ഈശോയുടെ പീഡാനുഭവവിവരണമാണ് വചനഭാഗം. ഈശോയുടെ കുരിശുമരണവും, അവിടുത്തെ രാജത്വസ്വഭാവവും, അതിന്റെ യഹൂദ തിരസ്ക്കരണവും, പടയാളികളുടെ പരിഹാസവും, അതേസമയം പ്രതീകാത്മകമായി അവന്റെ രാജത്വപ്രഖ്യാപനവും, അവിടുത്തെ വിധിയാളനടുത്ത വ്യക്തിത്വവും, ഇവിടെ ചിന്തനീയ വിഷയങ്ങളാകുന്നു. ഈശോയെ ഇവിടെ ഒരേസമയം രാജാവും, രക്ഷകനുമായി ചിത്രീകരിക്കുന്നു.
ഓരോ ക്രൈസ്തവന്റേയും വിളി, ക്രിസ്തു കാണിച്ചുതന്ന ജീവിതം, പിന്തുടരാനുള്ള വെല്ലുവിളിയാണ്. ജീവിതകാലം മുഴുവനും, ദൈവഹിതപ്രകാരമുള്ള ജീവിതവും, പ്രവർത്തികളും കാഴ്ചവച്ചുകൊണ്ടുവേണം, നാം അവനെ അനുഗമിക്കാൻ. എല്ലാം ദൈവമഹത്വത്തിനായി ചെയ്യുവാൻ നമുക്കാവണം. അവിടുന്ന്, സഭയാകുന്ന ഈ രാജ്യത്തിലെ രാജാവാണ്.
ഓരോ കൂദാശാ സ്വീകരണത്തിലൂടെയും, ആ സത്യം നാം ഏറ്റുപറഞ്ഞു അംഗീകരിക്കുകയാണ് ചെയ്യുന്നത്. മാമ്മോദീസായിലൂടെ വിശ്വാസത്തിൽ ജനിച്ചു, സ്ഥിരീകരിക്കപ്പെട്ടും, പരിശീലിപ്പിക്കപ്പെട്ടും, സത്യത്തിന് സാക്ഷ്യംവഹിക്കുവാൻ, നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ, ദൈവത്തിന്റെ സ്വരം കേൾക്കാനും, അതിനനുസരണമായി ജീവിക്കാനും നമുക്ക് കഴിയണം. സഹനം എന്നത്, ക്രിസ്തീയജീവിതത്തിൽ, അനിവാര്യതയുടെ ഘടകമാണെന്ന സത്യം ഉള്ളിൽ സ്വീകരിച്ചുറപ്പിക്കണം. അങ്ങനെ, സ്വയം കുരിശെടുത്തു, ക്രൂശിതന്റെ പിൻപേ നടന്നു നീങ്ങാം. അഭിമാനത്തോടെ.
വചന വിചിന്തനം | നവംബർ -20 | യോഹന്നാൻ 18 : 28 – 37