ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
കേരളത്തിലെ കത്തോലിക്കാസഭ, പ്രത്യേകിച്ച് സീറോ മലബാർ സഭ ചരിത്രത്തിലെ ഏറ്റവും വേദനാജനകവും നിർഭാഗ്യകരവുമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒഴിവാക്കപ്പെടാമായിരുന്ന ഒരു വലിയ ദുരന്തം ചിലരുടെ ചില സ്വാർത്ഥതാല്പര്യങ്ങൾമൂലം സംഭവിക്കുന്നതാണ് ഇപ്പോൾ സഭയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
സഭയുടെ നന്മയെപ്രതി പ്രാർത്ഥനാപൂർവം കാത്തിരിക്കേണ്ട ഈ അവസരത്തിൽ വീണ്ടും സോഷ്യൽ മീഡിയായിൽ ഒരു കുറിപ്പുമായി വരുന്നതിന്റെ അനൌചിത്യം അറിയാമെങ്കിലും ഈ കുറിപ്പെഴുതാൻ എന്റെ മനസാക്ഷിയെ നിർബന്ധിച്ചത് ഏറ്റവും ബഹുമാന്യനായ മുൻ ജസ്റ്റീസ് കുര്യൻ ജോസഫ് സാറാണ്.
കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികളെക്കുറിച്ച് ഒരിക്കലും ഒരു ന്യായാധിപന്റെ യുക്തിക്ക് ചേരാത്ത പ്രതികരണവുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുമ്പിൽ വന്നു. ഇന്നു വീണ്ടും പ്രശ്നപരിഹാരത്തിനു ചില നിർദേശങ്ങളുമായി അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയായിൽ ഒരു കുറിപ്പു കണ്ടു.
സമൂഹത്തിൽ ആദരണീയനായ ഒരു വ്യക്തി ഇത്ര വൈകാരികമായി തന്റെ ചിന്തകൾ അവതരിപ്പിക്കുമ്പോൾ അത് സാധാരണക്കാരെ എത്രമാത്രം സ്വാധീനിക്കുമെന്നു ബോധ്യപ്പെട്ടപ്പോഴാണ് ആ ചിന്തകളിലെ യുക്തിരാഹിത്യവും നിഷ്ക്കളങ്കമെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ന്യായമില്ലാത്ത അഭിപ്രായപ്രകടനങ്ങളും ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാണെന്നു തീരുമാനിച്ചത്.
ഒന്നാമതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം വികാരാധീനനായി പറയുന്നത് മാർപ്പാപ്പയുടെ ഡെലഗേറ്റ് വന്നു നിയമം അടിച്ചേല്പിക്കാതെ ഡയലോഗ് നടത്തണമെന്നും കുറച്ചു സമയം കൊടുക്കണമെന്നുമാണ്. കൂടാതെ ബസ്ലിക്കാ തുറന്ന് അവിടെ തൽസ്ഥിതി തുടരാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദരണീയനായ ഈ വ്യക്തി ഇതിനുമുമ്പും ഇതുപോലുള്ള അഭിപ്രായം പറയുകയും അത് വിമർശനവിധേയമാവുകയും ചെയ്തിട്ടുള്ളതാണ്. ഒരു കാര്യംമാത്രം ന്യായാധിപനായ അങ്ങയോടു ചോദിക്കട്ടെ. ഒരു കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധിക്കുശേഷം പിന്നീടൊരു ഡയലോഗിന് സാദ്ധ്യതയുണ്ടോ…?
നീതിന്യായവ്യവസ്ഥയോട് അല്പമെങ്കിലും ബഹുമാനമുള്ളവർ ആ കോടതിവിധി നടപ്പാക്കാനല്ലേ ശ്രദ്ധിക്കേണ്ടത്…? സഭയിലെ വി.കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള തർക്കത്തെക്കുറിച്ച് കോടതിഭാഷയിൽത്തന്നെ പറഞ്ഞാൽ ആരാധനക്രമകാര്യങ്ങളെക്കുറിച്ചു തീരുമാനമെടുക്കാൻ അധികാരമുള്ള സഭയുടെ സിനഡ് എടുത്ത തീരുമാനം അംഗീകരിക്കാതെ അപ്പീലുകളുമായി സഭയുടെ പരമാധികാരിയായ മാർപാപ്പയുടെ പക്കൽവരെയെത്തുകയും അവിടുന്ന് ഇക്കാര്യത്തിൽ അന്തിമമായ ഒരു വിധിതീർപ്പ് ഉണ്ടാവുകയും ചെയ്തതല്ലേ…?
അങ്ങുൾപ്പെടുന്ന എറണാകുളത്തെ മുഴുവൻ വിശ്വാസികൾക്കുംവേണ്ടി 2022 മാർച്ച് 25-ന് ഒരു കത്തിന്റെ രൂപത്തിൽ മാർപ്പാപ്പ നല്കിയത് ഇക്കാര്യത്തിലുള്ള തന്റെ അന്തിമവിധിയായിരുന്നില്ലേ…? അതിനുശേഷം ആ തീരുമാനം നടപ്പിൽ വരുത്താൻ മാർപ്പാപ്പതന്നെ പലവിധ മാർഗങ്ങൾ സ്വീകരിച്ചപ്പോഴെല്ലാം തികച്ചും ക്രൈസ്തവവിരുദ്ധവും മനുഷ്യത്വരഹിതവുമായ രീതിയിൽ അതിനെയെല്ലാം ധിക്കരിച്ച് അങ്ങയുടെ പ്രിയപ്പെട്ട വൈദികരും കുറേ വിശ്വാസികളും സഭയുടെ അന്തസിനു കളങ്കംചാർത്തിയപ്പോഴൊന്നും അങ്ങയുടെ സഭാസ്നേഹം പ്രകടിപ്പിക്കാനോ അവരെ തിരുത്താനോ അങ്ങ് ശ്രമിച്ചില്ലല്ലോ.
അവസാനമായി മാർപ്പാപ്പയുടെ തീരുമാനം നടപ്പിലാക്കാൻ അദ്ദേഹമയച്ച തന്റെ പ്രതിനിധിയോടും അങ്ങയുടെ രൂപതയിലെ കുറേ വൈദികരും വിശ്വാസികളും കാണിച്ച ശോഭകേട് സഭയ്ക്കുമാത്രമല്ല നമ്മുടെ നാടിനുതന്നെ കളങ്കംചാർത്തുന്നതായിരുന്നു. പക്ഷെ അതിനെക്കുറിച്ചൊന്നും പ്രതികരിക്കാതെ മാർപ്പാപ്പയുടെ പ്രതിനിധിയോട്, നിയമം അടിച്ചേല്പിക്കുകയല്ല, ഇനിയും ഡയലോഗ് ആണ് വേണ്ടതെന്നും ഇനിയും സമയം കൊടുക്കണമെന്നും പറയാൻ ഒരു ന്യായാധിപനായിരുന്ന അങ്ങേയ്ക്കെങ്ങനെ കഴിയുന്നു…!
22 വർഷങ്ങൾക്കു മുമ്പെടുത്ത തീരുമാനത്തെക്കുറിച്ച് ഇനിയും ഡയലോഗും, അതു നടപ്പിലാക്കാൻ ഇനിയും സമയവുംവേണമെന്ന് പറയുന്ന അങ്ങയുടെ നീതിന്യായബോധത്തെക്കുറിച്ചു സംശയിക്കാതെ വയ്യ. വീണ്ടും ഇന്ന് അങ്ങയുടേതായി സോഷ്യൽമീഡിയായിൽ കണ്ട കുറിപ്പിൽ അങ്ങ് അങ്ങു നല്കുന്ന ഉപദേശം വലിയ കോമഡിയായി മാത്രമേ കാണാൻ കഴിയു.
കാരണം ഈ നാളുകളിലെല്ലാം അങ്ങയുടെ സ്വന്തം സഹോദരങ്ങൾ കാട്ടിക്കൂട്ടിയ വിശ്വാസവിരുദ്ധവും മനുഷ്യത്വരഹിതവും ഉതപ്പു നിറഞ്ഞതുമായ പ്രവർത്തികളെക്കുറിച്ചൊന്നും ദുഖംതോന്നാത്ത അങ്ങേയ്ക്കു പെട്ടെന്ന് എവിടെനിന്നോ ദുഖം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.. അത് താങ്കളുടെ വ്യക്തിപരമായ കാര്യമായതുകൊണ്ട് അതു ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
എന്നാൽ ആ കുറിപ്പിൽ പ്രശ്നപരിഹാരമായി അങ്ങു നിർദേശിച്ചിരിക്കുന്ന ചില കാര്യങ്ങൾ കാണുമ്പോഴാണ് താങ്കൾ യഥാർത്ഥത്തിൽ നീതിമാനായിരുന്ന ഒരു ന്യായാധിപനായിരുന്നോ എന്നു സംശയമുണ്ടാകുന്നത്. കാരണം നീതിമാനായ ന്യായാധിപന് ഒരിക്കലും യാഥാർത്ഥ്യങ്ങളെ സമഗ്രമായല്ലാതെ നോക്കിക്കാണാൻ കഴിയല്ലല്ലോ.
വി.കുർബാനയർപ്പണത്തിൽ ഇപ്പോൾ ജനാഭിമുഖ കുർബാനയർപ്പിക്കുന്നവർക്ക് അതിനുള്ള അനുവാദം നല്കുന്നതാണ് ഐഡിയലായ പ്രശ്നപരിഹാരമെന്ന് കുറിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞതിനെ, കേസു പഠിക്കാതെയും ചരിത്രം മനസിലാക്കാതെയും നടത്തിയ നിഷ്ക്കളങ്കമായി നടത്തിയ ഒരു അഭിപ്രായപ്രകടനമാണെന്നു കരുതാൻ താങ്കൾ ഇക്കാര്യത്തിൽ ഇതുവരെ നടത്തിയിട്ടുള്ള ഇടപെടലുകൾ അനുവദിക്കുന്നില്ല.
അങ്ങയോടൊരപേക്ഷയുണ്ട്. ഇനിയെങ്കിലും അങ്ങയെ വിശ്വസിക്കുകയും സഭയെ സ്നേഹിക്കുകയും ചെയ്യുന്ന പാവപ്പെട്ട വിശ്വാസികളിൽ തെറ്റിധാരണയുണ്ടാക്കുംവിധം അങ്ങു പ്രതികരിക്കാതിരിക്കുക. കഴിയുമെങ്കിൽ കൂടെനില്ക്കുന്ന പ്രിയപ്പെട്ട അച്ചന്മാരോട് ഇനിയെങ്കിലും മാർപ്പാപ്പയെ അനുസരിക്കാൻ ആവശ്യപ്പെടുക. ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നു കരുതാം.
അതല്ലാതെ ഇനിയും താങ്കളെപ്പോലുള്ള പ്രഗത്ഭന്മാരെക്കൊണ്ട് ഓരോരോ അഭിപ്രായപ്രകടനങ്ങൾ നടത്തിച്ച് മറുതലിച്ചു നില്ക്കാനാണ് ഭാവമെങ്കിൽ ആയിരക്കണക്കിനു വിശ്വാസികളുടെ ആഗ്രഹവും പ്രാർത്ഥനകളും വൃഥാവിലാകും. അങ്ങനെയാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു!