Jilsa Joy
“അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു” തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു. കുർബ്ബാനയിലെ സുവിശേഷപ്രഭാഷണം വളരെ നല്ലതായിരിക്കുമ്പോഴും, പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്ന തന്റെ പിതാവിന്റെ സാന്നിധ്യമാകുന്ന പ്രഭാഷണം അതിനേക്കാൾ നന്നായിരുന്നുവെന്ന് കൊച്ചുറാണി പറയുന്നു.
“പ്രഭാഷകനെ നോക്കുന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം ഞാൻ എന്റെ പിതാവിന്റെ നേരെ നോക്കി. കാരണം, പിതാവിന്റെ മനോഹരമായ മുഖം എന്നോട് വളരെയേറെ കാര്യങ്ങൾ പറഞ്ഞു. ചിലപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അത് തടയാൻ വൃഥ ശ്രമിക്കുകയും ചെയ്തു. ലോകത്തിന്റെ പിടിയിലല്ലെന്നു തോന്നത്തക്കവിധം പിതാവിൻറെ
ആത്മാവ് നിത്യസത്യങ്ങളിൽ മുഴുകിയിരുന്നു” എത്ര സുന്ദരമായ കാര്യങ്ങളാണ് ആ പിതാവ് തന്റെ മകളോട് പറയാതെ പറഞ്ഞത്!ഈലോകജീവിതത്തിനേക്കാൾ പ്രാധാന്യവും ആനന്ദവും ദൈവത്തോടൊത്തുള്ള നിത്യജീവിതത്തിനുണ്ടെന്ന ബോധ്യം കുഞ്ഞുപ്രായത്തിൽ തന്നെ മക്കളിലേക്ക് പകരുന്നതിൽ ആ മാതാപിതാക്കൾ വിജയിച്ചിരുന്നു എന്നതിന്റെ തെളിവാണ്
കാൻസർ രോഗബാധിതയായി കിടക്കവേ സെലിഗ്വരിൻ പൗളിന് എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ: “കുഞ്ഞുമോൾ ( കൊച്ചുത്രേസ്യ) ഒരു കുസൃതിക്കുട്ടിയാണ്. അവൾ എന്നെ ചുംബിക്കും.അതേസമയം ഞാൻ മരിക്കട്ടെയെന്നു ആഗ്രഹിക്കുകയും ചെയ്യും. ‘ഓ, എന്റെ പ്രിയപ്പെട്ട അമ്മേ, അമ്മ മരിച്ചെങ്കിൽ എന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു’. അവളെ ഞാൻ ശാസിക്കുമ്പോൾ അവൾ ഇങ്ങനെ പറയും, ‘ അമ്മ എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽ പോകണമെന്ന്
ഞാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. അവിടെ ചെന്നുചേരാൻ നമ്മൾ മരിക്കണമെന്നാണല്ലോ അമ്മ പറയാറുള്ളത് ‘ അവളുടെ അപ്പനോടും അത്യധികം വാത്സല്യം തോന്നുമ്പോൾ ഇതുതന്നെ പറയുന്നു “. അസാധാരണ ഭക്തിയും സ്നേഹോഷ്മളതയും വിവേകവും സ്ഫുരിക്കുന്ന ഒരു കുടുംബത്തിലാണ് ലൂയി മാർട്ടിന്റെയും സെലിഗ്വരിന്റെയും ഏറ്റവും
താഴെയുള്ള മകളായി കൊച്ചുത്രേസ്യ ജനിച്ചത്. മാർട്ടിൻ കുടുംബത്തിന്റെ ജീവിതം ദൈവത്തിൽ കേന്ദ്രീകൃതമായിരുന്നു. അതേസമയം മാനുഷികവുമായിരുന്നു. ധാരാളം വാത്സല്യപ്രകടനങ്ങളും ചുംബനങ്ങളും ആലിംഗനങ്ങളും അവിടെ നിറഞ്ഞുനിന്നു.ഒൻപത് കുഞ്ഞുങ്ങളുണ്ടായെങ്കിലും നാലുപേർ ദൈവസന്നിധിയിലേക്ക് നേരത്തെ തന്നെ വിളിക്കപ്പെട്ടു. ശേഷിച്ച അഞ്ചുപേരും
കർത്താവിന്റെ മണവാട്ടിമാരായിതീർന്ന അനുഗ്രഹീതമായ കുടുംബം. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും സെലിഗ്വരിൻ പ്രാർത്ഥിച്ചതിങ്ങനെ, “നല്ല ദൈവമേ, ഈ കുഞ്ഞ് നിനക്ക് പ്രതിഷ്ഠിക്കപ്പെട്ട ഒരാത്മാവായിതീരാൻ വേണ്ട കൃപ നല്കണമേ, ഈ ലോകത്തിന്റെതൊന്നും ഈ കുഞ്ഞിന്റെ ആത്മാവിന്റെ പരിശുദ്ധി നഷ്ടപ്പെടുത്താൻ ഇടയാക്കരുതേ. അങ്ങനെ എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് ഈ കുഞ്ഞിനെ അങ്ങേപക്കലേക്ക് വിളിക്കേണമേ”!
