ഓഗസ്റ്റ് 2: പൂർണ്ണ ദണ്ഡവിമോചന ദിനം…
ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച ‘പോര്‍സ്യുങ്കുള ദണ്ഡവിമോചനം’ നേടാന്‍ വീണ്ടും അവസരം. ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം.
ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന് ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന് തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന് മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു.
പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’.
പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. )
ഇന്നു ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. ഇന്ന് (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന് എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്.
ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…
പാപത്തിന്റെ പൊറുതിയും പാപത്തിനുള്ള ശിക്ഷയും രണ്ടായി കാണണം. പാപം പൊറുക്കപ്പെടുമ്പോഴും പാപത്തിനുള്ള ശിക്ഷ അവശേഷിക്കുന്നു. അത് ഈ ലോകത്തിലോ വരുംലോകത്തിലോ വച്ച് അനുഭവിക്കണം. ശുദ്ധീകരണസ്ഥലവും ഈ ശിക്ഷയുടെ ഭാഗമാണ്. കാനന്‍ നിയമവും (992) മതബോധനഗ്രന്ഥവും (1471) ഇത് കൃത്യമായി പഠിക്കുന്നുണ്ട്.
കുന്പസാരത്തിലൂടെ പാപം മോചിക്കപ്പെടുന്നു എന്ന് പറയുന്പോഴും നാം ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അതോടെ ഇല്ലാതായി എന്നു കരുതാന്‍ കഴിയുമോ? എന്റെ പാപങ്ങള്‍ മോചിക്കപ്പെടുന്നതിലൂടെ (കുമ്പസാരം വഴി) ഞാന്‍ വരപ്രസാദാവസ്ഥയിലേക്ക് എത്തുമ്പോഴും എന്റെ കൊള്ളരുതായ്മകള്‍ മൂലം നിലനില്‍ക്കുന്ന തിന്മയുടെ സാഹചര്യങ്ങള്‍, മറ്റുള്ളവര്‍ ഇപ്പോഴും അനുഭവിക്കുന്ന പീഡനങ്ങള്‍ (ഒരു കൊലപാതകം ഉദാഹരണം) എന്നിവ ആ പ്രവൃത്തിയെ ഇല്ലാതാക്കുന്നില്ല.
ഇക്കാരണങ്ങളാല്‍, ദൈവസന്നിധിയില്‍ പാപമോചനം നേടുമ്പോഴും നമ്മുടെ പാപജീവിതത്തിന്റെ പരിണിതഫലങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അതിനാല്‍ പരിഹാരത്തിന്റെയും പ്രായ്ശ്ചിത്തത്തിന്റെയും ഒരു ജീവിതം അനിവാര്യമാണ്. അത് പക്ഷേ നിരാശാബോധത്തോടെയല്ല, സന്തോഷത്തോടും പ്രത്യാശയോടും കൂടിയാണ്. നമ്മുടെ പാപങ്ങള്‍ മൂലം മുറിവേല്പിക്കപ്പെട്ട വ്യക്തികളെയും സാഹചര്യങ്ങളെയും പുനര്നിര്മ്മിച്ചുകൊണ്ടുള്ളതായിരിക്കണം. ഇപ്രകാരമുള്ള ഒരു ജീവിതത്തിന് തിരുസ്സഭ വാഗ്ദാനമായി നല്കുന്ന ഒരു ആശ്വാസമാണ് ദണ്ഡവിമോചനങ്ങള്‍. എന്തുകൊണ്ട് ഇവ നല്കുന്നു, എങ്ങനെ നല്കുന്നു, സഭക്കിത് നല്‍കാനുള്ള അധികാരമെന്താണ്, മാര്‍ഗ്ഗങ്ങളേതൊക്കെയാണ് എന്നീ കാര്യങ്ങളറിയാന്‍ തുടര്‍ന്ന് വരുന്ന ലേഖനം വായിക്കാവുന്നതാണ്.
ദണ്ഡവിമോചനം എന്താണ് ദണ്ഡവിമോചനം?: യേശുക്രിസ്തുവിന്റെയും അവിടുത്തെ വിശുദ്ധരുടെയും തിരുസഭയുടെയും യോഗ്യതകള്‍ മുഖേന പാപത്തിനും അതിനുള്ള ശിക്ഷയ്ക്കും മോചനം ലഭിച്ച ശേഷം ദൈവമുമ്പാകെയുള്ള താല്ക്കാലികശിക്ഷ പൂര്‍ണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്.
മതബോധനം: ദണ്ഡവിമോചനങ്ങളെ സംബന്ധിച്ചുള്ള സഭയുടെ വിശ്വാസപ്രബോധനവും അവയുടെ വിനിയോഗവും പ്രായശ്ചിത്തകൂദാശയുടെ ഫലങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍ നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. നിര്‍ദ്ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു.
വീണ്ടെടുപ്പിന്റെ ശുശ്രൂഷികള്‍ എന്ന നിലയില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം. ഏതു വിശ്വാസിക്കും തനിക്കുവേണ്ടിത്തന്നെയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്ഡവിമോചനങ്ങള്‍ നേടാവുന്നതാണ് (CCC 1471).
ചരിത്രം: ജൂലിയസ് രണ്ടാമന് മാര്‍പാപ്പ റോമില്‍ തുടങ്ങിവച്ച വി. പത്രോസിന്റെ നാമത്തിലുള്ള ബൃഹത്തും മനോഹരവുമായ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലെയോ പത്താമന്‍ മാര്‍പാപ്പ തീരുമാനിച്ചു. ഈ നിയോഗത്തില്‍ പ്രസ്തുത ദേവാലയത്തിന്റെ പണിക്കുവേണ്ടി സ്വമനസ്സാലെ എന്തെങ്കിലും സംഭാവന നല്‍കുന്നവര്‍ക്ക് ദണ്ഡവിമോചനം നല്കുന്നതാണെന്നുള്ള ഒരു ബൂള പരിശുദ്ധ പിതാവ് പ്രസിദ്ധപ്പെടുത്തി. അതേസമയം തന്നെ, ദേവാലയനിര്‍മ്മാണത്തിന് യാതൊരു സംഭാവനയും നല്കിയില്ലെങ്കിലും, ദണ്ഡവിമോചനം ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിര്‍വ്വഹിക്കുന്ന ആര്‍ക്കും സഭയുടെ പുണ്യനിക്ഷേപത്തില്‍ നിന്നും തുല്യമായ ഓഹരി ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിഷ്കപടമായ അനുതാപവും പാപസങ്കീര്‍ത്തനവും വ്യവസ്ഥകളായി നിശ്ചയിച്ചു. സംഭാവന എത്ര വലുതാണെങ്കിലും അനുതാപമില്ലെങ്കില്‍ അത് ഫലപ്രദമാവില്ലെന്ന് ദണ്ഡവിമോചനത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍, ദണ്ഡവിമോചനം കച്ചവടമോ ക്രയവിക്രയമോ അല്ല. ഭക്തരായ ദൈവജനത്തിന് തിരുസഭ പ്രതിഫലമായി നല്കുന്ന ആദ്ധ്യാത്മികമായ ഒരു വാഗ്ദാനമാണിത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ്: സൂനഹദോസിന് ശേഷം ദണ്ഡവിമോചനത്തിന്റെ വ്യവസ്ഥകള്‍ കൃത്യമായി ഉള്‍പ്പെടുത്തി 1968 ജൂണ്‍ 29-ന് Manual of Indulgences സഭ പ്രസിദ്ധപ്പെടുത്തി. പാപമോചനം സ്വീകരിച്ച ശേഷം സഭയുടെ വ്യവസ്ഥയനുസരിച്ച് വിശ്വാസിക്ക് ലഭിക്കുന്ന താത്കാലികശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം എന്നു നാം കണ്ടുകഴിഞ്ഞു. താത്കാലികശിക്ഷ ഈ ലോകത്തിലോ പരലോകത്തിലോ വച്ചാണ് പരിഹരിക്കപ്പെടേണ്ടത്. താത്കാലികശിക്ഷ ഇവിടെ വച്ച് പരിഹരിക്കാനുള്ള ഒരെളുപ്പമാര്‍ഗ്ഗമാണ് ദണ്ഡവിമോചനം. പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നു, “പാപകടം നീക്കുക എന്നതിനേക്കാള്‍ നമ്മുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജ്വലിപ്പിക്കുന്നതിനാണ് ദണ്ഡവിമോചനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.”