Fr. Roy Joseph Vadakkan
എന്റെ ദേവസ്സി മാസ്റ്റർ ഓർമ്മയായി…. എന്റെ മാത്രമല്ല ഏനാമാവ് ദേശത്തിന്റെ ഒരു വിശുദ്ധൻ കൂടെ കാലയവനികയ്ക്കുള്ളിലേയ്ക്ക് കടക്കുകയാണ്!! മാഷുടെ മൃതസംസ്കാരശുശ്രൂഷയിൽ പങ്കെടുത്ത്, ശുശ്രൂഷയ്ക്കിടയിൽ ഒരു ചരമപ്രസംഗം നടത്തി എന്റെ കപ്പൽ പള്ളിയിലിരുന്ന് ഈറനണ്ണിഞ്ഞ കണ്ണുകളോടെ ഞാനിത് കുറിക്കുകയാണ്… മാഷെ കുറിച്ച് ഒന്നും എഴുതാതെ പോയാൽ അത് വലിയ അപരാധമാകും.
ഒരു മനുഷ്യായുസ്സിൽ ഒരേ സമയം മനുഷ്യനും അതേസമയം ആത്മീയനും ആയി ജീവിച്ച ഒരു ജീവിക്കുന്ന അൽമായവിശുദ്ധനായിരുന്നു നമ്മുടെ ദേവസ്സിമാസ്റ്റർ. വളരെ ചെറുപ്പത്തിലെ അദ്ധ്യാപന ശുശ്രൂഷയിൽ കയറി ഒരു കാലഘട്ടത്തിന്റെ ധാർമ്മികതയുടെ ദിശാസൂചിക ആയിരുന്നു ആ ജീവിതം. കുട്ടികളുടെ കഴിവുകളിൽ സ്വയം അദ്ധ്വാനിച്ച പണത്തിൽ നിന്ന് സമ്മാനങ്ങൾ വാരിക്കോരി കൊടുത്ത് ആത്മവിശ്വാസത്തിലേയ്ക്ക് അവരെ നയിക്കുന്നതോടൊപ്പം കുട്ടികളുടെ തെറ്റുകൾ കൃത്യമായി തിരുത്തി അവർക്ക് നേർവഴിയുടെ പ്രകാശം പരത്തിയ പുണ്യജന്മം.
ഏനാമ്മാവ് സ്കൂളിന്റെ ചുമരുകളിൽ സ്നേഹത്തിൽ ചാലിച്ച ശാസനകളുടെ അലയടികൾ ഇപ്പോഴും എന്റെ കർണ്ണപുടങ്ങളിൽ മുഴങ്ങി കേൾക്കുന്നുണ്ട്. പഠിപ്പിക്കുക രോഗികളെ ശുശ്രൂഷിക്കുക എന്ന ക്രിസ്തുധർമ്മം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മാഷുടെ ജീവിതം. എന്നും ശുഭ്ര വസ്ത്രധാരിയായി പള്ളിയിലും പള്ളിക്കൂടത്തിലും എരിഞ്ഞു തീർന്ന ഈ വിശുദ്ധൻ ഏനാമാവിന്റെ വൈദിക സന്യാസ സഹോദരി സഹോദരിമാരുടെ തലതൊട്ടപ്പനാണ്.
പഠിപ്പിക്കൽ കഴിഞ്ഞാൽ മുഴുവൻ സമയവും മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ദൈവാലയത്തെ പ്രണയിച്ച താപസശ്രേഷ്ഠൻ. തനിക്കുള്ള സമ്പത്തു മുഴുവൻ പാവപ്പെട്ടവർക്കും മറ്റുള്ളവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി ചില വഴിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഗുരുദൂതൻ. എന്തിന് അവസാന നാളുകളിൽ തന്റെ സ്ഥലം പോലും കുട്ടികളെ പഠിപ്പിക്കാൻ അംഗന വാടിയ്ക്ക് എഴുതി കൊടുത്ത് സ്വർഗ്ഗം വില കൊടുത്തുവാങ്ങിയ നിഷ്കളങ്കനായ ഏനാമാവുകാരൻ.
നീണ്ട അമ്പതു കൊല്ലം വേദപാഠ അദ്ധ്യാപകനായി ക്രിസ്തുവിന്റെ മുഖലക്ഷണങ്ങളായ സ്നേഹവും സഹനവും സേവനവും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഏകസ്ഥൻ ആയിരുന്നു നമ്മുടെ മാഷ്. ഇനി ആ ശബ്ദം നമ്മൾ കേൾക്കില്ല. തന്റെ വെളുത്ത ഉടുമുണ്ട് മടക്കികുത്തി എപ്പോഴും പ്രാർത്ഥിച്ച് പള്ളികുളത്തിന്റെ അടുത്തു കൂടെ വീട്ടിലേയ്ക്ക് നടന്നു പോകുന്ന മാസ്റ്ററെ നമ്മൾ ഇനി കാണില്ല.
കുറച്ചു മാത്രം ഭക്ഷിച്ച് പഠിപ്പിക്കലും പ്രാർത്ഥനയും കുല തൊഴിലാക്കിയ ദേവസ്സി മാസ്റ്റർ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്.. ആ മാഷിന്റെ ശിഷ്യനാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് … നിങ്ങളുടെയും! ഇന്നു മുതൽ ഏനാമാവ് ദേശത്തിന്റെ സെമിത്തേരിയിൽ ഈ വിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുകയാണ്.
ജീവിത കാലത്ത് തന്റെ അടുത്തു വരുന്നവർക്ക് ശരണമായിരുന്ന മാഷ് മരിച്ചാലും വെറുതെയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ കബറിടത്തിൽ വന്ന് പ്രാർത്ഥിക്കുന്നവർക്ക് മാഷ് ഇപ്പോഴും ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ വാങ്ങി കൊടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അത്രയും വിശുദ്ധമായിരുന്നു ആ ജീവിതം.
പ്രണാമം!! നിറമിഴിയോടെ …. മാഷേ മാഷിന് മരണമില്ല…. എന്നിലൂടെ ഇനിയും മാഷ് ജീവിക്കും!