ഈ മനുഷ്യന്റെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. അത്രക്ക് ലോക വിവരമേ എനിക്കുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മുഖം നിരന്തരം കാണുന്നു. അയാളുടെ കണ്ണുകളിൽ ഒരിക്കൽ പോലും ഭയം ഞാൻ കണ്ടില്ല. അയാൾ എല്ലാവരോടും സഹായം അഭ്യർത്ഥിച്ചു കൊണ്ടിരുന്നു. തന്നെ നാടിനു വേണ്ടി. ലോകം മുഴുവൻ അവരോട് മുഖം തിരിച്ചപ്പോഴും അയാൾ തളർന്നതായി കണ്ടില്ല.

അപ്പോഴും അവരെ സഹായിച്ച വിരലിൽ എണ്ണാവുന്നവരോട് അയാൾ നന്ദി പറഞ്ഞു. ആരെയും കുറ്റപെടുത്തിയില്ല. ഉക്രയ്നിൽ നിന്നും രക്ഷപ്പെടുത്താം എന്ന അമേരിക്കയുടെ സഹായവാഗ്ദാനത്തോട് “എനിക്ക് വേണ്ടത് പട പൊരുതാനുള്ള സഹായമാണ്. എങ്ങോട്ടും ഒളിച്ചോടാനുള്ള സഹായമല്ല. ഞാൻ എന്റെ ജനതയുടെ കൂടെ ഇവിടെ ഉണ്ടാകും” എന്നയാൾ തിരിച്ചു പറഞ്ഞു. സൈനിക വേഷമിട്ടു കൊണ്ട് ഇന്ന് ആ രാജ്യത്തിൻറെ പരമാധികാരി ആയ അയാൾ തന്റെ ജനതക്ക് വേണ്ടി പൊരുതാൻ ഇറങ്ങിയിരിക്കുന്നു. വല്ലാത്തൊരു സ്നേഹം തോന്നുന്നു ഈ മനുഷ്യനോട്. അയാളിലെ ഭരണാധികാരിയോട്.
അയാൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും അയാൾക്ക് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ചു പോകുന്നു. ആത്മാഭിമാനം എന്നത് എന്തെന്ന് ഇദ്ദേഹം നമ്മൾ ഓരോരുത്തർക്കും കാണിച്ചുതരുന്നു. അധികാരം കൊണ്ട് കണ്ണ് മഞ്ഞളിക്കുമ്പോൾ ചിലർ മറ്റുള്ളവരുടെ ആത്മാഭിമാനത്തെ ചവിട്ടി തേക്കാറുണ്ട്. അല്ലെങ്കിൽ സ്നേഹത്തിന്റെ ചില ഇരുണ്ട വഴികളിലും ഒരാൾ മറ്റൊരാളുടെ ആത്മാഭിമാനത്തിനു പുല്ലു വില കല്പിക്കാറുണ്ട്. മറ്റേ ആൾ എന്തു കാരണം കൊണ്ടാണെങ്കിലും തന്റെ കാൽകീഴിൽ ആണെന്ന ഒരു ബോധത്തിൽ നിന്നാണ് അയാളുടെ അഭിമാനത്തെ മുറിവേൽപ്പിക്കാൻ ആരും ശ്രമിക്കുന്നത്.
പക്ഷെ അത്തരം ശ്രമങ്ങൾക്ക് മുമ്പിലും തലയുയർത്തി നിൽക്കാൻ ഈ മനുഷ്യന്റെ മുഖം ഒന്നോർത്താൽ മതിയായിരിക്കും. നമ്മുടെ അഭിമാനം, അതിന്റെ അവകാശി നമ്മൾ മാത്രമാണ്. ആർക്കും ഒന്നിനും അത് തീറെഴുതി കൊടുക്കരുത്. നമ്മെ സ്നേഹിക്കുന്നവർ നമ്മെക്കാൾ ഉപരി നമ്മുടെ അഭിമാനത്തിന് വില കല്പിക്കുന്നവർ ആയിരിക്കും. അല്ലാത്തവർ നിങ്ങളെ അർഹിക്കുന്നില്ല. സൈന്യബലം കൊണ്ട് ഇയാളെ കീഴ്പ്പെടുത്താൻ നാളെ കഴിഞ്ഞേക്കാം.
പക്ഷെ സെലെൻസ്കി, നിങ്ങളുടെ ജനങ്ങളുടെ മനസ്സുകളിൽ നിങ്ങൾ ഇപ്പോഴേ ജയിച്ചിരിക്കുന്നു!
By, Dr. Soumya