ബ്രദർ അഗസ്റ്റിൻ ക്രിസ്റ്റി PDM
കേരളത്തിനുപുറത്തുള്ള എന്റെ ഒരു അങ്കിളുണ്ട്. അവധിക്ക് ആ അങ്കിൾ നാട്ടിൽവരുമ്പോൾ ഞങ്ങൾക്ക് കുശാലാണ്. ചോദിക്കുന്ന കാര്യം എത്രവിലപിടിപ്പുള്ളതാണെങ്കിലും വാങ്ങിത്തരും. നമുക്കത് ആവശ്യമാണെന്നും ഉപകാരമുണ്ടെന്നും അങ്കിളിനു മനസ്സിലാകണമെന്നുമാത്രം. ഞാൻ അടുത്തവട്ടം ഇത്ര മാർക്ക് വാങ്ങിക്കോളാം എന്നൊക്കെയുള്ള എന്റെ പല പ്രോമിസുകളും ബോധപൂർവ്വം മറന്നുകൊണ്ടാണ് അങ്കിൾ പലപ്പോഴും പലകാര്യങ്ങളും എനിക്ക് ചെയ്തുതന്നിട്ടുള്ളത്.
എന്നാൽ ഈ അങ്കിളിനെക്കാൾ എന്നെ ആശ്ചര്യപ്പെടുത്തിയത് വിശുദ്ധ കുർബാനയോട് ചോദിച്ച കാര്യങ്ങൾ എനിക്ക് ലഭിച്ചത് കണ്ടിട്ടാണ്. എങ്ങനെയാണ് വിശുദ്ധ കുർബാനയോട് ചോദിക്കുക എന്നുചോദിച്ചാൽ, അത് സിമ്പിളായി പറയാം, വിശുദ്ധ കുർബാന അപ്പമായി നാവിൽ വരുമ്പോൾതന്നെ മൂന്നുകാര്യങ്ങൾ ചോദിക്കുക. എന്റെ ഈശോയെ ഒരു മൂന്നുകാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ഒന്നാമത്തേത്, രണ്ടാമത്തേത് , മൂന്നാമത്തേത്. എന്നിങ്ങനെ ക്രമമായി പറഞ്ഞുകൊള്ളുക. ഞാൻ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ ചോദിച്ചവ ഇതുവരെയും ലഭിക്കാതിരുന്നട്ടില്ല. കൊച്ചുകൊച്ചുകാര്യങ്ങൾപോലും.
നമ്മുടെ വിലപിടിപ്പുള്ള മൂന്നുകാര്യങ്ങൾ ഭക്തിപൂർവ്വം വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടു വിശുദ്ധ കുർബാന നാവിൽ ആദ്യം സ്പര്‍ശിക്കുമ്പോൾത്തന്നെ പറഞ്ഞുനോക്കു. അതല്ലെങ്കിൽ നമുക്ക് മാറ്റംവരേണ്ട മേഖല അന്നേരം നാവിൽ അലിഞ്ഞുചേരുന്ന ഈശോയോട് പറയണം. ഇനിയതല്ല നമ്മുടെ വേദനയുള്ള ഭാഗത്തു ആ സമയം കൈകൾ വച്ച് പ്രാർഥിക്കുകയോ, നമ്മുടെ പ്രധാനവിഷയം അന്നേരം സമർപ്പിക്കുകയോ ചെയ്യണം. കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. (1 കോറി 6:17) എന്നാണ് വചനം പറയുന്നത്.
വ്യത്യസമുണ്ടാകാതിരിക്കില്ല. നമ്മുടെ ഈശോപ്പാ അത് ചെയ്തുതരും. കാരണം യേശുവിന്റെ ശരീരവും രക്തവും നമ്മുടെ ശരീരവുമായി സംയോജിക്കുന്ന സുപ്രധാനനിമിഷമാണത്. അവധിക്കുവരുന്ന എന്റെ അങ്കിളിനെപ്പോലെ, നമ്മുടെ പ്രിയപ്പെട്ടവൻ നമ്മുടെ അടുത്തേക്ക് വരുന്ന നമ്മോടു വളരെ സ്നേഹം തോന്നുന്ന സമയമാണത്. ഇനി മറ്റൊരുകാര്യം പരിശോധിച്ചുനോക്കു, അന്നേരമാകും നമ്മുടെ മനസ്സ് അശ്രദ്ധമായും അനാദരവോടെയും പലവിധ വ്യഗ്രതകളാൽ കൂടുതൽ അസ്വസ്ഥമായിരിക്കാൻ സാധ്യതയും. സാരമില്ല. ഇനിമുതൽ ഈ പീക്ക് ടൈം ശ്രദ്ധയോടെ ആയിരിക്കാൻ നമ്മൾ ശ്രമിക്കണം. അതിനുവേണ്ടി നന്നായി ഒരുങ്ങണം. അപ്പോ ഓൾ റൈറ്റ് !
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും
(വി യോഹന്നാൻ 15:7)
അതേ നിന്നോട് ചേരുവാൻ നിൻ സ്വന്തമാകുവാൻ നിന്നെ ഇതുവരെ ഒരുക്കുകയായിരുന്നു…