മാത്യൂ ചെമ്പുകണ്ടത്തിൽ
“സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്”
ക്രിസ്തു ചെയ്ത മഹാത്ഭുതങ്ങള്‍ പലതും വിശുദ്ധ ബൈബിളില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും വലിയത് ഏത് അത്ഭുതമായിരുന്നു? ഉത്തരം ഒന്നേയുള്ളൂ, തന്റെ കൈകളില്‍ എടുത്ത അപ്പത്തെയും വീഞ്ഞിനേയും, ആ വസ്തുക്കളുടെ ഭൗതീക ഘടനയ്ക്ക് മാറ്റം വരാതെ അവയെ തന്റെ ശരീരവും രക്തവുമായി പരിവര്‍ത്തനം ചെയ്തു എന്നതാണ് ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം. യേശു വെള്ളം വീഞ്ഞാക്കിയപ്പോള്‍ ജലത്തിന്റെ അടിസ്ഥാനഘടനയ്ക്ക് മാറ്റം സംഭവിച്ച് വെള്ളം വീഞ്ഞായി മാറി, അത് രുചിച്ചവര്‍ അത് സാക്ഷ്യപ്പെടുത്തി.
മരിച്ചവനെ ഉയിര്‍പ്പിച്ചപ്പോള്‍ അവനിലെ മൃതമായ കോശങ്ങളെല്ലാം ജീവന് പ്രാപിച്ചു. രോഗശാന്തി നല്കിയപ്പോള് രോഗികള്‍ പൂര്‍ണ്ണമായി രോഗവിമുക്തരായി; എന്നാല്‍ അപ്പവും വീഞ്ഞും തന്റെ ശരീരവും രക്തവും ആകുന്നു എന്നു പറയുമ്പോള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും ഭൗതിക ഘടനയ്ക്ക് മാറ്റം വരാതെ അവയെ തന്റെ ശരീരവും രക്തവുമായി അവിടുന്നു പരിവര്‍ത്തന വിധേയമാക്കി.
ഈ മാംസരക്തങ്ങള്‍ തന്റെ ശിഷ്യന്മാര്ക്ക് നല്കി അവരെ നിത്യജീവിതത്തിന്റെ ഉടമകളാക്കി എന്നതാണ് ക്രിസ്തു ചെയ്ത എല്ലാ അത്ഭുതങ്ങളിലും വച്ച് മഹാത്ഭുതം. ഈശോമശിഹായുടെ ശരീര -രക്തങ്ങള്‍ വിശ്വാസത്തോടെ അവിടുത്തെ കൈകളില്‍നിന്ന് നേരിട്ട് വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരാണ് മനുഷ്യചരിത്രത്തില്‍ നിത്യജീവന് അവകാശികളായ ആദ്യ മനുഷ്യഗണം.
മര്‍ത്യനെ അമര്‍ത്യതയുടെ ഭാഗമാക്കുന്ന ഈ മഹാത്ഭുതത്തെ തെറ്റിദ്ധരിച്ച്, വികലമാക്കിയ നിരവധി പ്രസ്ഥാനങ്ങളുണ്ട്. ആദിമസഭമുതല്‍ തുടര്‍ന്നുവരുന്ന ക്രൈസ്തവ വിശ്വാസബോധ്യങ്ങളുടെ അടിത്തറ ഇളക്കാനാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അപ്പൊസ്തൊല സഭകളോട് പ്രൊട്ടസ്റ്റന്റ് തിയോളജിയന്മാര് എല്ലാ അര്‍ത്ഥത്തിലും വിയോജിച്ചപ്പോഴും അപ്പവീഞ്ഞുകളുടെ വിഷയത്തില്‍ പാരമ്പര്യസഭകളോടു കുറെയൊക്കെ ചേര്ന്നുനില്ക്കാനാണ് അവര്‍ ശ്രമിച്ചത്.
എന്നാല്‍ 20-ാം നൂറ്റാണ്ടിലെ “ന്യൂഎയ്ജ് മൂവ്മെൻ്റ്” എന്നറിയപ്പെടുന്ന പെന്തക്കൊസ്ത് വിഭാഗങ്ങള്‍ കര്‍തൃമേശ വിഷയത്തെ വികലമാക്കി അതിന്റെ ശക്തിയെ കെടുത്തി അവതരിപ്പിച്ചു. ആദിമസഭ മുതല്‍ ക്രൈസ്തവ സമൂഹം ആഴ്ചയുടെ ആദ്യദിനം സമ്മേളിച്ചത് അപ്പം മുറിക്കുവാന്‍ മാത്രമായിരുന്നുവെങ്കില്‍ (അപ്പ പ്രവൃത്തികള്‍ 20:7) പെന്റക്കൊസ്റ്റ് സഭകള്‍ ഒത്തുകൂടിയത് പ്രസംഗപീഠത്തിനു ചുറ്റും പ്രസംഗം കേൾക്കുവാൻ വേണ്ടി ആയിരുന്നു. അപ്പവീഞ്ഞുകളുടെ സ്ഥാനം പ്രസംഗകര്‍ തട്ടിയെടുത്തു.
ക്രൈസ്തവ സഭയില്‍ 20 നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അന്ത്യത്താഴ ശുശ്രൂഷയെ പല വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നവരുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ദൈവവചനത്തിന്റെയും സഭയുടെ പഠനങ്ങളുടെയും സഭാചരിത്രത്തില്‍ അപ്പവീഞ്ഞുകളെ സംബന്ധിച്ചുള്ള പ്രതിപാദ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനങ്ങളിലൂടെ നിര്‍വ്വഹിക്കുന്നത്.
“പിതാക്കന്മാര് മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു, അതുപോലെയല്ല ഈ അപ്പം. ഇത് ഭക്ഷിക്കുന്നവന് എന്നെക്കും ജീവിക്കും” (യോഹ 6:59) എന്ന് യേശുക്രിസ്തു പറയുമ്പോള്‍ ഇവിടെ ഉയരുന്ന ചില ന്യായമായ ചോദ്യങ്ങളുണ്ട്.
1.അന്ത്യത്താഴ മേശയില്‍ ഈശോമശിഹാ അപ്പവും വീഞ്ഞും എടുത്തു വാഴ്ത്തി ഇത് എന്റെ ശരീരമാകുന്നു, ഇത് എന്റെ രക്തമാകുന്നു എന്ന് പ്രഖ്യാപിച്ച് (മത്തായി 26:26-30) ശിഷ്യന്മാര്ക്ക് നിത്യജീവനായി നല്കിയെങ്കില് ഈ ശരീര -രക്തങ്ങള്‍ ഇന്നും ലഭ്യമാണോ?
2.അന്ത്യത്താഴ മേശയില്‍ ഈശോമശിഹായില്നിന്നും ശരീരരക്തങ്ങള്‍ നേരിട്ടു സ്വീകരിച്ചു ഭക്ഷിച്ച ഈ 12 ശിഷന്മാര്ക്കു മാത്രമേ നിത്യജീവന് ലഭിക്കുകയുള്ളോ?
3.മനുഷ്യന് നിത്യജീവന് പ്രദാനം ചെയ്യുവാനായി അവതരിച്ച ദൈവപുത്രന്റെ ശുശ്രൂഷാകാലം ഈ പന്ത്രണ്ട് പേര്‍ക്ക് നിത്യജീവന് പകര്‍ന്നു നല്കിയ ശേഷം എന്നെന്നേക്കുമായി അവസാനിച്ചോ?
4.അപ്പൊസ്തൊലന്മാരിലൂടെ സുവിശേഷം കേട്ട് പിന്നീടു ക്രിസ്തുവിശ്വാസികളായവര് നിത്യജീവന് പ്രാപിക്കാന്‍ ഈശോമശിഹായുടെ ശിഷ്യന്മാരേപ്പോലെ അവിടുത്തെ ശരീര -രക്തങ്ങളില്‍ പങ്കാളികളാകേണ്ടതുണ്ടോ?
5.അപ്പവീഞ്ഞുകളെ ഈശോമശിഹായുടെ ശരീര-രക്തങ്ങളായി പിന്നീട് സഭ പരികര്‍മ്മം ചെയ്തിട്ടുണ്ടോ?
6.പെസഹാദിനത്തില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ഇത് എന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്ന് ഈശോമശിഹാ പറഞ്ഞതില്‍നിന്നും ആദിമസഭയും അപ്പൊസ്തൊലന്മാരും അപ്പൊസ്തൊല പിതാക്കന്മാരും സഭാ പിതാക്കന്മാരും എന്താണ് മനസ്സിലാക്കിയത്?
7.അപ്പവീഞ്ഞുകളില്‍ ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ മാത്രമേ നടക്കുന്നുള്ളോ?
“സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ് ” (യോഹന്നാന് 6:51) എന്ന് യേശുക്രിസ്തു പറയുമ്പോള്‍ അവിടുന്ന് ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തതുതന്നേ തന്റെ ശരീരത്തെയും രക്തത്തെയും മനുഷ്യന്റെ നിത്യജീവന് പ്രദാനം ചെയ്യുന്നതിനായി വിഭജിക്കപ്പെടാന്‍ വേണ്ടി ആയിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്” എന്ന് യേശു പറയുമ്പോള്‍, ഈശോമശിഹായുടെ ശരീരരക്തങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ മനുഷ്യവംശത്തിന് കൈവരുന്ന നിത്യജീവന് എന്നത് ത്രിത്വൈക ദൈവത്തിന്റെ അഭീഷ്ടമാണ് എന്ന് സ്പഷ്ടമാകുന്നു.
അപ്പവീഞ്ഞുകള്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലൂടെ ഈശോമശിഹായുടെ മാംസരക്തങ്ങളാകുന്നു എന്നത് എല്ലാ ക്രൈസ്തവ വിശ്വാസത്തിന്റെയും പരകോടിയാണ്. മറിയം പരിശുദ്ധാത്മാവിനാല്‍ പുരുഷസംസര്‍ഗ്ഗമില്ലാതെ ഈശോമശിഹായെ ഗര്‍ഭം ധരിച്ചു എന്നതാണ് ആദിമസഭമുതലുള്ള ക്രൈസ്തവ വിശ്വാസം. ഇപ്രകാരം, പരിശുദ്ധാത്മാവിന്റെ വാസത്തിലൂടെ മനുഷ്യകരങ്ങളിലെ അപ്പവീഞ്ഞുകള്‍ ഈശോമശിഹായുടെ ശരീരരക്തങ്ങളായി മാറുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനങ്ങളുടെയെല്ലാം അടിസ്ഥാനം ഈ വിശ്വാസമാണ്. എല്ലാ വചനങ്ങളുടെയും പൂര്‍ണ്ണതയായ ക്രിസ്തു മാംസരക്തങ്ങളായി വിശ്വാസിയില്‍ കടന്നുവന്ന് വസിക്കുന്നു.
