അന്തോണി വർഗീസ്
വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ അനേകർക്ക് ഈശോയിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ഇന്നും ജീവിക്കുന്ന വിശുദ്ധരായ വന്ദ്യ വൈദികരെ ഈ വിശുദ്ധ ദിവസം നിങ്ങളുടേതാണ്, കർത്താവിൽ സന്തോഷിച്ചുല്ലസിക്കുക….
ഇന്ന് ഓഗസ്റ്റ് 4. ആർസിലെ പുരോഹിതനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം….
പഠനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നവനും എഴുത്തും വായനയും തീരെ അറിയാത്തവനും എല്ലാവരാലും ഒതുക്കപ്പെട്ടും പരിഹസിക്കപ്പെട്ടും മണ്ടനെന്ന് മുദ്രകുത്തപ്പെട്ടവനും, ദാരിദ്ര്യത്തെ കൈപ്പുനീർ കുടിച്ചു വേദനയിലും കണ്ണുനീരിലും വളർന്നവനും, എന്നാൽ, ഈശോയിൽ ഒരു തികഞ്ഞ വിശ്വസ്തനും ഭക്താഭ്യാസിയുമായിരുന്ന ജോൺ മരിയ വിയാനി വൈദികനാകാനാഗ്രഹിച്ചു സെമിനാരിയിൽ ചേർന്നു, അവിടെ അദ്ദേഹം വലിയ പ്രതിബന്ധങ്ങളെയാണ് നേരിട്ടത്…. പ്രേത്യേകിച്ചു പഠനകാര്യങ്ങളുടെ കാര്യത്തിൽ….
അതുകൊണ്ട് തന്നെ വിയാനിയുടെ കാര്യത്തിൽ അധികാരികൾക്ക് അത്ര വലിയ മതിപ്പായിരുന്നില്ല…. എന്നാൽ ദിവ്യകാരുണ്യത്തിനു മുമ്പിലിരിക്കുന്ന കാര്യത്തിലും പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുടെ കാര്യത്തിലും അധികാരികൾക്ക് വലിയ മതിപ്പായിരുന്നു വിയാനിയുടെ കാര്യത്തിൽ…. ഒരിക്കൽ അധികാരികൾ സെമിനാരിയിലെ ഒരു വൈദീക വിദ്യാർത്ഥിയെ തന്നെ വിയാനിയെ എഴുതാനും വായിക്കാനും പഠിപ്പിക്കാൻ നിയോഗിച്ചു….
വിയാനിയെക്കാളും ഒരുപാട് പ്രായക്കുറവും ഒരു ദേഷ്യ സ്വഭാവക്കാരനുമായിരുന്നു ആ വൈദീക വിദ്യാർത്ഥി…. പഠിപ്പിക്കുന്ന അവസരങ്ങളിൽ വിയാനിയോട് അദ്ദേഹം വളരെ പരുഷമായിട്ടാണ് പെരുമാറിയുന്നതെങ്കിലും വിയാനി വളരെ ശാന്ത സ്വഭാവത്തോടെയും അനുസരണയോടെയുമാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത്…. ഒരിക്കൽ എത്ര പഠിപ്പിച്ചിട്ടും ഒന്നും മനസിലാക്കാതിരുന്ന വിയാനിയെ അദ്ദേഹം ക്രൂരമായി ഇടിച്ചു പരിക്കേൽപ്പിച്ചു…. എന്നാൽ അതെല്ലാം ഈശോക്ക് സമർപ്പിച്ചുകൊണ്ട് വിയാനി പറഞ്ഞു: “സഹോദരാ എന്നോട് ക്ഷമിക്കണം, ഞാൻ ഇനി നന്നായി പഠിക്കാൻ ശ്രമിച്ചുകൊള്ളാം….
