കുമളി ചക്കുപള്ളം സ്വദേശിനിയായ 22 വയസ്സുകാരിയായ സ്റ്റാഫ് നഴ്സും അവരുടെ അപ്പച്ചനും ഇളയ സഹോദരിയും തിരുവല്ല തോണിപ്പാടം എന്ന സ്ഥലത്ത് കാർ തൊട്ടിലേക്ക് മറിഞ്ഞ് വളരെ ദാരുണമായി മരണപ്പെട്ടു. ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് ഫെബയുടെ മമ്മി മാത്രം.
ഇത് കേട്ട എന്റെ പോലും കണ്ണുകൾ ഇപ്പോഴും തോർന്നിട്ടില്ല. ആ അമ്മ എങ്ങനെ സഹിക്കും ഇതൊക്കെ…
വിധി എന്തിനിത്ര ക്രൂരത കാണിക്കുന്നു … അതും മികച്ച പ്രൊഫഷണൽ വലിയ പ്രതീക്ഷകളോടെ ജീവിതം തുടങ്ങാനിറങ്ങിയ രണ്ട് കൊച്ചു പെൺകുട്ടികളോട്…
BSc നഴ്സിംഗ് കഴിഞ്ഞ് നമ്മൾ ഓരോരുത്തരെയുംപോലെ നിരവധി സ്വപ്നങ്ങളുമായി പുറത്തിറങ്ങി മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ OET പഠിക്കുകയായിരുന്നു സ്റ്റാഫ് നഴ്സ് ഫെബ.
എന്നാൽ ഇന്ന് രാവിലെ കലിതുള്ളിയെത്തിയ കാലവർഷവും ഒരു റോഡപകടവും ചേർന്ന് വന്ന് ഫെബയുടെയും പപ്പയുടെയും സഹോദരിയുടെയും ജീവനെടുത്തു. മമ്മി ഈ ലോകത്ത് തനിച്ചായി!
നാട് സങ്കടക്കടലായി… വിറങ്ങലിച്ചു നിൽക്കുന്ന നാട്ടുകാർ..
തന്റെ ഭർത്താവ് എത്രയോ വർഷങ്ങളായി ആത്മാർത്ഥമായി ദൈവ ശുശ്രൂഷ ചെയ്യുന്ന ആൾ ആയിട്ടുപോലും കുടുംബത്തിലെ ഒരാളെപ്പോലും തനിക്കായി ബാക്കി വെച്ചില്ലല്ലോ ദൈവമേ എന്ന ഫെബയുടെ മമ്മി ഷാന്റിയുടെ കരൾ പിളർക്കുന്ന നിലവിളി കേട്ട് സഹിക്കാനാവാതെ കൂടെ പൊട്ടിക്കരയുകയാണ് ഇവർ താമസിച്ചിരുന്ന പാർസനേജിൽ കൂടെ താമസിക്കുന്ന മറ്റു കുടുംബങ്ങളും അയൽവാസികളും വിവരമറിഞ്ഞെത്തിയ ബന്ധുക്കളും.
ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞു തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ ഉയർന്ന ജലനിരപ്പും ശക്തമായ കുത്തൊഴുക്കും ഉണ്ടായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം കാർ തോട്ടിൽ മുങ്ങിക്കിടന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് അതിലുണ്ടായിരുന്ന വരെ പുറത്തെടുത്തു എങ്കിലും ആരെയും രക്ഷിക്കാനായില്ല.
അൽപ്പം മുൻപ് പത്തനംതിട്ട തിരുവല്ല, തോണിപ്പാടം കല്ലുപാലം എന്ന സ്ഥലത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. തിരുവല്ല എംജിഎം മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗിൽ നിന്ന് 2017+2021 ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഫെബ വി ചാണ്ടി എന്ന നഴ്സ് ആണ് മരണപ്പെട്ടത്.
ഇവരുടെ പിതാവ് റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ആയിരുന്ന ശ്രീ വിഎം ചാണ്ടി മാത്യു,ഫെബയുടെ സഹോദരി ബ്ലെസി വി ചാണ്ടി എന്നിവരാണ് മുങ്ങിമരിച്ചത്. ബ്ലെസി പത്തനംതിട്ട ഗ്രിഗോറിയസ് കോളേജിൽ MCA വിദ്യാർത്ഥിനിയാണ്.
ഇവർ പത്തുവർഷത്തോളമായി പത്തനംതിട്ട കുമ്പനാട് എന്ന സ്ഥലത്താണ് താമസിക്കുന്നത്.
ഒരു കുടുംബത്തെ മൊത്തം നാമാവശേഷമാക്കിയ ഈ ദാരുണമായ ദുരന്തം താങ്ങാനുള്ള മനക്കരുത്ത് ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കേരളത്തിൽ പലയിടത്തും വലിയ വെള്ളപ്പൊക്കവും ഉരുളപൊട്ടലും മണ്ണിടിച്ചിലും കൊടുങ്കാറ്റും ഇടിമിന്നലും ഒക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളത്ത് മുവാറ്റുപുഴയിൽ മഴയോ ഇടിയോ ഒന്നും ഇല്ലാതിരുന്ന അന്തരീക്ഷത്തിൽ പെട്ടെന്ന് എത്തിയ ഒരേയൊരു ഇടിമിന്നൽ ഒരു ചെറുപ്പക്കാരിയായ നഴ്സിംഗ് ഓഫീസറുടെ ജീവനെടുത്ത വാർത്ത നിങ്ങൾ അറിഞ്ഞതാണല്ലോ.
പ്രിയപ്പെട്ടവരേ..എല്ലാവരും സൂക്ഷിക്കുക. സുരക്ഷിതരായിരിക്കുക.