This ‘is’ my body (മത്തായി 26:26, മാര്‍ക്കോസ് 14:22, ലൂക്കോസ് 22:19) (ഇത് എന്റെ ശരീരം ‘ആകുന്നു’) എന്ന് യേശു പറയുന്നു, ആ നിമിഷം അത് യേശുക്രിസ്തുവിന്റെ ശരീരം ആയിത്തീര്‍ന്നിരിക്കണം. “ഉണ്ടാകട്ടെ” എന്ന വാക്കിനാല്‍ വിശ്വപ്രപഞ്ചത്തെ സൃഷ്ടിച്ചവന്, ”ഇത് എന്റ് ശരീരം ആകുന്നു” എന്ന് പറയുമ്പോള്‍ അപ്രകാരം സംഭവിച്ചില്ലെങ്കില്‍ ഈശോമശിഹാ ആദ്യന്തം വ്യാജനായിരിക്കണം. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കിനാല്‍ സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ചവന്, അപ്പത്തെയും വീഞ്ഞിനെയും കൈകളിലെടുത്ത് ഇത് എന്റെ ശരീരമാകുന്നു, ഇത് എന്റെ രക്തമാകുന്നു എന്നു പറയുമ്പോള്‍ അപ്രകാരം സംഭവിച്ചില്ല എന്ന് പറയുന്നത് കടുത്ത വിശ്വാസരാഹിത്യമാണ്.
അന്ത്യത്താഴ മേശയിൽ ഉയർന്നു കേട്ട കൽപ്പന ”എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍” (ലൂക്ക് 22:19) എന്നതായിരുന്നു. ഈ കൽപനപ്രകാരം ഇപ്രകാരം ചെയ്യുന്നതും അതിൻ്റെ പരിപോഷണവുമാണ് മുഴുവൻ മനുഷ്യവംശത്തിനും നിത്യജീവനിലേക്കുള്ള വാതില്‍ തുറന്നു നൽകിയത്. ഇത് മനുഷ്യവംശത്തിന് പ്രത്യാശ നല്കുന്ന വചനമാണ്.
തന്റെ കല്‍പ്പനപ്രകാരം ശിഷ്യന്മാരും അവരുടെ പ്രസംഗം കേട്ട് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നവരും ലോകത്ത് എവിടെയെല്ലാം അപ്പവും വീഞ്ഞുമെടുത്ത് കൃതജ്ഞതയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അവിടെയെല്ലാം ഈശോമശിഹാ ശിഷ്യര്‍ക്ക് നല്കിയ അതേ ശരീരവും രക്തവുമായി അവ മാറുന്നു എന്നതാണ് അപ്പോസ്തൊലിക പാരമ്പര്യത്തിലുള്ള ക്രൈസ്തവ വിശ്വാസം.
അപ്പവീഞ്ഞുകള്‍ ക്രിസ്തുവിന്റെ ശരീര രക്തങ്ങളായി മാറുന്നു എന്നുള്ള ഈ വിശ്വാസമാണ് എല്ലാ വിശ്വാസത്തിനും മുകളില്‍ നില്ക്കുന്ന “അതിവിശുദ്ധ വിശ്വാസം” (The most holy faith). വിശ്വാസത്തെക്കുറിച്ചുള്ള എല്ലാ ബൈബിള്‍ നിര്‍വ്വചനവും പൂര്‍ത്തീകരിക്കപ്പെടുന്നത് അപ്പവീഞ്ഞുകള്‍ ഈശോമശിഹായുടെ ശരീരരക്തങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്ന വിശ്വാസ അടിത്തറയിലാണ്.
ചോദ്യം 1: അന്ത്യത്താഴ മേശയിൽ അപ്പ – വീഞ്ഞുകൾ എന്തുകൊണ്ട് ഈശോയുടെ ശരീരവും രക്തവുമായി മാറും ?
ഉത്തരം: ഈശോ മശിഹാ അപ്രകാരം പറഞ്ഞതിൽ അപ്പവീഞ്ഞുകൾ അവിടുത്തെ ശരീര രക്തങ്ങളായി മാറിയിരിക്കും.
ചോദ്യം 2: സഭ ഇപ്രകാരം തന്നെ ചെയ്യേണ്ടതുണ്ടോ ?
ഉത്തരം: തീർച്ചയായും ഇപ്രകാരം ചെയ്യണം, എന്തെന്നാൽ ഈശോ മശിഹാ അപ്രകാരം തന്നെ ചെയ്യുവാൻ ആവശ്യപ്പെട്ടു.
(തുടരും…)