വിയാനിയുടെ ഈ വാക്കുകളും ക്ഷമാപൂർണമായ എളിമ നിറഞ്ഞ ഈ സമീപനവും ആ വിദ്യാർത്ഥിയിൽ വലിയ മനപരിവർത്തനത്തിനും മാറ്റങ്ങൾക്കും ഇടയാക്കി…. തൽഫലമായി വിയാനിയോട് ചെയ്ത പ്രവർത്തിയിൽ ആ വൈദിക വിദ്യാർഥി മനസ്തപിക്കുകയും വിയാനിയോട് ക്ഷമ ചോദിക്കുകയും ചെയ്തു…. ചരിത്രം പറയുന്നത്: പിന്നീട് അവർ മരണംവരെ ഉറ്റ മിത്രങ്ങളായിരുന്നു എന്നാണ്…. ഈയൊരു കാര്യത്തിൽ ഈശോയുടെ വലിയ മാതൃകയാണ് വിയാനി പുണ്യവാൻ സ്വീകരിച്ചത്….
ഈശോയും തന്നെ ഒറ്റപ്പെടുത്തിയവരെ നിന്ദിച്ചവരെ തള്ളിപ്പറഞ്ഞവരെ ഒറ്റുകൊടുത്തവരെ പീഡിപ്പിച്ചവരെ കുരിശിൽ തറച്ചവരെ പാപികളെ ബലഹീനരെ സമൂഹത്തിൽ താഴെപ്പെട്ടവരെ ആർക്കും വേണ്ടാത്തവരെയൊക്കെ തന്റെ സ്നേഹംകൊണ്ടും സമീപനംകൊണ്ടും ക്ഷമകൊണ്ടും എളിമകൊണ്ടും ജീവിതംകൊണ്ടും പ്രവർത്തികൊണ്ടും പ്രാർത്ഥനകൊണ്ടും ചേർത്തുപിടിച്ചു തന്റെ പ്രിയപ്പെട്ടവരും സ്നേഹിതരുമാക്കി തീർത്തു…. മരണസമയത്ത് അനുതപിച്ചവനെപോലും അവൻ തന്റെ കൂട്ടുകാരനാക്കി തീർത്തു…. ഈശോയുടെ ഈ ഒരു സ്വഭാവഗുണം തന്നെയാണ് വിയാനി അച്ചനിലും ഉണ്ടായിരുന്നത്…. അതുകൊണ്ടാണല്ലോ തന്നെ നോവിച്ച വിദ്യാർത്ഥിയെ തന്റെ കാലത്തെയും നല്ല മിത്രമാക്കി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചത്….
വിയാനിക്ക് വൈദികനാകാനുള്ള ഒരു യോഗ്യതയുമില്ല എന്ന് കണ്ടെത്തി സെമിനാരിയിൽ നിന്ന് പുറത്താക്കേണ്ട അവസരം വന്നപ്പോൾ; സെമിനാരി റെക്ടറും മറ്റു അധികാരികളും അതിനു തീരുമാനമെടുത്തു നിൽക്കുമ്പോൾ; ആ സമയങ്ങളിൽ സെമിനാരിയിൽ സന്ദർശനം നടത്തിയ രൂപതാ മെത്രാനോട് സെമിനാരി റെക്ടറും മറ്റ് വൈദികരും ജോലിയുടെ കാര്യവും അവന്റെ വൈദിക പരിശീലനത്തിന്റെ കാര്യവും അവതരിപ്പിച്ചു…. കാര്യങ്ങൾ നന്നായി മനസ്സിലാക്കിയ രൂപത മെത്രാൻ സെമിനാരിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിലും സമയങ്ങളിലും വിദ്യാർത്ഥിയായിരുന്ന വിയാനിയെ നിരീക്ഷിക്കുക മാത്രമല്ല അദ്ദേഹത്തിൽ എന്തോ വലിയ പ്രത്യേകതയും ഒരു ആത്മീയ സന്തോഷവും സ്വർഗ്ഗീയ പ്രസരിപ്പും പിതാവ് കണ്ടു….
