സിന്റോച്ചൻ
എന്റെ 34വർഷത്തെ ജീവിതത്തിൽ ഏറ്റവും തിരിച്ചറിവുകൾ തന്ന കാലഘട്ടമെന്നു പറയുന്നത് 2018 മുതൽ 2021 വരെയാണ്. ആ കാലഘട്ടത്തിലാണ് ഒരുപാട് പ്രതിസന്ധികളുണ്ടായത് . ഇനി എന്തുവന്നാലും പാറപോലെ ഉറച്ചു നിൽക്കും എന്നുള്ള ദൃഢനിശ്ചയം ഉണ്ടായതും അങ്ങനാണ്. ഒരുപക്ഷെ കുടുംബം എന്ന സംരക്ഷണവലയത്തിന്റെ അനുഗ്രഹം എന്താണെന്നും ആവശ്യമെന്താണെന്നും ഞാൻ നന്നായി മനസ്സിലാക്കിയത് ആ കാലഘട്ടത്തിലാണ്. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഏന്താണെന്നും എന്നോടുള്ള കരുതൽ എന്താണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്.
നമ്മൾ മനുഷ്യർക്കൊക്കെ ഒരു ബലഹീനതയുണ്ട് നമുക്കൊരു പ്രശ്നം വരുമ്പോൾ, നമ്മൾ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ആളുകൾ നമ്മളെ കരുതണമെന്നും നമ്മോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കും പക്ഷെ ആ സമയത്താണ് നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മനുഷ്യരെ തിരിച്ചറിയുന്നത്. ഈ പറഞ്ഞ കൂട്ടുകാരെ ഞാൻ എന്നും ഫോണിൽ വിളിക്കാറില്ല, മെസ്സേജ് അയക്കാറില്ല, ഇവരാരും എനിക്ക് എത്തിപ്പെടാവുന്നതോ പെട്ടെന്ന് എത്തിച്ചേരാവുന്നതോ ആയ ഒരു സ്ഥലത്തുമല്ല.
പലപ്പോഴും നമ്മൾ നല്ല ബന്ധങ്ങളെ തിരിച്ചറിയേണ്ടത് എന്നും സംസാരിക്കുമ്പോഴോ എന്നും കണ്ടുമുട്ടുമ്പോഴോ അല്ല അതൊക്കെ ഇന്നത്തെ എല്ലാ പ്രണയങ്ങളിലും എല്ലാ സൗഹൃദങ്ങളിലുമുണ്ട്. പക്ഷെ അവിടെയൊക്കെ ഇല്ലാതായി പോകുന്ന ഒന്നുണ്ട്, അതാണ് ആത്മാർത്ഥത, അത് നമ്മൾ തിരിച്ചറിയുന്നത് നമുക്കൊരു മോശം സമയം വരുമ്പോഴാണ്.
ഞാനെപ്പോഴും എന്റെ എഴുത്തുകളിൽ സൂക്ഷിക്കുന്ന ഒരു കാര്യം ബന്ധങ്ങളിൽ സത്യസന്ധത പുലർത്തുക, ആരെയും വഞ്ചിക്കാതിരിക്കുക എന്നതാണ്. ഈ രണ്ടു കാര്യങ്ങളെ ആസ്പദമാക്കിയാണ് എന്റെ ഭൂരിഭാഗം എഴുത്തുകളുടെയും ഉള്ളടക്കം.
അതിനു പ്രധാന കാരണം ഞാൻ കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന ഒരാളായതുകൊണ്ടാണ്. നല്ലൊരു കുടുംബത്തിൽ ജനിച്ചു എന്നത് സാമ്പത്തികമായി അടിത്തറയുള്ള ഒരു കുടുംബത്തിൽ ജനിച്ചു എന്നതല്ല, നന്മയുള്ള ഒരച്ഛന്റെയോ അമ്മയുടെയോ മകനോ മകളോ ആയി ജനിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം, കാരണം നമ്മുടെ സ്വഭാവരൂപീകരണത്തിന് ഏറ്റവും വലിയ പങ്ക് നമ്മുടെ കുടുംബങ്ങൾക്കാണ് പിന്നീടുള്ളത് നമ്മുടെ കൂട്ടുകാർക്കുമാണ്. ഈ രണ്ടു കാര്യങ്ങളിൽ സംഭവിക്കുന്ന താളപ്പിഴകൾ തന്നെയാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കീർണ്ണമാക്കുന്നതും,ബന്ധങ്ങൾ തകർക്കുന്നതിനും പ്രധാന കാരണം.
നമുക്ക് കുടുംബത്തിൽ ഷെയർ ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ കൂട്ടുകാരോട് നമ്മൾ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ആ കൂട്ടുകാരിൽ എത്ര പേർ ഇപ്പോൾ നിങ്ങളോടൊപ്പമുണ്ട്.? അവരൊക്കെ കുടുംബജീവിതം തുടങ്ങിയപ്പോൾ നിങ്ങൾക്ക് സംസാരിക്കാൻ പറ്റാതായിട്ടുണ്ടോ? ഒളിച്ചും പാത്തും സംസാരിക്കേണ്ടി വന്നിട്ടുണ്ടോ? ആ സൗഹൃദം കാരണം ആരുടെയെങ്കിലും കുടുംബജീവിതം തകർന്നിട്ടുണ്ടോ? നിങ്ങളിലൂടെയോ, നിങ്ങൾക്ക് ചുറ്റുമുള്ളവരിലൂടെയോ കണ്ണോടിച്ചാൽ നിങ്ങൾക്ക് എണ്ണിപ്പറയാവുന്ന രണ്ടോ മൂന്നോ ജീവിതങ്ങൾ ഉറപ്പായും ഉണ്ടാകും.
കുടുംബവും കൂട്ടുകാരും രണ്ടും രണ്ടാണ് എന്നാൽ അതിലൂടെ നമ്മുടെ ജീവിതത്തിൽ നന്മകൾ മാത്രമേ സംഭവിക്കാവൂ തിന്മകൾ അനുവദിക്കരുത്. അതുകൊണ്ട് തീർച്ചയായും കുടുംബം അറിയാത്ത കൂട്ടുകാർ നമുക്ക് ഉണ്ടായിരിക്കരുത്. ജീവിതത്തിലുടനീളം നമുക്ക് കൊണ്ടുനടക്കാൻ കഴിയുന്ന ബന്ധങ്ങളെ മാത്രം നമ്മോടൊപ്പം കൂട്ടുക, അല്ലെങ്കിൽ നമ്മുടെ ജീവിതം തകർക്കുന്നതും ആ ബന്ധങ്ങളായിരിക്കും. ഒളിച്ചുവച്ച ബന്ധങ്ങൾക്ക് മറച്ചുവെക്കാൻ പലതും ഉണ്ടാവും ആ മറച്ചുവച്ചതിൽ പല തെറ്റുകളും ഉണ്ടാകും. തെറ്റുകൾ ഇല്ലെങ്കിൽ പിന്നെന്തിനാണ് തുറന്നു പറയാൻ മടിക്കുന്നത്? അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലും ഒളിച്ചു വെച്ചുള്ള ഒരു ബന്ധവും കൊണ്ടുനടക്കാതിരിക്കുക.
ഏറ്റവും നന്നായി സമ്പാദിക്കുമ്പോഴോ സ്വപ്നങ്ങൾ പൂവണിയുമ്പോഴും അല്ല ഏറ്റവും സമാധാനമായി നമുക്ക് ജീവിക്കാൻ കഴിയുമ്പോഴാണ് നമുക്ക് സംതൃപ്തി കിട്ടുന്നത്. കേരളത്തിലെ പ്രഗൽഭനായ ഒരു ഡോക്ടർ പറഞ്ഞതുപോലെ ഒരു ഗുളിക പോലും കഴിക്കാതെ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ അതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം ഞാൻ സങ്കടങ്ങൾ കേട്ടിട്ടുള്ള ഭൂരിഭാഗവും ആളുകളും പറഞ്ഞിട്ടുള്ളത്, പലതവണ ക്ഷമിച്ചു, അവരെന്നെ വഞ്ചിച്ചു, സാമ്പത്തികമായി ശാരീരികമായി ചൂഷണം ചെയ്തു അങ്ങനെ ഒരുപാട് ഒരുപാട് പരാതികളാണ്. ഞാൻ അപ്പോഴൊക്കെ ആലോചിക്കാറുണ്ട് എന്തിനാണ് ദൈവമേ ഈ നല്ല മനുഷ്യരെ വേദനിപ്പിക്കാൻ വേണ്ടി ഇങ്ങനെയുള്ള ആളുകളുടെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുന്നത്?
ഇന്നത്തെ മനുഷ്യരിൽ ഭൂരിഭാഗം ആളുകളും അവർ തെരഞ്ഞെടുക്കുന്ന ബന്ധങ്ങളിൽ ഒന്നും സംതൃപ്തരല്ല, ഇനിയും വേണം എന്ന ചിന്ത ബന്ധങ്ങളിലേക്കും കടന്നു വന്നിരിക്കുന്നു. അതൊരു തരത്തിലുള്ള സ്വാർത്ഥതയാണ് അതുതന്നെയാണ് ഒരു സമയത്ത് ഒരുപാട് ബന്ധങ്ങൾ കൊണ്ട് നടക്കാനും ആസ്വദിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. അതിനിടയിൽ നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ഒരുപാട് സ്വപ്നങ്ങൾ കണ്ട് ഇങ്ങനെ ഒരാളുടെ മുന്നിലേക്ക് ചെന്നുപ്പെടുന്ന ഒരു മനുഷ്യന്റെ വിധി വളരെ ദയനീയമാണ്.
ഇന്നത്തെ കാലത്ത് ഇതിനെയൊന്നും കുറ്റം പറയാൻ പറ്റില്ല കാരണം അത് അയാളുടെ സ്വകാര്യതയാണ് അതിനെ നമുക്ക് ചോദ്യം ചെയ്യാനും കഴിയില്ല അതയാളുടെ സ്വാതന്ത്ര്യവുമാണ് അങ്ങനെയുള്ള സ്വകാര്യതയും സ്വാതന്ത്ര്യവും കൂടി വന്നപ്പോഴാണ് നമ്മുടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വന്നത് പ്രണയങ്ങളിൽ സൗഹൃദങ്ങളിൽ എല്ലാത്തിലും വഞ്ചന നിറഞ്ഞത്. മൾട്ടിപ്പിൾ റിലേഷൻ സൂക്ഷിക്കുന്ന ഒരാൾക്ക് ഭാര്യയോ ഭർത്താവോ ആകാൻ മൾട്ടിപ്പിൾ റിലേഷൻ സൂക്ഷിക്കുന്ന ഒരാൾ വന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിധിവരെ ഒരു സമാധാനം കിട്ടും.
നിർഭാഗ്യവശാൽ ഹതഭാഗ്യരായ ചില മനുഷ്യരാണ് അവരുടെ മുമ്പിൽ ചെന്നു പെടുന്നത്. തമാശക്ക് പറഞ്ഞതാണ് ചിലരുടെയൊക്കെ സങ്കടങ്ങൾ കേൾക്കുമ്പോൾ അങ്ങനെയൊക്കെയെ ചിന്തിക്കാൻ കഴിയുന്നുള്ളൂ.മൾട്ടിപ്പിൾ റിലേഷനുകൾ സൂക്ഷിക്കുന്ന ഒരാൾക്ക് ഒരു കുടുംബ ജീവിതം നന്നായി കൊണ്ടുപോകാനോ ഒരു ബന്ധം ആത്മാർത്ഥമായി മുന്നോട്ടു കൊണ്ടുപോകാനോ കഴിയില്ല. ബന്ധങ്ങൾ നിലനിന്നു പോകുന്നതിൽ അഭിരുചികൾക്ക് പ്രധാന പങ്കുണ്ട്.
ഒരുപക്ഷേ ഒരാൾ കുടുംബജീവിതം ആഗ്രഹിക്കുന്നവരും, കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവരുമൊക്കെ ആയിരിക്കും അങ്ങനെ ഒരാൾക്ക് ആ അഭിരുചികൾ തന്നെയുള്ള ഒരാളെ കിട്ടിയാൽ ഒരു പരിധിവരെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയും.
അതിലും പ്രധാനമായിട്ടുള്ളത് പലരുടെയും ജീവിതത്തിൽ അവർ തുടങ്ങുന്ന ബന്ധങ്ങൾക്ക് സ്നേഹം മാത്രമേയുള്ളൂ ബഹുമാനം തീരെയില്ല. നമുക്ക് നൽകുന്ന ബഹുമാനത്തിലാണ് ഒരാളെ പൂർണ്ണമായും നമ്മൾ മനസ്സിലാക്കേണ്ടത്. നമ്മളെ ബഹുമാനിച്ചവരേക്കാൾ നമ്മളെ സ്നേഹിച്ചവരായിരിക്കും നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ളത്.
പരസ്പരം ബഹുമാനിക്കുന്ന രണ്ടാളുകൾക്കിടയിൽ വിളിക്കുന്ന പേരുകൾക്ക് പോലും എന്തെങ്കിലും പ്രത്യേകതയുണ്ടാവും. വാവേ, ചക്കരെ, മുത്തേ എന്ന പഞ്ചാര പ്രയോഗങ്ങളല്ല. പക്വതയാർന്ന ആത്മാർത്ഥതയുള്ള കേൾക്കുന്നയാൾക്കും വിളിക്കുന്ന ആൾക്കും ബഹുമാനം തോന്നുന്ന ഒന്ന്. അതയാളുടെ പേര് നേരിട്ട് വിളിച്ചാൽപ്പോലും അയാൾക്കതു മനസ്സിലാക്കാൻ കഴിയും.ഈ പേരിന്റെ കാര്യം ഞാൻ ഒരുദാഹരണം പറഞ്ഞതാണ്. ബന്ധങ്ങൾക്കിടയിൽ ബഹുമാനം ഇല്ലാതായി പോയതുകൊണ്ടാണ് നമ്മൾ സ്നേഹിച്ച ഒരാളെ മോശമാക്കാനും കൊല്ലാനും അവരുടെ ജീവിതം തകർക്കാനുമൊക്കെ തോന്നുന്നത്.
എനിക്കറിയാവുന്ന എത്രയോ ആളുകളുണ്ട് വഞ്ചിച്ചിട്ടും ഉപേക്ഷിച്ചിട്ടും അവർ സ്നേഹിച്ച മനുഷ്യരെ ഇപ്പോഴും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മനസ്സിൽ സൂക്ഷിക്കുന്നവർ.
ഒരുമിച്ച് ജീവിച്ചാൽ ഏറ്റവും വലിയ ദുരന്തമാകും, പിരിഞ്ഞത് ഏറ്റവും നല്ല സമയത്താണെന്നും, അതവരുടെ രണ്ടുപേരുടെയും ഏറ്റവും നല്ലതിനാണെന്നും ചിന്തിക്കാൻ കഴിയുന്നിടത്തുനിന്ന് ഈ പ്രശ്നങ്ങളെയൊക്കെ ഒരു ചിരിയോട് കൂടി അവസാനിപ്പിക്കാവുന്നതേയുള്ളൂ. ഒരുമിച്ചിരിക്കുക എന്നതിനേക്കാൾ ഏറ്റവും പ്രധാനമാണ് ഒരുമിച്ച് ജീവിക്കുക എന്നത്, കുടുംബ ജീവിതം നയിക്കുക എന്നത്.
ഒരുമിച്ചിരിക്കുമ്പോൾ ഞാനും അയാളും മാത്രമേ ഉണ്ടാവൂ, ഒരുമിച്ച് ഒരു കുടുംബജീവിതം നയിക്കുമ്പോൾ അങ്ങനെയല്ല അതിന് ഒരുമിച്ചിരുന്നപ്പോൾ ഉണ്ടായ കാര്യങ്ങളല്ല പ്രധാനം അതാണ് ഞാൻ മുൻപ് പറഞ്ഞത് അഭിരുചികൾ ഏകദേശം സാമ്യമുള്ള ഒരാളെ കണ്ടെത്തുന്നതാണ് ഏറ്റവും നല്ലത്. ഒരുപാട് കൂട്ടുകാരികൾ ഉള്ള ഒരു യുവാവിന് ഒരുപാട് കൂട്ടുകാരന്മാർ ഉള്ള ഒരു യുവതി ആയിരിക്കും നല്ലത് കാരണം പരസ്പരം ചോദ്യങ്ങൾ ഉന്നയിക്കാൻ സംശയങ്ങൾ കടന്നു വരാൻ അവിടെ യാതൊരു സാധ്യതയുമില്ല.
ഇനി എന്തെങ്കിലും വന്നാൽ തന്നെ ആ ചോദ്യങ്ങൾ ചോദിക്കാനും ആ സംശയങ്ങൾ ഉന്നയിക്കാനും രണ്ടുപേർക്കും യാതൊരു അവകാശവുമില്ല എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങൾ ഒരാളെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ഒരു പുരുഷനാണെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീയേക്കാൾ വലുതായി നിങ്ങളുടെ അമ്മയല്ലാതെ മറ്റാരും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകരുത്. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന പുരുഷനെക്കാൾ വലുതായി നിങ്ങളുടെ അച്ഛൻ അല്ലാതെ മറ്റാരും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകരുത്. ഈയടുത്ത കാലത്തെ എല്ലാ അവിഹിതങ്ങൾക്കും പിന്നിൽ നിങ്ങൾക്ക് ശ്രദ്ധിച്ചാൽ കണ്ടെത്താൻ കഴിയുന്ന ഒരു കാര്യം ഞാൻ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി അവിടെ പലതും സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.
