റിന്റോ പയ്യപ്പിള്ളി
അമ്മയുടെ മരണം… വല്ലാതെയുലച്ചു അവളെയത്…. കൂടെയുള്ള ജീവിത പങ്കാളിയും നിസഹായനായി…. ഒടുവിൽ കഠിനമായ ഏകാന്തതയെ മറികടക്കാൻ അവളൊരു വഴി കണ്ടെത്തി…. അമ്മയുടെ മരിച്ചടക്കിനു വന്ന എല്ലാ ബന്ധുക്കൾക്കും ഓരോ കത്തെഴുതുക…. അങ്ങനെ ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ അവളാ കത്തുകളെഴുതി തീർത്തു… എഴുതിയ എല്ലാ കത്തുകളും പോസ്റ്റ് ചെയ്യാൻ ഭർത്താവിനെയും ചുമതലപ്പെടുത്തി…. പോകെപോകെ പഴയ ഉത്സാഹം അവൾ വീണ്ടെടുത്തു…
ആഴ്ചകൾക്ക് ശേഷം വീട് വൃത്തിയാക്കാനിറങ്ങിയ അവളൊരു കാഴ്ച കണ്ടു… ദിവസങ്ങളെടുത്ത് താൻ കഷ്ട്ടപ്പെട്ടെഴുതിയ കത്തുകൾ മുഴുവൻ ദാ അലമാരയുടെ താഴത്തെ തട്ടിൽ ഇരിക്കുന്നു… സങ്കടവും നിരാശയും അവളുടെ മനസിലേക്കിരച്ചു കയറി…
ആ നിമിഷത്തിൽ താഴത്തെ നിലയിലെ കോളിംഗ് ബെൽ മുഴങ്ങി… ഭർത്താവാണ്… വാതിൽ തുറന്നു… അകത്തേക്ക് കടന്നതും അയാൾ കണ്ടത്, അവൾ തന്നേൽപ്പിച്ച കത്തുകളാണ്… അയ്ക്കാൻ വിട്ടുപോയതാണ്… കുറ്റബോധത്താൽ അയാളുടെ തല താഴ്ന്നു…
നിസഹായനായി അയാൾ പറഞ്ഞു ”ഞാൻ ഇന്ന് തന്നെ കത്തുകൾ പോസ്റ്റ് ചെയ്തോളാം..” ഒരു പൊട്ടിത്തെറിയാണ് അയാൾ പ്രതീക്ഷിച്ചത്… പക്ഷെ അയാളെ നോക്കി അവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു…”സാരമില്ല… എന്തായാലും ഇത്രയും വൈകിയില്ലേ… ഇനിയിപ്പോ കൊറച്ചു കൂടി വൈകിയാലും സാരമില്ല…. നമുക്കൊരുമിച്ചു ഈ വീടുകളിൽ പോവാം… എന്നീട്ട് ഈ കത്തുകൾ നേരിട്ട് നൽകാം… പോകാൻ പറ്റാത്തത് മാത്രം നമുക്ക് അയക്കാം.”
അത്ഭുതത്തോടെ അയാളവളെ നോക്കി.. വഴക്കും ശകാരവും പ്രതീക്ഷിച്ചു നിന്ന അയാൾക്ക് അവളുടെ സാന്ത്വന വാക്കുകൾ പുതിയ സ്നാനമായിരുന്നു…
ചില സമയങ്ങളിൽ മനുഷ്യർക്ക് വേണ്ടത് അത്തരം സ്നാനങ്ങളാണ്… കുറ്റബോധത്തിന്റെ പടുകുഴിയിൽ നിൽക്കുമ്പോ പഴയത് ഒന്നും ഓർമ്മിപ്പിക്കാതെ ”സാരമില്ല…” എന്ന് പറയുന്നൊരാൾ… ധൂർത്തപുത്രന്റെ അപ്പനെ കണക്കൊരാൾ… കഴിഞ്ഞതിനെയോർത്തു നീറിപ്പുകയുമ്പോ അതിനെപ്പറ്റി ഒരു വാക്ക് പോലും ചോദിക്കാതെ സന്തോഷങ്ങളിലേക്ക് വീണ്ടെടുക്കാൻ തയ്യാറായി നിൽക്കുന്ന ഒരു മനുഷ്യൻ…
ഒരാളെ പരിചയമുണ്ട്… വന്നുപോയൊരു പിഴവിനെയോർത്ത് ജീവിതമൊടുക്കാൻ വണ്ടിയുമായി ഇറങ്ങി പുറപ്പെട്ടതായിരുന്നു… പാതി വഴിയിൽ അപ്പന്റെ മെസ്സേജ് വന്നു… അതിങ്ങനെയായിരുന്നു… ”മറ്റുള്ളവർ നിന്നെക്കുറിച്ചു എന്തും പറഞ്ഞോട്ടെ… നിന്നെക്കാത്ത് അപ്പനും അമ്മയും വീട്ടിൽ ഇരിപ്പുണ്ട്….” പിന്നെയൊരു കരച്ചിലായിരുന്നു… ആ വാക്കുകൾ വീണ്ടെടുത്തത് ഒരു ജീവിതവും…
കുമ്പസാരക്കൂടിന്റെ ഹൃദയമുള്ള മനുഷ്യർ വീണ്ടുക്കുന്ന ജീവിതങ്ങൾ..
പറയാനൊരു കാരണമുണ്ട്… ഇന്നയാളുടെ കൂടി തിരുനാളാണ്… മുക്കുവനായ പത്രോസിന്റെ… കൂടെയുണ്ടാവേണ്ട നിമിഷങ്ങളിൽ അയാൾ തള്ളിപ്പറയുകയാണ്…അതും അത്ര നാളു കൂടെ നടന്ന ഗുരുവിനെ… ആ പിഴവിനെയോർത്ത് വല്ലാതെ സങ്കടപ്പെടുന്നുണ്ടയാൾ… പക്ഷെ പിന്നീട് അയാളെ കാണുമ്പോ ഒരു വാക്കു പോലും അതിനെക്കുറിച്ചു ചോദിക്കുന്നില്ല ക്രിസ്തു…
പകരം ”നീ എന്നെ സ്നേഹിക്കുന്നുണ്ടോടാ” എന്ന ചോദ്യം മാത്രം… ആ ചോദ്യത്തിൽ അയാൾ സ്നാനപ്പെടുന്നു… പത്രോസ് എന്ന മനുഷ്യനെ ഓർമ്മിക്കേണ്ടത് സഭയുടെ ആദ്യത്തെ മാർപ്പാപ്പ എന്ന നിലയിൽ മാത്രമല്ല… സ്നേഹത്തോടെ ക്രിസ്തു വീണ്ടെടുത്ത മുക്കുവനായ ശിമയോനെന്ന നിലയിൽ കൂടിയാണ്…
ഇനിയും കുമ്പസാരക്കൂടിന്റെ ഹൃദയമുള്ള ക്രിസ്തുമനുഷ്യർ ഉണ്ടാവണം… അപ്പോഴേ തലകുനിഞ്ഞു അപമാനിതരായി നിൽക്കുന്ന ശിമയോൻ കണക്കുള്ള മനുഷ്യർ പത്രോസായി വീണ്ടെടുക്കപ്പെടുകയുള്ളൂ….
തിരുനാൾ മംഗളങ്ങൾ വി. പത്രോസിന്റെയും വി. പൗലോസിന്റെയും.