മാർട്ടിൻ N ആന്റണി
വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26)
മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. “ദൈവമായ കര്ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന് ജീവനുള്ളവനായിത്തീര്ന്നു” (ഉല്പ 2 : 7). അന്നുമുതൽ ദൈവത്തിന്റെ ശ്വാസമായ ആത്മാവാണ് നമ്മുടെ ജീവചൈതന്യം.
ജീവിതം ഒരു വന്ധ്യയുടെ ഗർഭപാത്രം പോലെയാകുമ്പോഴും, മുന്നിലേക്കുള്ള വഴി അസാധ്യമെന്നു തോന്നുമ്പോഴും, ചുറ്റിനും ഹിംസയുടെ വക്താക്കൾ വർദ്ധിക്കുമ്പോഴും, അമിതഭാരത്താൽ തളർച്ച അനുഭവപ്പെടുമ്പോഴും, പ്രയത്നഫലങ്ങളൊന്നും ലഭിക്കാതിരിക്കുമ്പോഴും, സ്വപ്നങ്ങൾ രാവണൻക്കോട്ടകളിൽ കൂടുങ്ങുമ്പോഴും, ഓർക്കുക, നിന്റെ ഉള്ളിൽ ഒരു ദൈവശ്വാസം ഉണ്ട്. അത് കാറ്റാണ്. നിശ്ചലതയിലേക്ക് അത് നിന്നെ നയിക്കില്ല. നിന്നിലും നിന്റെ ജീവിത പരിസരത്തും വസന്തത്തിന്റെ തളിരുകൾ മുളപ്പിക്കാൻ അതിന് സാധിക്കും.
ഒരിക്കൽ ദൈവദൂതന്റെ വാക്കുകേട്ട് അസ്വസ്ഥയായ നസ്രത്തിലെ മറിയമെന്ന പെൺകുട്ടി ചോദിക്കുന്നുണ്ട്: “ഒരു അമ്മയാകാൻ എനിക്കെങ്ങനെ സാധിക്കും?”
“നിനക്ക് സാധ്യമല്ല. പക്ഷെ പരിശുദ്ധാത്മാവിലൂടെ എല്ലാം സാധ്യമാണ്”.
അന്നുമുതൽ ഇന്നുവരെ അസാധ്യമായത് സാധ്യമാക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ ചുമതല.
ദൈവദൂതൻ അവൾക്ക് ഒരു ഉറപ്പുനൽകുന്നുണ്ട്; പരിശുദ്ധാത്മാവ് നിന്നിൽ വരും, നിന്റെ ഉള്ളിൽ വചനം നിക്ഷേപിക്കും. നോക്കുക, ദൈവവചനത്തെ നമ്മുടെ ഹൃദയങ്ങളിലേക്ക് തിരികെ കൊണ്ടു വരുന്നവനാണ് ആത്മാവ്. ഇതുതന്നെയാണ് യേശുവും പറയുന്നത്, “പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (v.26). ഇതാണ് ആത്മാവിന്റെ പ്രവർത്തനം: ഇടവിടാതെ വചനത്തെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരിക. മനസ്സിലേക്കല്ല, ഹൃദയത്തിലേക്കാണ്. അത് ഹൃദയത്തിന്റെ യുക്തിയാണ്, മനസ്സിന്റെ ധിഷണയല്ല.
ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്ന പെന്തക്കോസ്താനുഭവത്തിൽ ജറുസലേമിൽ തടിച്ചുകൂടിയ എല്ലാവരും പത്രോസിന്റെ പ്രഘോഷണത്തെ അവരുടെ മാതൃഭാഷയിൽ കേൾക്കുന്നതായി പറയുന്നുണ്ട്. സഭയുടെ ആരംഭമാണത്. അന്നുമുതൽ പരിശുദ്ധാത്മാവ് അശ്രാന്തമായി ദൈവവചനത്തെ ഓരോരുത്തരുടെയും ഭാഷയാക്കിക്കൊണ്ടിരിക്കുകയാണ്, പരസ്പരം മനസ്സിലാക്കലിന്റെ ഭാഷയായി രൂപപ്പെടുത്തുകയാണ്. ഇനി വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വാക്കുകളില്ല, എല്ലാവർക്കും പ്രിയപ്പെട്ടതും ശാലീനവുമായ വാക്കുകൾ മാത്രം.
കാരണം, ആത്മാവുള്ള വാക്കുകൾ മാത്രമാണ് മാനുഷികമായ നമ്മുടെ ഏക ഉറപ്പ്. അത് നമ്മെ എല്ലാവരേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുവരുന്നു, സ്വർഗ്ഗത്തിന്റെ കാഴ്ചപ്പാടിലൂടെ ജീവിതം ആസ്വദിക്കാനും പരസ്പരം സ്നേഹിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
ഹൃദയകാഠിന്യവും ഭൂതകാലത്തിന്റെ ഭാരവും മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക തടസ്സം. ശിഷ്യന്മാർ അനുഭവിച്ചതും ഇതേ തടസ്സം തന്നെയാണ്. ഉത്ഥിതനായ ഗുരുനാഥൻ ഭയചകിതരായിരുന്ന അവർക്ക് എട്ടാം നാൾ ആത്മാവിനെ നൽകുന്നുണ്ട് (യോഹ 20:22). ഒരു പുതിയ തുടക്കത്തിനുള്ള ഊർജ്ജമായിരുന്നു അത്.
എന്നിട്ടും, ഇതാ, അമ്പത് ദിനങ്ങൾ കഴിഞ്ഞിട്ടും അവർ ജൂതന്മാരെ ഭയന്ന് മുകളിലെ മുറിയിൽ അടച്ചിരിക്കുന്നു. അവർ ഇപ്പോഴും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. നോക്കുക, വീണ്ടും ജനിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്, മുന്നിൽ അടഞ്ഞ വാതിലുകളാണെങ്കിൽ. അവിടെയാണ് യേശു വാഗ്ദാനം ചെയ്ത സഹായകൻ കടന്നുവരുന്നത്. പിന്നെ സംഭവിക്കുന്നത് ആത്മാവിലും അഗ്നിയിലുമുള്ള പുതുജനനമാണ്. അവിടെ കാറ്റ് ആഞ്ഞടിക്കും. അഗ്നി നാവായി ഇറങ്ങിവരും. വാക്കുകൾ ദൈവവചനമാകും. അക്ഷരങ്ങൾ ആളിക്കത്തും. ഭാഷകൾ വ്യക്തമാകും. ക്രിസ്തു പ്രഘോഷണമാകും. ഹൃദയങ്ങൾ നിർവൃതിയടയും.
പെന്തക്കോസ്താ തിരുനാൾ
വിചിന്തനം:- ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)
ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. “ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ…” ഭയം ഒരു വഴികാട്ടിയായാൽ ഇങ്ങനെ എപ്പോഴും സംഭവിക്കു; ജീവിതത്തിന്റെ വാതിലുകളെല്ലാം അടഞ്ഞു കിടക്കും. അത് ജീവിതത്തെ നിഷ്ഫലമാക്കുകയും മരവിപ്പിക്കുകയും ചെയ്യും. ശിഷ്യർക്ക് യഹൂദരോട് മാത്രമല്ല ഭയമുണ്ടായിരുന്നത്.
അവർക്ക് അവരോട് തന്നെയും ഭയമായിരുന്നു. ഗുരുവിനെ ഉപേക്ഷിച്ചതിനെ ഓർത്ത് ഭയമായിരുന്നു. അവിടെയാണ് യേശു വരുന്നത്; കതകുകൾ കൊട്ടിയടച്ച ഒരു കൂട്ടായ്മയിലേക്ക്, ശുദ്ധവായുവിന്റെ അഭാവമുള്ള ഒരിടത്തേക്ക്, നെടുവീർപ്പുകൾ ശ്വസിക്കുന്ന ഒരു കൂട്ടത്തിനിടയിലേക്ക്, രോഗാതുരമായ ഒരു സമൂഹത്തിലേക്ക്. ഫ്രാൻസിസ് പാപ്പയുടെ ഒരു ചിന്ത ഓർത്തുപോകുന്നു; എപ്പോഴും അടഞ്ഞു കിടക്കുന്ന പള്ളിയും തുറവിയില്ലാത്ത സമൂഹവും രോഗാവസ്ഥയിലായ സഭയുടെ അടയാളമാണ്.
