Mathew Chempukandathil
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞനേ ഉദ്ധരിച്ച്, “നിരീശ്വരവാദത്തെ ചെറുക്കാന്‍ കഴിയുന്നത് പെന്തക്കൊസ്തിന്” -എന്നു വാദിച്ചുകൊണ്ട് ബ്രദര്‍ ഡെനീഷ് സെബാസ്റ്റ്യന്റെ ഒരു പോസ്റ്റ് കണ്ടു. അതിലെ മറ്റ് വാദങ്ങളോടൊന്നും ഇവിടെ പ്രതികരണം നടത്തുന്നില്ല. എന്നാല്‍, ഈ ലേഖനത്തിലേ ഒരു പരാമര്‍ശത്തേക്കുറിച്ച് അല്‍പ്പം പ്രതിപാദിക്കേണ്ടതുണ്ട് എന്നു തോന്നി.
“…..എങ്ങനെ നോക്കിയാലും രണ്ടായിരം വര്‍ഷം പഴക്കം അവകാശപ്പെടുന്ന സുറിയാനി പാരമ്പര്യമുള്ള ഓര്‍ത്തഡോക്സുകാര്‍ മൊത്തം ക്രിസ്ത്യാനികളുടെ കേവലം 2.75 ശതമാനം മാത്രമുള്ളപ്പോള്‍ കേവലം ഒരു നൂറ്റാണ്ടു മുമ്പു മാത്രം ആരംഭിച്ച ആധുനിക ക്ലാസിക്കല്‍ പെന്തക്കൊസ്ത് സമൂഹം ഇന്ന് മൊത്തം ക്രിസ്ത്യാനികളുടെ 12.8 ശതമാനം ഉണ്ട്…” എന്നാണ് ബ്രദര്‍ ഡെനീഷ് ഈ ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്.
പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വളര്‍ന്ന് വികസിതമായ കിഴക്കന്‍ സഭ ഇന്നത്തെ സൗദി അറേബ്യ മുതല്‍ ഇന്ത്യ, ചൈന ഭൂവിഭാഗങ്ങള്ക്കുള്ളില് പ്രബലമായ ക്രൈസ്തവസഭയായിരുന്നു. അന്നത്തെ നില തുടര്‍ന്നിരുന്നെങ്കില്‍ യൂറോപ്പിനേക്കാള്‍ വലിയ ക്രൈസ്തവ സമൂഹമായി മധ്യേഷ്യന്‍ ക്രൈസ്തവസമൂഹം രൂപപ്പെടുമായിരുന്നു. പടിഞ്ഞാറന്‍ സഭകളേപ്പോലെ രാജാധികാരത്തിന്റെ സ്വച്ഛതയില്‍ വളരുവാന്‍ കഴിയാതെ, ബൈസന്റൈന്‍ (ഈസ്റ്റേണ്‍) സഭകളെപ്പോലെ രാജാക്കന്മാരുടെ പിന്തുണയില്ലാതെ, നിരന്തരം പീഡനങ്ങളിലൂടെ കടന്നുപോയ സഭയാണ് സുറിയാനി സഭ.
നിലനിന്നിരുന്ന കാലഘട്ടങ്ങളിലെല്ലാം നിരന്തരം പീഡിപ്പിക്കപ്പെട്ട ഒരു സഭാ സമൂഹം ക്രൈസ്തവചരിത്രത്തില് ഉണ്ടെങ്കില്‍ അത് കിഴക്കന്‍ (പേര്‍ഷന്‍) സഭകൾ മാത്രമാണ്.
ഏഷ്യാ വന്‍കരയുടെ ഹൃദയഭാഗത്തുനിന്നും ശക്തമായ സുവിശേഷീകരണം നടത്താന്‍ ഈ സഭയ്ക്ക് കഴിഞ്ഞു. ഇസ്ലാമിന്റെ ഉത്ഭവകേന്ദ്രമായ സൗദി അറേബ്യയില്‍ എഡി 676-ല്‍ പാത്രിയാര്‍ക്കീസ് ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു സിനഡ് നടത്തിയതിന്റെ ചരിത്രം പോലും സുറിയാനി സഭാ ചരിത്രത്തിൽ കാണാന്‍ സാധിക്കും.
