ജോസഫ് പാണ്ടിയപ്പള്ളിൽ
കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘത്തിന്റെ തലവനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1981 നവംബർ 25 -നു നിയമിച്ചത് മുതൽ കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ ആഗോള കത്തോലിക്കാ സഭയുടെ മുക്കിലും മൂലയിലും അറിയപ്പെടുന്നവനായി. മാത്രമല്ല ആഗോള മാധ്യമങ്ങളുടെയും സഭാസവിരുദ്ധ ശക്തികളുടെയും കത്തോലിക്കേതര സഭകളുടെയും ശ്രദ്ധാകേന്ദ്രവും റാറ്റ്സിങ്ങറായി.
1978 ഒക്ടോബർ 16-നു കരോൾ വോയിറ്റിൽവ (ജോൺ പോൾ രണ്ടാമൻ) മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പഴേ താൻ കർദിനാളായ ദിവസം കർദിനാൾ ആകുകയും തനിക്കു വ്യക്തിപരമായി നന്നായി പരിചയമുള്ളതും ദൈവശാസ്ത്ര വിഷയങ്ങളിൽ അവഗാഢ പാണ്ഡിത്യമുള്ളതുമായ കർദിനാൾ ജോസഫ് റാറ്റ്സിൻഗറെ വിശ്വാസ തിരുസംഘത്തിന്റെ തലവനാക്കാൻ ആഗ്രഹിചിരുന്നു. എന്നാൽ മ്യൂണിക്കിന്റെ ആർച്ചുബിഷപ്പായിട്ട് ഒരു വർഷം കഴിഞ്ഞതേ ഒള്ളു എന്നതിനാൽ കർദിനാൾ റാറ്റ്സിംഗർ ചിന്തിക്കാൻ സമയം ചോദിക്കുകയും ഏതാണ്ടു മൂന്നു വര്ഷങ്ങൾക്കുശേഷം സമ്മതം അരുളുകയും ആയിരുന്നു.
ധീരമായ ചുവടുവയ്പുകൾ, മികച്ച സംഭാവനകൾ !
വിശ്വാസ തിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ റാറ്റ്സിംഗർ (ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) നൽകിയ സംഭാവനകൾ മഹത്തരങ്ങളാണ്. humanae vitae എന്ന ചാക്രിയ ലേഖനത്തിന്റെ ആനുകാലിക പ്രസക്തി വ്യക്തമാക്കാൻ റാറ്റ്സിംഗർ ശ്രമിച്ചു. പൗരോഹിത്യ ബ്രഹ്മചര്യത്തെ അദ്ദേഹം ന്യായീകരിച്ചു. വിമോചനദൈവശാസ്ത്രത്തിലെ മാർസിക്സ്റ്റ് രീതിശാസ്ത്രം തള്ളിപ്പറഞ്ഞു.
ക്രൈസ്തവ ബഹുസ്വരദൈവശാസ്ത്രം ക്രൈസ്തവം അല്ലെന്നും അത് കത്തോലിക്കാസഭ തള്ളിപ്പറയുന്നു എന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. അതിരഹസ്യമായി വത്തിക്കാനിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ പരസ്യവും സുതാര്യവും ആക്കി. പ്രോട്ടസ്റ്സ്ന്റ്കാരുമായി ഐക്യപ്പെടാൻ 1999-ൽ നീതീകരണം എന്ന വിഷയത്തിൽ പൊതുവായ ഒരു പ്രമാണരേഖയിൽ ഒപ്പുവച്ചു.
Dominus Isus എന്ന വിശ്വാസ തിരുസംഘത്തിന്റെ കൃതിയിലൂടെ ക്രിസ്തുവിനെ കുറിച്ചുള്ള കത്തോലിക്കാ സങ്കൽപം വ്യക്തവും കൃത്യവുമായി പ്രതിപാദിച്ചു. കത്തോലിക്കാസഭയുടെ വേദോപദേശം പരിഷ്കരിച്ചു പ്രസിദ്ധീരികരിച്ചു; ഇതുപോലെ എത്രയോ ബൃഹത്തായ സംരഭങ്ങൾ; മഹത്തായ സംഭാവനകൾ!
പ്രശ്നങ്ങളും സംഘർഷങ്ങളും!
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ പല പ്രശ്നങ്ങളും സംഘർഷങ്ങളും കർദിനാൾ റാറ്റ്സിംഗറിന് നേരിടേണ്ടി വന്നു. പല ദൈവശാസ്ത്രജ്ഞരുമായുള്ള പ്രശ്നങ്ങൾ, ജർമ്മൻ സഭയുമായുള്ള പ്രശ്നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോടുള്ള സഭയുടെ സമീപനം സംബന്ധിച്ച പ്രതിസന്ധികൾ, ബഹുസ്വര ദൈവശാസ്ത്രദര്ശനങ്ങളുമായുള്ള പ്രശ്നങ്ങൾ, വിമോചനദൈവശാസ്ത്ര ചിന്തകരുമായുള്ള സംഘർഷങ്ങൾ തുടങ്ങിയവയാണ് പ്രധാനം.
ദൈവശാസ്ത്രജ്ഞരുമായുള്ള പ്രശ്നങ്ങൾ
പല പ്രശക്തരും സഭാസ്നേഹികളുമായ ദൈവശാസ്ത്രജ്ഞരുമായി ഈ കാലയളവിൽ പ്രശ്നങ്ങളും അതുവഴി അസ്വസ്ഥതകളും ഉണ്ടായി എന്നതാണ് റാറ്റ്സിംഗറിനെ ഒരിക്കൽ ശ്രദ്ധേയവും വിവാദപുരുഷനുമാക്കിയ മറ്റൊന്ന്. പ്രശസ്ത വിമോചന ദൈവവശാസ്ത്രന്ജനും പിന്നീട് പ്രതിഷേധിച്ചു സഭ വിട്ടുപോയവനുമായ ലിയോണാർദോ ബോഫ്, വർഷങ്ങൾ ഇന്ത്യയിൽ വൈദിക വിദ്യാർത്ഥികളെ പഠിപ്പിച്ച ജാക്ക് ഡൂപ്പി, ശ്രീ ലങ്കയിൽ നിന്നുള്ള ടിസാ ബാലസൂര്യ, നിരവധി വർഷങ്ങൾ എൽ സവദോറിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച സ്പെയിൻ കാരനായ ജോൺ സൊബ്രിനോ , ജർമനിയിൽ പ്രൊഫസറായിരുന്ന സ്വിറ്റസർലണ്ടുകാരനായ ഹാൻസ് ക്യുങ്, സഭ വിട്ടുപോയ ജര്മ്മന്കാരനായ ഡ്രെവർമാൻ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
എന്നാൽ വലിയ താക്കീതുകൾ കിട്ടുമെന്നു കരുതിയ ഇത്തരം ദൈവശാസ്ത്രജ്ഞരിൽ മിക്കവരും ഒടുവിൽ പരിക്കൊന്നും പറ്റാതെ സ്വീകാര്യരാകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
അതായത് എന്നും സംവാദസത്തിന്റെ വാതിൽ തുറന്നിട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ജോസെഫ് റാറ്റ്സിന്ഗർ. സദുദ്ദേശത്തോടെ സഭയെ സ്നേഹിക്കുന്നവർക്ക് സംവാദത്തിനു തയാറുണ്ടെങ്കിൽ അനുരഞ്ജനനത്തിന്റെ സാധ്യത ഒരിക്കലും റാറ്റ്സിങ്ങൾ (ബനഡിക്ട് മാർപ്പാപ്പ) ഇല്ലാതാക്കിയില്ല.
തന്റെ മാർപ്പാപ്പായെന്ന ധർമ്മത്തിന്റെ കാലഘട്ടത്തിൽ താൻ സംശയത്തോടെ വീക്ഷിച്ചിരുന്ന രണ്ടു ദൈവശാസ്ത്രജ്ഞരെ വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെ വ്യക്തിപരമായി ക്ഷണിക്കുകയും സംവദിക്കുകയും ചെയ്തു എന്നതും മഹത്തരമായി കരുതുന്നു. അവരിലൊന്ന് തന്റെ സ്ഥിര വിമർശകനായിരുന്ന ഹാൻസ് കുങ് ആണ്. രണ്ടാമത്തെയാൾ റായിമോൻ പണിക്കർ ആണെന്ന് പാറയപ്പെടുന്നു. (എനിക്ക് പണിക്കരുടെ കാര്യത്തിൽ ഉറപ്പില്ല; ശരിയോ എന്ന് ഒന്നുകൂടി അന്വേഷിക്കണം).
ഭ്രൂണഹത്യക്കെതിരെ, എന്നാൽ സമീപനരീതിയോട് വിശ്വാസികളുടെ വിയോജിപ്പ്!
ഭ്രൂണഹത്യക്ക് എതിരെയും ദയാവധത്തിന് ഏതിരെയും വിശ്വാസ തിരുസസംഘത്തിന്റെ തലവൻ എന്ന നിലയിൽ റാറ്റസിങ്ങർ ശക്തമായ നിലപാടുകൾ എടുത്തു. റാറ്റ്സിംഗറിന്റെ സാമീപനരീതി അതേ ലക്ഷ്യങ്ങൾ ഹൃദയത്തിൽ പേറുന്ന ജർമനിയിലെ അല്മയനേതൃത്വവുമായി പ്രശ്നത്തിലകപ്പെടുന്ന കാഴ്ചയും കാണാനായി.
1999 സെപ്തംബർ 24- ന് ജർമ്മനിയിലെ ബോൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട donum vitae (ജീവന്റെ സമ്മാനം) എന്ന സംഘടനയും അതിന്റെ പ്രവർത്തനങ്ങളും മൂലം വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിലും പിന്നീട് മാർപ്പാപ്പ എന്ന നിലയിലും ബനഡിക്ട് പതിനാറാമൻ ഏറെ സംഘർഷങ്ങൾ അനുഭവിച്ചു. ഗർഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകൾ പരിശീലിപ്പിക്കപ്പെട്ട ഉപദേശകരുമായി കൗൺസിലിംഗ് നടത്തുകയും അതിന്റെ രേഖ എത്തിക്കുകയും ചെയ്താൽ മാത്രമേ ജർമ്മൻ ഗവെർന്മെന്റ് ഗർഭഛിദ്രം അനുവദിക്കുമായിരുന്നുള്ളു.
ഗഭചിദ്രം തടയാനുള്ള മാർഗമായാണ് ഗവെർന്മെന്റ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്.
അതോടെ കത്തോലിക്കാ സഭയും ഇത്തരം ഒട്ടനവധി കൗൺസിലിംഗ് കേന്ദ്രങ്ങൾ തുറന്നു.
എന്നാൽ 1998-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇത്തരം കേന്ദ്രങ്ങളിൽനിന്നും കൗൺസിലിംഗ് നടത്തയെന്നതിനു സെർട്ടിഫികറ്റുകൾ കൊണ്ടുക്കുന്നതു ഗർഭഛിദത്തിനുള്ള പരോക്ഷമായ അംഗീകാരമാണെന്നും അതുകൊണ്ടു ഉപദേശം മാത്രം മതി എന്നും കത്തോലിക്കാ കേന്ദ്രങ്ങളിൽനിന്നും സെർറ്റിഫിക്കറ്റുകൽ കൊടുക്കാൻ പാടില്ല എന്നും നിർദേശിച്ചു.
ഇതിൽ പ്രതിഷേധിച്ചു അന്നത്തെ ജർമ്മൻ കത്തോലിക്കരുടെ അൽമായ നേതൃത്വം സ്ഥാപിച്ചതും ഇന്ന് 200 കേന്ദ്രങ്ങളിൽ കൗൺസിലിംഗ് കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്നതുമായ സംഘടനയാണ് DONUM വിന്റെ. കാരണം സർട്ടിഫിക്കറ്റുകൾ കിട്ടാത്തിടത്ത് കൗൺസിലിംഗിന് പോകാനുള്ള താല്പര്യം സാധാരണ കുറയും. അന്നത്തെ ജർമ്മൻ സഭയുടെ അൽമായ നേതൃത്വത്തിന്റെ പ്രഡിഡന്റും ബവേറിയയുടെ മുൻ വിദ്യേഭ്യാസ മന്ത്രിയും ആയിരുന്ന പ്രൊഫസർ ഹാൻസ് മയർ -ന്റെ നേതൃത്വത്തിൽ ആയിരുന്നു DONUM VITAE -യുടെ സ്ഥാപനം.
2008 മുതൽ 2020 വരെ പ്രൊഫസർ മയർ അംഗമായിരുന്ന മ്യൂണിക്ക് സിറ്റിയിലുള്ള ഇടവകയുടെ വികാരി ഞാൻ ആയിരുന്നതു കൊണ്ടും എന്റെ ആ ഇടവകയുടെ പള്ളിമുറിയിൽ സര്ടിഫിക്കറ്റ് കൊടുക്കില്ലാത്ത സഭയുടെ ഔദ്യോഗികമായ കൗൺസിലിംഗ് കേന്ദ്രം നടത്തിയിരുന്നതുകൊണ്ടും ഇത് വരുത്തിവച്ച സംഘര്ഷത്തിന്റെയും അസസ്ഥതകളുടെയും തീവ്രത കുറെയൊക്കെ എനിക്കും മനസിലക്കാനായി. സഭയുടെ മാതൃകാപരമായി ജീവിക്കുന്ന സജീവ അംഗങ്ങളാണ് ഡോണും വിത്തയുടെ സ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത് എന്നതും ശ്രദ്ധേയം.
ഉദാഹരണത്തിന് പ്രൊഫസർ മേയർ ഉന്നത സ്ഥാനത്തു ഇരിക്കുക മാത്രമല്ല എല്ലാ ഞായറാഴ്ചയും കുർബാനയിൽ പങ്കെടുക്കുകയും പ്രതിഫലം പറ്റാതെ കുർബാനക്ക് ഓർഗൻ വായിക്കുകയും തുടങ്ങിയ സാമൂഹ്യവും ആല്മീയവുമായ നിരവധി പ്രവർത്തനങ്ങളിൽ സജീവവും ആയിരുന്നു. പ്രതിഷേധിച്ചു മുന്നോട്ടിറങ്ങിയ കത്തോലിക്കാരിൽ മിക്കവരും ഇടവകകളുടെ സജീവ പ്രവർത്തകരായിരുന്നു. ഡോണും വിത്തെയുടെ പ്രവർത്തനം ഇരുനൂറു കേന്ദ്രങ്ങളുടെ വാടക മാത്രമല്ല അവിടെയുള്ള ജോലിക്കാരുടെ ശമ്പളം വരെ ഉദാരമതികളുടെ സംഭാവന കൊണ്ട് മാത്രമാണ് നടക്കുന്നത് എന്നതുകൊണ്ട് എത്രമാത്രം ആ പ്രസ്ഥാനത്തെ കത്തോലിക്കർ ഹൃദയത്തിൽ സ്വീകരിച്ചു എന്നും മനസിലാക്കാം.
ഇന്ന് സഭയുടെ ഔദ്യോഗിക കേന്ദ്രങ്ങളിൽ അല്ല, ഭൂരിപക്ഷം പേരും ഉപദേശത്തിനായി പോകുന്നത് എന്നും മനസിലാക്കണം. 2006- ൽ ഇത്തരം കേദ്രങ്ങൾ കത്തോലിക്കാ സഭയുടേതല്ല എന്ന് റോമിൽനിന്നുള്ള സമ്മർദ്ധത്തിന് ഫലമായി ജർമ്മൻ ബിഷപ്സ് കോൺഫെറെൻസ് പ്രഖ്യാപിച്ചു. എന്നാൽ ഇന്നും അൽമായ നേതൃത്വത്തിന്റെ സഘടനയായി ഡോണും വിത്തെ (Donum vite ) സജീവമായി പ്രവർത്തിക്കുന്നു. പ്രശ്നങ്ങളുള്ളവർക്കു കൗസിലിംഗിന് വരാനുള്ള സാഹചര്യം പോലും സഭയുടെ നിലപാട് ഇല്ലാതാക്കുന്നു എന്നതാണ് അൽമായ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടു അവർ “തങ്ങളുടേതായ സഭപ്രവർത്തനങ്ങളുമായി മുന്നോട്ട്” എന്നും നിലപാടെടുത്തു. കർദിനാൾ റാറ്റ്സിംഗറിന് സംഘര്ഷത്തിനിടകൊടുത്ത ഒരു സാഹചര്യമായിരുന്നു ഇത്.
ജർമ്മൻ മെത്രാന്മാരുമായുള്ള പ്രശ്നങ്ങൾ
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ നേരിട്ട മറ്റൊരു പ്രതിസന്ധി ഒബെർ റെയ്നിഷേ മെത്രാന്മാർ എന്ന് വിളിക്കപ്പെടുന്ന Freiburg (Oscar Saier), Stuttgart -Rottenburg (Walter Kasper), Mainz (Karl Lenmann) തുടങ്ങിയ അന്ന് ജർമ്മനിയിൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന മൂന്ന് മെത്രാന്മാരും അവരെ അനുകൂലിക്കുന്ന മറ്റു മെത്രാന്മാരുമായി 1994 -ൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അത് ജർമ്മൻ സഭയിൽ മാത്രമല്ല ആഗോള സഭയിലും വരുത്തിയ ചലനങ്ങളുമാണ്.
സഭയുടെ അനുവാദമില്ലാതെ വിവാഹമോചനം നേടിയശേഷം പുനർവിവാഹനം ചെയ്തവർക്ക് വി. കുർബാന കൊടുക്കരുത് എന്ന വത്തിക്കാനിൽ നിന്നുള്ള നിർദേശം അതേപടി സ്വീകരിക്കാൻ ആകില്ലെന്നും അവർക്കും കുർബാന കൊടുക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ ധാരാളം ഉണ്ടെന്നും അത് വിലയിരുത്തേണ്ടത് അതാത് ഇടവക വികാരിമാർ ആണെന്നുമുള്ള നിലപടായിരുന്നു ഈ ബിഷപ്പുമാരുടേതു.
പല ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഒടുവിൽ വത്തിക്കാന്റെ നിലപാട് ഈ ബിഷപ്പുമാർക്കു സ്വീകരിക്കേണ്ടി വന്നുവെങ്കിലും ഇവരുടെ രൂപതകളിൽ മാത്രമല്ല ജർമ്മൻ രൂപതകൾ മുഴുവനിലും ഈ മെത്രാൻമാരുടെ നിലപാടാണ് അനൗദ്യോഗികമായി തുടരുന്നത് എന്നത് ചരിത്രം. ഈ സംഘർഷം പല നല്ല കത്തോലിക്കരെയും സഭ വിട്ടു പോകുവാൻ പ്രേരിപ്പിച്ചു. അന്ന് വിവാദപുരുഷന്മാർ എന്ന് വത്തിക്കാനിൽ വിശേഷിപ്പിക്കപ്പെട്ട ലെമാനും (2001) കാസ്പറും (2001) പിന്നീട് കര്ദിനാളന്മാരായി ഉയർത്തപ്പെട്ടു എന്നതും ചരിത്രം.
വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന നിലയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നതിൽ റാറ്റ്സിംഗർ ശ്രദ്ധാലുവായിരുന്നു. 1997-ൽ തനിക്ക് 70 വയസായപ്പോൾ വിശ്വാസതിരുസംഘത്തിന്റെ തലവൻ എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവു തരണമെന്നും വത്തിക്കാന്റെ archive- ന്റെയും വത്തിക്കാൻ ലൈബ്രറിയുടെയും ചുമതലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടെങ്കിലും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അനുവദിച്ചില്ല. തന്റെ 75-മത്തെ വയസിൽ തന്റെ ഉത്തരവാദിത്തം രാജിവ ച്ചു എങ്കിലും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ രാജി സ്വീകരിച്ചില്ല.
(തുടരും).