ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ” ആഫ്റ്റർ ലൈഫ്” എന്ന സീരീസ് കണ്ടിട്ട് അതിന്റെ ഹാങ്ങ് ഓവറിൽ ആണ് എഴുതുന്നത്. ഈ സീരിസിനെ ഒറ്റവാക്കിൽ “ഏകാന്തത” എന്ന് പറയാം. ഏകാന്തത അനുഭവിക്കുന്ന ഒരു പറ്റം ആൾക്കാരുടെ കഥയാണ് “ആഫ്റ്റർ ലൈഫ്”.
തീർച്ചയായും കാണേണ്ട സീരീസ് ആണ്. കൂടെ “#കണികം” പുസ്തകത്തിലെ ഏകാന്തത യെപ്പറ്റിയുള്ള ഒരു ഭാഗം കൂടി എഴുതുന്നു. ഏകാന്തത- അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. ഏകാന്തതയെ എങ്ങിനെയാണ് നിർവ്വചിക്കുക?
ഒറ്റപ്പെടൽ, കൂട്ടില്ലാതെ ഇരിക്കുക, സ്നേഹിക്കാൻ ആരും ഇല്ല എന്ന തോന്നൽ ഉള്ള അവസ്ഥ വരിക, കൂട്ടിന് ആളുണ്ട് എങ്കിലും ഒറ്റപ്പെടൽ അനുഭവപ്പെടുക, സാമൂഹ്യമായ ഒറ്റപ്പെടൽ ഇവയെല്ലാം ഏകാന്തതയുടെ വിശാലമായ നിർവചനത്തിൽ വരുന്നതാണ്. അനുഭവിക്കുന്നവരോട് ചോദിച്ചാൽ അതിന്റെ ഭീകരത മനസ്സിലാകും. മദർ തെരേസ പറഞ്ഞത്, “The most terrible poverty is loneliness, and the feeling of being unloved.” അതായത് ഏറ്റവും ഭയാനകമായ ‘പട്ടിണി’ എന്നാൽ അത് ഏകാന്തതയും, ആരും സ്നേഹിക്കാനില്ല എന്ന തോന്നലും ആണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അവസ്ഥയിൽ കൂടി പോയിട്ടില്ലാത്തവർ വിരളം ആകും. ബ്രിട്ടീഷ് റെഡ് ക്രോസ്സിന്റെ കണക്കു പ്രകാരം ആറുകോടി (65.6 million) ജന സംഖ്യ ഉള്ള ബ്രിട്ടനിൽ ഏകദേശം തൊണ്ണൂറു ലക്ഷം ആൾക്കാർ (nine million) ആൾക്കാർ ഏകാന്തത അനുഭവിക്കുന്നവർ ആണ്. കഴിഞ്ഞ വർഷം അമേരിക്കയിലെ സർജൻ ജനറൽ ആയ വിവേക് മൂർത്തി പറഞ്ഞത് (The Problem of Loneliness at Work, Harvard Business Review, APRIL 24, 2018), “ഏകാന്തത ഒരു വളരുന്ന ‘മഹാമാരി’ ആണ്. സാമൂഹ്യമായ ഒറ്റപ്പെടൽ മനുഷ്യന്റെ ആയുസ്സു കുറയ്ക്കും, ഇത് ഏകദേശം ഒരു ദിവസം പതിനച്ചു സിഗരറ്റ് വലിക്കുന്നത് കൊണ്ട് കുറയുന്നതിനു സമാനമായതാണ്.
തെരേസാ മേയ് Office for National Statistics (ONS) നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത് പതിനാറു മുതൽ ഇരുപത്തിനാല് വരെ ഉള്ള യുവാക്കളിൽ പലരും പെൻഷൻ ആയ 65 മുതൽ 74 വരെയുള്ളവരേക്കാൾ ഏകാന്തത അനുഭവിക്കുന്നവർ ആണ് എന്നാണ്. ഇന്ത്യയിലെ കാര്യവും വിഭിന്നമല്ല. ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച ‘You Are Not the Only One: India stares at a loneliness epidemic’ റിപ്പോർട്ടിൽ ( Asad Ali , Tabassum Barnagarwala, ഇന്ത്യൻ എക്സ്പ്രസ്സ്, April 29, 2018) പറയുന്നത് ഏകാന്തത മൂലമുള്ള ആത്മഹത്യ ഇന്ത്യൻ യുവാക്കളിൽ കൂടി വരുന്നു എന്നാണ്.
Centre for the Study of Developing Societies ഉം Konrad Adenauer Stiftung നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യയിലെ 15-34 നും ഇടയിൽ ഉള്ള യുവാക്കളിൽ പന്ത്രണ്ടു ശതമാനം ഡിപ്രഷൻ അനുഭവിക്കുന്നവരും, എട്ടു ശതമാനം തുടർച്ചയായി ഏകാന്തത അനുഭവിക്കുന്നവരും ആണ് എന്നാണ്. കൂടാതെ 2015-16 കാലത്ത് ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടത്തിയ നടത്തിയ National Mental Health സർവേയിൽ ഏകാന്തത മൂലമുള്ള വിഷാദ രോഗം അനുഭവിക്കുന്നവരിൽ ഏറ്റവും കൂടുതൽ 40-49 വയസ്സുള്ള സ്ത്രീകൾ ആണ് എന്ന് കണ്ടെത്തി ( Asad Ali , Tabassum Barnagarwala, ഇന്ത്യൻ എക്സ്പ്രസ്സ്, April 29, 2018). പ്രായമായവർ, വിധവകൾ, വിഭാര്യർ ഇവരൊക്കെയാണ് ഒറ്റപ്പെടൽ അനുഭവിക്കുന്ന വേറൊരു വലിയ വിഭാഗം.

നമുക്ക് ചുറ്റിനും ഒന്ന് നോക്കിയാൽ കാണാം, ഏകാന്തത അനുഭവിക്കുന്ന വലിയ ഒരു ജന വിഭാഗത്തെ. സമയം ഉള്ളവർക്ക് ഏകാന്തത അനുഭവിക്കുന്നവർക്കായി പ്രായ ഭേദം അന്യേ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ആണ് പറയുന്നത്.
- ഞാൻ താമസിക്കുന്ന രാജ്യമായ അയർലണ്ടിൽ ഏകാന്തത അനുഭവിക്കുന്നവർക്കായി വളരെ വിജയകരമായി പല സ്ഥലങ്ങളിലും ‘ഗുഡ് മോർണിംഗ്’ ക്ലബ്ബുകൾ ഉണ്ട്. എല്ലാ ദിവസവും രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ ഒരുമിച്ചു കൂടി സംസാരിച്ചരിക്കും, ചായ കുടിക്കും, വിശേഷങ്ങൾ ഒക്കെ പങ്കു വയ്ക്കും. സമാനമായി നമുക്കും ‘ചായ ക്ലബ്ബുകളും, കോഫി ക്ലബുകളും’ നടത്താം. ഓരോ പഞ്ചായത്തിലും ഒറ്റപ്പെട്ടവരെ കൂട്ടി, പഞ്ചായത്ത് ഹാളിൽ അല്ലെങ്കിൽ, ക്ലബ്ബിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒത്തു ചേരാം. സാമൂഹ്യ സേവന തല്പരർ ആയ യുവാക്കളും, യുവതികളും മുന്നിട്ടിറങ്ങി ഈ സംരഭം വിജയകരം ആക്കാം. ഒരു ഫേസ്ബുക് അല്ലെങ്കിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഇതിനായി ഉണ്ടാക്കി എല്ലാവരെയും സമയവും ദിവസവും അറിയിക്കാം. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്കായി ഫോണുകളിൽ വിളിച്ചു കാര്യങ്ങൾ അറിയിക്കാം. നിങ്ങളുടെ പഞ്ചായത്ത് മെമ്പറും ആയി ഇങ്ങനെ ഒരു സംരംഭത്തെ പ്പറ്റി ആലോചിക്കുക.
- കുട്ടികളുമായി കൂടുതൽ സംസാരിക്കുവാനും, യാത്ര പോകുവാനും സമയം കണ്ടെത്തുക.
- ഏകാന്തത അനുഭവിക്കുന്ന പ്രായം ആയവരെ ഇടയ്ക്ക് സന്ദർശിക്കുക. അവരോട് സ്നേഹമായി സംസാരിക്കുക. സമയം കിട്ടുമ്പോൾ അവരുമായി പുറത്തു പോകുക.
- വിധവകൾ ആയവരെയും, വിഭാര്യരെയും പുതിയ ഒരു ബന്ധത്തിലേക്ക് കടക്കുവാനായി ഉള്ള സഹായം ചെയ്തു കൊടുക്കാം. കാലം മാറി, സമൂഹത്തെ പേടിച്ചു നിങ്ങൾ ഒറ്റയ്ക്ക് ജീവിക്കേണ്ട എന്ന് ഓർമ്മപ്പെടുത്താം.
- സമാനമായി ദുഃഖം അല്ലെങ്കിൽ ഏകാന്തത അനുഭവിക്കുന്നവരെ പരസ്പരം പരിചയപ്പെടുത്തി കൊടുക്കാം അവർക്ക് ഒരുമിച്ചു സംസാരിക്കുവാനും, സമാഗമത്തിനും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാം. അവർ ഒറ്റയ്ക്കല്ല എന്ന ഒരു ബോധം അവരിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കാം. അതു കൊണ്ട് നിങ്ങളുടെ കുറച്ചു സമയം, പ്രത്യേകിച്ചും യുവാക്കൾ ഏകാന്തത അനുഭവിക്കുന്നവർക്കായി മാറ്റി വയ്ക്കണം. അവർക്കായി ഒരു കൈത്താങ്ങു കൊടുക്കണം.
പറ്റുമെങ്കിൽ അവരെ പഞ്ചായത്തിന്റെ കീഴിൽ ഒരു ഗ്രൂപ്പായി മുകളിൽ പറഞ്ഞ പോലെ ഒരു ‘കോഫീ ക്ലബ്ബ്’ ഉണ്ടാക്കാം. പഞ്ചായത്തു മെമ്പറിന്റെ സഹായം ഇതിനായി അഭ്യർത്ഥിക്കാം. മദർ തെരേസ പറഞ്ഞത് ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ “The most terrible poverty is loneliness, and the feeling of being unloved.” അതെ, ഏകാന്തത എന്നാൽ ഭയാനകമായ പട്ടിണിയാണ്. #കണികം.
By, സുരേഷ് സി പിള്ള