Vinod Nellackal
നൂറ്റിമുപ്പത് ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞ വിഴിഞ്ഞം സമരത്തിനെതിരെ തൽപരകക്ഷികൾ ആരംഭം മുതൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് വാസ്തവവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ്. ഗൂഢാലോചനകളും, വിദേശ ധനസഹായവും, തീവ്രവാദികളുടെ പിന്തുണയും എന്നുതുടങ്ങി പാവപ്പെട്ട മത്സ്യത്തൊഴിലാളികളും അവർക്ക് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയിലെ വൈദികരും മെത്രാന്മാരും കേൾക്കാത്ത പഴികളൊന്നുമില്ല.
വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലുമുള്ള ഭൂമിക്കും അവിടെ ജീവിക്കുന്നവർക്കും മറ്റു ജീവിതമാർഗ്ഗങ്ങളില്ലാത്ത ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആ ഭാഗത്തേയ്ക്ക് വിനോദയാത്രയായെങ്കിലും പോയിട്ടുള്ളവർക്ക് മനസിലാക്കാൻ കഴിയും. വിഴിഞ്ഞം അദാനി പോർട്ട് നിർമ്മാണവും അവിടെ തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും തമ്മിൽ ബന്ധമില്ലെന്ന തൽപരകക്ഷികളുടെ വാദം ശുദ്ധ കള്ളത്തരമാണ്.
എല്ലാം മനസിലാക്കിയ സർക്കാർ, സകലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശവാസികൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ യാതൊന്നും പാലിക്കാൻ ഈ വർഷങ്ങൾക്കിടെ മനസുകാണിച്ചിട്ടില്ല. വർഷങ്ങളോളമായി സിമന്റ് ഗോഡൗണിൽ കഴിയുന്ന കുടുംബങ്ങളുടെ അനുഭവങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം വിവിധ കാരണങ്ങളാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും നടത്തിവരുന്ന സമരം തികച്ചും യുക്തവും വ്യക്തതയുള്ളതുമാണ്.
നാലു മാസത്തിലേറെയായി നടന്നുവരുന്ന സമരം ചിലർ ആരോപിക്കുന്നതുപോലെ അക്രമങ്ങൾക്കോ പരിധിവിട്ട വൈകാരിക പ്രകടനങ്ങൾക്കോ ഇടയാക്കാതിരുന്നതിന് കാരണം ഒട്ടേറെ വൈദികരുടെ നിരന്തരമുള്ള ഇടപെടലുകളാണ്. വാസ്തവത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഈ സമരത്തിലെ പങ്കാളിത്തവും നേതൃത്വവും അത്തരത്തിൽ വലിയ സത്ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ, സമാധാനപരമായി നടന്നുവന്നിരുന്ന സമരവും, സമരത്തിനിറങ്ങിയവരുടെ നിശ്ചയദാർഢ്യവും രാഷ്ട്രീയ നേതൃത്വങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിലങ്ങുതടിയായി മാറി.
അർത്ഥശൂന്യമായ അക്രമസമരങ്ങൾ മാത്രം കണ്ടും ചെയ്തും ശീലിച്ചവർക്ക് സമാധാനപരമായ സമരം തീരെ ദഹിച്ചിട്ടുണ്ടാവില്ല. മാത്രമല്ല, സമരത്തിന്റെ സമാധാനസ്വഭാവം രണ്ടിലൊന്ന് അറിഞ്ഞേ പിൻവാങ്ങൂ എന്നതിന്റെ സൂചനയാണെന്നും അത്തരക്കാർക്ക് വ്യക്തമായി. അക്കാരണത്താൽ തന്നെ, മൽസ്യത്തൊഴിലാളികൾ അക്രമികളാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
മുൻശ്രമങ്ങൾ എല്ലായ്പ്പോഴും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കരുതിക്കൂട്ടിയുള്ള ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചത് എന്ന് കരുതാം. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് തുടക്കം. സമാധാനപരമായി സമരം നടത്തിയ മത്സ്യത്തൊഴിലാളികൾക്കിടയിലേയ്ക്ക് സംഘപരിവാർ പ്രവർത്തകർ അതിക്രമിച്ച് കയറുകയും കല്ലേറും, ബലപ്രയോഗവും നടത്തുകയും അന്തരീക്ഷത്തെ അക്രമാസക്തമാക്കി മാറ്റുകയും ചെയ്തു. അവിടെയും രാഷ്ട്രീയക്കാരുടെ വക്താക്കളും സ്ഥാപിത താൽപ്പര്യക്കാരായ മാധ്യമപ്രവർത്തകരും സമരക്കാരെ അക്രമികളാക്കി ചിത്രീകരിക്കുകയാണ് ഉണ്ടായത്.
ആരോ എഴുതിയ തിരക്കഥയുടെ തുടർച്ചയെന്ന വണ്ണം, ശനിയാഴ്ചത്തെ സംഭവത്തിന്റെ രണ്ടാം ഭാഗമായി ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയും മറ്റു പലരെയും പ്രതികളുമാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ചത്തെ സംഭവങ്ങളുടെ ചുക്കാൻ സംഘപരിവാറിന് ആയിരുന്നെങ്കിൽ രണ്ടാം ദിവസമായ ഞായറാഴ്ച സിപിഎം സർക്കാർ തന്നെ കാര്യങ്ങൾ നേരിട്ട് ഏറ്റെടുത്ത് നിയന്ത്രിച്ചു! തലേദിവസത്തെ സമരത്തിൽ നാമമാത്ര പങ്കാളിയായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവമാണ് തുടക്കം.
അന്യായമായി തങ്ങളുടെ കൂടെയുള്ള ഒരാളെ പോലീസ് കൊണ്ടുപോയതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറേപ്പേർ പോലീസ് സ്റ്റേഷനിൽ എത്തുകയും, സമാധാനപരമായി പ്രതിഷേധിക്കുകയും കസ്റ്റഡിയിൽ എടുത്ത ആളെ വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിക്കാൻ ഉറച്ച പോലീസ് സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും പാരിഷ്കൗൺസിൽ അംഗങ്ങളായ അഞ്ചുപേരെക്കൂടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഏതുവിധേനയും മൽസ്യത്തൊഴിലാളികളെയും സമരക്കാരെയും പ്രകോപിപ്പിക്കാൻ ഉറച്ച പോലീസ് അവർക്കെതിരെ കിരാതമായ അക്രമം അഴിച്ചു വിടുകയായിരുന്നു. മൽസ്യത്തൊഴിലാളികളെ അനുനയിപ്പിക്കാനും സമാധാനിപ്പിക്കാനും ശ്രമിച്ച വൈദികർക്കുൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. ഒട്ടേറെപ്പേർ ആശുപത്രികളിലായി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് സ്റ്റേഷനും പോലീസുകാരും വാഹനങ്ങളും ആക്രമിക്കപ്പെട്ടു.
തത്സമയം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമങ്ങൾ ഏകപക്ഷീയമായ കലാപം എന്ന ചിത്രമാണ് നൽകിക്കൊണ്ടിരുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ആരംഭം മുതൽ പോലീസുകാരുടെ മർദ്ദനത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റതിനെക്കുറിച്ച് പലരും പരാമർശിച്ചു കണ്ടില്ല. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ആകെത്തുക വീക്ഷിച്ചാൽ, മത്സ്യത്തൊഴിലാളികൾ കലാപകാരികളായി ചിത്രീകരിക്കപ്പെട്ടു എന്നുള്ളതാണ് അത്.
ശനിയാഴ്ച തങ്ങളുടെ റോൾ ഭംഗിയായി ചെയ്ത സംഘപരിവാർ പ്രവർത്തകരുടെയും ആവശ്യം അതുതന്നെയായിരുന്നു. കേരളം പ്രളയത്തിൽ മുങ്ങിയ നാളുകളിൽ സ്വന്തം ജീവനെ തൃണവദ്ഗണിച്ചുകൊണ്ട് കേരളജനതയുടെ രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികളെ നാം കണ്ടതാണ്. കടലിനോടും തിരകളോടും കൊടുങ്കാറ്റിനോടും ഏറ്റുമുട്ടി ശീലിച്ച അവർ ഇന്ന് ഏറ്റുമുട്ടുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിബന്ധത്തോടാണ്.
ജീവൻ നഷ്ടപ്പെട്ടാൽ പുല്ലാണെന്ന് ചിന്തിക്കുന്ന, ഒന്നും നഷ്ടപ്പെടാനില്ലാത്ത, മനഃസാക്ഷിക്കനുസരിച്ച് നീങ്ങുന്ന ഒരുകൂട്ടരോട് ഏറ്റുമുട്ടുമ്പോൾ നഷ്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, കാപട്യം മാത്രം ഉള്ളിലുള്ള, വാക്കിനോടും പ്രവൃത്തിയോടും ആത്മാർത്ഥത പുലർത്തി ശീലമില്ലാത്ത മറുകൂട്ടർ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.