ഇരിട്ടി: ചൊവ്വാഴ്ച പുലർന്നപ്പോൾ കണിച്ചാർ പഞ്ചായത്തിന്റെ മലയോരം കണ്ടത് കണ്ണിനെയും മനസ്സിനെയും വിറങ്ങലിപ്പിക്കുന്ന കാഴ്ചകളായിരുന്നു. കണിച്ചാർ, കേളകം, കോളയാട് പഞ്ചായത്തുകളിലായി നാലോളം വലിയ ഉരുൾ പൊട്ടലാണ് തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായത് . രാത്രി ഏഴുമണിയോടെ വിവിധയിടങ്ങളിൽ നിന്നും പുഴകളിലും തോടുകളിലും മറ്റും വെള്ളം കുതിച്ചുയരുന്നുണ്ടെന്ന വാർത്ത വന്നിരുന്നെങ്കിലും ഇത്ര വലിയ ദുരന്തം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല.
ചൊവ്വാഴ്ച പുലർന്നതോടെയാണ് മൂന്നുപേരുടെ ജീവനെടുത്ത വലിയ ദുരന്തമാണ് മേഖലയിൽ ഉണ്ടായിരുന്നതെന്ന് പുറം ലോകം അറിയുന്നത്. വരുന്നവർ വരുന്നവർ കണ്ട കാഴ്ചകളെല്ലാം ഭയാനകമായിരുന്നു. ഉരുൾപൊട്ടൽ നടന്ന പൂളക്കുറ്റി വെള്ളറ യിൽ നിന്നും കിലോമീറ്റർ അകലെയുള്ള തൊണ്ടി ടൗൺ മുഴുവൻ വെള്ളത്തിൽ മുങ്ങി. മുപ്പതോളം കടകളിൽ ചെളിവെള്ളം കയറി. വെള്ളമിറങ്ങിയപ്പോൾ ചെളിക്കുളമായി കിടക്കുന്ന തൊണ്ടിയിൽ ടൗണിന്റെ കാഴ്ച ഹൃദയ ഭേദകമായിരുന്നു.
തൊണ്ടിയിൽ ടൗണിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന തെറ്റുവഴി കൃപാഭവനിലെ കാഴ്ചയും ഹൃദയഭേദകമായിരുന്നു. ഇവിടെ പാവപ്പെട്ട മുപ്പതോളം അന്തേവാസികളാണ് ഉള്ളത്. ഇവർക്ക് തിങ്കളാഴ്ച രാത്രിയിലേക്കുള്ള ഭക്ഷണം ഒരുക്കുന്ന നേരത്താണ് പ്രളയജലം കുതിച്ചെത്തിയത്. ഇവർക്കൊരുക്കിയ ഭക്ഷണവും ഭക്ഷണസാധനങ്ങളും പാത്രങ്ങളും കുത്തൊഴുക്കിൽ നശിച്ചു. ആംബുലൻസ് അടക്കം നാലോളം വാഹനങ്ങൾ ഒഴുകിപ്പോയി. പശുക്കൾ വെള്ളത്തിൽ മുങ്ങിച്ചത്തു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരന്തമാണ് കൃപാ ഭവനിൽ ഉണ്ടായത്.

ഇതിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വാഹന വർക്ക്ഷോപ്പിലെയും സ്ഥിതിയും അതീവ ദുഃഖകരമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ മലവെള്ളപ്പാച്ചിലിൽ നശിച്ചു. ചിലതു ഒഴുകിപ്പോയി. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വീട്ടിലുള്ളവർ ഓടി അടുത്ത വീട്ടിലെ രണ്ടാം നിലയിൽ കയറി രക്ഷപ്പെട്ടു. വെള്ളറ , താഴെ വെള്ളറ മേഖലയിലെ നിരവധി വീടുകൾ തകർന്നു. നിരവധി വീടുകളിലെ മുഴുവൻ വസ്തുക്കളും ചെളിവെള്ളം കയറി നശിച്ചു.
