ജോസഫ് പാണ്ടിയപ്പള്ളിൽ
ആദ്യമായി വി കുർബാന സ്വീകരിക്കുന്ന പ്രിയ കുട്ടികളെ,
ഇന്ന് നിങ്ങളുടെ ദിവസമാണ്. നിങ്ങൾ ആദ്യമായി വി. കുർബാന സ്വീകരിക്കുന്ന ദിവസം. ആദ്യമായി വി. കുർബാന സ്വീകരിക്കാൻ നിങ്ങൾ പുതിയതും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞു, ഒരുമിച്ച്, ആഘോഷമായ പ്രദക്ഷിണമായി ദേവാലയത്തിൽ എത്തി. ദേവാലയം ഇന്ന് എന്നത്തേക്കാളും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ഈ വലിയ സന്തോഷത്തിൽ പങ്കുചേരാൻ നിങ്ങൾ ക്ഷണിച്ചു.
അതുകൊണ്ടിന്നു പള്ളി നിറഞ്ഞു ആളുകളെത്തി. ഇന്നത്തെ ഇത്ര വലിയ ആഘോഷത്തിന്റെ കാരണം നിങ്ങളുടെ ആദ്യകുർബാനസ്വീകരണം ആണ്. നിങ്ങളുടെ ജീവിതത്തിലെ എറ്റം പ്രധാനപ്പെട്ട, ഒരിക്കലും മറക്കില്ലാത്ത, മനോഹരമായ ഒരു ദിവസമാണ് നിങ്ങളുടെ ആദ്യത്തെ കുർബാനസ്വീകരണം.
ഈയവസരത്തിൽ, പ്രിയ കുട്ടികളെ, നിങ്ങൾക്കറിയാമോ, ആർക്കാണ് ആദ്യമായി ആദ്യകുർബാന സ്വീകരിക്കാൻ സാധിച്ചത്? ആരാണ് ആദ്യമായി ആദ്യകുർബാന കൊടുത്തത്? ആദ്യമായി ആദ്യകുർബാന കൊടുത്തത് ഈശോ നേരിട്ടാണ്. ആദ്യമായി ആദ്യകുർബാന സ്വീകരിച്ചത് ഈശോയുടെ പന്ത്രണ്ടു അപ്പസ്തോലന്മാരായിരുന്നു.
അതിന്റെ ഓർമയാണ് പെസഹാ വ്യാഴാഴ്ച നമ്മൾ ആചരിക്കുന്നത്. ഈശോ അപ്പമെടുത്തു ആശീർവദിച്ചു, മുറിച്ച്, അവർക്കു കൊടുത്തിട്ട് പറഞ്ഞു. ഇത് എന്റെ ശരീരമാകുന്നു. നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ. അതുപോലെ കാസയെടുത്തു ആശീർവദിച്ചു അവർക്കു കൊടുത്തിട്ട് പറഞ്ഞു, ഇത് എന്റെ രക്തമാകുന്നു നിങ്ങൾ വാങ്ങി കുടിക്കുവിൻ. ഓരോ വി കുർബാനയർപ്പണത്തിലും ആദ്യത്തെ ഈ അദ്യകുർബാന നമ്മൾ അനുസ്മരിക്കുന്നു.
പെസഹാവ്യാഴാഴ്ചത്തെ വീട്ടിലെ അപ്പമുറിക്കൽ ശുസ്രൂഷയിലും നമ്മളിത് അനുസ്മരിക്കുന്നു.
മൂന്നു വർഷക്കാലം ഈശോയോടുകൂടി ആയിരുന്ന്, ഈശോ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും ഈശോ ചെയ്ത പ്രവൃത്തികൾ കാണുകയും ഈശോയിൽ അവർ വിശ്വസിക്കുകയും ചെയ്ത ശേഷമാണ് ഈശോ തന്റെ ശിഷ്യർക്ക് ആദ്യമായി പെസഹാ വ്യഴാഴ്ച വി കുർബാന കൊടുത്തത്. മൂന്നു വർഷക്കാലം അവർ ഈശോയോടൊത്തു നടന്ന ശേഷമാണ് അവർ ആദ്യമായി വി കുർബാന സ്വീകരിച്ചത്.
അവരെപ്പോലെയാണ് ഇന്ന് ആദ്യമായി വി. കുർബാന സ്വീകരിക്കുന്ന കുട്ടികളായ നിങ്ങളും. ഉണ്ണിശോകളരി മുതൽ ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വേദപാഠക്ലാസുകളിലൂടെ ഈശോ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും ഇശോയിൽ വിശ്വസിക്കുകയും ചെയ്തവരാണ് നിങ്ങൾ. അന്ത്യ അത്താഴവേളയിൽ ഈശോയുടെ പന്ത്രണ്ടു ശി ഷ്യന്മാർ ആദ്യമായി
വി കുർബാന സ്വീകരിച്ചതുപോലെ നിങ്ങളിന്ന് ഈശോയെ അദ്യമായി സ്വീകരിക്കുന്നു. നിങ്ങളെ ഈയവസരത്തിൽ ഞാൻ അനുമോദിക്കുന്നു.
നിങ്ങൾക്ക് ആശംസകളും പ്രാർത്ഥനയും നേരുന്നു. അപ്പത്തിന്റെ രൂപത്തിലാണ് നിങ്ങൾ ഇന്ന് ഈശോയെ സ്വീകരിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നമ്മൾ ഈശോ പറഞ്ഞത് കേട്ടു. “ഞാൻ ജീവന്റെ അപ്പമാകുന്നു. ഈ അപ്പം സ്വീകരിക്കുന്നവർ നിത്യമായി ജീവിക്കും.” നിത്യജീവൻ അഥവാ നിത്യമായ ജീവൻ ദൈവത്തോട് ഒത്തുള്ള ജീവിതമാണ്. ഈ അപ്പം ഭക്ഷിക്കുന്നതിലൂടെ ദൈവം നിങ്ങളുടെ ജീവിതത്തിൽ സന്നിഹിതനാകുന്നു. നിങ്ങൾ ദൈവത്തിന്റെ ഹൃദയത്തിലും സന്നിഹിതരാകുന്നു. അതുവഴി ദൈവവുമായി വലിയ ഒരു സ്നേഹബന്ധവും സഹൃദവും നിങ്ങൽക്ക് ഉണ്ടാകുന്നു.
ആദ്യമായി പന്ത്രണ്ടു ശിഷ്യന്മാർ അന്ത്യ അത്താഴദിവസം കുർബാന സ്വീകരിച്ചപ്പോഴും ഇശോയുമായി അവർക്കു വേർപിരിയാനാകാത്ത നല്ല ഒരു സൗഹൃദം ഉടലെടുക്കുകയാണ് ചൈയ്തത്. ഈശോയുടെ അപ്പസ്തോലന്മാർ സെഹിയോൻ ശാലയിൽ ആണ് വി. കുർബാന ആദ്യമായി സ്വീകരിച്ചത്. നിങ്ങൾ മനോഹരമായി അലങ്കരിച്ച ദൈവഭവനം എന്ന് വിളിക്കപ്പെടുന്ന ഈ ദേവാലയത്തിൽ വച്ചാണ് വി കുർബാന അദ്യമായി സ്വീകരിക്കുന്നത്.
ഈ ദേവവാലയത്തിൽ ആഘോഷമായ കുര്ബാനയിലാണ് ഈശോ അപ്പത്തിന്റെ രൂപത്തിൽ സന്നിഹിതനാകുന്നതും നിങ്ങളിലേക്ക് അൽമീയജീവനായി കടന്നുവരുന്നതും. അപ്പത്തിന്റെ രൂപത്തിൽ നിങ്ങൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും ദേവാലയമായി, ദൈവത്തിന്റെ ഭവനമായി തീരുകയാണ്. വി കുർബാന സ്വീകരിക്കുന്നതിലൂടെ നിങ്ങൾ ഓരോരുത്തരും ദൈവം വസിക്കുന്നിടം ആകുകയാണ്. ദേവാലയം, ദൈവത്തിന്റെ ഭവനം ആണ് നിങ്ങൾ ഓരോരുത്തരും.
ഒരു ദേവാലയത്തിന്റെ പ്രധാന സ്ഥലങ്ങളിലൊന്നു സക്രാരിയാണെന്ന് നിങ്ങൽക്കറിയാം. ദേവാലയത്തിൽ വി. കുർബാന സൂക്ഷിക്കുന്നത് സക്രാരിയിലാണ്. വി കുർബാന ആദ്യമായി സ്വീകരിക്കുന്നതിലൂടെ നിങ്ങൾ ഓരോരുത്തരും വി. കുർബാനയുടെ സക്രാരി ആയി മാറുകയാണ്. നിങ്ങൾ ഓരോരുത്തരും ഈശോ വസിക്കുന്ന സ്ഥലം ആയി മാറുകയാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കണ്ണുകൾ ഈശോ അപ്പം മുറിച്ചുകൊടുത്തപ്പോൾ തുറന്നതുപോലെ നിങ്ങളുടെ കണ്ണുകളും ഹൃദയയും ഇന്ന് വി. കുർബാന സ്വീകരിക്കുന്നതിലൂടെ സവിശേഷമായ വിധത്തിൽ തുറക്കുകയാണ്. നിങ്ങൾ ദൈവത്തിലും ദൈവം നിങ്ങളിലും വസിക്കുന്നുവെന്നു അറിഞ്ഞും അനുഭവിച്ചും തുടങ്ങുകയാണ്, വി. കുർബാന സ്വീകരിക്കുന്നതിലൂടെ.
ഇന്ന് വി. കുർബാന ആദ്യമായി സ്വീകരിക്കുമ്പോൾ ഈശോ നിങ്ങളുടെ നാവിലും ഹൃദയത്തിലും ചിന്തയിലും ബുദ്ധിയിലും കണ്ണുകളിലും ആൽമാവിലും നിറയുകയാണ്. ഈശോ നിങ്ങളുടെ പ്രകാശമായി, വഴികാട്ടിയായി, സന്തോഷമായി, ഭാഗ്യമായി, പ്രതീക്ഷയായി തീരുകയാണ്.
ചെറിയൊരു കഥ പറഞ്ഞിട്ട് എന്റെ പ്രസംഗം അവസാനിപ്പിക്കാം.
ഒരിക്കൽ ഒരു അന്ധനായ മനുഷ്യൻ തന്റെ സ്നേഹിതനെ സന്ദർശിച്ചു. അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഒരുപാട് നേരം സംസാരിച്ചിരിക്കുകയും ചെയ്തു. രാത്രിയായപ്പോൾ അന്ധനായ സുഹ്രുത്ത് പോകാനിറങ്ങി. അപ്പോൾ അന്ധന്റെ സുഹൃത്ത് ഒരു തിരി കത്തിച്ചു കൊടുത്തിട്ടു പറഞ്ഞു, രാ രാത്രിയായതുകൊണ്ടു ഒരു കത്തിച്ച തിരികൂടി കൊണ്ടുപോകുക. അപ്പോൾ അന്ധനായ സുഹൃത്ത് മറുപടി പറഞ്ഞു; എനിക്ക് കണ്ണ് കാണില്ലല്ലോ, പിന്നെന്തിനാണ് കത്തിച്ച തിരി.
അപ്പോൾ സഹൃത്തു പറഞ്ഞു. നിനക്ക് കണ്ണ് കാണില്ലെന്ന് എനിക്കറിയാം. എന്നൽ നീ കത്തിച്ച തിരിയുമായി നടക്കുമ്പോൾ നിനക്കെതിരെ വരുന്നവർ നിന്നെ കാണുകയും നിനക്ക് അപകടം വരുത്താതെ അവർ വഴിമാറി പോകുകയും ചെയ്യും. അതുകേട്ട് അന്ധൻ സന്തോഷത്തോടെ കത്തിച്ച തിരിയും കൈയിൽ പിടിച്ചു രാത്രിയിൽ തന്റെ ഭവനത്തിലെക്കു യാത്രയായി. നിർഭാഗ്യമെന്നു പറയട്ടെ എതിരെ വന്ന ഒരാൾ അന്ധനെ തട്ടി വീഴിച്ചു.
നിലത്തു വീണുകിടന്ന അന്ധൻ ഉറക്കെ വിളിച്ചുചോദിച്ചു: താങ്കൾക്കെന്താ കണ്ണ് കാണില്ലേ; കത്തിച്ച തിരിയുമായി വരുന്ന എന്നെ തട്ടിമറിച്ചിടാതിരിക്കാൻവിധം. വഴിപൊക്കൻ തിരിച്ചു ചോദിച്ചു; തിരി കെട്ടുപൊയതു അറിയാൻ പറ്റാത്തവിധം അന്ധനായിപ്പോയല്ലോ നിങ്ങൾ. തന്റെ കയ്യിലെ തിരി കെട്ടുപൊയതു അറിയാതെയാണ് അന്ധൻ തിരിയും പിടിച്ചുകൊണ്ടു വലരെ ദൂരം നടന്നത്.
പ്രിയ കുട്ടികളെ, നിങ്ങളുടെ ഹൃദയത്തിൽ, നിങ്ങളുടെ ജീവിതയാത്രയിൽ എന്നും കത്തിനിൽക്കുന്ന തിരിപോലെയാണ് വി. കുർബാന. ഈ തിരി നിങ്ങൾ കെടാതെ സൂക്ഷിക്കണം. ഈ തിരി എന്നും നിങ്ങളുടെ മനസിലും ഹൃദയത്തിലും കത്തിനിൽക്കണം. വിശാസത്തിന്റെ വെളിച്ചം എന്നും നിങ്ങളിൽ കത്തി ജ്വലിക്കണം. വി കുർബാന നിങ്ങൾ സ്വീകരിക്കുന്നതിന് തൊട്ടു മുൻപ് അൾത്താരശുസ്രൂഷി (ഉയിർപ്പുകാലത്തു) നൽകുന്ന ഒരാശംസയുണ്ട്.
ജീവദായകമായ ഈ തീക്കട്ടയെ നമുക്ക് സമീപിക്കാം. വി. കുർബാനയെ ജ്വലിക്കുന്ന തീക്കട്ടയോട് ഉപമിച്ചിരിക്കുന്നു. വി. കുർബാന ജ്വലിക്കുന്ന തീക്കട്ടപോലെ നിങ്ങളുടെ മനസിനെയും ബുദ്ധിയെയും ജ്വലിപ്പിക്കും. ഇന്നത്തെ സന്തോഷവും ഈശോ ഒപ്പം ഉണ്ടെന്ന ബോധവും നിങ്ങളോടൊത്ത് എന്നും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു; പ്രാർത്ഥിക്കുന്നു. നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും ഈ പുണ്യദിനത്തിൽ അനുമോദിക്കുന്നു. ഇശോയുടെ സാന്നിധ്യം അനുഭവിച്ച് ഈ കുർബന തുടരാൻ നിങ്ങളെ ഞാൻ ആഹ്വാനം ചെയ്യുന്നു.
നിങ്ങളുടെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരുമിച്ചു നല്ലൊരു തിരുനാൾ ദിനം നിങ്ങൾക്ക് ഞാൻ ആശംസിക്കുന്നു. ആമ്മേൻ.
കാഞ്ഞിരമറ്റം മാർ സ്ലീവാ ദേവാലയത്തിൽ 15.05.2022-ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിന് പറഞ്ഞ പ്രസംഗം.