BINCY GEORGE
മരണം തരുന്നൊരു വെളിപാടുണ്ട്…
ഒരു മനുഷ്യൻ ലോകത്തിനു ആരായിരുന്നുവെന്ന് അന്നേ തെളിയു..
ആയിരങ്ങൾ സമചിത്തതയോടെ നിന്ന് വിതുമ്പുന്ന അവസാന യാത്രയയപ്പിന്റെ ദൃശ്യങ്ങൾ…
ഉറുമ്പുക്കൂട്ടങ്ങൾ രണ്ടു വരിയായി നടക്കുന്നത് പോലെ തീർത്തും നിശബ്ദരായി പള്ളിയിൽ നിന്നും സെമിത്തേരിയിലേക്കുള്ള യാത്ര.. ആരും ആരെയും നിയന്ത്രിക്കുന്നില്ല..
ആരും തിരക്ക് കൂട്ടുന്നില്ല..
ഇടിമുഴക്കി കാർമേഘം മൂടി നിന്ന മാനം പോലും നിശ്ചലം…
വെളുത്ത കുപ്പായം ഇട്ട അച്ചന്മാരെ ഇത്ര അധികമായി ആദ്യം കാണുന്നു..
സെമിത്തെരിയുടെ ഒത്ത നടുക്കൊരു പൂകൊണ്ടു അലങ്കരിച്ച കല്ലറക്കു ഇനിയും വരാനുള്ളവന്റെ മഹത്വം അറിയില്ലല്ലോ എന്ന് തോന്നിപ്പോയി…
അവിടെ എല്ലാവരും എത്താൻ വേണ്ടി കാത്തുനിൽക്കുന്നവരും ഒന്നും മിണ്ടുന്നില്ല…
ഞാൻ ഒറ്റക്കാണ്… ആരെയും പരിചയം ഇല്ല..
അവിടെ വച്ചു ഞാൻ ഓർക്കാൻ ശ്രമിച്ചു…
ഈ മനുഷ്യനെ ഞാൻ എന്നാണ് പരിചയപ്പെട്ടത്?? ഇദ്ദേഹം എനിക്കാരായിരുന്നു…???
രണ്ടിന്റെയും കൃത്യമായ ഉത്തരം എനിക്കറിയില്ല..
2016 -ലെ ഏതോ ഒരു ദിവസം അതിരാവിലെ തലശ്ശേരിയിൽ നിന്നും ഞങ്ങളുടെ അടുത്ത് വന്നു പ്രഭാതഭക്ഷണം കഴിച്ചിട്ടാണ് മനോജ് അച്ചനെ ആദ്യമായി ആശുപത്രിയിൽ ചെക്ക് -അപ്പ്നു കൊണ്ടു പോകേണ്ടത് എന്ന് Toicestephen Kuzhikkatt അച്ചൻ അറിയിച്ചിട്ടുണ്ട്..
ഞാൻ ജോലിക്ക് പോകാൻ റെഡിയായി രോഗിയെയും കൂട്ടരെയും കാത്തു നിൽക്കുമ്പോൾ വീടിന്റെ ഇടത് വശത്തു കുറച്ചു മയിലുകൾ വന്നു… അപ്പോഴാണ് തലശ്ശേരിയിൽ നിന്നും ഇവർ ഇരുവരും മറ്റു രണ്ട് അച്ചന്മാരോടൊപ്പം കാറിൽ വന്നത്… മയിൽ പറന്നു പോകേണ്ട എന്ന് കരുതി അവരോടു പതിയെ വരാൻ ആംഗ്യം കാണിച്ച ഞാൻ ശബ്ദമുക്കക്കാതെ ചുണ്ടനക്കി ” മയിൽ.. മയിൽ ” എന്ന് പറയുന്നുമുണ്ട്…
വണ്ടി നിർത്തി വാതിലുകൾ തുറക്കു ന്നതിനു മുൻപേ ഉള്ളിൽ നിന്നും കൂട്ടച്ചിരി കേട്ടു…
എന്റെ അടക്കിപ്പിടിച്ച ആദ്യ വാക്കുകൾ കേട്ടപ്പോൾ മനോജ് അച്ചൻ വണ്ടി ഓടിച്ച FrJobin Vellaringatt നോട് പറഞ്ഞത്രേ… അച്ചാ വണ്ടിതിരിച്ചോ.. നമുക്ക് പോകാം.. ദേ.. ആ ചേച്ചി നമ്മളെ ചീത്ത വിളിക്കുന്നു എന്ന്..
നടുവും കാലും വേദനയെടുത്തു അറിയാതെ “തുള്ളി”പ്പോകുന്ന മനുഷ്യന്റെ തമാശ പറച്ചിൽ!
ആദ്യ ചെക്കപ്പിന് ഒരുപാട് ഡിപ്പാർട്മെന്റ് കൾ കയറി ഇറങ്ങണം. എടൂർ കാരിയായ Shaija Mathew ഇവിടെ അന്ന് കസ്റ്റമർ കെയർ ഓഫീസർ ആണ്…. എല്ലാ സഹായങ്ങൾക്കും ആളുണ്ടാവും..ഒരു തികഞ്ഞ പരോപകാരി..മനോജ് അച്ചന് സന്തോഷത്തേക്കാൾ പലപ്പോഴും സങ്കടം ആയിരുന്നത് .. നാട്ടുകാർ അസുഖം അറിഞ്ഞാലോ എന്ന തോന്നൽ…
നീണ്ടു പരന്നു കിടക്കുന്ന മണിപ്പാൽ ആശുപത്രിയിൽ ഇവിടത്തുകാർക്ക് തന്നെ ഓരോന്നും കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ട്..
അതുകൊണ്ട് ഓരോ ഡിപ്പാർട്മെന്റ്കളും പരിചയപ്പെടുത്തി രോഗിയെയും കൂട്ടരെയും അവിടെ റിസപ്ഷനിൽ എത്തിച്ചു പോകാൻ Neethu Chacko Kumbattu എന്ന നഴ്സിംഗ് വിദ്യാർത്ഥി ഉണ്ട്.. വൈകിട്ട് അവസാനത്തെ ഡിപ്പാർട്മെന്റ് സന്ദർശനവേളയിൽ മാത്രമാണ് ഡോക്ടറെ കാണാൻ നേരം അവളുണ്ടായിരുന്നത്..
കന്നഡ ചുവയിൽ എബ്രഹാം ഒറ്റപ്ലാക്കൽ എന്ന വിളി കേട്ട് അവൾ കൂടെ ഉണ്ടായിരുന്ന Binoy K Dominic എന്ന മാർട്ടിൻ അച്ചനോട് “ദേ അച്ചാ പേര് വിളിക്കുന്നു.. ചെല്ല്..” എന്ന് പറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന എല്ലാവരും അമ്പരന്നു.. മനോജ് അച്ചൻ ഡോക്ടറെ കാണാൻ പോയപ്പോൾ വായും പൊളിച്ചിരുന്ന നീതു അപ്പോഴാണ് അറിയുന്നത്, തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു നടന്ന മനോജ് അച്ചനാണ് രോഗി എന്ന്..
പരാതികൾ ഇല്ലാതെ സഹനത്തെ പൊട്ടിച്ചിരി ആക്കുന്ന മനുഷ്യൻ… അതിനപ്പുറം ആ മനുഷ്യനെ അന്നെനിക്ക് അറിയില്ല…
ആ സ്വഭാവം അദ്ദേഹം എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന് എനിക്കു തോന്നിയത് ഈ കഴിഞ്ഞ മാർച്ചിൽ ആണ്..
“അച്ചൻ ഇങ്ങോട്ട് വരുന്ന ദിവസം എനിക്കൊരു സർജറി ഉണ്ട്.. ഞാൻ വീട്ടിൽ ഉണ്ടാവില്ല” എന്ന് പറഞ്ഞപ്പോൾ.. “ശരി കുഴപ്പമില്ല” എന്ന് മാത്രം പറഞ്ഞു..
“സർജറി ആണെന്ന് പറഞ്ഞിട്ട് കൂടി എനിക്കെന്താ പറ്റിയത് എന്ന് ചോദിച്ചില്ലല്ലോ അച്ചാ”…എന്ന പരിഭവം കേട്ട് ചിരിച്ചുകൊണ്ടു പറഞ്ഞ വാചകം എന്നെ ചിന്തിപ്പിച്ചു…ഇന്നും ചിന്തിപ്പിക്കുന്നു….
“ബിൻസേച്ചി.. ഞാൻ അറിയേണ്ടത് ആണെങ്കിൽ ചേച്ചിക്കു എന്നോട് പറയാമായിരുന്നില്ലേ… പറയാത്തത് ഞാൻ അറിയരുതല്ലോ…ഞാൻ ചോദിക്കരുതല്ലോ”… എന്ന്!!!
ഓരോ വ്യക്തിക്കും… ഓരോ കുഞ്ഞിനും അവരുടെ പ്രൈവറ്റ് സ്പേസ് ഉണ്ട് എന്ന് അച്ചന്റെ വാക്കുകൾ പഠിപ്പിക്കുന്നു …!