രെപിയോയ്ക്ക് സഭയെ അനുസരിക്കേണ്ടിവന്നത്, അദ്ദേഹം ഒരു വ്യക്തി മാത്രമായതുകൊണ്ടാണെന്നും, അതേ സമയം ഇവിടെ സഭാതീരുമാനത്തെ എതിർക്കുവാൻ മെത്രാന്മാരും വൈദികരും അൽമായരുമടങ്ങുന്ന ഒരു സമൂഹംതന്നെയുള്ളതുകൊണ്ട്, സഭാതീരുമാനത്തെ എതിർക്കുന്നത് അനുസരണക്കേടിന്റെ ഗണത്തിൽവരില്ലെന്നും പാപമാകില്ലെന്നും, പാദ്രെപിയോയുടെ അനുസരണയുമായി ഇതിനെ താരതമ്യം നടത്തുവാൻ സാധിക്കില്ലെന്നും പറഞ്ഞുകൊണ്ട് ജനങ്ങളെ കൂടുതൽ അനുസരണക്കേട് പഠിപ്പിക്കുന്ന പോസ്റ്റ് കാണുവാനിടയായി.
മറുപടി : പതിനാറാം നൂറ്റാണ്ടിൽ, കർത്താവ് സ്ഥാപിച്ച ഏകസഭയുടെ നെഞ്ചുപിളർത്തികൊണ്ട് മാർട്ടിൻ ലൂഥർ, പ്രൊട്ടസ്റ്റന്റ് സഭ സ്ഥാപിച്ചപ്പോൾ അദ്ദേഹം ഒറ്റ വ്യക്തിയായിരുന്നില്ല. ആ രാജ്യത്തിൻറെ ഭരണാധികാരി അടക്കം ഒരു വലിയ സമൂഹം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ചെയ്തത് തെറ്റല്ല എന്നു നിങ്ങൾ വാദിക്കുമോ…?
നേരത്തെ ദൈവം പ്രസാദിച്ചിരുന്ന അതേ വി. കുർബാന ഇപ്പോഴെങ്ങനെ ദൈവം പ്രസാദിക്കാത്ത കുർബാന ആയി എന്ന് ഇതുവായിച്ചിട്ട് ആരും ചോദിക്കില്ല എന്നു കരുതുന്നു. ചോദിച്ചാൽ മറുപടിയിതാണ്: സഭയുടെ തലവനായി ദൈവം നിയോഗിച്ച മാർപ്പാപ്പ, സിനഡ് തീരുമാനം നടപ്പിലാക്കുവാൻ പറയുന്നതുവരെ നിങ്ങൾ അർപ്പിച്ച കുർബാന, സ്വർഗ്ഗം സ്വീകരിച്ച വിശുദ്ധ കുർബാനയായിരുന്നു. ദൈവത്തെയും ദൈവം സ്ഥാപിച്ച സഭാസംവിധാനത്തെയും ധിക്കരിച്ച്, സാത്താന് സന്തോഷം നൽകികൊണ്ട് ബലിയർപ്പണം നിങ്ങൾ ആരംഭിച്ചപ്പോൾ അത് ദൈവം പ്രസാദിക്കാത്ത കുർബാനയായി മാറി. അല്ലെങ്കിൽ നിങ്ങൾതന്നെ പറയൂ…
ദൈവിക സംവിധാനങ്ങൾക്ക് കീഴ്പ്പെടാതെ, വിധേയപ്പെടാതെ, അനുസരണക്കേടും ദുർമാതൃകയും കാട്ടി, സഭയിൽ അസ്വസ്ഥതയും ഭിന്നിപ്പും രൂപപ്പെടുത്തി, സഭാധികാരികളെയും വിശ്വാസികളെയും ബൈബിൾ വചനത്തെപ്പോലും മ്ലേച്ചമാക്കി ചിത്രീകരിക്കുന്ന കുറേ അൽമായരെ സൃഷ്ടിച്ചുകൊണ്ട്, സാത്താന്റെ അരൂപി എല്ലവരിലേയ്ക്കും പകർന്നുകൊണ്ട്, അവനെ സന്തോഷിപ്പിച്ചുകൊണ്ട്, കർത്താവിനെ വേദനിപ്പിച്ചുകൊണ്ടും വി. കുർബാനയെ അവഹേളിച്ചുകൊണ്ടും, പ്രതിഷേധിക്കുവാനുള്ള വെറുമൊരു സാധനമാക്കിമാറ്റി വി.കുർബാനയ്ക്ക് വിലയില്ലാതാക്കിയും നിങ്ങൾ അർപ്പിക്കുന്ന കുർബാനയിൽ ഈശോ പ്രീതിപ്പെടുമോ അതോ സാത്താൻ പ്രീതിപ്പെടുമോ…?
ഏറ്റവും മഹനീയമായ വി. കുർബാനയിൽ ഈശോ വേദനിക്കുകയും സാത്താൻ സന്തോഷിക്കുകയും ചെയ്യുന്ന ഏറ്റവും ദയനീയവും ഭയാനകവുമായ അവസ്ഥ ഉണ്ടാക്കിയ ആദ്യ പുരോഹിതഗണം ചരിത്രത്തിൽ ഒരുപക്ഷേ നിങ്ങളാകാം… ദൈവനാമം മഹത്വപ്പെടട്ടെ.. ആമ്മേൻ
By, റെനിറ്റ് അലക്സ്