ഫാ. മൈക്കിൾ വെട്ടിക്കാട്ട്
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ മുത്തച്ഛൻ മുത്തശിദിനം ആചരിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം 2021 ജനുവരിയിലാണ് പാപ്പാ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശീമുത്തച്ഛന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വയോധിക ദിനമായി പാപ്പാ തെരഞ്ഞെടുക്കുന്നത്. ജൂലൈ 26 -നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം-അന്ന ദന്പതികളുടെ തിരുനാൾ. ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 24 -നാണു ക്രമീകരിച്ചിരിക്കുന്നത്.
മാർപാപ്പയുടെ വാക്കുകളിൽ “മാനവരാശിയുടെ ചരിത്രത്തിലിന്നോളം ഉള്ളതിൽ ഏറ്റവും കൂടുതൽ ആളുകളാണ് ഇന്നു ജീവിച്ചിരിക്കുന്നത്. എങ്കിലും, നാം ആയിരിക്കുന്ന ഈ പുതിയ ഘട്ടം എങ്ങനെയാണു ജീവിക്കേണ്ടതെന്നു നമുക്കറിയില്ല. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശീ മുത്തച്ഛന്മാർ ഉൾപ്പെടെയുള്ള വയോധികർ. ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ് അവർ. അതിനാൽ അവരെയോർത്ത് നാം സന്തോഷിക്കണം’’.
വയോധികർ പകരുന്ന അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി ഭാവിയിലേക്കു നോക്കാൻ യുവജനങ്ങൾക്കു സാധിക്കണമെന്നും പാപ്പാ ഓർമിപ്പിക്കുന്നു. ഒരു ജനതയുടെ വേരുകളെയും ഓർമകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പാപ്പ പറയുന്നു.
കുടുംബമെന്നാൽ മുത്തച്ഛനും മുത്തശിയും ചേർന്ന കൂട്ടുകുടുംബമായിരുന്ന വ്യവസ്ഥിതിയിൽനിന്ന് നാമിന്ന് ഏറെ അകന്നു പോയിരിക്കുന്നു. മുത്തച്ഛനും മുത്തശിയുമൊക്കെ വീടിന്റെ ഐശ്വര്യങ്ങളായി കണക്കാക്കിയിരുന്ന പൈതൃകവും പാരന്പര്യവും നമുക്കുണ്ടായിരുന്നു. പോരായ്മകൾ ഉള്ളപ്പോഴും കൂട്ടുകുടുംബങ്ങൾ വ്യക്തികളെ അനാഥരാക്കിയിരുന്നില്ല. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി പഴയ തറവാടുകൾ ഒരു കൊച്ചുസമൂഹം തന്നെയായിരുന്നു. പരസ്പരാശ്രയത്വത്തിന്റെ പാഠങ്ങൾ പകർന്നു നൽകിയ കൊച്ചു പരിശീലന കളരികൾ.
അവിടെ എല്ലാവർക്കും എപ്പോഴും ആരുടെയെങ്കിലുമൊക്കെ സ്നേഹവും ശ്രദ്ധയും കിട്ടിയിരുന്നു. വൃദ്ധജനങ്ങൾ, കുട്ടികൾ, രോഗികൾ ഇവരൊന്നും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുളള നമ്മുടെ ചുവടുമാറ്റത്തോടെയാണ് അനാഥമാക്കപ്പെടുന്ന വാർധക്യം എന്ന സാമൂഹ്യപ്രശ്നവും അതിലൂടെ ഇന്നു വയോജനങ്ങൾ നേരിടുന്ന പ്രതിസന്ധിയും ഉടലെടുത്തത്. സന്പത്തിനും ആധുനികതയ്ക്കും വേണ്ടിയുള്ള പരക്കംപാച്ചിലിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും കരുതലിനും ഇന്നു സ്ഥാനമേ ഇല്ലാതായിരിക്കുന്നു.
മക്കൾ തൊഴിൽ തേടി വിദേശങ്ങളിലാകുന്പോൾ തനിച്ചായിപ്പോകുന്ന വാർധക്യങ്ങൾ ഇന്നു സർവസാധാരണമായി. കോവിഡ് മൂലം വയോജനങ്ങൾക്കു വിദേശത്തുള്ള മക്കളുടെ അടുത്തേക്കു യാത്ര ചെയ്യാൻ ആവാതെ വന്നതും മക്കൾക്ക് എത്തിച്ചേരുവാനുള്ള പ്രായോഗിക വൈഷമ്യങ്ങൾ ഏറിയതും വയോജനങ്ങളുടെ പ്രത്യേകിച്ച് ഒറ്റപ്പെട്ടുകഴിയുന്ന മുത്തശീ മുത്തച്ഛന്മാരുടെ പ്രശ്നങ്ങൾ അതീവ സങ്കീർണമാക്കിയിരിക്കുന്നു.
മുത്തശീ മുത്തച്ഛന്മാരുടെ ത്യാഗനിർഭരമായ അധ്വാനവും പ്രാർത്ഥനകളുമാണ് പിൻതലമുറ നേടിയ സൗഭാഗ്യങ്ങളെന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുന്നു. അവരെ സംരക്ഷിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന മുൻതലമുറയുടെ ബോധ്യം ഇന്നത്തെ തലമുറയ്ക്കു നഷ്ടമായിരിക്കുന്നു.
