വി.കുർബാനയുടെ തിരുനാളിൻ്റെ ആശംസകൾ പ്രിയരേ,
ദ കാത്തലിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയോടെ തുടങ്ങാം.
1995-ൽ വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അമേരിക്കയിലെ ബാൾട്ടിമോർ സന്ദർശിച്ചത് പ്രസിദ്ധമായത് Sniffer dog വാർത്തയിലൂടെയാണ്.
സംഗതിയിതാണ്. പിതാവ് അവിടുത്തെ സെമിനാരി സന്ദർശിച്ചു. ചാപ്പൽ സന്ദർശിക്കുക അദ്ദേഹത്തിന്റെ അജണ്ടയിൽ ഇല്ലായിരുന്നത്രെ. പെട്ടെന്ന് അദ്ദേഹം ചാപ്പലിലേക്ക് നീങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി.
ഉടനടി എന്താ ചെയ്ക? വല്ല ഭീകരരും ചാപ്പലിൽ കയറി ഒളിച്ചിരുന്നാലോ? സ്നിഫർ ഡോഗ്സി (sniffer dogs) -നെ ഉടൻ കൊണ്ടുവരാൻ തീരുമാനമായി.
മറഞ്ഞിരിക്കുന്ന വ്യക്തികൾ, ഒളിപ്പിച്ചു വെച്ചിരിക്കുന്ന ബോബ്, ഡ്രഗ്സ് എന്നിവ കണ്ടെടുക്കാനുള്ള നിപുണതയാർജ്ജിച്ചവയാണ് ഈ നായ്ക്കൾ കണ്ടുപിടുത്ത(detection)ത്തിലെ ഈ സവിശേഷ സിദ്ധി(detection) യാണ് അവയുടെ പ്രശസ്തിക്കു കാരണം.
സ്നിഫർ ഡോഗ്സ് ചാപ്പലിൽ പ്രവേശിച്ച് സക്രാരിയുടെ മുമ്പിൽ വന്നു നിന്ന് കുരയ്ക്കാൻ വക്കാൻ തുടങ്ങിയത്രെ! സാക്രാരിയിൽ ഒരാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൂചന! സക്രാരിയിൽ മറഞ്ഞിരിക്കുന്നവനെ ആ നായ്ക്കൾ കണ്ടു പിടിച്ചിരിക്കുന്നു!!
നിങ്ങളിത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം സത്യം: വിശേഷബുദ്ധിയുള്ള ജീവിയെന്ന് അഭിമാനിക്കുന്ന നമുക്ക്, മൃഗങ്ങൾക്കുള്ള പല സവിശേഷ ബുദ്ധിപോലും ഇല്ല ! ആത്മീയ ബുദ്ധിയുടെ കാര്യമോ?
വിശ്വാസത്തിന്റെ കാര്യത്തിലാണെങ്കിൽ വിശേഷബുദ്ധിയുള്ളവർ (വിശുദ്ധർ ) പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ നാം അവർക്കു വട്ടാണെന്നു പറഞ്ഞു പരിഹസിക്കും! അത്രമാത്രം ബൗദ്ധിക ധാർഷ്ട്യമാണ് നമുക്ക്.
ഒരു കാര്യം ഉറപ്പാണ്. ലോകത്തുള്ള എല്ലാ വിശുദ്ധന്മാർക്കും രണ്ടു കാര്യങ്ങളിൽ ഒരൊറ്റ മനസ്സായിരുന്നു:
ഒന്ന്: വി. കുർബാനയിലുള്ള അതിരറ്റ വിശ്വാസം.
രണ്ട്: ദൈവേഷ്ടം നടത്താൻ മറ്റെല്ലാം നഷ്ടപ്പെടുത്താനുള്ള ദാഹം
വി. ചാവറപ്പിതാവ് ദിവ്യകാരുണ്യ സന്നിധേ നിൽക്കുന്നതു കണ്ടാൽ ഒരു മാലാഖ നിൽക്കുന്നതുപോലെ തോന്നിയിരുന്നു. മാലാഖ എല്ലാം മറന്നു പറന്നാണ് നിൽക്കുന്നത്. കനം കുറവായതുകൊണ്ടാണ് പറക്കാൻ സാധിക്കുന്നത്. ലൂസിഫർ താഴേക്ക് പതിച്ചത് തലക്കനംകൂടിക്കൂടിയാണല്ലോ…
ആരാധനാ സമൂഹത്തിന്റെ സ്ഥാപകനായ കുര്യാളശേരി പിതാവ് വി.കുർബാനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു ” ഒരുശരീരത്തിന് ഹൃദയം എങ്ങനെയോ, ഒരു തോട്ടത്തിന് ജലാശയം എങ്ങനെയോ അതുപോലെയാണ് വി.കുർബാന സഭയിൽ സ്ഥിതി ചെയ്യുന്നത് .”
തന്റെ ഇടയലേഖനത്തിൽ: “വി.കുർബാന കൂദാശകളിൽ ഒന്നു മാത്രമല്ല, എല്ലാ കൂദാശകളിലും വച്ച് ഏറ്റവും ശ്രേഷ്ഠമാണ് ” എന്നു കുറിച്ച ആ പിതാവ് ” “നക്ഷത്രങ്ങളുടെയിടയിലെ സൂര്യനാണ് കൂദാശകളുടെയിടയിൽ വി. കുർബാന ” യെന്നാണു വിശേഷിപ്പിച്ചത്.
വി.കുർബാന മധ്യേ ദിവ്യകാരുണ്യം സ്വീകരിക്കാനെത്തിയ മറിയം ത്രേസ്യായ്ക്ക് സ്വർഗ്ഗത്തിന്റെ ആത്മീയ ദർശനമുണ്ടായത് കഴിഞ്ഞ ദിവസം കുറിച്ചത് ഓർക്കുമല്ലോ. അപ്പോൾ സാഷ്ടാംഗ പ്രണാമം ചെയ്തു പോയ അവൾക്ക് കുർബാന കഴിഞ്ഞ ശേഷമാണ് എഴുന്നേൽക്കാനായത് !
“സൂര്യരശ്മിയേക്കാൾ ജ്യോതിസുള്ള ” പ്രകാശ പ്രളയത്തിൽപെട്ടുപോയ ഒരു പാവം കന്യക കർത്താവിനെയും മാതാവിനെയും മാലാഖാ നിരയേയും നേരിട്ടു കാണുന്നു;
” കുറേ പേർ അവളുടെ രണ്ടു വശത്തും അവൾ നടുവിലും നിൽക്കുന്നതായും, ഇവരൊക്കെയും സ്തുതിപ്പുകൾ പാടുന്നതായും മുട്ടുകുത്തി ആരാധിക്കുന്നതായും” നേരിട്ട് അനുഭവിക്കുന്നു;സാഷ്ടാംഗം പ്രണമിക്കുകയല്ലാതെ പിന്നെന്തു ചെയ്യാനൊക്കും?
നമ്മുടെ യുവാക്കൾ ആത്മീയതയിൽ മുളയിലെ തഴച്ചുവളരുന്ന സസ്യം പോലെയും, അനേകർക്ക് പ്രചോദനമേകാനുതകുന്ന ബോധ്യങ്ങളിൽ കൊത്തിയെടുത്ത സ്തംഭം പോലെയും ( Ref. സങ്കീ 144: 12) ആയിരിക്കണമെങ്കിൽ വി. കുർബാനയിലെ ഈശോയെ തിരിച്ചറിഞ്ഞേ പറ്റൂ.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!
BY, സൈ