ജോസഫ് പാണ്ടിയപ്പള്ളിൽ
2022 ഒക്ടോബർ 22-ന് പൗരോഹിത്യ സിൽവർ ജൂബിലിക്ക് എടത്വ സെന്റ് ജോർജ് ദേവാലയത്തിൽ പറഞ്ഞ പ്രസംഗം: സുവിശേഷവായന: മാർക്കോസ് 3:14
ഈശോയിൽ ഏറ്റം സ്നേഹം നിറഞ്ഞ സന്തോഷച്ചാ, വലിയപറമ്പിൽ കുടുംബാംഗങ്ങളെ, വികാരിയച്ചാ, ഇടവകക്കാരെ, സഹവൈദികരെ, സന്തോഷച്ചന്റെ സ്വന്തക്കാരെ, സ്നേഹിതരെ,
ലോക പ്രശസ്തനായ പ്രഭാഷകനും എഴുത്തുകാരനുമായ ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ (1895-1979) 1974-ൽ എഴുതിയ “Those Mysterious Priests“ (നിഗൂഢരായ പുരോഹിതർ) എന്ന പുസ്തകത്തിൽ എന്നെ വളരെ ആകർഷിച്ച ഒരു വാക്യമുണ്ട്: “അല്മയർക്ക് മനസിലായി കത്തോലിക്കാസഭ ഇന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന്.
ചിലരത് വസ്തങ്ങളിലുള്ള മാറ്റമായും മറ്റുചിലർ ആരാധനാക്രമം മാതൃഭാഷയിൽ അർപ്പിക്കുന്നതിലുള്ള മാറ്റമായും വേറെ ചിലർ വിശ്വാസികളിലേക്കുള്ള അധികാരകൈമാറ്റമായും മനസിലാക്കുന്നു. എന്നാൽ പല കത്തോലിക്കാ പുരോഹിതരും ഇനിയും മനസിലാക്കിയിട്ടില്ല, സഭ ഇന്ന് വളരെ മാറിയെന്ന്.” സഭയും ദൈവജനവും ഇന്ന് വളരെ മാറിയെന്ന് മനസിലാക്കി ആ അറിവിന്റെ വെളിച്ചത്തിൽ സ്വയം നിരന്തരം മാറ്റങ്ങൾക്ക് വിധേയനായി പുരോഹിതശുസ്രൂഷ ചെയ്യുന്ന ഒരു കത്തോലിക്കാ പുരോഹിതന്റെ, സന്തോഷ് വലിയപറമ്പിൽ അച്ചന്റെ, ഇരുപത്തി അഞ്ചാം പൗരോഹിത്യാഭിഷേക വാർഷികം അനുസ്മരിക്കാനും ആഘോഷിക്കാനുമാണ് നമ്മൾ ഇന്നീ ദേവാലയത്തിൽ കൂടിയിരിക്കുന്നത്.
പൗരോഹിത്യസ്വീകരണത്തിന്റെ സിൽവർ ജൂബിലി ആചരിക്കുന്ന സന്തോഷച്ചന് ഇന്നിവിടെ സന്തോഷച്ചനോടുകൂടി കുർബാനയർപ്പണത്തിന് എത്തിയിരിക്കുന്ന എല്ലാവരുടെയും പേരിലും ദിവ്യകാരുണ്യ മിഷനറി സഭയുടെ പേരിലും കത്തോലിക്കാ സഭയുടെ പേരിലും പ്രാർത്ഥനയും ആശംസയും ന ന്ദിയും ആദ്യമേ അർപ്പിക്കുന്നു. ഇനിയും നീരവധി ജൂബിലികൾ ആഘോഷിക്കാൻ ദൈവം സന്തോഷച്ചനെ അനുവദിക്കട്ടെ, അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
25 വർഷങ്ങൾക്ക് മുൻപ് പൗരോഹിത്യത്തിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ സന്തോഷച്ചന്റെ ചാച്ചനും അമ്മയും ഇന്ന് സ്വർഗത്തിലിരുന്ന് സന്തോഷച്ചനെ അനുഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സന്തോഷച്ചന്റെ സ്വന്തക്കാർ, പ്രത്യേകിച്ച് അച്ചന്റെ നാല് സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളും എന്നും സന്തോഷച്ചനെ ഹൃദയത്തോട് ചേർത്ത് പിടിക്കുമെന്നും വിശ്വസിക്കുന്നു.
