വത്തിക്കാന്‍ സിറ്റി: തന്റെ വാർദ്ധക്യവും നടക്കാനുള്ള ബുദ്ധിമുട്ടും തന്റെ മാർപാപ്പ പദവിയുടെ മന്ദഗതിയിലുള്ള പുതിയ ഘട്ടത്തിലേക്ക് നയിച്ചുവെന്നും മുമ്പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കാനഡ സന്ദര്‍ശനത്തിന് ശേഷം റോമിലേക്കുള്ള യാത്രാമധ്യേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ.
കാനഡയിൽ നിന്ന് പ്രാദേശികസമയം വൈകുന്നേരം 8.14-ന് പുറപ്പെട്ട വിമാനം കാനഡ, ഡെൻമാർക്ക്, അയർലണ്ട്, യു.കെ., ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ കടന്ന്, ഏതാണ്ട് 6 മണിക്കൂറുകൾ കൊണ്ട് 5.667 കിലോമീറ്ററുകൾ സഞ്ചരിച്ച്, ജൂലൈ 30 ശനിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 8.06-ന്, ഇന്ത്യയിൽ രാവിലെ 11.36-ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി.
അവിടെനിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ പാപ്പാ, സാധാരണ പതിവുപോലെ, റോമിലെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി, സാലൂസ് പോപ്പുളി റൊമാനി, റോമൻ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിനുമുന്നിലെത്തി കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ വിജയത്തിന് നന്ദി പറയുകയും, അതിനുശേഷം യാത്ര തുടർന്ന് തന്റെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലെത്തുകയും ചെയ്തു.
85 കാരനായ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ഏതാനും മാസങ്ങളായി, കാലിന്റെ ലിഗമെന്റിന്റെ വീക്കത്തെ തുടര്‍ന്നുള്ള മുട്ടുവേദനയെ തുടര്‍ന്നു വീൽചെയര്‍ ഉപയോഗിക്കുകയാണ്. റിപ്പോർട്ടർമാർ സഞ്ചരിക്കുന്ന പിൻ ക്യാബിനിലേക്ക് ചൂരല്‍ വടിയുമായാണ് അദ്ദേഹം നടന്നെത്തിയത്. എന്നാൽ 45 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരാഗത വാർത്താ സമ്മേളനത്തിനായി വീൽചെയറിൽ ഇരുന്നു.
”ഈ യാത്ര ഒരു പരീക്ഷണമായിരുന്നു. ഈ അവസ്ഥയിൽ എനിക്ക് യാത്രകൾ നടത്താൻ കഴിയില്ല എന്നത് ശരിയാണ്. ഒരുപക്ഷേ ശൈലി മാറണം, കുറച്ച് യാത്രകൾ നടത്തണം, ഞാൻ വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണം, കാര്യങ്ങൾ വീണ്ടും നടത്തണം. പക്ഷേ അത് തീരുമാനിക്കുന്നത് കർത്താവാണ്”. തന്റെ പ്രായത്തിലും ഈ പരിമിതിയിലും സഭയെ സേവിക്കാൻ കഴിയണമെങ്കിൽ തന്നെത്തന്നെ അൽപ്പം സംരക്ഷിക്കേണ്ടതുണ്ടെന്ന് കരുതുന്നു, അല്ലെങ്കിൽ മാറിനിൽക്കേണ്ടി വരുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
എന്നിരിന്നാലും ആളുകളുമായി അടുത്തിടപഴകാൻ യാത്ര തുടരാൻ ശ്രമിക്കും. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെബനൻ, ഒരുപക്ഷേ ഖസാക്കിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് താൻ പോകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് താൻ ആദ്യം യാത്ര നടത്തുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എനിക്ക് എല്ലാ നല്ല മനസ്സും ഉണ്ട്, പക്ഷേ കാലിന്റെ അവസ്ഥ നമുക്ക് കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം മുമ്പ് ഒരു കുടൽ ഓപ്പറേഷനുശേഷം അനുഭവിച്ച അനസ്തേഷ്യയിൽ നിന്നുള്ള ദീർഘകാല പാർശ്വഫലങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കാൽമുട്ടിന് ഓപ്പറേഷൻ വേണ്ടെന്നുവെച്ചതെന്നും പാപ്പ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കനേഡിയൻ സന്ദർശനത്തിന്റെ ഭൂരിഭാഗവും മാര്‍പാപ്പ വീൽചെയറിലായിരുന്നു.
കാനഡയിലെ തദ്ദേശീയരായ ജനതകൾ, കത്തോലിക്കാസഭ മേൽനോട്ടം വഹിച്ച സ്കൂളുകളിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് മാപ്പപേക്ഷിക്കാനും, അവരുടെ മുറിവുണക്കാനും പ്രായശ്ചിത്തത്തിന്റെ ഒരു യാത്രയായിരുന്നു ഫ്രാൻസിസ് പാപ്പാ നടത്തിയത്. അനുരഞ്ജനത്തിന്റെ വാക്കുകളും പ്രവൃത്തികളുമായി ആയിരക്കണക്കിന് തദ്ദേശീയരുടെ മനസ്സിൽ ആശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ നിറച്ചാണ് പാപ്പാ ഈ യാത്ര പൂർത്തീകരിച്ചത്.
തെറ്റുകൾ ഏറ്റുപറഞ്ഞ്, മാനവികതയുടെ സൗരഭ്യം പകർന്ന ഈ യാത്ര, അനേകം ഹൃദയങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ പ്രകാശവും, ക്ഷമയുടെ മാധുര്യവും അനുരഞ്ജനത്തിന്റെ സുഗന്ധവും പരത്തി. ക്രൈസ്തവവിശ്വാസത്തിൽ പത്രോസിന്റെ പിൻഗാമിയായി, കത്തോലിക്കാസഭയുടെ ദൈവത്താൽ തിരഞ്ഞെടുത്ത വലിയ ഇടയനായി, മാർഗദർശിയായി ഫ്രാൻസിസ് പാപ്പാ വാഴട്ടെ.