മുസ്ലിം ഭരണത്തിന്റെ കീഴില്‍ പേര്‍ഷന്‍ സുറിയാനി സഭയ്ക്ക് വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. ക്രിസ്ത്യാനികള്‍ സ്ഥലക്കരം (ഖരാജം), തലക്കരം (ജസിയ) എന്നിവ കൊടുക്കേണ്ടി വന്നു. സൗരാഷ്ട്ര മതക്കാരോടും യഹൂരോടുമൊപ്പം ക്രിസ്ത്യാനികളെയും ”ദിമ്മികള്‍” അഥവാ രണ്ടാംകിട പൗരന്മാരായി രാജ്യം കണക്കാക്കി. എട്ട്, ഒമ്പത് നൂറ്റാണ്ടുകളില്‍ സുല്‍ത്താന്‍ അല്‍ മഹ്ദി, സുല്‍ത്താന്‍ ഹാരൂണ്‍ അല്‍ റഷീദ്, അല്‍ മുതവക്കീല്‍ എന്നീ അബ്ബാസിദ് രാജാക്കന്മാരുടെ ഭരണകാലത്ത് പാത്രിയാര്‍ക്കീസ് ഉള്‍പ്പെടെയുളള ക്രൈസ്തവര്‍ കൊടും പീഢനത്തിന് ഇരയായി’.
പേര്‍ഷ്യന്‍ ക്രൈസ്തവര്‍ നേരിട്ട ഭരണത്തേക്കുറിച്ച് Christian Martyrs Under Islam: Religious Violence and the Making of the Muslim World (ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി) പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഇസ്ലാമിന്റെ ആരംഭകാലത്ത് നടന്ന മതപരിവര്ത്തനത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എഡി 775-ല്‍ വടക്കന്‍ മെസപ്പൊട്ടേമിയയിലെ ഒരു മൊണാസ്ട്രിയിലെ സുറിയാനിക്കാരനായിരുന്ന ക്രിസ്ത്യന്‍ സന്യാസി ജോഷ്വാ ദി സ്റ്റൈലിറ്റ് എഴുതിയ ക്രൈസ്തവ പീഡനത്തിന്റെ ദൃക്സാക്ഷിവിവരണമായ Zuqnin Chronicle- നെ ആസ്പദമാക്കിയാണ് Christian Martyrs Under Islam എന്ന ഗ്രന്ഥത്തിലെ ഒന്നാം അധ്യായം ആരംഭിക്കുന്നത്.
“അബ്ബാസിദ് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത പീഡനവും ടാക്സും നിമിത്തം ആടുകള്‍ വെള്ളത്തിനരികിലേക്ക് കുതിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ക്രിസ്ത്യാനികള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറായിക്കൊണ്ടിരുന്നു. ഒരേസമയം ഇരുപതു മുതല്‍ മുന്നൂറുവരെയുള്ള സംഘങ്ങളായിരുന്നു ഇസ്ളാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടത്. അവര്‍ക്ക് ക്രിസ്തുവിനെയും മാമോദീസായെയും അന്ത്യത്താഴത്തെയും കുരിശിനെയും എല്ലാം തള്ളിപ്പറയേണ്ടി വന്നു. കുട്ടികളും പ്രായപൂര്‍ത്തിയായവരും വൃദ്ധന്മാരും കൂടാതെ മുതിര്‍ന്ന വൈദീകരും ഡീക്കന്മാരും എല്ലാം ഈ കൂട്ടത്തിലുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ മതപരമായി വലിയൊരു മാറ്റം സംഭവിച്ചു. അത് ‘ചര്‍ച്ചില്‍ നിന്ന് മോസ്കി’ലേയ്ക്കു മാത്രം ആയിരുന്നു” (പേജ് 29).
മതപരിവര്‍ത്തനത്തിന് തയ്യാറായവരുടെ അനേകം ഇരട്ടി ക്രൈസ്തവര്‍ രക്തസാക്ഷികളായി. പീഡനങ്ങളില്‍ പിടിച്ചുനിന്ന ക്രൈസ്തവരുടെ തലമുറകളെ 1380-നും 1387-നും ഇടയില്‍ തൈമൂറിന്റെ നേതൃത്വത്തില്‍ തുര്‍ക്കികള്‍ പീഡിപ്പിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. പതിനായിരക്കണക്കിന് ക്രൈസ്തവര്‍ ഇക്കാലഘട്ടത്തിലും ഇവിടെ രക്തസാക്ഷികളായി. ദേവാലയങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.