സന്തോഷച്ചന് പൗരോഹിത്യ ശുസ്രൂഷയുടെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈയവസരത്തിൽ
അമേരിക്കയിലെ ചിക്കാഗോയിലും ജർമ്മനിയിലെ പാഡർബോണിലും ഓസ്ട്രിയായിലെ സാൽസ്ബർഗിലും ഏതാനും വര്ഷങ്ങള്ക്കു മുൻപ് കത്തോലിക്കാപുരോഹിതരെക്കുറിച്ചു നടത്തിയ ഒരു പഠനമാണ് എനിക്ക് ഓർമ്മ വരുന്നത്. ശാസ്ത്രീയമായി നടത്തിയ ഈ പഠനമനുസരിച്ച് എത്ര ദീർഘകാലം പുരോഹിത ശുസ്രൂഷ ചെയ്യുന്നുവോ അതിനനുസരിച്ചു കത്തോലിക്കാ പുരോഹിതർ കൂടുതൽ സന്തോഷവാന്മാരും സംതൃപ്തരും ആണ് എന്നാണ് പഠനവും കണ്ടുപിടിത്തവും.
സീനിയർ ആയ പുരോഹിതരോട് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഏതു ജോലി തിരഞ്ഞെടുക്കുമെന്ന് ചോദ്യത്തിന് ഭൂരിഭാഗം പേരും വീണ്ടും ഞങ്ങൾ കത്തോലിക്കാ പുരോഹിതരാകും എന്നാണ് ഉത്തരം പറഞ്ഞത്. ജൂബിലിനിറവിൽ ജൂബിലിയറിയനു മാത്രമല്ല, എല്ലാ പുരോഹിതർക്കും അവരുടെ സ്വന്തക്കാർക്കും ഒത്തിരി സന്തോഷവും ആശ്വാസവും നൽകുന്ന പഠനമാണിത്.
നമ്മുടെ വിശ്വാസമനുസരിച്ചു നിത്യപുരോഹിതനായ ക്രിസ്തുവിനോട് ഒരുവൻ പ്രത്യകമായി ഐക്യപ്പെട്ടതിന്റെ അനുസ്മരണമാണ് ഒരു പുരോഹിതന്റെ ജൂബിലി ആഘോഷം.
25 വർഷങ്ങൾക്കു മുൻപ് തിരുപ്പട്ടം സ്വീകരിച്ചതു മുതൽ തന്റെ ആദ്ധ്യാല്മികതയിലും ജീവിതവീക്ഷത്തിലും ക്രിസ്തീയ സമർപ്പണത്തിലും ഉണ്ടായ പരിണാമത്തെകുറിച്ചു ചിന്തിക്കാനും വിലയിരുത്താനുമുള്ള അവസരം കൂടിയാണ് ജൂബിലി. നീണ്ട 25 വർഷക്കാലത്തെ പൗരോഹിത്യ ശുസ്രൂഷയുടെ ഓർമ്മയും നന്ദിയും പുനരർപ്പണവും ആണിന്ന്. 25 വർഷങ്ങൾ താഴ്വവരകളിലൂടെയും കുന്നുകളിലൂടെയും കനലിലൂടെയും മരുഭൂമിയിലൂടെയും നീർചാലുകളിലൂടെയും നീരുറവകളിലൂടെയും പേമാരിയിലും പെരുമഴയത്തും മലവെള്ളപ്പാച്ചിലിലൂം മന്ദമാരുതനിലൂം കൊടുങ്കാറ്റിലും ദൈവം കൈപിടിച്ചു നടത്തിയതിന്റെ ഓർമ്മ. ദൈവം തന്നെ തന്റെ കരങ്ങളിൽ വഹിച്ചുകൊണ്ട് നടന്നതിന് നന്ദി.
ദൈവജനത്തെ താൻ ഉള്ളംകൈയിൽ സംവഹിച്ചുകൊണ്ടു ദൈവസന്നിദ്ധിയിലേക്ക് നടന്നടുത്തതിനു ദൈവജനത്തിന്റെ നന്ദിയർപ്പണം. ഇനിയും ഈ ജീവിതനൗക കരക്കടുക്കുംവരെ തളരാതെ തുഴയാനുള്ള കൃപ തേടിയുള്ള പുനരർപ്പണം. എല്ലാറ്റിനും നന്ദി പറയാനും എല്ലാവരോടും ഒരുമിച്ചു നടക്കാനും ഒരവസരവും ഇതുവരെ ഒരുമിച്ചു നടന്നതിന്റെ സന്തോഷവും.
ഇന്നത്തെ കർമ്മങ്ങളിൽ പങ്കുചേരാൻ സന്തോഷച്ചനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അയച്ച ക്ഷണക്കത്തിലെ ആദ്യവാചകം വി മർക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാലാം വാക്യത്തിന്റെ ആദ്യഭാഗമാണ്. ” to be with him and to be send out” “തന്നോടുകൂടി ആയിരിക്കുന്നതിനും അയക്കപ്പെടുന്നതിനും”! 1997 ഡിസംബർ 27-ന് കടുവക്കുളം ചെറുപുഷ്പദേവാലയത്തിൽ സന്തോഷച്ചൻ സ്വീകരിച്ച ശുസ്രൂഷാ പൗരോഹിത്യത്തിനും ഡിസംബർ 28-നു എടത്വ സെന്റ് ജോർജ് ദേവാലയത്തിൽ അർപ്പിക്കപ്പെട്ട പുത്തൻകുർബാനക്കുള്ള ക്ഷണക്കത്തിലും ആദ്യവാചകം ഇതായിരുന്നു. “തന്നോടുകൂടി ആയിരിക്കുന്നതിനും അയക്കപ്പെടുന്നതിനും.”
തോമസച്ചന് അംഗമായിരിക്കുന്ന ദിവ്യകാരുണ്യ മിഷനറിസഭയുടെ നിയമാവലിൽ ഒന്നാം അദ്ധ്യായം ഒൻപതാം വാക്യത്തിൽ എന്തിനുവേണ്ടി ഈ സഭയിൽ അംഗമാകുന്നു, തുടരുന്നു എന്ന ചോദ്യത്തിന് ഉത്തരമേന്നോണം കൊടുത്തിരിക്കുന്ന വാക്യവും ഇതുതന്നെ. “തന്നോട് കൂടി ആയിരിക്കുവാനും അയക്കപ്പെടുവാനും.” കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ സന്തോഷച്ചനിൽനിന്നും വ്യത്യസ്ത സന്ദര്ഭങ്ങളിലായി, അതൊരു സന്തോഷച്ഛൻ നയിക്കുന്ന പ്രാർത്ഥനാശുസ്രൂഷയാകട്ടെ, പ്രസംഗമാകട്ടെ, ദൈവവിളിയെക്കുറിച്ചുള്ള ചർച്ചയാകട്ടെ, ഒരു സൗഹൃദസംഭാഷണമാകട്ടെ പലപ്രാവശ്യം ഞാൻ കേട്ടിട്ടുള്ള വാക്യവും ഇതുതന്നെ.
ഇന്നത്ത സുവിശേഷത്തിൽ വീണ്ടും നമ്മളത് ശ്രവിച്ചു. “പിന്നെ, അവന് മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര് അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന് അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന് അധികാരം നല്കുന്നതിനുമായി അവന് പന്ത്രണ്ടുപേരെ നിയോഗിച്ചു.” (മർക്കോസ് 3:14-16).
25 വർഷങ്ങൾ “തന്നോടുകൂടി ആയിരുന്നതിന്റെ അനുസ്മരണമാണിന്ന്. ഇനിയും “തന്നോടുകൂടി ആയിരിക്കാൻ തീരുമാനിച്ചതിന്റെയും. ഒരു വൈദിക വിദ്യാർത്ഥി പരിശീലനകാലത്ത് നീണ്ട പന്ത്രണ്ടു വർഷങ്ങൾ കൃത്യമായ ദിനചര്യകളിലൂടെയും കൃത്യമായി ക്രമപ്പെടുത്തിയ പ്രാർത്ഥനാമണിക്കൂറുകളിലൂടെയും തന്നോട് കൂടി ആയിരുന്നതുപോലെയല്ല പൗരോഹിത്യസ്വീകരണശേഷം ഇടവകയിലും മിഷൻ പ്രദേശങ്ങളിലും നമുക്ക് പരിചിതമല്ലാത്തതും ഒത്തുപോകാൻ എളുപ്പമല്ലാത്തതുമായ ഭാഷയും സംസ്ക്കാരവും ആചാരങ്ങളുമുള്ള അന്യനാടുകളിലും തന്നോടുകൂടി ആയിരിക്കുന്നത്.
ഏറെ പ രിണമിച്ചതും വളർന്നതും വ്യത്യസ്തവുമായ തന്നോടുകൂടി/ ദൈവത്തോടുകൂടി ആയിരിക്കലാണിത്. പരിശീലനകാലത്തെ teen age ആദ്ധ്യാൽമികതയല്ല 25 വർഷങ്ങൾ പൗരോഹിത്യസുസ്രൂഷ ചെയ്ത ഒരു പുരോഹിതന്റെ അദ്ധ്യാൽമികത. 25 വർഷങ്ങൾക്കിടയിൽ വ്യത്യസ്ത അനുഭവങ്ങളിലൂടെ കടന്നുപോയും വ്യത്യസ്തങ്ങളായ ദൗത്യങ്ങൾ വിശ്വസ്തയോടെ വിജയകരമായി പൂർത്തീകരിച്ചും താൻ ക്രിസ്തുവിനോകൂടി ആയിക്കഴിഞ്ഞു എന്ന് സ്വയം കരുതിപ്പോകുന്ന ഒരു middle age ആദ്ധ്യാൽമികത എന്ന് അതിനെ ഞാൻ വിളിക്കും.
ഒരിക്കലും തളരാത്ത, ഒന്നിലും തളക്കപ്പെടാത്ത, ഏതിനും അതീതമാകുന്ന, ഏതിനെയും അതിജീവിക്കുന്ന, എല്ലാം ഉൾക്കൊള്ളുന്ന “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞ ക്രിസ്തുവിന്റെ തലത്തിലേക്കുയർന്ന ഒരാദ്ധ്യാൽമികത. വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ദൈവൈക്യത്തിന്റെയും ആഴമായ തലമാണത്. 25 വർഷത്തെ തപസ്യകൊണ്ടും കർമ്മം കൊണ്ടും സ്വായത്തമാക്കിയ ഒരനുഭവവും ആല്മീയതയും ആണത്.
അദ്ധ്യാൽമികതയുടെയും ജീവിത വീക്ഷണത്തിന്റെയും ദൈവശാസ്ത്ര ദര്ശനത്തിന്റെയും ദൈവാനുഭവത്തിന്റെയും പരിണാമമാണ് 25 വയസ് പ്രായമായ പൗരോഹിത്യത്തിന്റെ മഹനീയത എന്ന് ഞാൻ കരുതുന്നു.
തന്നോടുകൂടി ആയിരിക്കുന്നതിന്റെ ഈ വളർച്ചയും പരിണാമവും പോലെ തന്നെയാണ്
25 വർഷങ്ങളായി വചനം പ്രസംഗിക്കുന്നതിലും പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതിലും ഉണ്ടാകുന്ന വളർച്ചയും പരിണാമവും. 25 വര്ഷങ്ങള്ക്കു മുൻപ് പ്രസംഗിച്ചതുപോലെയോ പ്രവർത്തിച്ചതുപോലെയോ അല്ല ഇന്ന് 25 വർഷങ്ങൾക്ക് ശേഷം പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും.
കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വദേശത്തും വിദേശത്തും സന്തോഷച്ചൻ ദൈവ വചനം പ്രസംഗിക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്തു. പിശാചുക്കളെ ബഹിഷ്ക്കരിക്കുക എന്നതിന് തിന്മ ഉന്മൂലനം ചെയ്യുക, നന്മയും സ്നേഹവും വിതയ്ക്കുക എന്നും അർത്ഥമുണ്ട്. ആദ്യം അതിരമ്പുഴ മൈനർ സെമിനാരിയിലും പിന്നീട് തിരുവനന്തപുരം എമ്മാവൂസ് ഇടവകയുടെ ഇടയനായും അതിനുശേഷം 18 വർഷക്കാലം ജർമ്മനിയിലുമാണ് സന്തോഷച്ചൻ തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ക്രിസ്തുവിനെ പ്രതിഫലിപ്പിച്ചതും ക്രിസ്തുവിന്റെ സ്നേഹവും നന്മയും പങ്കുവച്ചതും.
1989 മുതൽ 1991 വരെ രണ്ടു വർഷക്കാലം സന്തോഷച്ചൻ തത്വശാസ്ത്ര വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഞാൻ കൊച്ചച്ചനായി അതേ ഭവനത്തിൽ, ആലുവ എംസിബിസ് സ്റ്റഡി ഹൌസ്സിൽ വസിച്ചിട്ടുണ്ട്. പിന്നീട് ജർമനിയിൽ 15 വർഷക്കാലം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ജർമനിയിൽ ശുസ്രൂഷാ ചെയ്യുന്ന മൂന്ന് രൂപതകളിലെ എംസിബിസ് വൈദികരുടെ കോ ഓഡിനേറ്റർ എന്ന നിലയിലും അജപാലനത്തോടൊപ്പം സന്തോഷച്ചൻ പ്രവർത്തിക്കുന്നു. അതുകൊണ്ടു സന്തോഷച്ഛനെക്കുറിച്ചു ഉറച്ച ബോദ്ധ്യത്തോടെ എനിക്ക് പറയാനാകും, സന്തോഷച്ഛൻ തികഞ്ഞ ഒരു അജപാലകനാണ്.
ദൈവജനത്തിന്റെ ഒപ്പം നടക്കുന്ന ഒരു അജപാലകൻ. സന്തോഷച്ചൻ ആടുകളുടെ ഹൃദയത്തുടിപ്പറിയുന്ന ഇടയനാണ്. ചെന്നായ് വരുമ്പോൾ ഓടിപ്പോകാത്ത ഇടയൻ! എംസിബിസ് സമൂഹത്തിലായിരിക്കാനും സമൂഹത്തിനുവേണ്ടി ആയിരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന സമർപ്പിതനാണ് സന്തോഷച്ചൻ. വലിയപറമ്പിൽ കുടുംബത്തിലും എടത്വ സെയിന്റ് ജോർജ് ഇടവകയിലും സന്തോഷാച്ചനെ അറിയുന്നതും ഏതാണ്ട് ഇതുപോലെ ആണെന്ന് ഞാൻ കരുതുന്നു. “തന്നോടുകൂടി ആയിരിക്കുന്നതിനും അയക്കപ്പെടുന്നതിനും.” പൂർണ്ണമായി വിട്ടുകൊടുത്ത, എന്നും എപ്പോഴും ദൈവത്തോടുകൂടി ആയിരുന്നും ദൈവവചനം പ്രസംഗിച്ചും തിന്മ ഉമൂലനം ചെയ്തും നന്മയും സ്നേഹവും കാരുണ്യവും വർഷിച്ചും ജീവിക്കുന്ന ഒരു കർമ്മയോഗിയായി.
2007 -ൽ തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രശസ്ത ദൈവശാസ്ത്രജ്ഞനും കുരിയൻ കര്ദിനാളും ആയിരുന്ന വാൾട്ടർ കാസ്പർ ക്രൈസ്തവ പൗരോഹിത്യത്തെ ക്കുറിച്ച് “സന്തോഷത്തിന്റെ ദാസൻ” എന്ന പേരിൽ മനോഹരമായ ഒരു പുസ്തകം എഴുതി. അതിൽ അദ്ദേഹം വി. പൗലോസ് ശ്ലീഹായുടെ കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനം ഒന്നാം അദ്ധ്യായം 24- ആം വാക്യം ഉദ്ധരിച്ചുകൊണ്ട് പറയുന്നു: “ഒരു ക്രൈസ്തവ പുരോഹിതൻ സന്തോഷത്തിന്റെ ദാസനായിരിക്കണം. സന്തോഷമുള്ള പുരോഹിതൻ ദൈവത്തിന്റെ ദാനമാണ്. സന്തോഷമുള്ള പുരോഹിതൻ ദൈവജനത്തെ ദൈവത്തിലേക്ക് നയിക്കും.”
തീർച്ചയായും പുരോഹിതനായിരിക്കുന്നതിൽ സന്തോഷമുള്ള, ദൈവജനത്തെ ശുസ്രൂഷിക്കുന്നതിൽ അഭിമാനിക്കയും സന്തോഷിക്കയും ചെയ്യുന്ന പുരോഹിതൻ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കും. സന്തോഷമുള്ള, സ്നേഹമുള്ള, ശുസ്രൂഷ ചെയ്യുന്നതിൽ അഭിമാനിക്കുന്ന, സന്തോഷച്ഛന്റെ സന്തോഷവും സംതൃപ്തിയും ഇനിയും വളരും, വർദ്ധിക്കും, അതുവഴി ദൈവജനത്തിന്റെ സന്തോഷവും സംതൃപ്തിയും. സന്തോഷമുള്ള വൈദികരെയാണ് കത്തോലിക്കാ സഭക്ക് ആവശ്യം. സന്തോഷച്ചന്മാരെയാണ് സഭക്കും ദൈവജനത്തിനും ആവശ്യം.
ക്രിസ്തുവിന്റെ ദൗത്യത്തിന്റെ പിന്തുർച്ചയായ ക്രൈസ്തവ പൗരോഹിത്യം സ്വീകരിച്ചു “തന്നോടുകൂടി ആയിരുന്നും അയക്കപ്പെട്ടും” 25 വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷച്ചന് ഒരിക്കൽകൂടി പ്രാർത്ഥനയും ആശംസയും നന്ദിയും അറിയിച്ചും സന്തോഷച്ചന്റെ സമർപ്പണത്തെ അംഗീകരിച്ചു ആദരിച്ച മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി അറിയിച്ചും ഞാൻ ഉപസംഹരിക്കുന്നു. കുർബാനയിൽ സന്നിഹിതനാകുന്ന നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ!