കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം, കേരള സമൂഹത്തിൽ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സൗഹൃദപരമായ ബന്ധങ്ങൾ വളരുകയും ശക്തിപ്പെടുകയും നിലനിൽക്കുകയും ചെയ്തിട്ടുണ്ട് എന്നത് കേരളത്തിനും ഇന്ത്യക്കുതന്നെയും അഭിമാനകരമായ നേട്ടം തന്നെയാണ്.
ഇത് ഇവിടെ നിലനിൽക്കണം എന്നുതന്നെയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹം. സമുദായ നേതാക്കളും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ‘ജാഗ്രത പുലർത്തേണ്ടതുണ്ട്’ എന്നത് ഒരു മോശം വാക്കായിട്ടാണ് ഇപ്പോൾ ‘മാധ്യമലോകം’ പരിഗണിക്കുന്നത് എന്നു തോന്നുന്നു.
കേരളത്തിലെ മുസ്ലീം സമുദായത്തെ തീവ്രവാദത്തിലേക്കു നയിക്കുന്നതിനു ‘കഠിനമായി പരിശ്രമം ചെയ്യുന്ന’ ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റു’ പ്രസ്ഥാനങ്ങളെയും അവയുടെ ചില സംഘടിത പ്രവർത്തനങ്ങളെയുംപറ്റി ജാഗ്രതവേണം എന്ന് പാലാ ബിഷപ്പ് സാന്ദർഭികമായി പറഞ്ഞത്, മുസ്ലീം സമുദായത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് എന്നു വ്യാഖ്യാനിച്ചത് മാധ്യമങ്ങളാണ്. പിന്നാലെ, ചില തീവ്ര ഇസ്ലാമിക സംഘടനകളും, രാഷ്ട്രീയ നേതാക്കളും അതിനെ ഏറ്റെടുത്തു രംഗം വല്ലാതെ കൊഴുപ്പിച്ചെടുത്തു.
ഇക്കാര്യത്തിൽ ഇപ്പോൾ എല്ലാവരും അവരവരുടെ ഉദ്ദേശ്യശുദ്ധി തെളിയിക്കേണ്ട ബാധ്യതയിലാണ്!ചരിത്രം എന്ത് പഠിപ്പിക്കുന്നു? ഒരു നൂറ്റാണ്ടു മുൻപ്, സ്വാതന്ത്ര്യ സമരത്തിന്റെയും ഖിലാഫത്തു പ്രസ്ഥാനത്തിന്റെയും കാലത്തിനും മുൻപ്, ‘തീവ്ര മതബോധമുള്ള ചില ഹലാർമാർ തങ്ങളുടെ ഹാലിളക്കത്തിൽ, കയ്യിൽ ആയുധങ്ങളുമായി ചെറുകൂട്ടങ്ങളായി ചുറ്റിനടന്ന്, അവിശ്വാസികളായ കാഫിറുകളെയും ചില ജന്മിമാരെയുമൊക്കെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു’ എന്നു വില്യം ലോഗൻ തന്റെ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങളിൽകൂടി വളർന്ന അക്രമം, ഒടുവിൽ 1920 കളിൽ, സ്വാതന്ത്ര്യ സമരത്തിന്റെയും ഖിലാഫത്തു സമരത്തിന്റെയും പശ്ചാത്തലത്തിൽ, നിയന്ത്രിക്കാൻ എളുപ്പമല്ലാത്ത കലാപ രൂപം പൂണ്ട്, ഒരു വംശഹത്യക്കു തുനിഞ്ഞിറങ്ങുന്നതിൽ കലാശിച്ചു എന്നത് ഇന്ന് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയാണ്. സമീപകാല സംഭവങ്ങൾ എന്ത് പറയുന്നു? പല ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പിന്നിൽ ഇത്തരം ഹാലിളക്കമുള്ള ആളുകൾ മറഞ്ഞിരിക്കുന്നുണ്ടാവാം എന്ന ആശങ്ക സമൂഹത്തിലുണ്ട്.
