അഗസ്റ്റിൻ ക്രിസ്റ്റി
കുറേനാളുകളായി അനേകരോട് സംസാരിക്കാനും ചിലരെ വ്യക്തിപരമായി കേൾക്കാനും കഴിഞ്ഞതിന്റെ വെളിച്ചത്തിൽ കുറിക്കുന്ന ഗൗരവമേറിയ വിഷയമാണ് പറയാൻ പോകുന്നത്.
നിങ്ങൾക്കറിയാമോ ? നമുക്ക് ചുറ്റും നിരാശയുടെ ഒരു അന്തരീഷം തളംകെട്ടി കിടക്കുന്നുണ്ട്. പലരും; ബഹുഭൂരിപക്ഷം ആളുകളും നിരാശയിലും ദുരിതത്തിലുമാണ്. പരിഹാരം സ്വയം കണ്ടെത്താനാകാത്തതിനാൽ, ആരും പറഞ്ഞുകൊടുക്കാത്തതിനാൽ അസഹനീയമായ സഹനങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്.
അനേകർ അതിഭയാനകമായ ദുഃഖത്തിലാണ്. ഏകാന്തതയിലും പിരിമുറുക്കത്തിലുമാണ് ചിലരെങ്കിലും. ആരോടിതു പറയും? ആരിത് പരിഹരിക്കുമെന്ന ചോദ്യമാണ് പലർക്കുമുള്ളത്. അപാരമായ ആകുലതയിലാണ് പലരും. ഇവ പരിഹരിക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവരും ഏറിവരുന്നു. മരുന്നിനോ ഉപദേശങ്ങൾക്കോ പരിഹരിക്കാനാവാത്ത മാനസിക അസ്വാസ്ഥ്യം ഇതിനോടകം നമ്മെ ബാധിച്ചുകഴിഞ്ഞു. ദയവ് ചെയ്തു യാഥാർഥ്യം മനസിലാക്കുക.
പ്രായോഗികമായി നമുക്കെന്തു ചെയ്യാനാകും?
നിങ്ങൾ മറ്റെല്ലാം ചെയ്തുകഴിഞ്ഞിട്ടും അതൃപ്തരാണെങ്കിൽ ഇങ്ങനെ ചെയ്യുവാൻ ഞാൻ ശുപാർശ ചെയ്യുന്നു. ഒന്നാമതായി യേശുക്രിസ്തു എന്ന പേഴ്സണെ ശരിക്കും മനസിലാക്കുക. അവനുമായി സൗഹൃദം കണ്ടെത്തുക. അവനെ വേണ്ടവിധം മനസ്സിലാക്കിയിട്ടാല്ലാത്തതാണ് നമ്മുടെ പ്രധാന പ്രശ്നം. നല്ലവണ്ണം അനുഭവിച്ച വ്യക്തികളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ വിശുദ്ധ ബൈബിളിൽ നിന്നോ അത് എളുപ്പത്തിൽ അറിയാനാകും. ശ്രദ്ധിക്കുക. എന്തെങ്കിലുമൊക്കെ അറിഞ്ഞാൽ പോരാ. നല്ല ക്ളാരിറ്റിയോടെ അറിയുക.
നിന്നെ വ്യക്തിപരമായി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നു വിശ്വസിക്കുക. മനസ്സിലാക്കുക. വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു ദൈവാനുഭവത്തിനുവേണ്ടി പ്രാർത്ഥിക്കുക. ഞാൻ മാനസികമായി തളർന്നപ്പോഴെല്ലാം യേശുവുണ്ടല്ലോ എനിക്ക് എന്നതുമാത്രമായിരുന്നു ഏക ആശ്വാസം. രണ്ടാമതായി, മനസ്സിന്റെ ഭാരങ്ങൾ പ്രത്യേകിച്ച് ചെയ്തുപോയ തെറ്റുകൾ, തെറ്റുകൾ എന്നുപറഞ്ഞാൽ പാപങ്ങൾ, അത് നമ്മുടെ മനസ്സാക്ഷിയ്ക്കറിയാം. അവ മനസ്സമാധാനത്തോടെ സമയമെടുത്ത് ഓർത്തെടുക്കുക. പേഴ്സണലായി കുറിച്ചുവയ്ക്കുക.
അവ ഏറ്റുപറയാൻ പറ്റിയ ഒരാളെ കണ്ടെത്തുക. നാളുകളായി മുടങ്ങിയ വിശുദ്ധ കുമ്പസാരം വിശ്വാസത്തോടെയും ആത്മാർത്ഥതയോടെയും ചെയ്യുക. യേശുവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും യേശുവിൽ ആശ്രയിച്ചു മുൻപോട്ടു പോവുകയും ചെയ്യുക. അവനുമായി നല്ല ചങ്ങാത്തം കൂടുക. ദൈവമൊന്നുമില്ലെന്നല്ല ഇപ്പോൾ ചിന്തിക്കേണ്ടത്, മറിച്ചു ദൈവത്തെ അറിയാനാണ് ഇതുണ്ടായത് എന്നാണ് ചിന്തിക്കേണ്ടത്.
തളര്ന്നവന് അവിടുന്ന് ബലം നല്കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:29-31).