1985 ഏപ്രില്‍ 27 -ന് വന്ദ്യനായ പ്ലാസിഡച്ചന് മരണമടഞ്ഞതിനെത്തുടര്‍ന്ന് വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്വന്ന പ്ലാസിഡച്ചനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് സമാപിക്കുന്നത് ഇപ്രകാരമാണ്: ”പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘം പൊടിപ്പാറ പ്ലാസിഡച്ചനെ നന്ദിയോടും ആദരവോടുംകൂടി അനുസ്മരിക്കുകയും എല്ലാവര്ക്കും ഒരു മാതൃകയായി എടുത്തു കാണിക്കുകയും ചെയ്യുന്നു.”
വത്തിക്കാനില്‍ ഉന്നത ചുമതലകള്‍
1953ല്‍ പൗരസ്ത്യസഭാകാര്യാലയത്തിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട പ്ലാസിഡച്ചന്, 1954 മുതല്‍ 1980 വരെ റോമില്‍തന്നെ താമസിച്ചുകൊണ്ട് തനിക്കേല്പിക്കപ്പെട്ട സുപ്രധാനങ്ങളായ ഉന്നതചുമതലകള്‍ നിര്‍വഹിക്കുകയുണ്ടായി. 1954ല്‍ അദ്ദേഹം സിറോ മലബാര്‍ കുര്‍ബാന പുനഃസ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട പൊന്തിഫിക്കല്‍ കമ്മീഷന് അംഗമായി. 1955ല്‍ അദ്ദേഹം പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും റോമിലെ ഊര്‍ബന്‍ സര്‍വകലാശാലയിലെയും പ്രഫസറായി നിയമിക്കപ്പെട്ടു.
1958 -ല്‍ റോമിലെ മലബാര്‍ കോളജിന്റെ റെക്ടറായി. 1960ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അജണ്ട തയാറാക്കാന്‍ നിയമിതനായ പൊന്തിഫിക്കല്‍ കമ്മീഷന് ഉപദേശകനായി; 1963ല്‍ വത്തിക്കാന്‍ കൗണ്‍സിലില്‍ സംബന്ധിക്കാന്‍ മാര്‍പാപ്പ തെരഞ്ഞെടുത്ത വിദഗ്ധസമിതിയില്‍ അംഗമായി. അതോടൊപ്പം പൗരസ്ത്യസഭയെ സംബന്ധിച്ച സിനഡ് കമ്മീഷന്റെ ഉപദേഷ്ടാവായി. 1974ല്‍ പൗരസ്ത്യസഭകളുടെ കാനോന്സംഹിത തയാറാക്കാന്‍ നിയോഗിക്കപ്പെട്ട പൊന്തിഫിക്കല്‍ കമ്മീഷന് അംഗമായി.
അധ്യാപകനും ആധികാരിക മല്പാനും
പൗരസ്ത്യസഭാകാര്യാലയത്തിന്റെ അനുസ്മരണക്കുറിപ്പില്‍ പ്ലാസിഡച്ചനെ വിശേഷിപ്പിക്കുന്നത് ”ജന്മനാ അധ്യാപകനും ആധികാരികമല്പാനും”എന്നാണ്. റോമില്‍ ഉപരിപഠനം നടത്തിയ പ്ലാസിഡച്ചന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടറേറ്റ് നേടിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി താന്‍ അംഗമായിരുന്ന സിഎംഐ കോണ്‍ഗ്രിഗേഷനില്‍ സന്യാസാര്ഥികളുടെ ഗുരുനാഥനായി 24 വര്‍ഷം അധ്യാപനം നടത്തി. പ്ലാസിഡച്ചന്റെ അഗാധ പാണ്ഡിത്യവും അധ്യാപനമികവും ഏറെ മതിപ്പോടെയാണ് പൗരസ്ത്യകാര്യാലയം അനുസ്മരിക്കുന്നത്.
”ദൈവത്തിലുള്ള ഉറച്ച വിശ്വാസം, ഭക്തി, വിവേകം, സംസ്കാരസന്പന്നത തുടങ്ങിയ ഗുണങ്ങളും മാര്‍ത്തോമാനസ്രാണി സഭയുടെ ചരിത്രത്തെക്കുറിച്ചും പാരന്പര്യത്തെക്കുറിച്ചും റീത്തിനെക്കുറിച്ചുമുള്ള അഗാധപാണ്ഡിത്യവും സാര്‍വത്രികമായ ആദരവ് പ്ലാസിഡച്ചന് നേടിക്കൊടുത്തു” എന്ന് കോണ്ഗ്രിഗേഷന് അനുസ്മരിക്കുന്നു. സീറോമലബാര്‍ രൂപതകളില്‍ മാത്രമല്ല, സീറോമലങ്കര, ലത്തീന്‍ രൂപതകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിശ്വാസസത്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുന്ന തന്റെ പ്രഭാഷണങ്ങളും ധ്യാനപ്രസംഗങ്ങളും അനേകരെ ആധ്യാത്മിക ഉപദേശത്തിനായും കൗണ്‍സലിംഗിനായും പ്ലാസിഡച്ചനിലേക്കാകര്ഷിച്ചു.
ശാന്തത, വിവേകം, ലാളിത്യം, മിതവ്യയം, ആഴമായ വിശ്വാസത്തില്‍ വേരൂന്നിയ പ്രാര്‍ത്ഥനാജീവിതം തുടങ്ങിയവയൊക്കെ ആയിരുന്നു പ്ലാസിഡച്ചന്റെ ഗുണങ്ങള്‍. തന്റെ സീറോമലബാര്‍ കര്‍മലീത്താ സന്യാസസമൂഹത്തോട് ഗാഢബന്ധമുണ്ടായിരുന്ന പ്ലാസിഡച്ചന് ഈ സമൂഹത്തിന്റെ ചൈതന്യം എന്തെന്നും സാര്‍വത്രിക സഭയില്‍ ഈ സമൂഹത്തിന്റെ ദൗത്യം എന്തെന്നും ഉത്തമ ബോധ്യം ഉണ്ടായിരുന്നു.
ഈ ദൗത്യം സീറോമലബാര്‍സഭയുടെ പൗരസ്ത്യ പാരന്പര്യത്തോട് വിശ്വസ്തത ആവശ്യപ്പെടുന്നതും അതുള്ക്കൊള്ളുന്നതാണെന്നുള്ള പ്ലാസിഡച്ചന്റെ ഉദ്ബോധനങ്ങള്‍ അദ്ദേഹത്തിന്റെ പ്രവാചകശബ്ദം തന്നെയായിരുന്നു.
ഈസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ പ്രതിനിധികള്‍ ഇന്ത്യയിലെ പൗരസ്ത്യസഭകളെ സംബന്ധിച്ച് ചരിത്രപരവും ദൈവാരാധനാപരവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളില്‍ വിദഗ്ധാഭിപ്രായം ആരാഞ്ഞിരുന്നത് പ്ലാസിഡച്ചനോടായിരുന്നു. കല്‍ദായ പൊന്തിഫിക്കല്‍ പരിഷ്കരിക്കുന്നതിനു വേണ്ടിയുള്ള റോമന്‍ കമ്മീഷനില്‍ പങ്കാളിയാകാനും പ്ലാസിഡച്ചന് ക്ഷണിക്കപ്പെട്ടു. സീറോമലങ്കര കാനോന്‍നിയമത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.