ഇക്കഴിഞ്ഞ ദിവസമാണ് ബോംബെയിൽ അമ്മയും,അമ്മയുടെ മുൻകാല പുരുഷ സുഹൃത്തും ചേർന്ന് അച്ഛനെ കൊന്നതിന്റെ തെളിവുകൾ മകൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഈ വർഷം അവസാനിക്കാൻ ഇനി വെറും 33 ദിവസങ്ങൾ മാത്രമേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം 2022 നല്ലൊരു വർഷമാണ് എനിക്കൊരുപാട് പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു. കുറച്ചു മനുഷ്യരുടെ ജീവിതത്തിലെ സങ്കടങ്ങളെ മായിച്ചു കളയാൻ കഴിഞ്ഞു. കുറച്ചു നല്ല ആശയങ്ങൾ പങ്കുവെക്കാൻ കഴിഞ്ഞു. നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു.
മെസ്സേജ് ബോക്സ് അടച്ചു പൂട്ടിയതിനുശേഷം എനിക്ക് വരുന്ന മെയിലുകളിൽ കൂടുതലും വാട്സ്ആപ്പ് നമ്പർ അയച്ചു തന്നു എനിക്കൊന്നു സംസാരിക്കണമെന്നു പറയുന്ന ഒരുപാട് മനുഷ്യരാണ്. ഇന്നും വന്നിരുന്നു പുറംനാട്ടിൽ നിന്നും ഒരു യുവതിയുടെ മെസ്സേജ്. എന്റെ പ്രിയപ്പെട്ടവരെ നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന മനുഷ്യരെ കേൾക്കുക, അവരുടെ സങ്കടങ്ങളിൽ അവർക്ക് കൂട്ടായിരിക്കുക, അവരുടെ തെറ്റുകളിൽ മേൽ അവരെ കുറ്റപ്പെടുത്താതിരിക്കുക അതിലുപരി അവർ നിങ്ങളെ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങൾവെച്ച് അവരെ ചൂഷണം ചെയ്യാതിരിക്കുക ഇതിലൊക്കെ ഉപരിയായി കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.
സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. എല്ലാ മനുഷ്യർക്കും അവരുടെ സങ്കടങ്ങൾ മനസ്സിൽ സൂക്ഷിക്കാനും അതിനെ തരണം ചെയ്യാനും മനസ്സിന് ശക്തി ഉണ്ടാകണമെന്നില്ല. ഒന്നുകിൽ അതിന് പറ്റിയ കുടുംബാന്തരീക്ഷമോ നല്ല കൂട്ടുകാരോ ഉണ്ടായിരിക്കണമെന്നില്ല. നമ്മുടെ ജീവിതംകൊണ്ട് ഒരാളെയെങ്കിലും സമാധാനിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവരുടെ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകളെ വഴി തിരിച്ചുവിടാൻ കഴിയുമെങ്കിൽ ആ ഉദ്യമം തുടർന്നുകൊള്ളുക. നിങ്ങളാൽ മറ്റൊരാളും വഞ്ചിക്കപ്പെടില്ല എന്ന വിശ്വാസം നിങ്ങളിൽ ഉണ്ടാകുന്ന സമയം വരെ.
പലരും നല്ലൊരു ജീവിതത്തിനുവേണ്ടി എടുത്ത ഉറച്ച തീരുമാനങ്ങൾക്ക് വിട്ടുവീഴ്ച്ച വരുത്തിയതുകൊണ്ടാണ് വീണ്ടും വേദനിക്കപ്പെട്ടത്, വീണ്ടും വഞ്ചിക്കപ്പെട്ടത്. വേദനിക്കപ്പെടാതെ, വഞ്ചിക്കപ്പെടാതെ നല്ലൊരു തീരുമാനമെടുക്കാനും അതിൽ ഉറച്ചുനിൽക്കുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു, നല്ലൊരു പുതുവർഷം അഡ്വാൻസഡായി ആശംസിക്കുന്നു, സ്നേഹത്തോടെ,
സിന്റോച്ചൻ!