അടിസ്ഥാനമില്ലാത്ത ആശങ്ക എന്ന് അതിനെ തള്ളിക്കളയാൻ സമകാലിക സംഭവങ്ങൾ അനുവദിക്കുന്നുമില്ല. “21 ൽ ഊരിയ വാളുകൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല” എന്നു കേരളത്തിന്റെ തെരുവീഥികളിൽ ‘തക്ബീർ’ മുഴക്കിയവർ അപകടകാരികളാണ് എന്നുപറയുന്നതിൽ എന്ത് അപാകതയാണ് ഉള്ളത്? ഇതു പറയുന്നത് സാമുദായിക പ്രശ്നമോ മതത്തെ അവഹേളിക്കലോ ആണോ?, നേരെ മറിച്ചു വിവേകത്തിന്റെ സ്വരമല്ലേ?
കേരളത്തിൽ ഇസ്ലാമിസ്റ്റ് റാഡിക്കലിസം നിരീക്ഷിക്കുന്ന ദേശീയ, അന്തർ ദേശീയ ഏജൻസികളുടെ കണക്കുകളും റിപ്പോർട്ടുകളും കേരളം പുലർത്തേണ്ട ജാഗ്രതയിലേക്കു വിരൽചൂണ്ടുന്നതാണ്. (Please see Link in Comment Box) കേരളത്തിൽനിന്നും നൂറു യുവാക്കൾ ഐ എസിൽ ചേർന്നുവെന്നും 550 പേരെ അതിൽനിന്നും തടഞ്ഞുവെന്നും 1,60,000 യുവാക്കളെ ഡി റാഡിക്കലൈസ് ചെയ്തുവെന്നും അവകാശപ്പെടുന്ന സർക്കാർ ഒരുകാര്യം സമ്മതിക്കുന്നു, കേരളം ജാഗ്രത പുലർത്തേണ്ടതാണ്! വസ്തുതകൾ പരിശോധിക്കണം..
വസ്തുതകൾ ഇങ്ങനെയായിരിക്കെ, ഇവയെല്ലാം പാടെ നിഷേധിക്കുകയും, സാമൂഹ്യ ജാഗ്രത ആവശ്യമുണ്ട് എന്നു പറയുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്നവർ, ചില കാര്യങ്ങൾ വ്യക്തമാക്കണം: അബു ആ ലാ മൗദൂദിയുടെ ‘ജമാഅത്തെ ഇസ്ലാമി ഹിന്ദ്’ ഇസ്ലാമിസ്റ്റ് സംഘടനയാണോ? ഈ സംഘടന കേരളത്തിലുണ്ടോ? ജോസഫ് മാഷിന്റെ കൈയും കാലും ഇരു ദിശകളിൽ വെട്ടിയ പോപ്പുലർ ഫ്രണ്ടിന്റേത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഐഡിയോളജിയാണോ?
ഇവർക്ക് കേരള സമൂഹത്തിൽ സ്വാധീനമുണ്ടോ? അഭിമന്യുവിനെ ക്യാമ്പസിൽ കയറി കുത്തിക്കൊന്ന എസ് ഡി പി ഐ, റാഡിക്കൽ ഇസ്ലാമിസ്റ്റ് സംഘടനയാണോ? മദനിയുടെ പി ഡി പിയും ജലീലിന്റെ സിമിയും മൗദൂദിസ്റ്റുകളുടെ വെൽഫെയർ പാർട്ടിയും, സോളിഡാരിറ്റിയും, സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷനും (എസ് ഐ ഓ) ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങളാണോ? അവർ കേരളത്തിന്റെ പൊതു സമൂഹത്തിൽ വഹിക്കുന്ന പങ്കെന്താണ്?
കേരളത്തിന്റെ ക്യാമ്പസുകളിൽ, ‘ദാവാ’ പ്രവർത്തനം നടത്തുന്നതിനായി ഉദ്ദേശിച്ചുകൊണ്ടുള്ള ഇസ്ലാമിസ്റ്റ് സംഘടനകളുടെ പ്രവർത്തനങ്ങളുടെ ഭാഗമാണോ തീവ്രവാദ ത്തിലേക്ക് വഴിതുറക്കുന്ന പ്രണയ ചതികളും, മയക്കു മരുന്ന് പീഡനങ്ങളും, മതം മാറ്റങ്ങളും? ക്യാമ്പസുകളിൽ തീവ്രവാദം പ്രചരിപ്പിക്കുന്നതിനെ, വിമർശിച്ചുകൊണ്ട് പാർട്ടി രേഖയുണ്ടാക്കിയ പാർട്ടിയുടെ മുഖ്യമന്ത്രിതന്നെ, അതിനെ തള്ളിപ്പറഞ്ഞുകൊണ്ടു, ജാഗ്രത വേണം എന്നു പറഞ്ഞ വ്യക്തിയെ അധിക്ഷേപിക്കുന്ന നടപടിയെ എന്താണ് പറയേണ്ടത്?
മതത്തിനു പങ്കുണ്ടോ…? കേരളത്തിലെ സലഫി പ്രചാരകരായി അറിയപ്പെടുന്ന കേരള നദ്വത്തുൽ മുജാഹിദ്ദീൻ മുന്നോട്ടുവയ്ക്കുന്ന (കെ എൻ എം) ‘ശുദ്ധ ഇസ്ലാം’ വാദം, മുസ്ലിം സമുദായത്തിനും കേരളത്തിനും ഇന്ത്യക്കും ഗുണകരമാണോ? ദശകങ്ങളായി ഇതര മതസ്ഥരെയും അവരുടെ വിശ്വാസ ബോധ്യങ്ങളെയും അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അതി തീവ്ര സലഫി-വഹാബി, മുജാഹിദ് മതപ്രബോധകരെ, ഏതെങ്കിലും വിധത്തിൽ കേരളത്തിലെ ഭരണാധികാരികളോ, നിയമപാലകരോ ഇന്നുവരെ നിയന്ത്രിച്ചിട്ടുണ്ടോ?
മുസ്ലീം സമൂഹവും, സമുദായ സംഘടനകളും, രാഷ്ട്രീയ നേതൃത്വവും, ഇത്തരം പ്രസ്ഥാനങ്ങളെ എങ്ങിനെയാണ് കാണുന്നത്? സമകാലിക രാഷ്ട്രീയം നേർവഴിക്കു നയിക്കുമോ..? തീവ്ര ഇസ്ലാമിസ്സ്റ്റുകളെ പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി അവരുമായി രാഷ്ട്രീയ ധാരണകളും ബന്ധങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട്, കേരള സമൂഹത്തിനു ഗുണകരമാണോ?
ഇസ്ലാമിസ്റ്റു തീവ്രവാദ പ്രസ്ഥാനങ്ങളുടെ നുഴഞ്ഞുകയറ്റം കേരളത്തിലെ മുസ്ലീം ലീഗിന്റെതന്നെ മുഖഛായ മാറ്റുകയാണോ? ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയമെന്താണ്? അവരുടെ രാഷ്ട്രീയ ലക്ഷ്യമെന്താണ്? ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ ഭരണഘടനാധിഷ്ഠിതമായ, ജനങ്ങളുടെ പരമാധികാരത്തിൽ (ജനാധിപത്യത്തിൽ) വിശ്വസിക്കുന്നുണ്ടോ? ഓരോ പൗരന്റെയും തുല്യതയിൽ വിശ്വസിക്കുന്നുണ്ടോ? സ്ത്രീ പുരുഷ സമത്വത്തിൽ വിശ്വസിക്കുന്നുണ്ടോ? പൗരവകാശങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?
മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? സമാധാനപരമായ സാമൂഹ്യ ജീവിതത്തിൽ വിശ്വസിക്കുന്നുണ്ടോ? അധികാരം കൈപ്പിടിയിലായാൽ, ഇതര ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലും വിശ്വസിക്കുന്നുണ്ടോ? അഫ്ഘാനിസ്ഥാനിലേക്കുനോക്കി, താലിബാൻ കൊണ്ടുവരുന്ന സ്വാതന്ത്യത്തിൽ ‘വിസ്മയം’ കൊള്ളുന്നവരുടെ നിലപാടുകളിൽ മുസ്ലിം സമുദായം വിശ്വസിക്കുന്നുണ്ടോ? ഇത്തരം റാഡിക്കൽ ഇസ്ലാമിസ്റ്റു സംഘടനകൾ കേരളത്തിൽ ഇല്ലെന്നാണല്ലോ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇപ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്?
നിഗൂഢ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുന്നണികൾക്ക് പിന്നിൽ മറച്ചുപിടിച്ചു രാഷ്ട്രീയ ലാഭവും സാമ്പത്തിക നേട്ടവും കൊയ്യാൻ ശ്രമിക്കുന്നവർ, തീവ്രവാദ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരേക്കാൾ അപകടകാരികളാണ് എന്നു പറയാതെ വയ്യാ. ഇത്തരം രാഷ്ട്രീയ ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാട്ടുന്നവരെ അവർ വർഗീയവാദികളായി ചിത്രീകരിക്കുകയാണ്! പരിഹസിച്ചു നിശ്ശബ്ദരാക്കാൻ പരിശ്രമിക്കുകയാണ്!
ജയിലിലടച്ചുകളയും എന്നു ഭീഷണിപ്പെടുത്തുകയാണ്! എന്തിന്? ജാഗ്രതവേണം എന്നു പറഞ്ഞതിന്!സഭയുടെ നിലപാടെന്ത്…? സഭയുടേത് ഒറ്റക്കുള്ള ഒരു പോരാട്ടമല്ല, എല്ലാ സമുദായങ്ങളെയും, മതങ്ങളേയും ചേർത്ത് നിർത്താനും, സമൂഹത്തിലെ തെറ്റായ ചില പ്രവണതകൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് സമൂഹത്തിനു സന്ദേശം നൽകാനുമുള്ള ഒരു പരിശ്രമമാണ്. ഒപ്പം, ക്രൈസ്തവ കുടുംബങ്ങൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചു അവരെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യവുമുണ്ട്.
ഇതിനെ ആരും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുമരുത്. ഒരു കാര്യം തീർത്തു പറയട്ടെ, രാഷ്ട്രീയക്കാരുടെ പിന്തുണ കിട്ടുമോ എന്നുനോക്കിയല്ല ക്രൈസ്തവ സഭകൾ സാമൂഹിക തിന്മകൾക്കെതിരേ നിലപാടെടുക്കുന്നത്. കേൾക്കുന്നവരുടെ രാഷ്ട്രീയം നോക്കിയല്ല സഭ സാമൂഹ്യ തിന്മകൾക്കെതിരേ വിശ്വാസികൾക്കും സമൂഹത്തിനും ജാഗ്രതാ നിർദേശം നൽകുന്നത്. സഭയുടേത് ധാർമ്മിക നിലപാടാണ്. എന്തു വിലകൊടുത്തും അത്തരം നിലപാടുകളിൽ ഉറച്ചുനിന്നിട്ടുള്ള പാരമ്പര്യമാണ് ക്രൈസ്തവ സഭകൾക്കും സമുദായത്തിനുമുള്ളത്.
പിൻ കുറിപ്പ്: സമാധാനത്തിനു തുരങ്കം വയ്ക്കുകയും സാന്നിധ്യംകൊണ്ടുതന്നെ ഭീതി വിതക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് ഭീകരതയെ കേരളത്തിന്റെ മണ്ണിൽ പാലൂട്ടി വളർത്തുന്ന ഏതൊരു സമീപനവും എതിർക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ സന്ധിചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ, കാലത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും. തീർച്ച!
By, ഫാ. വർഗീസ് വള്ളിക്കാട്ട്.