പ്രായാധിക്യം മൂലം ബാല്യത്തിലേക്കു മടങ്ങുന്ന വയോജനങ്ങളുടെ മനസിന്റെ പിടിവാശികളെ കുട്ടിക്കാലത്തെ നമ്മുടെ പിടിവാശിക്കു മുന്പിൽ തോറ്റുതന്ന അവരുടെ വലിയ ത്യാഗത്തെ ഓർത്തു ക്ഷമിക്കാനും നമ്മുടെ കടമകളെക്കുറിച്ച് ബോധവാന്മാരാകാനും ഈ തലമുറയിലുള്ളവർക്കു കഴിയണം. അവർ ഉള്ളിൽ പകർന്നു തന്ന വാത്സല്യമാണു നാവിൽ സ്വരമായും ചുണ്ടിൽ ചിരിയായും കണ്ണിൽ നനവായും നിറയുന്നതെന്നു നാമോർക്കണം. അവരെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയല്ല അത് അവരുടെ അവകാശമാണ്. കൂടാതെ കടന്നുപോകുന്ന ഓരോ നിമിഷവും വാർധക്യത്തിലേക്കുള്ള തങ്ങളുടെ ദൂരം കുറയ്ക്കുന്നതാണെന്ന ചിന്ത നമുക്കുണ്ടാകണം. നാളെത്തെ പഴുത്ത പ്ലാവിലകളാണ് നാമോരോരുത്തരുമെന്നു ചിന്തിക്കാൻ നമുക്കു കഴിയണം.
പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായാണെങ്കിലും പുതുതലമുറ തങ്ങളുടെ മുത്തച്ഛനെയും മുത്തശിയെയും വിളിക്കുന്നത് Grand Parents എന്നാണ്. Grand എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരുടെ മഹത്വത്തെയാണ്. കൊച്ചുകഥകളും നുറുങ്ങുകളും ഉപദേശങ്ങളുമൊക്കെയായി ഏറ്റവും മഹത്തരമായതു തങ്ങൾക്കു നൽകാൻ കഴിയുന്നവരായാണു കുട്ടികൾ അവരെ കാണുന്നത്.
ആധുനിക സാഹചര്യങ്ങളേതുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടങ്ങളെ സധൈര്യം നേരിട്ടു ജീവിതത്തിന്റെ ഏറ്റവും മഹത്തരമായ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണവർ. രാഷ്ട്ര നിർമിതിക്ക് ഊർജസ്വലരായ യുവാക്കൾ അനിവാര്യമാണ്. ഒപ്പം വ്യക്തമായ ദിശാബോധത്തോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗനിർദേശം നൽകി വഴിനടത്തുവാൻ പരിചയസന്പന്നരായ വയോജനങ്ങളും അവിഭാജ്യഘടകങ്ങൾ തന്നെയാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളിലുടെ അവർ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനം പുതുതലമുറ വേണ്ടവിധം വിനിയോഗിച്ചാൽ രാഷ്ട്ര പുരോഗതിക്ക് അതു വലിയ മുതൽക്കൂട്ടുതന്നെ. ആയുസിന്റെ ഏറ്റക്കുറിച്ചിലോ ശാരീരിക പരിണാമങ്ങളോ അല്ല മനസിന്റെ ഏറ്റക്കുറച്ചിലാണു വാർധക്യത്തെ നിർണയിക്കുന്നത്.
വയോജനങ്ങളോടുള്ള തെറ്റായ സമീപനവും മനോഭാവവുമാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളി. അതിലേക്കു നയിക്കുന്നതാവട്ടെ, സാന്പത്തിക ഭദ്രതയ്ക്കുവേണ്ടിയും ജീവിതസൗകര്യങ്ങൾക്കുവേണ്ടിയുള്ള പുതുകുടുംബങ്ങളുടെ നെട്ടോട്ടവും. വിവാഹിതരായി പുതിയ കുടുംബജീവിതം ആരംഭിക്കുന്നവർ സ്വന്തം കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ചു മക്കളെക്കുറിച്ചും കൂടുതലായി ചിന്തിക്കുന്പോൾ തങ്ങളെ സ്വയം പര്യാപ്തതയിലേക്കു കൈപിടിച്ചു നടത്തിയ മാതാപിതാക്കന്മാരെയും കാരണവന്മാരെയും അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു.
മാത്രമല്ല, സാഹചര്യങ്ങൾ മൂലം തങ്ങൾ നിസഹായരാണെന്നു സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഏതുന്യായവാദത്തിനും വേദനിക്കുന്ന വാർധക്യത്തെ സാന്ത്വനപ്പെടുത്തുവാനോ ജീവിതസായാഹ്നത്തിൽ അവരെ സംതൃപ്തിയോടും സമാധാനത്തോടും ഈ ലോകത്തുനിന്നു വിടചൊല്ലുവാനോ ഇടവരുത്തില്ലായെന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയുന്നില്ല. മാർപാപ്പ ആഹ്വാനം ചെയ്ത മുത്തച്ഛൻ മുത്തശീദിനാചരണം ഈ കാലഘട്ടത്തിൽ അനിവാര്യമായ മനോഭാവമാറ്റത്തിനു വഴിയൊരുക്കട്ടെ.