Josemon Vazhayil
ഏറെ കാത്തിരുന്ന The Face of the Faceless-ന്റെ പ്രീമിയര്‍ ഷോ നിറഞ്ഞ സദസില്‍ താരങ്ങള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കും ഒപ്പമിരുന്നാണ് കണ്ടതെങ്കിലും ചിത്രം സമ്മാനിച്ചത് ചങ്കുലക്കുന്ന, കണ്ണ് നനയിക്കുന്ന ഒരു കാഴ്ച്ചാനുഭവമായിരുന്നു. കേട്ടറിവുള്ള ക്ഷമയുടെ കഥയാണ് സംവിധായകന് Shaison ഈ ചിത്രത്തിലൂടെ പറയുന്നത് എങ്കിലും അതൊരു ദൃശ്യാനുഭവമായി തെളിയുമ്പോള്‍ കൂടുതല്‍ മനസ്സ് നിറക്കുന്നുണ്ട്.
സി. റാണി മരിയയുടെ ഘാതകന്റെ കൈകള്‍ സിസ്റ്ററിന്റെ അമ്മ ചുംബിക്കുന്ന ഒരു വല്ലാത്ത രംഗമുണ്ട്… സിനിമ കണ്ടിറങ്ങിയപ്പോള്‍ സി. റാണി മരിയയെ അതിന്റെ പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് മനോഹരമാക്കിയ വിന്‍സി അലോഷ്യസിനെ അഭിനന്ദിച്ചുകൊണ്ട് വിൻസിയുടെ കൈകള്‍ നടന് Sijoy Varghese മുത്തുന്ന ഒരു രംഗം നേരില്‍ കണ്ടപ്പോള്‍ സിനിമയിലെ ആ അമ്മയുടെ രംഗങ്ങള്‍ മനസില്‍ ഓടിയെത്തി.
(വിന്‍സിയുടെ അഭിനയത്തിളക്കത്തെക്കുറിച്ച് മറ്റൊരു കുറിപ്പ് പിന്നീട് എഴുതാം… എഴുതാതെ വയ്യ..!!) സിനിമയിലും, സിനിമക്ക് ശേഷവും ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് “The Face of the Faceless-ന്റെ പ്രീമിയര്‍ ഷോ പര്യവസാനിച്ചത്. കാര്‍ഡിനല്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് സിനിമക്ക് ശേഷം ആശംസാപ്രസംഗം നടത്തിയവസനാപ്പിച്ചപ്പോള് ആണ് സി. റാണി മരിയയായി അഭിനയിച്ച അടുത്തിരുന്ന നായിക വിന്‍സിയെ തിരിച്ചറിഞ്ഞത് എന്നതും തുടര്‍ന്നുണ്ടായ സംസാരവും മറ്റൊരു രസകരമായ രംഗമായി.
എന്നെ സംബന്ധിച്ച് ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ തിയറ്ററില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ഉണ്ടായ സന്തോഷം മറ്റൊരു വശത്ത്. മനസില്‍ ആഗ്രഹിച്ചിരിക്കുന്ന ചിലരെ നേരില്‍ കാണാനും പരിചയപ്പെടാനും പ്രീമിയര്‍ ഷോ വേദികള്‍ ആണല്ലോ ബെസ്റ്റ്. അതിലൊരാള്‍ ആയിരുന്നു സിജോയ് വര്‍ഗ്ഗീസ്. കുറെ നാളുകളായി അദ്ദേഹത്തിനോട് ചോദിക്കാനായി ഒരു പേഴ്സണല്‍ ചോദ്യം മനസില്‍ കൊണ്ട് നടന്നിരുന്നു.
ചോദിച്ചു.. കൃത്യമായി ഒറ്റവരിയില്‍ ഉത്തരവും കിട്ടി…!! ഡബിള്‍ സന്തോഷം…! പിന്നെ സംഗീതസംവിധായകന് അല്‍ഫോന്‍സ് ജോസഫ് മുതല്‍ നായിക വിന്‍സി അലോഷ്യസ് വരെ നേരില്‍ കണ്ട് മിണ്ടാനും…!! പ്രീമിയര്‍ ഷോയിലെ പോലെ നിറഞ്ഞ സദസ് ഇനി വരും ദിനങ്ങളില്‍ സിനിമ റിലീസ് ആയതിനു ശേഷവും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയാണ്.
ഈ ചിത്രം ഒരു കെട്ടുകഥയോ സാങ്കല്പികമോ അല്ലാ… റിയല്‍ സംഭവങ്ങളേയും റാണി മരിയ എന്ന സിസ്റ്ററിന്റെ ജീവിതകഥയേയും അതേപടി പകര്‍ത്താന്‍ ശ്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു ഡോക്യുമെന്ററി ആയിട്ടല്ലാ താനും… മറിച്ച് മനോഹരമായ് ഒരു കഥ പറച്ചിലില്‍ കൂടിയാണ് ആ യാത്ര.
The Face of the Faceless ൽ സ്ക്രീനിലും പിന്നിലുമായി പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ…!! സി. റാണി മരിയയുടെ ജീവിതകഥ നിങ്ങളിലൂടെ ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായി തയാറാക്കപ്പെട്ടിരിക്കുകയാണ്… നന്ദി…!!!
Shaji Joseph Arakkal
പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫിന്റെ മികവുറ്റ സംവിധാനത്തിൽ നിർമിക്കപ്പെട്ട The Face of the Faceless സിനിമയുടെ പ്രിവ്യൂവിനുള്ള ക്ഷണപത്രികയിലെ ആദ്യ വാചകങ്ങളാണ് Be the first to VIEW this labour of love. Be the first to PROMOTE this incredible true story. Be the first to SPREAD the message of ultimate forgiveness.
ഇടപ്പള്ളി വനിതാ തിയറ്ററിലെ നിറഞ്ഞ സദസ്സിൽ ഇന്ന് ആറുമണിക്ക് പ്രിയ സുഹൃത്തുക്കളോടൊപ്പം സിനിമ കണ്ടു. നമ്മുടെ ഈ കാലഘട്ടത്തിൽ അനീതിയ്ക്കും അക്രമങ്ങൾക്കും അഴിമതികൾക്കുമെതിരെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് പൊരുതിയതിന് ഉത്തരേന്ത്യയിലെ മേലാളവർഗ്ഗത്തിന്റെ ആജ്ഞാനുവർത്തിയായ ഒരു അക്രമിയുടെ കത്തിമുനയിൽ ജീവൻ വെടിയേണ്ടിവന്ന ഏറ്റവും അസാധാരണയായ സ്ത്രീകളിൽ ഒരാളായ സി. റാണി മരിയയുടെ കഥയാണ് ചിത്രം പറയുന്നത്.
12 സംസ്ഥാനങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 150-ൽപരം കലാകാരൻമാർ അണിനിരന്ന ഈ അന്തർദേശിയ ചിത്രത്തിലെ നായിക 2022-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് വിൻസി അലോഷ്യസ് ആണ്. എന്റെ സുഹൃത്ത് Jesus Jackson -ഉം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
മുഴുവൻ അഭിനേതാക്കളും മികച്ചരീതിയിൽ അവരവരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഇതിന്റെ എഡിറ്റർ രഞ്ജൻ അബ്രഹാമിന്റെ സൂക്ഷ്മതയുള്ള എഡിറ്റിംഗ് ജോലി എടുത്തുപറയേണ്ടതാണ്.
ഡയറക്ടർ പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫ് Shaison P Ouseph നമുക്ക് അത്ര പരിചയം കാണില്ല.
മുഖമില്ലാത്തവരുടെ മുഖമായി, മലയാളത്തിൽ നിന്നും ഈ അന്തർദേശിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഈ മലയാളിയാണ്. അന്തർദേശിയ തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ പ്രതിഭയുടെ കൈയൊപ്പ് കാണുവാൻ നിങ്ങളെയും ഞാൻ ക്ഷണിക്കുകയാണ്. തിയറ്ററുകളിലെത്തുമ്പോൾ തീർച്ചയായും ഈ മനോഹര ചിത്രം കാണണം.
Prince Mundanmani
ഒരു പുണ്യ ജീവിതത്തിന്റെ ദൃശ്യാവിഷ്ക്കരണം എന്ന മുൻവിധിയോടെ മാത്രം Official screening കാണുവാൻ തിയ്യറ്ററിൽ വന്നു. വിശുദ്ധ ജീവിതങ്ങളിലേക്ക് ഒത്തിരി അധികം ആകർഷിക്കപ്പെടാത്ത എന്റെ മനസ്സിനെ ചിത്രത്തിന്റെ അവതരണ മികവ്, കഥാപാത്രങ്ങളുടെ അഭിനയ മികവ്, എല്ലാറ്റിനുമുപരി ഒരോ രംഗങ്ങളിലും സംവിധായകന്റെ സൂക്ഷ്മ നിരീക്ഷണ പാടവം കൊണ്ടും പിടിച്ചുലച്ചു കളഞ്ഞു എന്നതാണ് യാഥാർത്ഥ്യം.
വളരെ ചെറിയ റോളിലും പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളുടെ അഭിനയ ശേഷിയെ പരമാവധി വിനിയോഗിക്കുവാൻ സംവിധായകൻ ഒത്തിരി ശ്രദ്ധ ചെലുത്തിയെന്ന് എടുത്തു പറയട്ടെ.
കൃഷിയിടത്തിൽ ഭർത്താവ് കൊല ചെയ്യപ്പെട്ടതിന് സാക്ഷ്യം വഹിച്ച വിധവയേയും കുഞ്ഞിനേയും സാമൂഹിക ജീവിതത്തിന്റ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതും, ഗർഭിണിയായ സ്ത്രീയുടെ രക്തസ്രാവത്തിന് വൈദ്യസഹായം കൂടിയേ തീരു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ കഴിയാത്ത ഗ്രാമീണ അന്ധവിശ്വാസത്തിന് മുമ്പിൽ സി. റാണി മരിയ അനുഭവിക്കുന്ന മാനസിക പിരിമുറക്കവും മനസ്സിൽ എന്നും തങ്ങി നില്ക്കും.
സത്യം എന്തെന്ന് അറിഞ്ഞിട്ടും അജ്ഞതയുടെ ഭൂരിപക്ഷത്തിനു മുമ്പിൽ നിശബ്ദയാകപ്പെടുന്ന ദുരവസ്ഥ വളരെ യാഥാർത്ഥ്യ ബോധത്തോടെ അനുഭവഭേദ്യമാക്കി തന്നു The Face of The Faceless.
ആർദ്രതയുടെ ഉച്ചെസ്ഥഭാവം കൊണ്ടും കണ്ണുകൾ ഈറനണിയിപ്പിച്ചും രണ്ടു മണിക്കൂറോളം വടക്കേ ഇന്ത്യൻ ആദിവാസി കോളനികളുടെ ഗ്രാമീണ നിഷ്കളങ്കതയുടെ മാസ്മരിക തലങ്ങളിലേക്ക് പ്രേക്ഷകരെ ആവഹിച്ചെടുത്തു എന്നതുതന്നെ ഡോ. ഷെയ്സൺ. പി. ഔസേപ്പിനെ മുൻ നിര സംവിധായക ഗണത്തിലേക്ക് ഉയർത്തിയിക്കുന്നുവെന്ന് നിസ്സംശയം പറയാം.