
Prince CSsR
“വലിയ സാങ്കേതിക വിദ്യകളുടെ സഹായമൊന്നും കിട്ടാതിരുന്നിട്ടും, തങ്ങളുടെ അനുഭവവും നിറഞ്ഞു നിൽക്കുന്ന മനുഷ്യസ്നേഹവും കരുത്താക്കികൊണ്ട് നാടിനെ രക്ഷിച്ച മൽസ്യത്തൊഴിലാളികൾ തിരിച്ചു തങ്ങളുടെ നാടുകളിലെത്തുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകണം എന്നും നിർദേശിച്ചിട്ടുണ്ട്.” കേരളം വിറങ്ങലിച്ചു നിന്ന മഹാപ്രളയ കാലത്ത് അനേകം ജീവിതങ്ങളെ രക്ഷിച്ച മൽസ്യത്തൊഴിലാളികളെ ആദരിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിവ.
“ഞങ്ങൾ എങ്ങനെ ഉറങ്ങും സാർ?”
പത്തനംതിട്ട ജില്ലയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പ്രളയ ജലം ആർത്തിരമ്പിയപ്പോൾ, രക്ഷാപ്രവർത്തനത്തിന് മൽസ്യബന്ധന ബോട്ടുകൾ കൊണ്ടുവരാമോ എന്ന് ജില്ലാ കളക്ടർ പി ബി നൂഹാണ്, സഹപ്രവർത്തകരായ കൊല്ലം കളക്ടർ എസ് കാർത്തികേയനോടും തിരുവനന്തപുരം കളക്ടർ എസ് വാസുകിയോടും ചോദിച്ചത്. ആ അഭ്യർത്ഥന കേട്ടയുടനെ എസ് വാസുകി വിളിച്ചത് വിഴഞ്ഞത്തെ ഇടവക വികാരിയെയാണ്. തൻ്റെ ആളുകളെ നന്നായി അറിയാമായിരുന്ന ആ വൈദികൻ വള്ളങ്ങൾ ഉറപ്പായും അവർ വിട്ടുനല്കുമെന്നു ഉറപ്പും നൽകി.
പക്ഷെ കലക്ടറുടെ ഓഫീസ് ചിന്തയിലാണ്ടു, കാരണം ഈ അറിയിപ്പ് പോകുന്നത് ആഗസ്ത് പതിന്നാലാം തീയതിയാണ്. മൽസ്യത്തൊഴിലാളികൾ ജോലിക്ക് ശേഷം വിശ്രമിക്കുന്ന രാത്രിയാണ്. കൂടാതെ ആഗസ്ത് പതിനഞ്ചു സ്വതന്ത്ര ദിനവും അവരുടെ പള്ളിയിലെ പെരുന്നാളുമാണ്. ഏതു അവധിക്കും കടലിൽ പോകുന്ന ആ മൽസ്യത്തൊഴിലാളികൾക്കു തുറ മുടക്കുള്ള ചുരുക്കം ചില ദിവസങ്ങളിലൊന്നും. ഇങ്ങനെയൊരു ദിവസം അവർ തങ്ങളുടെ ജീവനോപാധിയായ വള്ളങ്ങൾ, അവർക്ക് യാതൊരു നേട്ടവുമില്ലാത്ത ഒരു കാര്യത്തിന് വിട്ടു തരുമോ?
പക്ഷെ അവർക്ക് തെറ്റി. അമ്പത് വള്ളങ്ങളാണ് അവരുടെ വൈദികൻ അവരോട് ചോദിച്ചത്. പക്ഷെ തീരത്ത് തയ്യാറായത് നൂറിലധികം വള്ളങ്ങളും. അവരുടെ അടുത്തെത്തിയ ഉദ്യോഗസ്ഥവൃന്ദം അവരോട് പറഞ്ഞു, “ഇപ്പോൾ ഇത്രയും പേര് പോകേണ്ടകാര്യമില്ല. കുറച്ചു പേര് പോകട്ടെ, എന്നിട്ട് ആവശ്യമെങ്കിൽ ബാക്കിയുള്ളവർക്ക് പോകാം.”
പക്ഷെ ആർത്തിരമ്പുന്ന തിരമാലകളുടെ മുകളിൽ പരസ്പരം കൈ വിടാതെ ചേർന്ന് നിൽക്കുന്ന മനുഷ്യർ മറുപടി പറഞ്ഞു, “ആയുസും കയ്യിൽ പിടിച്ചു കുറച്ചു മനുഷ്യർ നിലവിളിക്കുന്നതറിഞ്ഞിട്ട് ഇവിടെ ഞങ്ങൾ എങ്ങനെ ഉറങ്ങും സാർ?”
ആ ചോദ്യം പിന്നീട് ചരിത്രമായി. അവർ കേരളത്തിന്റെ സൈന്യമായി. മൽസ്യ ബന്ധന ബോട്ടുകൾ കരയിലെത്തി. അനേകായിരം ജീവനുകൾ മുങ്ങിയെടുത്തു. നിറഞ്ഞ കണ്ണുകളോടെയും കരഘോഷത്തോടെയുമാണ് ജനം അവരെ തിരികെ യാത്രയാക്കിയത്.
ഒരിക്കൽ കൂടി ആ വള്ളങ്ങൾ കരയിലെത്തുമ്പോൾ…
പ്രളയ ജലം ഒഴുകിപ്പോയതിനേക്കാൾ വേഗത്തിൽ സർക്കാരുകളുടെ ഓർമ്മ ഒലിച്ചുപോയി. ആ ഓർമ്മയുണർത്താൻ ഒരിക്കൽ കൂടി മൽസ്യബന്ധന ബോട്ടുകളുമായി അവർ കരയിലെത്തി. തീരദേശ ജനതയോട് യാതൊരു ആഭിമുഖ്യവും കാണിക്കാത്ത, ഒരുപക്ഷെ ഈ സമൂഹത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന വിഴിഞ്ഞം തുറമുഖപദ്ധതിയിൽ അവർക്കുള്ള ആശങ്കകൾ കേൾക്കാൻ നാലുവർഷമായിട്ടും സർക്കാർ തയ്യാറാവാത്തതാണ് അവരെ ഈ സമരത്തിലേക്ക് നയിച്ചത്. പതിനഞ്ചു ദിവസത്തോളം സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയിട്ടും സർക്കാർ യാതൊരു ചർച്ചയ്ക്കും തയ്യാറാവാതിരുന്നത് കൊണ്ടാണ് മൽസ്യത്തൊഴിലാളികൾ സമരം പദ്ധതി പ്രദേശത്തേക്ക് മാറ്റിയത്.
ചിലർ പറയുന്നത് ഈ സമരം വികസനത്തിനെതിരാണെന്ന്, മറ്റു ചിലർ പറയുന്നു കേരള സർക്കാരിനെതിരാണെന്ന്. പക്ഷെ മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനു വേണ്ടിയാണു ഈ സമരം എന്നതാണ് യാഥാർഥ്യം. കടലിൽ നിന്നും ഉപജീവനം നടത്തുന്ന മൽസ്യത്തൊഴിലാളികളെ വികസനത്തിൻറെ പേരിൽ വഴിയാധാരമാക്കാതെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
എന്താണ് സമര സമിതിയുടെ പ്രധാനപ്പെട്ട ഏഴു ആവശ്യങ്ങൾ
- വീട് നഷ്ടപ്പെട്ടവർക്ക് കിടപ്പാടം ആകുന്നതു വരെ സ്കൂളിലോ താത്കാലിക സ്ഥലങ്ങളോ താമസം ഒരുക്കാതെ വാടകക്ക് വീട് നൽകുക, ആ വാടക സർക്കാർ അടക്കുക.
- സ്ഥലം നഷ്ടപ്പെട്ടവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക.
- കാലാവസ്ഥ മുന്നറിയിപ്പ് മൂലമാ ഒരു ദിവസം കടലിൽ പോകാൻ പറ്റാതെ വരുന്നവർക്ക് വീട് പട്ടിണി ആവാതെ വിധം ആ ദിവസത്തെ മിനിമം വേതനം നൽകുക.
- പദ്ധതി മൂലം മൽസ്യബന്ധനം തടയപ്പെട്ടിരിക്കുന്ന മേഖലകളിൽ മൽസ്യബന്ധനം അനുവദിക്കുക.
- തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക.
ഇവ സർക്കാർ അംഗീകരിച്ചുവെങ്കിലും എങ്ങനെ ചെയ്യുമെന്നതിൽ ഉറപ്പു നൽകിയിട്ടില്ല.
സർക്കാർ അംഗീകരിക്കാത്ത സമര സമിതിയുടെ രണ്ടു ആവശ്യങ്ങൾ താഴെപ്പറയുന്നവയാണ്;
- തീരശോഷണത്തിനു പദ്ധതി കാരണമാവുന്നതിനാൽ, പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് വരെ
വിഴിഞ്ഞം പോർട്ട് പദ്ധതി തത്കാലം നിർത്തി വക്കുക. ആ പഠന സംഘത്തിൽ സമരസമിതിക്ക് വിശ്വാസമുള്ളവരെക്കൂടി ഉൾപ്പെടുത്തുക. കടലറിവുകളുള്ള ശാസ്ത്രജ്ഞന്മാർ മൽസ്യത്തൊഴിലാളികൾക്കുണ്ട്. അവരെക്കൂടി ഈ പഠനത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം കാലങ്ങളായി ഇവർ ഉന്നയിക്കുന്നതാണ്. - മത്സ്യത്തൊഴിലാളികൾക്ക് നിർത്തലാക്കിയ മണ്ണെണ്ണ സബ്സിഡി പുനരുദ്ധരിക്കുക. മൽസ്യബന്ധന ബോട്ടിനു അത്യന്തപേക്ഷിതമാണ് മണ്ണെണ്ണ. ഏകദേശം 600 ലിറ്റർ വരെ ഒരു തവണ കടലിൽ പോയി വരാൻ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമാണ്.
അനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇല്ലാതിരുന്ന കാലത്തു തീരത്തു നിന്ന് അധികം ദൂരെയല്ലാതെ മൽസ്യബന്ധനത്തിനു പോയിരുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളികൾ, വികസനത്തിൻറെ പേരിലും അല്ലാതെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂലം, ഇന്ന് ഏകദേശം 22 നോട്ടിക്കൽ മൈലിനും അപ്പുറം പോയി വേണം മീൻ പിടിക്കാൻ. അവരുടെ ജീവനോപാധിക്കായി അവർ വൻകിട മൽസ്യബന്ധന ബോട്ടുകളോട് യുദ്ധം ചെയ്യേണ്ട അവസ്ഥയും സംജാതമായത് സർക്കാരുകളുടെ പിടിപ്പു കേടു കാരണം തന്നെയാണ്.
ഇന്ത്യയുടെ വികസന സ്വപ്ന പദ്ധതിയെന്നൊക്കെ വാഴ്ത്തിപ്പാടുന്ന വിഴിഞ്ഞം പോർട്ട് പണി തുടങ്ങിയിട്ട് ഏഴ് വർഷമായി. പക്ഷെ നിർമ്മാണ മേഖലയിലെ മൽസ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. നഷ്ടപരിഹാരമോ ജീവനോപാധി സംരക്ഷിക്കാനോ ഒരു നടപടിയും ഇതേവരെ ഫലപ്രദമായി എടുത്തിട്ടില്ല. മൂലമ്പള്ളിയിലേതുപോലെ വികസനത്തിൻറെ കുടിയിറക്കപെട്ടാൽ ഇവർക്ക് ജീവിക്കാൻ മറ്റു തൊഴിലിടമില്ല എന്നത് മൽസ്യത്തൊഴിലാളികളെ ഭയപ്പെടുത്തുന്ന സത്യമാണ്.
ഇവർ നമ്മുടെ സ്വന്തമാണ്; ഇവരുടെ പ്രശ്നം നമ്മുടേതും
ഇന്ത്യക്കാകെയുള്ള 6000 കിലോമീറ്റർ കടൽ തീരത്തിൽ 589.5 കിലോമീറ്റർ കേരളത്തിലാണുള്ളത്. ഏകദേശം പത്തു ശതമാനത്തോളം. കൂടാതെ സംസ്ഥാനം ഉപയോഗിക്കുന്ന മൽസ്യ സമ്പത്തിന്റെ 11.06 ശതമാനം മാത്രമാണ് കേരളത്തിൻറെ ഉൾനാടൻ ജലാശയങ്ങളിൽ നിന്നും ലഭിക്കുന്നത്. ബാക്കി മുഴുവൻ കടൽ മൽസ്യവിഭവമാണ് എന്നറിയുമ്പോഴാണ് സംസ്ഥാനം മുഴുവൻ ഇവരോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് മനസിലാകുന്നത്.
കൂടാതെ കേരളത്തിലെ ഏറ്റവും വലിയ സ്വയം തൊഴിൽ ദാതാക്കളുമാണ് മൽസ്യത്തൊഴിലാളികൾ. ഗവണ്മെറ്റുകളെയോ വൻകിട കോർപ്പറേറ്റുകളെയോ ആശ്രയിക്കാതെ, ഇവരുടെ ജീവനോപാധിയുമായി സ്വസ്ഥമായി കഴിയുന്ന മത്സ്യത്തൊഴിലാളി സമൂഹം, കേരളത്തിലെ പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ കൈ മെയ് മറന്നു കടന്നു വന്നിട്ടുള്ളത് രണ്ടു പ്രളയകാലത്തും നാട് കണ്ടതാണ്.
കേരളത്തിന്റെ സൈന്യമെന്നൊക്ക വാഴ്ത്തു പാട്ടുകൾക്ക് നടുവിലും ഇവരുടെ ജീവിതം വഴി മുട്ടുന്നതും ഒരു സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുന്നതും നമ്മുടെ കണ്മുന്നിൽ തന്നെയാണ്. അതുകൊണ്ട് ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടത് കേരളത്തിലെ പൊതുസമൂഹത്തിൻറെ മുഴുവൻ കടമയാണ്.