അദ്ദേഹം സെമിനാരിയിൽ നിന്ന് തന്റെ അരമനയിലേക്ക് പോകുന്നതിനു തൊട്ടുമുമ്പായി സെമിനാരി വൈദികരോടും റെക്ടറോടുമായി ചോദിച്ചു: പഠനത്തിൽ വളരെ മോശമായ വിദ്യാർഥിയിൽ വേറെ എന്തെങ്കിലും പ്രത്യേകതയുണ്ടോ???? അതിന് അവർ കൊടുത്ത മറുപടി: അവൻ പ്രാർത്ഥിക്കുന്ന വിദ്യാർത്ഥിയാണ്…. പരിശുദ്ധ അമ്മയുടെ വലിയ ഭക്തനാണ്…. ദിവ്യകാരുണ്യ സന്നിധിയിൽ എപ്പോഴും മുട്ടുമടക്കുന്നവനാണ്…. എല്ലാവരോടും സ്നേഹവും ബഹുമാനവും ഉള്ളവനാണ്…. എല്ലാവരെയും കേൾക്കാൻ സന്നദ്ധയുള്ളവനും അവർക്ക് വലിയ ആശ്വാസവുമാണ്….
ഇത് കേട്ട മാത്രയിൽ തന്നെ രൂപതാ മെത്രാൻ പറഞ്ഞു: ഈ വിദ്യാർത്ഥിക്ക് വൈദികനാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്…. തിരുപ്പട്ടത്തിനുള്ള ഒരുക്കങ്ങൾ വേഗം ആരംഭിക്കുക…. ഇത് അവരെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, വിയാനിയെ അത്യധികം സന്തോഷിപ്പിക്കുകയും ചെയ്തു…. ബിഷപ്പിലൂടെ, ദൈവത്തിലുള്ള വിശ്വസ്തതയെ മാനിച്ച് ജീവിച്ച ആർസിലെ ജോൺ മരിയ വിയാനിയിലെ വിശ്വസ്തതയെ മാനിച്ച ദൈവം അദ്ദേഹത്തെ നിത്യ പൗരോഹിത്യത്തിലേക്ക് ഉയർത്തി….
നന്നായി ഒന്ന് പ്രസംഗിക്കാനോ ബലിയർപ്പിക്കാനൊ വിയാനിക്ക് കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചവർക്ക് മുന്നിലും; കഴിയില്ല എന്ന് വിധിയെഴുതിയവർക്ക് മുന്നിലും ഈശോയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടും ജീവിച്ചുകൊണ്ടും അനേകം ആത്മാക്കളെ ഈശോയ്ക്ക് വേണ്ടി സ്വന്തമാക്കി ഫാദർ ജോൺ മരിയ വിയാനി മാതൃകയായി….
പാപത്തിന്റെ പടുകുഴിയിൽ വീണ ആർസ് എന്ന ഇടവകയിലേക്കാണ് വികാരിയായി സേവനം ചെയ്യാൻ ഫാദർ ജോൺ മരിയ വിയാനി ആദ്യമായി നിയോഗിക്കപ്പെട്ടത്….
നീ അവിടെ പോയിട്ട് എന്ത് ചെയ്യാനാ എന്നു പറഞ്ഞ് സഹപ്രവർത്തകർ തന്നെ അദ്ദേഹത്തെ കളിയാക്കി…. കാരണം ആർസ് എന്ന ഇടവക അത്രമേൽ പ്രശ്നം പിടിച്ച ഒരു ഇടവകയായിരുന്നു…. ആ കളിയാക്കലുകളിലൊന്നും തളരാതെ അദ്ദേഹം ആർസിലെ ദേവാലയത്തിലേക്ക് യാത്ര തിരിച്ചു…. യാത്രാമദ്ധ്യേ അദ്ദേഹം വഴിയറിയാതെ ബുദ്ധിമുട്ടി നിന്നപ്പോൾ: ഒരു ബാലൻ അതുവഴി കടന്നു പോകുന്നതായി കണ്ടു…. വിയാനി അച്ചൻ ആ ബാലനെ അടുത്തേക്ക് വിളിച്ചു സ്നേഹത്തോടെ ചോദിച്ചു: ആർസിലെ ദേവാലയത്തിലേക്കുള്ള വഴി എനിക്ക് നീ കാണിച്ചു തരാമോ???? വലിയ അത്ഭുതത്തോടും കൗതുകത്തോടും കൂടി ആ ബാലൻ വിയാനി അച്ചനെ ഒന്ന് നോക്കി….
കാരണം, ഇന്നുവരെ ആരും തന്നെ ആ ദേവാലയത്തിലേക്കുള്ള വഴി ചോദിച്ചു അവിടെ വന്നിട്ടില്ല…. ആ ബാലൻ അച്ചന് ദേവാലയത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു…. തനിക്ക് വഴി കാണിച്ചു തന്ന ആ ബാലനോട് അദ്ദേഹം പറഞ്ഞു: ആർസിലെ ദേവാലയത്തിലേക്കുള്ള വഴി നീ എനിക്ക് കാണിച്ചു തന്നു; അതിനു പകരമായി ഞാൻ നിനക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു തരാം…. ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം അവനെ ഈശോയ്ക്ക് വേണ്ടി നേടി….
ആ ബാലനാണ് പിന്നീട് അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലെ ആദ്യത്തെ അൾത്താര ശുശ്രൂഷകനായി മാറിയെന്നത് കൗതുകകരം…. ദേവാലയത്തിലേക്ക് എത്തിയ വിയാനിയച്ചൻ കണ്ട കാഴ്ച അദ്ദേഹത്തെ വളരെയേറെ സങ്കടപ്പെടുത്തി…. കാടുപിടിച്ച നിലയിലും വൃത്തിഹീനമായ നിലയിലുമാണ് ദേവാലയം കാണപ്പെട്ടത്…. മറിച്ചൊന്നും ചിന്തിക്കാതെ ദേവാലയവും ദേവാലയ പരിസരങ്ങളും അദ്ദേഹം വൃത്തിയാക്കി ഒറ്റയ്ക്ക് ബലിയർപ്പിച്ചു….
അതിനുശേഷം അച്ചന്റെ പ്രവർത്തി വീക്ഷിച്ചുകൊണ്ടിരുന്ന ബാലൻ അച്ചന്റെ കൂടെ കൂടുകയും തുടർന്നുള്ള അച്ചന്റെ ദേവാലയത്തിലെ എല്ലാ ശുശ്രൂഷകളുടെയും സഹായിയായി തീരുകയും ചെയ്തു…. വിയാനി അച്ചൻ ഈ ബാലനുമൊത്ത് ആദ്യം അവിടുത്തെ കുട്ടികളെയെല്ലാം ദേവാലയത്തിലേക്ക് കൊണ്ടുവരികയും അവർക്ക് സമ്മാനങ്ങൾ കൊടുക്കുകയും ശുശ്രൂഷ കാര്യങ്ങൾ ഏൽപ്പിക്കുകയും അവരുമായി ഒന്നിച്ചു ബലിയർപ്പിക്കുകയും ചെയ്തു…. അവരോട് ചോദിച്ചറിഞ്ഞതനുസരിച്ച് ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം പോയി; പരിഹാസങ്ങളും നിന്ദനങ്ങളും വകവയ്ക്കാതെ അവരെയെല്ലാം ദേവാലയത്തിലേക്ക് ക്ഷണിച്ചു….
ദിവസങ്ങളോളം വിയാനി അച്ചൻ ഇത് ആവർത്തിക്കുകയും ചെയ്തു…. ദൈവം ഇടപെട്ടു, പതിയെപ്പതിയെ എല്ലാവരും ദേവാലയത്തിലേക്കു വന്നു തുടങ്ങി…. വന്നവർ വന്നവർ ഈശോയുടെ സ്നേഹം അനുഭവിച്ചു തുടങ്ങി…. വിയാനി അച്ചന്റെ ഓരോ ബലിയർപ്പണവും പ്രസംഗവും അത്രമേൽ അവരെ സ്പർശിച്ചിരുന്നു…. പലപ്പോഴും കണ്ണുനീരിൽ കുതിർന്ന ബലിയർപ്പണ അനുഭവമാണ് അവർക്കുണ്ടായത്…. ഒരിക്കൽ ആളൊന്നുമില്ലാതെ കാടുപിടിച്ചു കിടന്ന ദൈവാലയവും പരിസരവും പിന്നീട് ജനനിബിഡമായി….
