വീണ്ടും ഒരു മനുഷ്യജീവൻ കൂടി വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞിരിക്കുന്നു. കാട്ടു നിയമങ്ങൾക്ക് മുമ്പിൽ ഈയ്യാംപാറ്റകളുടെ വില പോലും മനുഷ്യന് നൽകുന്നുണ്ടോ എന്ന് സംശയം. പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സാലു എന്ന് വിളിക്കപ്പെടുന്ന തോമസിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അനുശോചനങ്ങൾ കൂടി വരുന്നു മനുഷ്യന്റെ എണ്ണം കുറയുന്നു മൃഗവിഹാരം കൂടുന്നു എന്നതാണ് ഇന്നിന്റെ യഥാർത്ഥ്യം.
അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വം കാണുമ്പോൾ തോന്നുക ഒന്ന് മാത്രമാണ്.
മനുഷ്യനാണോ മൃഗത്തിനാണോ ഈ നാട്ടിൽ വില ?
നരഭോജിയായ കടുവയെ കൂട്ടിലടക്കരുത് , കൊന്നുകളയുക എന്ന ആവശ്യമാണ് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നത്. മരണപ്പെട്ട വ്യക്തിക്ക് വനംവകുപ്പ് മന്ത്രിപ്രഖ്യാപിച്ചിരിക്കുന്ന 5 ലക്ഷം രൂപ അത് മന്ത്രിയുടെ ഔദാര്യമല്ല എന്നും കടുവാക്രമണത്തിൽ മരിക്കപ്പെടുന്ന വ്യക്തിക്ക് 24 മണിക്കൂറിനുള്ളിൽ ലഭിക്കേണ്ട തുകയാണ് എന്നും തിരിച്ചറിയുന്നതു നല്ലതാണ്.
കടുവയെ കൂട് വെച്ചോ മയക്ക് വെടിവെച്ചോ പിടിയ്ക്കുകയും സുഖവാസമൊരുക്കുകയുമല്ല ഇവിടെ ആവശ്യം. മറിച്ച് ഈ കടുവയെ വെടിവെച്ചു കൊല്ലുവാൻ ഉള്ള സർക്കാർ ഉത്തരവാണ് ഇപ്പോൾ ആവശ്യമുള്ളത്. വന്യജീവി സംരക്ഷണ നിയമം 11 എ പ്രകാരം നരഭോജിയായ കടുവയെ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ് ആവശ്യമായിട്ടുള്ളത് . ഈ അടുത്തകാലത്ത് കർണാടകത്തിൽ ഇത്തരത്തിലുള്ള കടുവയെ വെടിവെച്ചു കൊല്ലുവാൻ ഉള്ള സർക്കാർ ഉത്തരവ് വന്നിട്ടുള്ളതുമാണ്. വനനിയമം കർണാടകത്തിൽ ഒരു തരവും കേരളത്തിലെ ജനങ്ങൾക്ക് മറ്റൊരു തരവും ആകുന്നതെങ്ങനെ ? കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാനുളള അവകാശവും ഇൻഡ്യൻ ഭരണഘടനയും ബാധകമല്ലന്നാണോ ?
കേരള ജനതയ്ക്ക് മേൽ കാടിൻ്റെ നീതി നടപ്പാക്കുന്ന ഈ അനീതിയെ കത്തോലിക്ക കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ സംവിധാനത്തിൽ ജോലിയും നൽകണം. അല്ലാത്തപക്ഷം മരിച്ച വ്യക്തിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ ശക്തമായ സമരമുറയും കർഷകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരമുഖവും സർക്കാർ കാണേണ്ടതായിട്ട് വരും എന്നുകൂടി ഓർമിപ്പിക്കുകയാണ്.
തൊണ്ടർനാട്, എടവക പഞ്ചായത്തുകളിലെ മുഴുവൻ ആളുകളെയും ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ കടുവാസാന്നിധ്യം അവസാനിപ്പിക്കുവാൻ വനംവകുപ്പ് അടിയന്തരമായ നിയമനടപടികൾ സ്വീകരിക്കണം , മൃഗ സംരക്ഷണത്തിന്റെ പേരിൽ മനുഷ്യജീവ കുരുതിയ്ക്ക് കാവൽ നിൽക്കുന്നത് കൊലപാതകത്തിന് കൂട്ടു നിൽക്കുന്നതിന് തുല്യമാണ് . കർഷകരെ പ്രതിരോധത്തിൽ ആക്കരുത് എന്നും മണ്ണിൽ പണിയെടുത്ത് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തരണമെന്നും വനം വകുപ്പിനോട് അപേക്ഷിക്കുന്നു.
നാട് മനുഷ്യന് ജീവിക്കാൻ ഉതകുന്നതാകണം. വനനിയമങ്ങളുടെ പേരിൽ ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നാൽ കർഷകരെ ചേർത്ത് വച്ചുകൊണ്ട് സർക്കാരിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഞങ്ങൾ നിർബന്ധിതരാകും എന്നും ഓർക്കുക. നാട് മനുഷ്യന്റെയാണ് … അവിടെ ജീവിക്കാൻ അനുവദിയ്ക്കുക.
സെബാസ്റ്റ്യൻ പുരയ്ക്കൽ, സെക്രട്ടറി കത്തോലിക്ക കോൺഗ്രസ്സ് മാനന്തവാടി രൂപത സമിതി.