താഴേ വെള്ളറയിലെ വെള്ളം ഒഴുകിപ്പോകുന്ന തോട് വൻ മരങ്ങളും കല്ലുകളും ചെളിയും വന്നടിഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ടത് മൂലം തോട് ഗതിയുമറി ഒഴുകി നിരവധി വീടുകൾക്ക് വലിയ നാശനഷ്ടമുണ്ടായി. ഇവിടെ കുന്നുംപുറത്ത് സുരേഷ് – ശ്രീജ ദമ്പതികളുടെ വീട് നിറയെ കരിങ്കൽ പൊടി വന്നു നിറഞ്ഞ അവസ്ഥയിലാണ്. വീട്ടിലെ വീട്ടുപകരണങ്ങൾ മുഴുവൻ കരിങ്കൽ പൊടിയിൽ പുത്തന്‍ നിൽക്കുന്ന അവസ്ഥയാണ്. മലവെള്ളം കുത്തിയൊഴുകി വീട്ടിലേക്കു കയറുന്നതു കണ്ട ഉടനെ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം അടുത്ത വേദത്തിൽ അഭയം തേടി.
ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ മുഴുവൻ കരിങ്കൽ പൊടി വന്ന് നിറഞ്ഞ അവസ്ഥയാണ്. അടുത്ത ക്രഷറിൽ നിന്നും ഒഴുകിയെത്തിയ താന്‍ ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിടുംപൊയിൽ – മാനന്തവാടി ചുരത്തിലും പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കയാണ്.
കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരി ഉള്‍പ്പെടെ 3 പേരുടെ മൃതദേഹവും കണ്ടെത്തി. നുമ തസ്മിന്, വെള്ളറ കോളനിയിലെ രാജേഷ് (45 ), ചന്ദ്രന് (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ വെള്ളറയിൽ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് രണ്ടര വയസുകാരി നുമ തസ്മിന് ഉള്‍പ്പെടെ 3 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

നാട്ടുകാരുടെയും ദുരന്ത നിവാരണ സേനയുടെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ രാത്രി മുതല്‍ തന്നെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങ് തടിയായി. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ട്മണിയോടെ ആരംഭിച്ച തിരച്ചിലിലാണ് ആദ്യം നുമയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട കോന്നി കരിമണ്ണൂര്‍ സ്വദേശികളായ നിടിയ കാലായില്‍ ഷഫീക്ക് നാദിറ ദമ്പതികളുടെ ഏക മകള്‍ നുമ തസ്മീമാണ് ഒഴുക്കില്‍പെട്ടത്.
പൂളക്കുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ നാദിറ കുണ്ടിലെ ചാപ്പതോട് കര കവിഞ്ഞതോടെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറിയതിനെത്തുടർന്ന് കുട്ടിയെയും എടുത്ത് പുറത്തിറങ്ങുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങുന്നതിനിടെയാണ് നുമയും നാദിറയും ഒഴുക്കില്‍പ്പെട്ടതോടെ കുഞ്ഞ് കയ്യിൽ നിന്നും പിടിവിട്ട് ഒഴുക്കിലേക്കു വീഴുകയായിരുന്നു. സമീപത്തെ മരത്തില്‍ പിടിച്ച് നാദിറ രക്ഷപ്പെട്ടെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷ് വീട്ടിലേക്ക് പോകുംവഴി ഒഴുകിയെത്തിയ മലവെള്ളത്തിൽ പെടുകയായിരുന്നു. രാത്രിതന്നെ രാജേഷിനായി തിരഞ്ഞെങ്കിലും രാവിലെ 9 മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തനായത്. മലവെള്ളപാച്ചില്‍ ഉണ്ടായ പറമ്പില്‍ ഒരുകിലോമീറ്ററോളം താഴെ മരങ്ങളുടെയും മറ്റും ഇടയിൽ നിന്നും വൈകുന്നേരം 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അപകട സമയത്ത് ചന്ദ്രനും ഇളയ മകന് റിവിനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒഴുക്കില്‍പ്പെട്ട് ശരീരം മണ്ണിൽ മൂടിപ്പോയ റിവിനെ രാത്രി തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. മൂത്ത മകന് റിജനും ഭാര്യയും ആശുപത്രിയില്‍ പോയതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. ഇവര്‍ തിരിച്ച് വരുന്നതിനിടയാണ് അപകടവിവരം അറിയുന്നത്. മരിച്ച മൂന്നുപേരുടെയും മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂർ ഗവ, മെഡിക്കൽ കോളേജിലേക്ക് മാറ്റി.