എന്നിട്ടും അടഞ്ഞുകിടക്കുന്ന ആ ഇടത്തിലേക്ക് യേശു കടന്നുവരുന്നു. അവരുടെ ഭയത്തെ സ്പർശിക്കുന്നു. അവരുടെ കുറവുകളെ അവഗണിക്കുന്നു. എന്നിട്ട് നറുപുഞ്ചിരിയുടെ പ്രകാശം അവരുടെയുള്ളിൽ വാരി വിതറുന്നു. അവനറിയാം എങ്ങനെയാണ് നമ്മുടെ കുറവുകളെ കൈകാര്യം ചെയ്യേണ്ടതെന്ന്.
ഉപേക്ഷിക്കപ്പെട്ടവൻ തന്നെ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അവരെ തന്റെ സന്ദേശവാഹകരായി മാറ്റുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അവരുടെ ദൗർബല്യങ്ങളെയും നൊമ്പരത്തെയും മാനുഷികമായ കാഴ്ചപ്പാടിലൂടെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നു.
ഭയം മരവിപ്പിക്കുന്ന അവസ്ഥയിലേക്കാണ് അവരെ തള്ളിയിട്ടിരിക്കുന്നതെന്ന് ഉത്ഥിതൻ മനസ്സിലാക്കുന്നു. ഇനി വേണ്ടത് പുറത്തേക്കു ഇറങ്ങുന്നതിനുള്ള ആദ്യ കാൽവയ്പ്പിന് വേണ്ടിയുള്ള ആത്മധൈര്യമാണ്. ആദ്യകാൽവയ്പ്പിനുള്ള ധൈര്യം അതാണ് നമുക്കെല്ലാവർക്കും വേണ്ടത്. ജീവിതം കടന്നു പോകുന്ന അവസ്ഥകൾ ഏതു തരത്തിലായിക്കോട്ടെ, എല്ലാം അവസാനിച്ചു എന്ന അവസ്ഥയിൽ എത്തിയാലും പ്രകാശത്തിലേക്ക് നടക്കുന്നതിനു വേണ്ടിയുള്ള ആദ്യ ചുവടിന്റെ സാധ്യതകൾ എപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതിന് ഉള്ളിൽ ഇത്തിരി ധൈര്യം വേണം.
ആ ധൈര്യമാണ് പരിശുദ്ധാത്മാവ്. ആ ആത്മാവിനെയാണ് യേശു സഹായകനായി ശിഷ്യർക്ക് നൽകിയത്. ഒരു കാര്യം നമ്മൾ ഓർക്കണം. അത്യന്തികമായി നമ്മൾ വിധിക്കപ്പെട്ടവൻ പോകുന്നത് നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിലെത്തിയൊ എന്നതിനെ ആസ്പദമാക്കിയായിരിക്കില്ല. മറിച്ച് നല്ല ലക്ഷ്യത്തിലേക്കാണോ നാം നടന്നത് എന്നതിനെ ആസ്പദമാക്കിയായിരിക്കും. ആ പാതയിൽ പല പ്രാവശ്യവും വീണുപോകാം, എങ്കിലും എഴുന്നേറ്റ് നടക്കണം. പലരും തോൽപ്പിക്കാൻ ശ്രമിക്കാം, എങ്കിലും സ്വയം തോൽക്കാതെ മുന്നോട്ടു തന്നെ നടക്കണം. കാരണം ലക്ഷ്യത്തോടൊപ്പം തന്നെ യാത്രയും വിലമതിക്കപ്പെടുന്നുണ്ട്.
കുറവുകളെ കൈകാര്യം ചെയ്യുവാനാണ് ആദ്യം നമ്മൾ പഠിക്കേണ്ടത്. അനുദിനമുള്ള അനുഭവങ്ങളിൽ നിന്നും നന്മകളെ മാത്രം സ്വാംശീകരിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഏറ്റവും പ്രധാനം. എങ്ങനെ പരിപൂർണ്ണനാകാമെന്ന ആശയങ്ങളുടെ ഒരു കുത്തൊഴുക്കാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുറവുകളെ പാപങ്ങളായി ചിത്രീകരിക്കുന്ന സമൃദ്ധിയുടെ സുവിശേഷ വേലക്കാർ മുന്നിലേക്ക് വയ്ക്കുന്നത് നിറവിനെ മുൻനിർത്തിയുള്ള അടിമത്ത ആത്മീയതയാണെന്നു കാണുമ്പോഴാണ് യേശു നൽകുന്ന ആത്മാവിന്റെ പ്രത്യേകത മനസ്സിലാക്കേണ്ടത്.
“അവരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (v.22). ആ അടഞ്ഞുകിടന്ന മുറിക്കുള്ളിൽ, ശുദ്ധവായു ഇല്ലാത്ത അവസ്ഥയിൽ, ഇതാ, നിശ്വാസമായി യേശുവിന്റെ ശ്വാസം നിറയുന്നു. ജീവന്റെ കണികകൾ ശിഷ്യരുടെ മേൽ അരിച്ചിറങ്ങുന്നു. ഭയത്തിന്റെ ഉള്ളറകളിലേക്ക് ദൈവിക പ്രകാശം ഊർജ്ജമായി ആഴ്ന്നിറങ്ങുന്നു. അടഞ്ഞു കിടന്ന ആ മുറിയിൽ നിന്നും സ്നേഹം ചക്രവാളങ്ങൾക്കപ്പുറത്തേക്ക് പരക്കുന്നു.
“നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടും ക്ഷമിക്കപ്പെട്ടിരിക്കും” (v.23). പാപങ്ങൾ ക്ഷമിക്കുകയെന്നത് പുരോഹിതർക്കു മാത്രമായിട്ടുള്ള സുവിശേഷ ദൗത്യമല്ല. യേശുവിന്റെ ആത്മാവിനെ സ്വീകരിക്കുന്ന ഓരോ വിശ്വാസിയുടെയും മേൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണ്. സഹജന്റെ പാപങ്ങൾ ക്ഷമിക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണ്. ആ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ ചെറുതോ വലുതോ എന്ന വ്യത്യാസമില്ല. ക്ഷമിക്കുകയെന്നത് ഒരു വികാരമല്ല, ഒരു തീരുമാനമാണ്. അനുരഞ്ജനത്തിന്റെ മരീചികകൾ നമ്മുടെ ചുറ്റിലും നമ്മൾ നട്ടുപിടിപ്പിക്കേണ്ടിയിരിക്കുന്നു. അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറന്നിടേണ്ടിയിരിക്കുന്നു. വൈരാഗ്യത്തിന്റെ തണുത്ത കാറ്റ് വീശുന്നു ഇടങ്ങളിൽ സ്നേഹത്തിന്റെ നെരിപ്പോടുകൾ കത്തിക്കേണ്ടിയിരിക്കുന്നു.
നഷ്ടപ്പെട്ടുപോയ സഹജവിശ്വാസം മുട്ടുകുത്തി നിന്ന് തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. സമാധാനം പൂവണിയുന്നതിനുള്ള സംവിധാനങ്ങൾ നിരന്തരം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ അനുരഞ്ജനത്തിന്റെ മരുപ്പച്ചകൾ പടർന്ന് പിടിക്കുമ്പോൾ മരുഭൂമികളെല്ലാം സ്നേഹത്തിന്റെ ഭൂമികകളായി മാറും. ഇങ്ങനെയൊക്കെയാണ് പരിശുദ്ധാത്മാവ് നമ്മിലൂടെ പ്രവർത്തിക്കുന്നത്.