UK -യിൽ എത്തുന്ന ചെറുപ്പക്കാരായ മലയാളികൾ ബ്രിട്ടനിലെ റോഡുകളില്‍ ഡ്രൈവിങ് പരിചയം നേടേണ്ടത് വളരെ അത്യാവശ്യമാണ്.
കേരളത്തിലെ റോഡുകളിൽ ഓടിച്ച ‘അസാമാന്യ ധൈര്യം’ മുന്‍നിര്‍ത്തി യുക്കെയിലും അങ്ങനെ ഓടിക്കാം എന്നുള്ള തികച്ചും തെറ്റായ തീരുമാനം വഴി പൊലിഞ്ഞുപോകുന്ന ജീവനുകൾ ഇപ്പോൾ ഏറെയാവുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറത്ത് വരുന്ന റോഡ് അപകട ചിത്രങ്ങൾ തെളിയിക്കുന്നത് ഈ ദിശയിലേക്ക് തന്നെയാണ്.
പലപ്പോഴും ഇവിടെയെത്തുന്ന ചെറുപ്പാക്കാരായ മലയാളികൾ അതാത് സ്ഥലത്തെ മലയാളി കമ്യൂണിറ്റികളുമായി ഇഴുകിച്ചേരാൻ മടിക്കുന്നതുകൊണ്ടുതന്നെ എത്രയാളുകൾ അതാത് സ്ഥലങ്ങളിൽ വന്നിറങ്ങിയിട്ടുണ്ട് എന്ന കണക്കു പോലും ആര്‍ക്കും ലഭ്യമല്ല.
ഇവിടെ വന്നുചേരുന്ന യുവജനങ്ങൾ എത്ര ഡ്രൈവിങ് പരിശീലനം കേരളത്തിൽ നേടിയിട്ടുണ്ടെങ്കിലും യുക്കെ ഡ്രൈവിങ് രീതിയില്‍ പരിശീലനം നേടേണ്ടത് വളരെ അത്യാവശ്യമാണ് എന്നോർക്കുക. ഇവർക്ക് പലപ്പോഴും പരിചയമില്ലാത്ത യുക്കെ ഡ്രൈവിംഗ് ഒരു പ്രധാന വില്ലനായി പലപ്പോഴും മാറുകയാണ്.
The Highway Code പോലുള്ള പുസ്തകങ്ങൾ വാങ്ങിക്കുകയും അതിലൂടെ റോഡ് ഡ്രൈവിംഗ് നിയമങ്ങളും രീതികളും പഠിച്ചെടുക്കുകയും വേണം. ഇവരെ കൊണ്ടുവരുന്ന ഏജൻസികൾ ഒപ്പം പ്രാദേശിക മലയാളി സംഘടനകൾ ഇവർക്ക് ഇതിനുള്ള ഉപദേശങ്ങൾ നൽകുവാൻ ശ്രമിക്കണം. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾക്കു വലിയ വിലകൊടുക്കേണ്ടി വരും. പ്രത്യേകിച്ച് ഈ വിന്റർ സമയങ്ങളിൽ ഓടിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്.
യുക്കെ ജീവിത അനുഭവസമ്പത്തും സാമൂഹിക ജീവിതരീതിയുടെ പരിചയവുമുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല സ്വീകരിക്കില്ല എന്ന മലയാളിയുടെ പരമ്പരാഗത പിടിവാശി ഉപേക്ഷിക്കാൻ യുവതലമുറ തയ്യാറാവണം.
യുകെ ഡ്രൈവിംഗ് / യുകെയിലെ റോഡിന്റെ അടിസ്ഥാന നിയമങ്ങൾ പഠിക്കുക….
വിവിധ തരം റോഡുകൾ , റോഡ് സ്പീഡ് ലിമിറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗം, ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് അടയാളങ്ങൾ, വഴി കൊടുക്കേണ്ട അടയാളങ്ങൾ, റൗണ്ട് എബൗട്ടുകൾ, കാൽനട ക്രോസിംഗുകൾ, സിംഗിൾ ട്രാക്ക് റോഡുകൾ, എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക, മറ്റ് വാഹനങ്ങളെ മറികടക്കുക, മോട്ടോർവേ എക്സിറ്റും എൻട്രിയും, ഡ്രിങ്ക് ഡ്രൈവിംഗ് നിയമങ്ങൾ, മോട്ടോർ / ഡ്രൈവിംഗ് ഇൻഷുറൻസ്, മൊബൈൽ ഫോൺ ഉപയോഗം, കുട്ടികളുമായുള്ള ഡ്രൈവിംഗ്, സ്പീഡ് ക്യാമറകൾ, ടോൾ റോഡുകൾ & ടോൾ ബ്രിഡ്ജുകൾ, കൺജഷൻ ചാർജിംഗ് സോണുകൾ / ലോ എമിഷൻ സോണുകൾ, പാർക്കിംഗ്, മാനുവൽ / ഓട്ടോമാറ്റിക് വാഹനങ്ങൾ, യുകെയിൽ ഡ്രൈവ് ചെയ്യുന്നതിനുള്ള ഡോക്യുമെന്റേഷൻ ആവശ്യകതകൾ. പോലീസ് തടഞ്ഞുനിർത്തിയാൽ ചെയ്യേണ്ടത്.
നിങ്ങൾ നിങ്ങളുടെ കാർ റോഡിലേക്ക് കൊണ്ടുപോകും മുമ്പ് ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്!ജീവിതം ഒറ്റത്തവണ സമ്മാനമാണ്, അത് നന്നായി ഉപയോഗിക്കുക…