ദേവാലയത്തിനകത്ത് മാത്രമല്ല ദേവാലയത്തിന് പുറത്തും ആളുകൾ തിങ്ങി നിറഞ്ഞുകൊണ്ടിരുന്നു…. മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചും ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ മുട്ടുമടക്കിയും അദ്ദേഹം ആ ഇടവകയേയും ജനത്തെയും മാനസാന്തരപ്പെടുത്തി…. ഇത് രൂപതയേയും അധികാരികളെയും മറ്റു വൈദികരെയും അത്ഭുതപ്പെടുത്തി…. അവരും വിയാനിയച്ചനോട് കാര്യങ്ങൾ ആലോചിക്കാനും കുമ്പസാരിക്കാനുമൊക്കെയായി ആർസിലേക്ക് വന്നുതുടങ്ങി….
ആരൊക്കെയാണോ അച്ചനെ എഴുതി തള്ളിയത് മണ്ടനെന്ന് മുദ്രകുത്തിയത് അവരൊക്കെ പിന്നീട് വിയാനി അച്ചന്റെ ഉപദേശം സ്വീകരിക്കുന്നവരായി മാറി എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു…. ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ അവിടേക്ക് വന്നുകൊണ്ടിരുന്നു…. പതിയെ പതിയെ ആ ദേശം ഒരു പുണ്യഭൂമിയായി രൂപാന്തരപ്പെട്ടു….
എല്ലാവരാലും ഒരുകാലത്ത് മണ്ടനെന്ന് മുദ്രകുത്തപ്പെട്ട അദ്ദേഹത്തെ ദൈവം ഒരു പുരോഹിതനായി മാത്രമല്ല സഭയുടെ എക്കാലത്തെയും വലിയ വിശുദ്ധരിൽ ഒരുവനായും ഉയർത്തി…. ഒടുവിൽ മണ്ടനായി മുദ്രകുത്തപ്പെട്ട പുരോഹിതനായ ആ വിശുദ്ധ മനുഷ്യനെ തന്നെ ദൈവം വിദ്യാസമ്പന്നരും പ്രഗത്ഭരുമായ എല്ലാ വൈദികരുടെയും മാതൃകാ പുരുഷനായും മധ്യസ്ഥനായും ഉയർത്തിയത്…. ഈ വിശുദ്ധ ദിവസത്തിൽ ലോകം മുഴുവനുമുള്ള എല്ലാ പുരോഹിതരെയും നന്ദിയോടെ സ്മരിക്കുന്നു…. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി സർവ്വവും ത്യജിച്ച് മറ്റൊരു ദേശത്തേക്ക് മറ്റൊരു സമൂഹത്തിലേക്ക് മറ്റൊരു ജനതയുടെ മുന്നിലേക്ക് മറ്റൊരു സംസ്കാരത്തിലേക്ക് അവർ ഇറങ്ങിച്ചെന്നു ക്രിസ്തു നാമവും മുറുകെപ്പിടിച്ചുകൊണ്ട് ക്രിസ്തു സുവിശേഷമായി മാറുവാൻ….
ക്രിസ്തു പാതയിൽ അവിടത്തെ പ്രഭാ വെളിച്ചത്തിൽ അവർ ഇന്നും നടന്ന് നീങ്ങുന്നു, ഒന്നും പ്രതീക്ഷിക്കാതെ ക്രിസ്തുവിനു വേണ്ടി…. ഈ യാത്രയിൽ പോകുന്ന വഴികളിൽ അവർ നേരിടുന്ന പ്രതിബന്ധങ്ങൾ ചെറുതൊന്നുമല്ല…. അപഹാസ്യങ്ങളും നിന്ദനങ്ങളും അവർ നേരിട്ടു കൊണ്ടേയിരിക്കുന്നു…. ഈ യാത്രയുടെ ഇടവഴികളിൽ പതിയിരിക്കുന്ന ചെന്നായ കൂട്ടങ്ങളുടെ ആക്രമണത്തിനും ഇവർ ഇരയായികൊണ്ടിരിക്കുന്നു…. ഇവരുടെ രക്തത്തിനായി ദാഹിക്കുന്ന രക്തദാഹികളായ വന്യമൃഗങ്ങളും ഇവരുടെ പിന്നാലെ തന്നെയുണ്ട് ഇവരുടെ കാലൊന്നിടറി തെന്നി വീഴുന്നതും കാത്ത്….