സംഭവബഹുലമായ 14 നൂറ്റാണ്ടുകളില്‍ കിഴക്കന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴില്‍ 20 പ്രൊവിന്‍സുകളും 25 മെത്രാപ്പോലീത്തന്‍ ആസ്ഥാനങ്ങളും ഓരോ പ്രൊവിന്‍സിലും എട്ടു മുതല്‍ പത്തുവരെ മെത്രാന്മാരുമായി മുന്നൂറോളം മെത്രാന്മാർ ഉള്‍പ്പെടുന്ന സഭയായിരുന്നു പേര്‍ഷ്യന്‍ സഭ. മാര്‍ തോമാ സ്ലീഹായാല്‍ സ്ഥാപിതമായ പേര്‍ഷ്യയിലെ സഭ, ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്; ഓര്‍മ്മയില്‍ മാത്രം അവശേഷിക്കുന്നു.
പേര്‍ഷന്‍ സഭയ്ക്ക് ഈ പീഡനം ഏല്‍ക്കേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ആഗോള ക്രൈസ്തവസമൂഹത്തില്‍ സുറിയാനി ക്രൈസ്തവരുടെ എണ്ണം എത്രയായിരിക്കും എന്നത് ഇന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. സുറിയാനി സഭ ഇന്ന് 2.75 ശതമാനമായി നിലനില്ക്കുന്നതു തന്നെ ഇറാന്, ഇറാക്ക്, സിറിയ തുടങ്ങി ഇസ്ലാമിക ഭീകരവാദം അതിശക്തമായി നിലകൊള്ളുന്ന ഒരു ഭൂഭാഗത്താണ്. ക്രൈസ്തവചരിത്രത്തില് സുറിയാനി സഭ ഒരു അത്യത്ഭുതമാണ്.
കിഴക്കൻ സുറിയാനി സഭാ പാരമ്പര്യത്തിന്റെ ഇന്നത്തെ അവശേഷിപ്പാണ് കേരളത്തിലെ സീറോമലബാര്‍ സഭ, കൽദായ സുറിയാനി സഭ എന്നിവ. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 55 ലക്ഷം വിശ്വാസികള്‍ ഈ സഭകളിലുണ്ട്. തോമാസ്ലീഹായുടെ അപ്പൊസ്തൊലിക പാരമ്പര്യത്തില്‍ രൂപപ്പെട്ട ഭാരതസുറിയാനിസഭയില് ജനസംഖ്യ കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് കാരണം ജനനനിരക്കിലുള്ള കുറവും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമാണ്. എന്നാൽ കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് മൂവ്മെൻ്റ് 2002 വരെ മൂന്നു ലക്ഷം പേരെ ക്രിസ്തു വിശ്വാസത്തിലേക്ക് സുവിശേഷീകരിച്ചതായും The New International Dictionary of Pentecostal and Charismatic Movements by by Stanley M. Burgess (page 95) വ്യക്തമാക്കുന്നു.
16-ാം നൂറ്റാണ്ടിലെ കേരളത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനാല്‍ സ്വത്തും ഉദ്യോഗവും ഇല്ലാതിരുന്ന മുക്കുവര്‍, തീയ്യര്‍, ഹരിജനങ്ങള്‍ എന്നിവര്‍ ആയിരുന്നു പോര്‍ച്ചുഗീസുകാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരിൽ ഭൂരിപക്ഷവും. വി. ഫ്രാന്‍സിസ് സേവ്യറുടെ തീഷ്ണതയേറിയ പ്രവര്‍ത്തനത്തിലൂടെ പതിനായിരക്കണക്കിന് മുക്കുവസഹോദരന്മാര് ക്രിസ്തുവിശ്വാസം സ്വീകരിച്ചു (തിരുസ്സഭാ ചരിത്രം പേജ് 940).
ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞുനിന്ന കാലത്താണ് കേരളത്തില്‍ സുറിയാനിസഭകള്‍ നിലനിന്നിരുന്നത്. ഇന്ത്യന്‍ യൂണിയന് രൂപവല്ക്കരിക്കപ്പെടുന്നതിന് മുമ്പ്, നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന കാലത്തും മാര്‍ത്തോമാ നസ്രാണികള്‍ തങ്ങളാലാവുംവിധം സുവിശേഷ പ്രവര്‍ത്തനങ്ങളും അക്രൈസ്തവരെ മാനസാന്തരത്തിലേക്ക് നയിക്കാനും ശ്രമിച്ചിട്ടുണ്ട്. എഡി 1628-ല്‍ ലിസ്ബണിലെ മാര്‍പാപ്പായുടെ പ്രതിനിധിക്ക് ക്രൈസ്തവ സമുദായ നേതാവ് (ആര്‍ച്ച് ഡീക്കന്‍) എഴുതിയ കത്തില്‍ ഈശോസഭാ വൈദികര്‍ക്കെതിരേ പരാതിയായി പറയുന്നത് “അവര്‍ക്ക് അക്രൈസ്തവരേ മാനസാന്തരത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയില്ല” എന്നാണ്. (തിരുസ്സഭാ ചരിത്രം, പേജ് 837).
പെന്തക്കൊസ്ത് മൂവ്മെന്റ് ഭാരതത്തില്‍ ഉള്‍പ്പെടെ ലോകലാരാജ്യങ്ങളില് വളര്‍ന്നു വികാസം പ്രാപിച്ചതിന്റെ പ്രധാന കാരണം ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ശക്തമായ മനുഷ്യാവകാശങ്ങളാണ്. വിശ്വാസസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, മതേതരബോധം എന്നിവ പ്രബലമായ തന്നെത്ത ലോകക്രമത്തിൽ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നിതനും വിശ്വാസം പരിശീലിക്കുന്നതിനും അവസരമുള്ളതിനാല്‍ ഈ വളര്‍ച്ച സ്വാഭാവികമാണ്.
ഇന്ത്യയിലെ പെന്റക്കൊസ്റ്റ് മൂവ്മെന്റ് കേരളത്തില്‍ വിജയിച്ചതിനും വളര്‍ന്നതിനും പിന്നില്‍ കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പശ്ചാത്തലം വലിയ സംഭവാനകള്‍ ചെയ്തിട്ടുണ്ട്. 1905-ല്‍ പൂനെയില്‍ പണ്ഡിത രമാഭായിയുടെ മുക്തിമിഷനില്‍ ഉണര്‍വ്വ് ഉണ്ടായതായി രേഖയുണ്ടെങ്കിലും അത് വളര്‍ന്നില്ല. അസൂസാ സ്ട്രീറ്റില്‍നിന്ന് “ആത്മനിറവ്” പ്രാപിച്ച അമേരിക്കക്കാരന് എ.ജി ഗാര് 1907-ല്‍ കല്‍ക്കട്ടയില്‍ പ്രവര്‍ത്തനം തുടങ്ങി, 1912-ല്‍ തോമസ് ബാരറ്റ് എന്ന നോര്‍വ്വേക്കാരന്‍ പെന്തക്കൊസ്ത് പ്രവര്‍ത്തനം മദ്രാസ് പ്രവിശ്യയിലെ കൂനൂരില്‍ ആരംഭിച്ചു, ജോര്‍ജ് ബര്‍ഗ് എന്ന അമേരിക്കന്‍ ബാംഗളൂരില്‍ പ്രവര്‍ത്തിച്ചു.
1918-ല്‍ ക്രിസ്ത്യന്‍ ഷൂണ്മേക്കറും മിന്നി എഫ് അബ്രാംസ് എന്നിവരും ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടും കേരളത്തിലേതുപോലെ ഒരു പെന്റക്കൊസ്റ്റ് മുന്നേറ്റം ഇവിടെയെങ്ങും ഉണ്ടായില്ല; ഇതിൻ്റെ കാരണം അവിടെയെങ്ങും അക്കാലത്ത് ക്രൈസ്തവ പശ്ചാത്തലം നിലനിന്നിരുന്നില്ല എന്നതു തന്നെ.
1909-ല്‍ ജോര്‍ജ് ബര്‍ഗും പിന്നീട് റോബര്‍ട്ട് എഫ് കുക്ക് സായിപ്പും കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിൽ പ്രവര്‍ത്തനം തുടങ്ങിയതാണ് കേരളത്തിലെ പെന്റക്കൊസ്റ്റ് മൂവ്മെന്റിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്. പെന്തക്കോസ്ത്ത് മൂവ്മെൻ്റിന് അന്നും ഇന്നും നേതൃത്വം നൽകുന്നവരെല്ലാം സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പോര്‍ച്ചുഗീസുകാരുടെ വരവോടെ കലാപകലുഷിതമായ സുറിയാനി സഭയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയ യാക്കോബ്- ഓര്‍ത്തഡോക്സ് സഭകളുടെ തര്‍ക്കങ്ങളും എല്ലാം കേരളത്തില്‍ പെന്റക്കൊസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക ഘടകമായി മാറുകയായിരുന്നു. ഇപ്രകാരം ഒരു ചരിത്ര, സാമൂഹിക പശ്ചാത്തലം എല്ലാ രാജ്യങ്ങളിലും പെന്റക്കൊസ്റ്റ് മൂവ്മെൻ്റിൻ്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.