ജിൽസ ജോയ്
ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു. ആദ്യത്തെ ദിവസം ആയതിന്റെ നല്ല വെപ്രാളമുണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കുറേ സിസ്റ്റേഴ്സ് മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു.
പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു. “സിസ്റ്റർ, എന്റെ കൂടെ വരൂ. ഞാനൊരാളെ കാണിച്ചു തരാം”. സിസ്റ്റർ മദറിന്റെ കൂടെ വേഗം പൊയി. വാർഡിന്റെ അങ്ങേയറ്റത്തെ ബെഡിൽ മനുഷ്യന്റെ അസ്ഥികൂടം പോലൊരാൾ. കണ്ണുകൾ കുഴിയിൽ താന്നു പോയിരിക്കുന്നു, മുടിയൊന്നുമില്ല, വായിൽ ഒരു പല്ലു മാത്രം.
മദർ മുട്ടുകുത്തിക്കൊണ്ട് അയാളുടെ മുഖം രണ്ടു കയ്യിലെടുത്തു. “സിസ്റ്റർ അന്ന”, മദർ അവളോട് പറഞ്ഞു. “I want you to meet Jesus”. ഇന്ന് മദർ തെരേസയുടെ നൂറ്റിപ്പതിമൂന്നാം ജന്മദിനമാണ്.
സ്നേഹം വറ്റിപ്പോകുന്ന, കരുതലില്ലാത്ത ഈ ലോകത്ത് മദർ സ്നേഹത്തിന്റെ പ്രവാചികയായി.
ദൈവവിളി പിന്തുടർന്ന് സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി. ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ, ദരിദ്രരിൽ ദരിദ്രരായവരെ സംരക്ഷിക്കാൻ, പേരുകേട്ട സെന്റ് മേരിസ് സ്കൂളിലെ പ്രിൻസിപ്പൽ എന്ന ആദരണീയസ്ഥാനം വലിച്ചെറിഞ്ഞ്, ദൈവത്തിന്റെയും ഓവുചാലിൽ കിടക്കുന്ന പാവങ്ങളുടെയും ദാസിയായവളെ ദൈവം ഈ ആധുനിക ലോകത്ത് ഉയർത്തികാണിക്കുന്നു.
കൽക്കട്ടയിൽ നിന്ന് ഡാർജിലിങ്ങിലേക്കുള്ള ട്രെയിൻ യാത്രക്കിടക്കാണ് 36 വയസ്സായ ആ സന്യാസിനിക്ക്, അസാധാരണമായി എന്തെങ്കിലും ഉള്ളതായി അന്ന് വരെ ആർക്കും പ്രത്യേകിച്ചൊന്നും തോന്നാത്ത ആ കന്യാസ്ത്രീക്ക് ‘വിളിക്കുള്ളിലെ വിളി’ ഉണ്ടായത്. ഇപ്പോഴുള്ള സന്യാസസഭയും ജീവിതവും വിട്ട് താൻ പറയുന്ന വേല ചെയ്യാൻ, ദരിദ്രരായവരുടെ,
നിർദ്ധനരോഗികളുടെ മരിക്കുന്നവരുടെ, തെരുവിലലയുന്ന കുട്ടികളുടെ ഇടയിൽ തന്റെ സ്നേഹത്തിന്റെ തീ ആവാൻ. ദരിദ്രർക്ക് തന്നെ കൊടുക്കാൻ, തനിക്ക് വേണ്ടി തയ്യാറാവില്ലേ എന്ന് ഈശോ മദറിനോട് ചോദിച്ചു. പരിശുദ്ധ അമ്മയുടെ മനോഹര ഫിയാത്ത് പോലെ മദറും പൂർണമായി Yes പറഞ്ഞു. സന്തോഷത്തോടെയായിരുന്നു അത്. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന രീതിയിലല്ല, അടക്കാനാവാത്ത ഉത്സാഹവും അക്ഷമയും സന്തോഷവുമൊക്കെ അടങ്ങിയ ഒരു yes.
“സന്തോഷപൂർവ്വം നൽകുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്”( 2 കോറി 9:7) തന്റെ മക്കളോട് മദർ മടുപ്പില്ലാതെ വീണ്ടും വീണ്ടും പറഞ്ഞിരുന്ന വചനം. മായാത്ത പുഞ്ചിരിയിലൂടെ തന്റെ ജീവിതത്തിൽ പകർത്തികാണിച്ച വചനം. എപ്പോഴും പ്രസന്നത ഉണ്ടായിരിക്കുക എന്നത് ‘മിഷണറീസ് ഓഫ് ചാരിറ്റി’ സഹോദരിമാരുടെ അടിസ്ഥാന യോഗ്യത ആയിരുന്നു.
മദർ തെരേസയുടെ മാത്രമല്ല, ഓരോ ക്രിസ്ത്യാനിയുടെയും വിശുദ്ധിയിലേക്കുള്ള ആദ്യത്തെ ചുവട് ഈ Yes ആണ്, അവന്റെ വിളിക്കുള്ള പ്രത്യുത്തരം, പ്രചോദനത്തോടുള്ള അനുസരണം. എല്ലാ പ്രലോഭനങ്ങളുടേയും പിന്തിരിയാനുള്ള പ്രേരണകളുടേയും മുകളിൽ ചവിട്ടിനിന്ന് , കലപ്പയിൽ നിന്ന് കയ്യെടുത്തുകൊണ്ട് ഈശോക്ക് നേരെ ഒരു Thumbs Up.
അത്, നമ്മുടെ ജഢികാസക്തികളെ വിട്ടൊഴിഞ്ഞ് നന്മയിൽ ചരിക്കുമെന്ന പ്രതിജ്ഞ ആവാം, ദൈവവിളിക്കുള്ള പ്രത്യുത്തരം ആവാം. സുവിശേഷവേലയിലേക്കുള്ള പ്രയാണം ആവാം, എന്തുമാവാം… എല്ലാം yes ൽ ന്ന് തുടങ്ങുന്നു.
“Jesus is my God, Jesus is my spouse, Jesus is my life, Jesus is my only love, Jesus is my All in all, Jesus is my everything”… മദർ തെരേസ!