ഈ പൗരോഹിത്യ യാത്രയിൽ എത്രയെത്ര പേർ ഇടറി വീണു യാത്ര അവസാനിപ്പിച്ചു പിന്തിരിഞ്ഞോടി എന്നിരുന്നാലും യാത്ര ചെയ്യുന്ന വിശുദ്ധ ജന്മങ്ങളുടെ ക്രിസ്തു ജീവിതം കണ്ടറിഞ്ഞ് കേട്ടറിഞ്ഞു അനുഭവിച്ചറിഞ്ഞു പതിന്മടങ്ങ് ആളുകൾ ഇവരുടെ യാത്രയിൽ ഒപ്പം കൂടുന്നു…. ക്രിസ്തു സുഗന്ധം പരത്തി നടന്നുപോയ എത്രയോ ജീവന്റെ ഇതളുകൾ ഈ യാത്രയുടെ മധ്യേ കൊഴിഞ്ഞു വീണു പോയി, എങ്കിലും അവർ ക്രിസ്തുവിനുവേണ്ടി യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു….
ഒരു സാധാരണക്കാരനെപോലെ തന്നെ ബലഹീനതകൾ നിറഞ്ഞ ജീവിതമാണ് ഒരു ക്രിസ്തു പുരോഹിതനും ഉള്ളത്; എന്നാൽ, ആ ബലഹീനതകളെല്ലാം ക്രിസ്തുവിനുവേണ്ടി പരാജയപ്പെടുത്തുവാൻ അവൻ കടപ്പെട്ടിരിക്കുന്നു…. എങ്കിലും, ജീവിത പരീക്ഷയിലും ബലഹീനതയിലും അവർ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു…. എങ്കിലും, പ്രലോഭനങ്ങളെ പരാജയപ്പെടുത്തിയ ക്രിസ്തുവിനെ കണ്ടുകൊണ്ട് കണ്ണുനീരോടെ അനുതപിച്ചു അവിടത്തെ കരങ്ങൾ പിടിച്ചുകൊണ്ട് ക്രിസ്തുവിനു വേണ്ടി നടന്നുനീങ്ങുന്നവനാണ് ഒരു പുരോഹിതൻ….
ക്രിസ്തുവിനെ സ്വപ്നം കണ്ട് ക്രിസ്തു രാജ്യം പണിതുയർത്താൻ അവനോടൊപ്പം യാത്രചെയ്യുന്ന പുരോഹിതരായ കതിരുകളോടൊപ്പം സ്വാർത്ഥ ലാഭത്തിനുവേണ്ടി വെമ്പൽ കൊള്ളുന്ന പുരോഹിതരായ കളകളും ഇവരോടൊപ്പം ഉണ്ടായിരുന്നു…. അവരുടെ ജീവിത ശൈലി ഉണങ്ങാത്ത ഒരു മുറിവായി ഇവരെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു. എന്നാൽ ഇതിലെല്ലാം തളർന്നു വീഴും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റുപറ്റി…. ആ മുറിവുകളെല്ലാം ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേർത്തുവച്ചുകൊണ്ട് അവർ അവന്റെ ആനന്ദത്തിൽ മുഴുകുന്നു….
വേദനകളെ സഹനങ്ങളെ മുറിവുകളെ കുറ്റപ്പെടുത്തലുകളെ ഒറ്റപ്പെടുത്തലുകളെ പീഡനങ്ങളെ പരിഹാസങ്ങളെ ക്രിസ്തുവിന്റെ സഹനത്തോട് ചേർത്തു വച്ചുകൊണ്ട് അവർ വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ പണിതു ഉയർത്തുവാനായ്…. ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കുവാനായി അവിടുത്തെ സ്നേഹ മാധുര്യം പകർന്നുകൊടുക്കുവാനായി അവിടുത്തെ വചന വിത്തുകൾ വിതച്ച് വിളവെടുക്കുവാനായി….
ഓരോ പരിശുദ്ധ ബലിയിലും അവർ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുന്നു മുറിയപ്പെടുന്നു പങ്കു വയ്ക്കപ്പെടുന്നു…. ഓരോ പീഡനങ്ങളുടെ നടുവിലും അവർ ക്രിസ്തു സ്നേഹമായി രൂപാന്തരപ്പെടുന്നു…. കല്ലേറുകൾക്ക് നടുവിലും മരണത്തിന്റെ താഴ്വരയിൽപോലും ക്രിസ്തുവിന്റെ ഒളിമങ്ങാത്ത പുഞ്ചിരി അവർ വിടർത്തി കൊണ്ടേയിരിക്കുന്നു…. ക്രിസ്തുവിന്റെ നിണമൊഴുകിയ വഴിത്താരയിലൂടെ അവർ ലോക ജനതക്കുവേണ്ടിയും തങ്ങൾക്ക് നിയോഗിക്കപ്പെട്ട ജനതയുടെ നന്മയ്ക്ക് വേണ്ടിയും കണ്ണുനീരൊഴുക്കിയുള്ള പ്രാർത്ഥനകളുമായി ആരും കാണാതെ ആരെയും അറിയിക്കാതെ അവർ നടന്നുകൊണ്ടേയിരിക്കുന്നു ശരീരം തളർന്നു വീഴുന്നതുവരെ….
വീണു കഴിഞ്ഞാലോ മനസ്സുകൊണ്ട് അവർ ആ ദൗത്യം തുടർന്നുകൊണ്ടേയിരിക്കുന്നു…. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇവർക്ക് വേണ്ടിയുള്ള ജനതയുടെ പ്രാർത്ഥനയുടെ ശക്തിയാൽ അവർ പരിശുദ്ധാത്മാവിൽ നിന്ന് ശക്തി സംഭരിച്ചുകൊണ്ടെയിരിക്കുന്നു ഈ ഭൂമിയിൽ ദൈവ രാജ്യത്തിന്റെ പൂർത്തീകരണത്തിനായ്….
മെഴുകുതിരി പോലെ ഉരുകി തീരുന്ന ഒരു ജീവിതമാണ് ക്രിസ്തു പുരോഹിതന്റേത്….
ഏതു വലിയ കാറ്റടിച്ചാലും ഏതു വലിയ പേമാരി വന്നാലും മെഴുകുതിരിയാകുന്ന പുരോഹിതനിൽ തെളിഞ്ഞു നിൽക്കുന്ന ക്രിസ്തുവാകുന്ന പ്രഭയെ കെടുത്തി കളയാനാകില്ല…. അത് വലിയ പ്രകാശഗോപുരമായി തെളിഞ്ഞു കൊണ്ടേയിരിക്കും…. അവരുടെ ജീവിതം ദൈവ ജനത്തിനുവേണ്ടി ക്രിസ്തുവിന് മുൻപിൽ ഉരുകി കൊണ്ടേയിരിക്കുന്നു….
ലോകം മുഴുവനുമുള്ള പുരോഹിതരുടെ മധ്യസ്ഥനായ ആർസിലെ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ വിശുദ്ധ ദിവസത്തിൽ എല്ലാ വന്ദ്യ വൈദികർക്കും സ്നേഹം നിറഞ്ഞ തിരുനാൾ ആശംസകളും പ്രാർത്ഥനാ മംഗളങ്ങളും സ്നേഹപൂർവ്വം നേരുന്നു….
നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ…. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ…. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ…. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ…. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ…. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ…. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ….
ആമേന്‍!
ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ….
വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ….
വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ!