അതെന്താണെന്നറിയുമോ? എളിമയാണ്. എളിമ എന്നത് വിശുദ്ധർ എന്ന സൊ കോൾഡ് (പറയപ്പെടുന്ന.. ) ആൾക്കാർക്ക് മാത്രം വേണ്ടി സംവരണം ചെയ്തിട്ടുള്ള കാര്യമല്ല കേട്ടോ. കുറച്ചൊക്കെ എളിമയില്ലെങ്കിൽ, താന്നുകൊടുക്കാൻ കഴിയില്ലെങ്കിൽ, അമ്മായമ്മ – മരുമകൾ, സഹോദരർ, മക്കൾ – മാതാപിതാക്കൾ, ഭാര്യ- ഭർത്താവ്, സ്റ്റുഡന്റ് -ടീച്ചർ, തൊഴിലാളി – മുതലാളി, നവസന്യാസിനികൾ, സെമിനാരിയൻസ് – മേലധികാരികൾ, രാജ്യതലവന്മാർ തമ്മിൽ…
ഇങ്ങനെ സർവ്വമേഖലയിലും പ്രശ്നങ്ങളുണ്ടാവും. വിശ്വാസം വേരോടണമെങ്കിൽ എളിമ വേണം. ഈശോയുടെ കാലത്ത്, അഹംഭാവികളായ പ്രീശന്മാർക്ക് യേശുവിനെ മനസ്സിലാക്കാനും അവനിൽ വിശ്വസിക്കാനും കഴിഞ്ഞില്ല. പരിശുദ്ധ അമ്മ കുരിശിൻചുവട്ടിൽ വെച്ച് തൻറെ പുത്രന്റെ നിയോഗത്തോട് ചേർന്നുകൊണ്ട് തന്നെത്തന്നെ ബലിയായി അർപ്പിച്ചു. സജീവമായി നമ്മൾ ദിവ്യബലിയിൽ ഭാഗഭാക്കാവുമ്പോൾ, നമ്മുടെ അമ്മ ചെയ്തതുപോലെ, നമ്മളും കർത്താവിന്റെ നിയോഗത്തോട് ചേർന്നുകൊണ്ട്, നമ്മെതന്നെ ബലിയായി അർപ്പിക്കുന്നു.
നമ്മളും ബലിവസ്തുക്കളായി മാറുന്നു. ഇനിമുതൽ നമ്മുടെ അഭിമാനത്തിന് കോട്ടം തട്ടാതിരിക്കാൻ നോക്കേണ്ടത് ദൈവമാണ്, നമ്മൾ വേവലാതിപ്പെടേണ്ടതില്ല. അഥവാ ലോകത്തിന്റെ ദൃഷ്ടിയിൽ നമ്മള് അപമാനിക്കപ്പെടുന്നെങ്കിൽ, നമുക്ക് മുറിവേൽക്കുന്നെങ്കിൽ, അത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. ഈ വസ്തുത ഓർത്താൽ നമുക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളിൽ, വിഷമങ്ങളിൽ, നമ്മൾ നിരാശപ്പെടില്ല. പിതാവായ ദൈവത്തിനു കിട്ടിയിട്ടുള്ള ബലിവസ്തു അവിടുത്തെ ഇഷ്ടം പോലെ അവിടുത്തേക്ക് ഉപയോഗിക്കാം.
ഫലങ്ങൾ കൊണ്ട് നിറക്കാം, രോഗങ്ങളോ അപമാനങ്ങളോ കൊണ്ട്, കൂടുതൽ കായ്ക്കാനായി വെട്ടിയൊരുക്കാം. എന്തായാലും അത് നമ്മുടെ നന്മക്കായിരിക്കും. ദിവ്യബലിയിൽ പങ്കെടുക്കുന്ന നമ്മൾ, പക്ഷെ ഈ മനോഭാവത്തിലേക്ക് എത്തുന്നുണ്ടോ? നമ്മെ ദ്രോഹിച്ചവരെ പകരം ദ്രോഹിക്കാതെ, അപമാനിച്ചവരോട് പകരം വീട്ടാതെ നമുക്കുറക്കം വരുന്നുണ്ടോ? നമ്മൾ നേരിടുന്ന അപമാനങ്ങള് നമ്മിൽ എളിമ വളരാനായി ദൈവം അനുവദിക്കുന്നവയാണെന്ന് നമ്മൾ ഓർക്കുന്നുണ്ടോ? ബലിയായി അർപ്പിച്ച ശരീരത്തെ മദ്യപാനം, പുകവലി, സ്വയംഭോഗം തുടങ്ങിയ തഴക്കദോഷങ്ങളാൽ മലിനപ്പെടുത്തുവാനും നമുക്ക് അവകാശമില്ല.
വ്യഭിചാരികൾക്കും സ്വയഭോഗികൾക്കും ദൈവത്തിന്റെ സ്വരം കേൾക്കാൻ കഴിയില്ല. ആ പ്രവൃത്തി വെറുത്തുപേക്ഷിക്കാതെ പുണ്യാഭിവൃദ്ധി ഉണ്ടാവുകയില്ല. വ്യഭിചാരിയായ ഹേറോദേസിനോട് ഈശോ ഒന്നും സംസാരിച്ചില്ല. ആവിലായിലെ അമ്മത്രേസ്സ്യ ഇങ്ങനെ പറയുമായിരുന്നു, ” Behold my life, my honour and my will- I’ve given Thee all. I’m Thine. Dispose of me as Thou please”. “ഇതാ എന്റെ ജീവൻ, എന്റെ അഭിമാനം, എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടം പോലെ എന്നോട് പെരുമാറിയാലും”.
നമ്മളും ഇങ്ങനെ പറയുവാണേൽ അഭിമാനത്തെക്കുറിച്ചും ആരോഗ്യത്തെ ക്കുറിച്ചും ഉള്ള നമ്മുടെ വേവലാതികൾ ഇല്ലാതാവും. പലരും ഉപവാസമെടുക്കും, ജാഗരണപ്രാർത്ഥനകൾ ചെയ്യും. എന്നാൽ ചെറിയ പരിഹാസം പോലും കർത്താവിനെപ്രതി നമുക്ക് താങ്ങാൻ പറ്റില്ല. എല്ലാവര്ക്കും പുണ്യവാന്മാരും പുണ്യവതികളും ആകണമെന്നുണ്ട്. പക്ഷെ അവരുടെയൊക്കെ ജീവിതകാലത്ത് എന്തുമാത്രം അപമാനങ്ങളും തെറ്റിദ്ധാരണകളും അവർ സഹിച്ചെന്ന് നമ്മളോർക്കുന്നില്ല.
To be continued…
By, ജിൽസ ജോയ്
(സഹായകഗ്രന്ഥം: ഏറ്റവും പ്രയാസകരമായ സുകൃതം: ഫാ.ചാക്കോ ബർണാഡ് C. R)