സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത്? അതോ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വയം പര്യാപ്തത നമ്മൾ നേടുകയാണോ വേണ്ടത്? സ്വയം ആത്മീയ പുരോഗതി പ്രാപിച്ചിട്ടു, സ്വയം ശുദ്ധീകരിച്ചിട്ടു മതി ശുദ്ധീകരണാത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും ഒക്കെ വേണ്ടി പ്രാർത്ഥിക്കുന്നത് എന്ന പലരുടെയും അഭിപ്രായം കാണുന്നത് കൊണ്ട് ചോദിച്ചതാണ്.
ഒരു തരത്തിൽ പറഞ്ഞാൽ ശരിയാണ്. തഴക്കദോഷങ്ങളിൽ നിന്നും മറ്റുള്ളവരോടുള്ള വെറുപ്പിൽ നിന്നും ഞാനെന്തോ വലിയ ആളാണെന്ന ചിന്തയിൽ നിന്നുമൊക്കെ മോചിക്കപെടാതെ മറ്റുള്ളവർക്കോ നമുക്കോ വേണ്ടി പ്രാർത്ഥിച്ചിട്ടു അധികം ഫലമൊന്നും ഉണ്ടാകാനില്ല. ദൈവത്തോടും മറ്റുള്ളവരോടും രമ്യതയിൽ ആയിരുന്നിട്ടു വേണം പ്രാർത്ഥനയുടെ ഫലപ്രാപ്തിയെപ്പറ്റി ചിന്തിക്കാൻ തന്നെ. പക്ഷെ ഒട്ടും പാപം ചെയ്യാത്ത, എപ്പോഴും ശുദ്ധിയിൽ ആയിരിക്കുന്ന ഒരവസ്ഥ അല്ല ആത്മീയ വളർച്ച.
നമുക്ക് നമ്മിൽ തന്നെ ഉള്ള ആശ്രയമാണ് പാളിച്ചകൾ വരുത്തുന്നത്. വീഴ്ചകൾ നമ്മുടെ നിസ്സാരതയെ കാണിച്ചു തരികയും കർത്താവിന്റെ കൃപയിൽ ആശ്രയിച്ചു നില്ക്കണമെന്നു മനസ്സിലാക്കി തരികയും ചെയ്യുന്നു. നമ്മുടെ ജീവിത വിശുദ്ധിയിലും പുണ്യത്തിലുമുള്ള ആശ്രയം വിട്ട് ദൈവശരണത്തിൽ വളരുന്നതാണ് ആത്മീയ വളർച്ച. നമ്മൾ നല്ലവർ അല്ലാത്തത് കൊണ്ട് തന്നെയാണ് ദൈവത്തിലേക്ക് വരുന്നത്. പൂർണ്ണമായും നല്ലവർ ആയിരുന്നെങ്കില് നമുക്ക് ദൈവത്തെ കൊണ്ട് ആവശ്യം ഉണ്ടാകുമായിരുന്നോ? ‘ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ടാവശ്യം’.
നമ്മുടെ കുറവിൽനിന്നു പോലും ദൈവം രക്ഷാകരമായ നന്മ പുറപ്പെടുവിക്കുന്നതായി നമുക്ക് കാണാനാകും. അങ്ങനെ നമ്മുടെ ബലഹീനതയെകുറിച്ചു പ്രശംസിക്കാൻ കഴിയത്തക്ക വണ്ണം അവയും മധ്യസ്ഥതയിലേക്ക് നമ്മെ എത്തിക്കും. നാം പ്രാർത്ഥിക്കുന്നതും ധ്യാനകേന്ദ്രങ്ങളിലേക്ക് പോകുന്നതും നമുക്ക് വേണ്ടി മാത്രമായിരിക്കുന്നു എന്ന അപകടം ആത്മീയതയെ ശുഷ്കിപ്പിക്കുന്നു. ആത്മീയ വളർച്ചയുടെ പൊതു തത്വം ഇതാണ് ‘നാം നമ്മെകുറിച്ചു ചിന്തിക്കാതെ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്യുക’.
മറ്റുള്ളവരുടെ ആത്മാവിന്റെ രക്ഷക്കായി നാം കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഈശോക്ക് എങ്ങനെയാണ് നമ്മെ മറക്കാനാകുക? ക്രിസ്തു നമ്മളിൽ നിറയും തോറും നമ്മളിൽ ആത്മീയ സഹാനുഭൂതി കൂടി വരുന്നു. ആദ്യം നമ്മൾ ശുദ്ധീകരിക്കപ്പെടട്ടെ എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്കാം എന്ന് വിചാരിച്ചിരിക്കാൻ നമുക്ക് പറ്റില്ല. ദൈവസ്നേഹത്താൽ നിറയപ്പെടുക എന്നതു പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതാണല്ലോ. നശിച്ചു പോകുന്ന ആത്മാക്കളെ കുറിച്ചുള്ള വേദന ഈശോ തൻറെ ബലിയാത്മാക്കളോട് പങ്കു വെക്കുന്നു.
ഈശോയെ ആശ്വസിപ്പിക്കണമെന്നുള്ള ആഗ്രഹത്തിൽ നിന്നാണ് മധ്യസ്ഥ പ്രാർത്ഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ആദ്യം തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടു മതി ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതൊക്കെ എന്ന് പറയുന്നവരോട് എനിക്കിത്രയേ പറയാനുള്ളതു. “യേശുക്രിസ്തു നിങ്ങളിലുണ്ട് എന്ന് നിങ്ങള്ക്ക് ബോധ്യമായിട്ടില്ലേ? ഇല്ലെങ്കിൽ നിങ്ങൾ തീർച്ചയായും പരീക്ഷയിൽ പരാജയപ്പെട്ടിരിക്കുന്നു”( 2 കോറി 13:5). ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കാനും പാപസാഹചര്യങ്ങൾ ഒഴിവാക്കാനും നമുക്ക് വേണ്ടി നമ്മൾ പ്രാര്ഥിച്ചില്ലെങ്കിൽ പോലും നമ്മുടെ കാര്യങ്ങൾ ക്രമീകരിക്കാനും ഒക്കെ ഈശോ നമ്മളെ സഹായിക്കും.
നമ്മുടെ ഉള്ളിൽ അവന്റെ സാന്നിധ്യം നമ്മൾ അനുഭവിച്ചറിയുമ്പോൾ എന്തിനു നഷ്ടധൈര്യരാകണം. നമ്മുടെ കാര്യങ്ങളും അര്ഹതയില്ലായ്മയും ഒക്കെ ഓർത്തു എന്തിനു വേവലാതിപ്പെടണം? ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം ആത്മാവിന്റെ ശീലം ആവുമ്പോൾ നമ്മുടെ ഉള്ളിൽ സ്വർഗ്ഗം രൂപാന്തരപ്പെടും. മധ്യസ്ഥ പ്രാർത്ഥന ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയും മരിച്ചവർക്കു വേണ്ടിയും ആകാം. ദൈവസന്നിധിയിൽ ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷയാണ് ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥന. മറ്റുള്ളവരുടെ രോഗം മാറാനും കടബാധ്യത നീങ്ങാനുമൊക്കെ അവരോടു സഹതാപം തോന്നി നമ്മൾ പ്രാർത്ഥിച്ചെന്നിരിക്കും.
പക്ഷെ അവരുടെ ആത്മരക്ഷയെ പറ്റി അൽപ്പം പോലും ചിന്ത ഉണ്ടായിരിക്കുകയില്ല. ജീവിതപങ്കാളിയുടെ കുടി മാറാൻ പ്രാർത്ഥിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി ആയിരിക്കാം. പക്ഷെ നശിച്ചു പോകുന്ന ആ മനുഷ്യന്റെ ആത്മാവിനെ കുറിച്ചുള്ള ചിന്ത ഉണ്ടാകണമെന്നില്ല പലർക്കും. എപ്പോഴും ഞാൻ, എന്റെ കുടുംബം എന്നിവക്ക് വേണ്ടി ഉള്ള പതിവ് പ്രാർത്ഥനയിൽ നിന്ന് മാറി നമ്മെപ്പോലെ തന്നെ പാപികളും നിർഭാഗ്യരുമായ അനേകർ മാനസാന്തരപ്പെട്ട് ദൈവസ്നേഹത്തിലേക്കു വരാൻ വേണ്ടി, ആത്മാക്കൾ രക്ഷപെടാൻ വേണ്ടി പ്രാർത്ഥിപ്പിക്കുന്ന രീതി കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രത്യേകത ആയിരുന്നു.
നമ്മിലേക്ക് മാത്രം നോക്കാതെ മറ്റനേകർക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്ന മധ്യസ്ഥ പ്രാർത്ഥന അവർ പരിശീലിപ്പിച്ചു. ക്രിസ്ത്യൻ മിഷനറിമാരെക്കൊണ്ട് ഇന്ത്യക്കു എന്ത് നേട്ടമുണ്ടായി എന്ന് ചിലർ ചോദിക്കുന്ന പോലെയാണ് കരിസ്മാറ്റിക് നവീകരണത്തെ ഇപ്പോൾ മുച്ചൂടും വിമർശിക്കുന്നത്. വിശുദ്ധ ബെർണാഡ് പറയുന്നു ‘ദൈവത്തിന്റെ കണ്ണുകളിൽ ഒരാത്മാവ് ലോകം മുഴുവനെക്കാൾ വിലയുള്ളതാണ്. അതിനാൽ ആത്മാക്കളുടെ രക്ഷക്ക് വേണ്ടി യേശുക്രിസ്തുവിനൊപ്പം അധ്വാനിക്കുക എന്നതിനേക്കാൾ കൂടുതൽ ഉത്കൃഷ്ടവും ഉന്നതവുമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ?
‘യഥാർത്ഥമായ പ്രേഷിത ഹൃദയം രൂപപെടണമെങ്കിൽ ഈശോയോടു ഉള്ളിൽ ഗാഢമായ സ്നേഹം തോന്നണം. ഈശോയെ ആരും നോവിക്കാൻ ഇടവരരുതെന്നുള്ള വാശി വേണം. സ്നേഹത്തിന്റെ അഗ്നി ഉള്ളിൽ ജ്വലിക്കണം. അതിൽ സ്വാർത്ഥത കത്തി ചാമ്പലാവണം. ഈശോ എല്ലാവരിലും രൂപപ്പെടുന്നത് വരെ ഈറ്റുനോവനുഭവിച്ച വിശുദ്ധർ തങ്ങളുടെ ബലിജീവിതം സ്ഥിരോത്സാഹത്തോടെ ഓടിയത് അങ്ങനെയാണ്. ഇതിനു വേണ്ടി വലിയ പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുക്കണമെന്നോ ലോകം മുഴുവൻ ഓടിനടക്കണമെന്നോ ഇല്ല.
നമ്മുടെ സാധാരണ ജീവിതങ്ങളെ അതാതു ജീവിതാന്തസ്സിലും ആയിരിക്കുന്ന മേഖലകളിലും ഈശോയോടുള്ള സ്നേഹത്തെപ്രതി ദൈവമഹത്വത്തിനായും ആത്മാക്കളുടെ രക്ഷക്കായും സമർപ്പിക്കുമ്പോൾ അവയെല്ലാം അതിസ്വാഭാവിക കൃപ സ്വീകരിക്കാനായുള്ള മാർഗ്ഗങ്ങളായി മാറുന്നു. ഡിവൈൻ റിട്രീറ്റ് സെന്ററിൽ നവീകരണ ധ്യാനത്തിൽ പങ്കെടുക്കവെ ആണ് ആദ്യമായി പരിശുദ്ധാത്മ അഭിഷേക അനുഭവം എനിക്കുണ്ടായത്. അതിനോടനുബന്ധിച്ചു തന്നെ മധ്യസ്ഥ പ്രാർത്ഥനാവരവും ലഭിച്ചെന്നു ഞാൻ കരുതുന്നു.
വൈകാതെ തന്നെ പാപികളുടെ മനസാന്തരത്തിനു വേണ്ടിയും, മദ്യപാനവും മറ്റു ലഹരികൾ ശീലമാക്കിയവരുടെ മനസാന്തരത്തിനും നശിച്ചു പോകുന്ന യൂത്തിന്റെ ആത്മനവീകരണത്തിനും, പുരോഹിതർക്കും സന്യസ്തർക്കും ദൈവവിളിക്കും സെമിനാരികളിൽ പഠിക്കുന്നവർക്കും ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്കുമൊക്കെ വേണ്ടി പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഞാൻ പൂർണ്ണമായി നന്നായി കഴിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങാമെന്ന് വിചാരിച്ചിരുന്നെങ്കിൽ അങ്ങനൊരു സമയം ഒരിക്കലും വരില്ലായിരുന്നു.
പക്ഷെ, ഈ പ്രാർത്ഥനക്കൊപ്പം തന്നെ എന്റെ ശുദ്ധീകരണവും കർത്താവ് സാധ്യമാക്കി കൊണ്ടിരുന്നു. അതിൽപിന്നെ ഇന്ന് വരെ കർത്താവിനോടു ചേർന്നുനിന്നെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. ഒരുപാടു കാലം ദൈവസ്നേഹത്തിൽ നിന്നകന്നു ജീവിച്ചിട്ടുണ്ട് ഇടക്കൊക്കെ. ദൈവസ്നേഹത്തില്നിന്നകന്നപ്പോഴൊക്കെ മധ്യസ്ഥപ്രാർത്ഥനയും നിന്നുപോയി. വീണ്ടും വീണ്ടും ഈശോ തന്നെ എന്നെ തിരികെ പിടിച്ചു കൊണ്ട് വന്നു. കടലിലെ വെള്ളത്തിൽ ഒരു തുള്ളി എങ്ങനെയോ അത്രക്കും പ്രസക്തിയില്ലാത്തതാണ് നമ്മുടെ പ്രാര്ഥനയെന്നു നമുക്ക് തോന്നാം.
പക്ഷെ, അപര്യാപ്തമെന്നു നമുക്ക് തോന്നുന്ന പ്രാർത്ഥനകൾക്കും വലിയ വില തരുന്നവനാണ് ഈശോ. മറ്റുള്ളവർക്കു വേണ്ടി പ്രാർഥിച്ചത് ഫലം ചൂടുന്നത് കാണാൻ പലപ്പോഴും അനുവദിക്കാറുണ്ട്. ഒരിക്കൽ ഞാൻ തീവ്രവാദികളാൽ തട്ടിക്കൊണ്ടുപോയി യെമെനിൽ ബന്ദിയാക്കപ്പെട്ട Fr. ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഒന്നോ രണ്ടോ വീഡിയോസ് ഫാദറിന്റേതായി പുറത്തുവന്നിരുന്നെങ്കിലും അതിനുശേഷം കുറേക്കാലമായി ഒരു വിവരവും ഉണ്ടായിരുന്നില്ല. ജപമാലകൾ ആ നിയോഗത്തിനു വേണ്ടി അർപ്പിച്ചു. കുറച്ചു കാലത്തെ പ്രാർത്ഥനക്കു ശേഷം ഒരു ദിവസം ഫാമിലി wtzp ഗ്രൂപ്പിൽ എന്റെ അനിയൻ ഇട്ട പോസ്റ്റ് കണ്ട് ഞാൻ തുള്ളിച്ചാടി.
Fr. ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഫ്രാൻസിനിക്കു മാനസാന്തരം ഉണ്ടായതിൽ വിശുദ്ധ കൊച്ചുത്രേസ്സ്യ സന്തോഷിച്ച പോലെ ഞാൻ സന്തോഷാശ്രുക്കളൊഴുക്കി ദൈവത്തിനു നന്ദി പറഞ്ഞു. എനിക്കറിയാം Fr.ടോമിന് വേണ്ടി സഭയിലെ അനേകരിൽ നിന്ന് തീക്ഷ്ണമായ പ്രാർത്ഥനകൾ ഉയർന്നിരുന്നു. എങ്കിലും എനിക്കറിയാം എന്റെ ഈശോ എന്റെ എളിയ പ്രാർഥനക്കും വില തന്നു. സർവ്വകാര്യങ്ങളിലും ദൈവമഹത്വമാണ് ആഗ്രഹിക്കേണ്ടത്. അവിടുന്ന് മാത്രമേ മഹത്വം അർഹിക്കു ന്നുള്ളു. ലോകത്തിലെ ഏറ്റവും വലിയ പാപി പോലും തൻറെ മനസാന്തരത്തിനും വിശുദ്ധീകരണത്തിനും പൂർണ്ണമായി കടപ്പെട്ടിരിക്കുന്നത് ദൈവത്തോട് മാത്രമാണ്. അല്ലെങ്കിൽ സ്വർഗ്ഗത്തിൽ അനേകം ‘ചെറു രക്ഷകന്മാരും’ വലിയ രക്ഷകന്റെ ഒപ്പം ഉണ്ടായെന്നു വരും.
പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണമെങ്കിൽ മറ്റാരോടും ബാധ്യതയുണ്ടാകാൻ പാടില്ലല്ലോ. മറ്റാരെയും രക്ഷകരായി കരുതാനും പാടില്ല. വിശുദ്ധരെ പോലും സ്വർഗ്ഗത്തിലെത്തുന്ന മനുഷ്യാത്മാവ് രക്ഷകരായി കരുതാൻ പാടുള്ളതല്ല. തൻറെ രക്ഷയുടെ മുഴുവൻ കാരണവും ദൈവത്തിൽ മാത്രമാണ് കണ്ടെത്തേണ്ടത്. നാം വളർത്തി എന്ന് ആരെക്കുറിച്ചെങ്കിലും പറയാൻ കഴിയുന്നതെപ്പോഴാണ്? അവർ ദൈവത്തിന്റേതായി തീരുമ്പോൾ മാത്രം. ദൈവത്തെ യഥാവിധി സ്നേഹിക്കാൻ ഒരാളെ പരിശീലിപ്പിക്കുകയാണ് വളർത്തൽ. എങ്കിൽ അവർ നമ്മളോട് പ്രതിപത്തിയുള്ളവരായിത്തീരണമെന്നു കരുതുന്നത് വൈരുധ്യം തന്നെയാണ് .
തങ്ങളുടെ ആരാധകരെ എവിടെയും പോകാതെ ചേർത്ത് നിർത്തുന്ന പ്രാർത്ഥന കൂട്ടായ്മകളും മറ്റു ധ്യാനകേന്ദ്രങ്ങളിലേക്കു ആരും പോകാതെ ഇവിടെത്തന്നെ നിൽക്കണമെന്ന് നിഷ്കർഷിക്കുന്ന ധ്യാനഗുരുക്കന്മാരും ഉണ്ടെങ്കിൽ, അവർ ആഗ്രഹിക്കുന്നത് ദൈവരാജ്യത്തിന്റെ വിസ്തൃതി അല്ല സ്വന്തം രാജ്യത്തിൻറെ വിസ്തൃതി ആണ്. സഭക്ക് വേണ്ടിയുള്ള നിരന്തരമായ മധ്യസ്ഥ പ്രാർത്ഥന ആവശ്യമാണ്. സഭയെ ആക്രമിക്കുകയാണ് ഈശോയെ ആക്രമിക്കാനുള്ള എളുപ്പവഴി എന്നറിയാവുന്നതു കൊണ്ട് ലോകത്തിൽ ദൈവത്തിന്റെ രക്ഷാകര സാന്നിധ്യത്തിന്റെ അടയാളവും ക്രിസ്തുവിന്റെ ശരീരവുമായ സഭയെ അവൻ എപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് സഭാമക്കൾ ഉണർന്നിരുന്നു പ്രാർത്ഥിക്കേണ്ടതുണ്ട്.
അക്രൈസ്തവരും അവിശ്വാസികളായ സഹോദരരും നമ്മുടെ മധ്യസ്ഥ പ്രാർത്ഥനയിൽ വിഷയമാകേണ്ടതാണ്. അവരെ ഹൃദയപൂർവം സ്നേഹിക്കാതെ നമുക്ക് അവർക്കു വേണ്ടി പ്രാർത്ഥിക്കാനും പറ്റില്ല . ദൈവത്തിനു എല്ലാവരും സ്വന്തം തന്നെ. സുവിശേഷ പ്രഘോഷണ വിജയത്തിനും മിഷനറിമാർക്കൊക്കെയും വേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് കടമയുണ്ട് . സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിൻബലമായി പ്രാർത്ഥന ഉണ്ടായിരിക്കണം. പുരോഹിതരിലും സന്യസ്തരിലും കുറ്റമാരോപിക്കപെട്ടു സഭ കല്ലേറ് ഏറ്റുകൊണ്ടിരിക്കുമ്പോൾ എറിയാൻ കല്ലെടുത്തു കൊടുക്കാതെ സത്യം പുറത്തുവരാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം. ഗര്ഭച്ഛിദ്രത്തിനെതിരെ പ്രാർത്ഥനയിൽ നിലകൊള്ളണം.
നിഷ്കളങ്കരക്തം ചിന്താതെ ഇരിക്കാൻ, ഗർഭസ്ഥ ശിശുക്കളുടെ നിലവിളി ഉയരാതിരിക്കാൻ, മാതാപിതാക്കളുടെ ഹൃദയം കഠിനമാകാതിരിക്കാൻ പ്രാർത്ഥിക്കാംമധ്യസ്ഥപ്രാർത്ഥനയുടെ പ്രത്യേകവിഷയമായി മാറേണ്ടതാണ് ശുദ്ധീകരണാത്മാക്കൾ. പ്രത്യാശയുണ്ടെങ്കിലും സഹനത്തിലായിരിക്കുന്ന അവരെ നമുക്ക് സഹായിക്കാൻ കഴിയും. നമ്മളോട് അവർ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നുണ്ട്. മഠത്തിന്റെ കോറിഡോറിൽ ജപമാലയുമേന്തി നടന്നിരുന്ന വിശുദ്ധ എവുപ്രാസിയമ്മ, അമ്മയോട് പ്രാർത്ഥനാസഹായം ചോദിച്ചു വന്നിരുന്ന ശുദ്ധീകരണാത്മാക്കളെ ആശ്വസിപ്പിച്ചു പറഞ്ഞയക്കുമായിരുന്നു.
‘പൊയ്ക്കോ, ഞാൻ പ്രാർത്ഥിക്കാം’ എന്ന് പറയും. വിശുദ്ധ മറിയം ത്രേസ്സ്യ ശുദ്ധീകരണാത്മാക്കൾക്കായി ദണ്ഡമോചനം നേടി കാഴ്ച വെച്ചിരുന്നു. വിശുദ്ധ പാദ്രെ പിയോ പോലുള്ള അനേകം വിശുദ്ധരുടെ അടുത്ത് ശുദ്ധീകരണാത്മാക്കൾ പ്രാർത്ഥന സഹായം യാചിച്ചു വന്നിരുന്നു. ജപമാലയും വിശുദ്ധ കുർബ്ബാനയും പ്രായച്ഛിത്ത പ്രവൃത്തികളും വഴി നമുക്ക് ശുദ്ധീകരണാത്മാക്കളെ സഹായിക്കാൻ പറ്റുംമധ്യസ്ഥ പ്രാർത്ഥന നടത്തുന്നവരിൽ ചുരുങ്ങിയ വിഭാഗമേ പരിത്യാഗ മനോഭാവത്തോടെ നഷ്ടപെടുന്ന ആത്മാക്കൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നുള്ളു. സഹനം അവരുടെ കൂടപ്പിറപ്പാണ്.
മൂന്നുതരത്തിലുള്ള സഹനത്തിലൂടെ അവർ കടന്നുപോയികൊണ്ടിരിക്കും. വിശുദ്ധീകരണത്തിനു വേണ്ടി ഉള്ള സഹനം ( അവരുടെ തന്നെ വിശുദ്ധീകരണത്തിനും മറ്റുള്ളവരുടെ വിശുദ്ധീകരണത്തിനും ), ക്രിസ്തുവിന്റെ സഹനങ്ങളിലുള്ള ഭാഗഭാഗിത്വം, സാത്താന്റെ തിരിച്ചടികൾ. പിശാച് വളരെ അസ്വസ്ഥനാകുന്ന പ്രാർത്ഥനയാണ് ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന. കാരണം അവന്റെ നിയോഗം തന്നെ ആത്മാക്കളെ നശിപ്പിക്കുക എന്നതാണ്.
പ്രാർത്ഥിക്കുന്ന വ്യക്തികളെ പരമാവധി ഉപദ്രവിക്കാനും ശ്രദ്ധ മാറ്റിക്കളയുവാനുമൊക്കെ അവൻ ശ്രമിക്കും. കർത്താവിന്റെ തിരുരക്തത്തിന്റെ സംരക്ഷണം ചോദിച്ചു വാങ്ങിയ ശേഷമേ ഈ മേഖലയിൽ കൈ വെക്കാവൂ. അനുദിന ജീവിതത്തെ നമുക്ക് ബലിയാക്കി മാറ്റാം. അതുവഴി ലോകത്തിന്റെ വിശുദ്ധീകരണത്തിൽ ഈശോയോടു പങ്കുചേരാം. സ്വാഭാവിക ജീവിതത്തിലൂടെ അതിസ്വാഭാവിക നന്മകൾ പ്രാപിക്കാം . നമ്മുടെയും മറ്റുള്ളവരുടെയും തെറ്റുകൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കാം. വിശുദ്ധരാരും അന്യരുടെ തെറ്റുകൾ ഏറ്റുപിടിച്ചു പരസ്യപ്പെടുത്താൻ തങ്ങളുടെ നാവിനെ വിട്ടുകൊടുത്തില്ല . അവർ അപരന്റെ തെറ്റുകൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിച്ചവരാണ്. സംഭവിച്ചതല്ലേ പറഞ്ഞുള്ളു എന്ന ന്യായീകരണമാണ് പലർക്കും. മാലിന്യവും രോഗവും പരത്തുന്ന ഈച്ചകളെ പോലെ നമുക്ക് ആകാതിരിക്കാം. മറ്റുള്ളവരുടെ തെറ്റുകൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്നത് ദൈവസന്നിധിയിൽ ഏറെ വിലയുള്ളതാണ്.
By, ജിൽസ ജോയ്