1930 ല്‍ നടന്ന പുനരൈക്യത്തിനും സീറോമലങ്കരസഭയുടെ രൂപീകരണത്തിനും മുന്‍പും പിന്‍പും പ്രബോധനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമൊക്കെ പുനരൈക്യത്തിന് ഉത്തേജനവും ശക്തിയും പകര്‍ന്ന പ്ലാസിഡച്ചന് ക്രൈസ്തവൈക്യത്തിന്റെ മുന്നണിപ്പോരാളിയും മാര്‍ഗദര്‍ശിയുമായിരുന്നു
ദീര്‍ഘമായ റോമന്വാസകാലത്ത് പ്ലാസിഡച്ചന് റോമിലെ പുരാതന രേഖാലയങ്ങളില് ഗവേഷണം നടത്തി ലിറ്റര്ജിയെക്കുറിച്ചും സഭാചരിത്രത്തെക്കുറിച്ചും നിരവധി ആധികാരിക ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഒരുക്കത്തിനായുള്ള കമ്മീഷനില്‍ ഒരു പണ്ഡിതന് എന്ന നിലയില്‍ പ്ലാസിഡച്ചനും അംഗമായിരുന്നു. വിവിധ സഭകളെക്കുറിച്ച്, പ്രത്യേകിച്ച് തന്റെ മാതൃസഭയെക്കുറിച്ചുള്ള പ്ലാസിഡച്ചന്റെ വീക്ഷണവും സന്ദേശവും കൗണ്‍സില്‍ വീക്ഷണത്തിന്റെയും സന്ദേശത്തിന്റെയും ഭാഗമാക്കാന്‍ കഴിഞ്ഞപ്പോള്‍, പൗരസ്ത്യ കാര്യാലയത്തിന്റെ വാക്കുകളില്‍ ”ഇപ്പോള്‍ എന്നെ വിട്ടയച്ചാലും” എന്നുപറഞ്ഞുകൊണ്ട് ദൈവത്തിന് സ്വയം സമര്‍പ്പിക്കാന്‍ പ്ലാസിഡച്ചനു കഴിഞ്ഞു. പ്ലാസിഡച്ചന് സഭയിലെ ആധികാരികതയുള്ള മല്പാന് ആണെന്നതിനെ അന്വര്‍ത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും പ്രബോധനങ്ങളും അവയ്ക്കു ലഭിച്ച സാര്വത്രികാംഗീകാരവും.
സഭയിലെ പ്രവാചകശബ്ദം
തന്റെ മാതൃസഭയെ ആഴത്തില്‍ അറിയുകയും സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പ്ലാസിഡച്ചന്. സഭയുടെ ചരിത്രം അറിഞ്ഞപ്പോള്‍, അവളുടെ ആധികാരിക വ്യക്തിത്വം എന്താണെന്നും അതിന് എന്തു സംഭവിച്ചു എന്നും വ്യക്തിത്വ പുനരുദ്ധാരണത്തിന് എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നും പ്ലാസിഡച്ചനു ബോധ്യമായി. ആ ബോധ്യം സഭാമക്കള്‍ക്കും ലഭിക്കാന്‍ അച്ചന് തന്റെ കഴിവുകളും അവസരങ്ങളും നിരന്തരം ഉപയോഗപ്പെടുത്തി.
പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും അധ്യാപനത്തിലൂടെയും സര്‍വോപരി ജീവിതത്തിലൂടെയും അതിനായി യത്നിച്ചു. സഭയുടെ പുനരുദ്ധാരണത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള ചിന്തകള്‍ ക്രമേണ ശക്തിപ്രാപിച്ചു. തന്റെ ബോധ്യവും തന്റെ സഭയുടെ അവസ്ഥയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്ലാസിഡച്ചന് കഴിഞ്ഞു.
പൗരസ്ത്യ സഭകാര്യാലയത്തിലെ സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ ടിസറാങ്ങുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ കേരളസന്ദര്‍ശനവും ഇന്ത്യയിലെ പൗരസ്ത്യസഭകളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിക്കാന്‍ അവസരമൊരുക്കി.1953ല്‍ പ്ലാസിഡച്ചന് കര്‍ദിനാള്‍ ടിസറാങ്ങിനു സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ സഭയുടെ മുഖ്യ പ്രശ്നങ്ങളെല്ലാംതന്നെ വ്യക്തമാക്കിയിരുന്നു.
മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍ ഭാരതത്തിലെ മാര്ത്തോമാനസ്രാണിസഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യങ്ങളായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൗരസ്ത്യ നസ്രാണി കത്തോലിക്കസഭയുടെ പുനരുദ്ധാരണത്തിനു ശക്തിയും ഊര്‍ജവും പകര്‍ന്നു. ക്രമേണ അതു യാഥാര്‍ഥ്യമായിത്തീരുന്ന ചരിത്രമാണു നമ്മള് കാണുന്നത്.
ഇന്ത്യയിലെ പൗരസ്ത്യസഭകള്‍ക്ക് അമൂല്യമായ ഒരു പൈതൃകം ഉണ്ടെന്നും നസ്രാണികള്‍ നൂറ്റാണ്ടുകളിലൂടെ കാത്തുസൂക്ഷിച്ച ആ പൈതൃകം നഷ്ടപ്പെടുത്തരുതെന്നുമുന്നള്ള ബോധ്യം സഭയില്‍ വളര്‍ത്തുവാന്‍ പ്ലാസിഡച്ചന്റെ പ്രവാചക ഇടപെടല്‍ വഴിതെളിച്ചു. ലത്തീനീകരിക്കപ്പെട്ട വൈദികപരിശീലനത്തിലൂടെ നഷ്ടപ്പെട്ട പൗരസ്ത്യാവബോധം വീണ്ടെടുക്കാന്‍, സഭയുടെ പൗരസ്ത്യപാരന്പര്യത്തില് അധിഷ്ഠിതമായ വൈദിക പരിശീലനത്തിന് ഉതകുന്ന സെമിനാരി ആവശ്യമാണെന്നുള്ള പ്ലാസിഡച്ചന്റെ നിവേദനം കാലതാമസമില്ലാതെ യാഥാര്‍ഥ്യമായി.
ലോകമെങ്ങും സുവിശേഷം അറിയിക്കാന്‍ ഓരോ വ്യക്തിസഭയ്ക്കും അവകാശവും ചുമതലയും ഉണ്ടെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചു. അങ്ങനെ സാവധാനമാണെങ്കിലും നസ്രാണിസഭയുടെ പ്രേക്ഷിതസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുകയും അതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിച്ചു വരികയുംചെയ്യുന്നു.
ഒരു വ്യക്തിസഭയുടെ നവീകരണവും വ്യക്തിത്വസംരക്ഷണവും മുഖ്യമായി അധിഷ്ഠിതമായിരിക്കുന്നത് സ്വന്തം ആരാധനാപൈതൃകത്തിന്റെ അടിത്തറയിലാണെന്നുള്ള സത്യം ആരാധനക്രമപുനരുദ്ധാരണത്തിലൂടെ ബുദ്ധിമുട്ടുകളിലൂടെയാണെങ്കിലും യാഥാര്‍ഥ്യമാകുന്നത് നാം കാണുന്നു.
സീറോ മലബാര്‍ സഭയ്ക്ക് ഇന്നു സ്വന്തമായ സെമിനാരികളുണ്ട്. ലോകമെങ്ങും ചിതറിക്കിടക്കുന്ന വിശ്വാസികളെ മാതൃസഭയോടു ചേര്‍ത്തുനിര്‍ത്തുവാനുള്ള പുതിയ സംവിധാനങ്ങള്‍ രൂപതകളിലും മറ്റും രൂപപ്പെട്ടിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം കാലേക്കൂട്ടി ചിന്തിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും പ്രായോഗിക നടപടികള്‍ക്കു വഴിതെളിക്കുകയും ചെയ്ത പ്ലാസിഡച്ചന് സഭയിലെ ഒരു ആധികാരിക മല്പാനും ആധുനിക സഭാചരിത്രത്തിലെ പ്രവാചക ശബ്ദവും ആണെന്നതിനു സംശയമില്ല.
By, പെരുന്തോട്ടം മാർ യൗസേപ്പ് മെത്രാപ്പൊലീത്ത