കൊച്ചുത്രേസ്സ്യക്ക് നാലരവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. മക്കൾ ക്രിസ്തീയചൈതന്യത്തിൽ വളരാൻ വളരെശ്രദ്ധ ചെലുത്തിയ അമ്മയായിരുന്നു സെലിഗ്വരിൻ. നിസ്സാരമായ ഒരു കുറ്റം പോലും മനസ്സറിഞ്ഞു മക്കൾ ചെയ്യാതിരിക്കാൻ, കുഞ്ഞുനുണ പോലും പറയാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന അമ്മ. രോഗത്തിന്റെഅവശതകളിലും കുഞ്ഞുങ്ങളുടെ വിനോദത്തിൽ അവൾ വേദനകൾ മറന്നു. സെലിഗ്വിരിൻ തന്റെ സഹോദരിക്ക് എഴുതി, “ഞങ്ങളിപ്പോൾ വളരെ സൗഭാഗ്യകരമായ ജീവിതമാണ് നയിക്കുന്നത്.
ക്രിസ്തു കേന്ദ്രബിന്ദുവായ ഒരു കുടുംബം നയിക്കുക എന്ന ലക്ഷ്യം ഇപ്പോൾ കുറച്ചൊക്കെ സാധിതമായിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾ; അവർ മാലാഖമാരാണ്! അവർ ഞങ്ങളുടെ ജീവിതത്തെ കൂടുതൽ തെളിമയും വർണ്ണപ്രഭയുമുള്ളതാക്കുന്നു”. ദൈവഹിതത്തോട് സർവ്വഥ പൂർണ്ണ വിധേയത്വത്തിൽ ജീവിച്ച സെലിഗ്വരിൻ പ്രാർത്ഥന മാത്രമല്ല കൊച്ചുകൊച്ചു ത്യാഗപ്രവൃത്തികൾ ചെയ്യാൻ മക്കളെ ശീലിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തി അവരിൽ വളർത്തി.
വിശുദ്ധരുടെ കഥകൾ പറഞ്ഞുകൊടുത്തു. മെയ്മാസത്തിൽ രൂപക്കൂട് മനോഹരമായി അലങ്കരിച്ച് ലേയ്സ് കൊണ്ടും പൂക്കൾ കൊണ്ടും മോടി പിടിപ്പിക്കും. തനിക്ക് വരിക്കാൻ കഴിയാതിരുന്ന സന്ന്യാസാന്തസ്സിൽ തന്റെ മക്കൾ ചേരണമെന്ന് ആ അമ്മ ആഗ്രഹിച്ചു.അതിന്റേതായ ആത്മീയശിക്ഷണത്തിൽ വളർത്തി. കാൻസറിന്റെ സഹനങ്ങളെ വീരോചിതമായി അവൾ ഉൾക്കൊണ്ടു. തീവ്രവേദനയിലും ആ കൈകളിൽ ജപമാലയുണ്ടായിരുന്നു.
താൻ രോഗബാധിതയാകുമ്പോൾ മക്കൾ തീരെ ചെറുതാണെങ്കിലും ദൈവഹിതത്തിന് അവൾ കീഴടങ്ങി.”എന്റെ രോഗം കൂടിക്കൂടി വരികയാണ്. മാത്രമല്ല നീര് പൊട്ടിയൊഴുകുന്നുണ്ട്. കഴിഞ്ഞ രാത്രി മുതൽ അസഹ്യമായ വേദനയാണ്. ” സെലി പക്ഷേ വേദനയുടെ ദിനങ്ങളെ രക്ഷയുടെ ദിനങ്ങളായി രൂപാന്തരപ്പെടുത്തി. എല്ലാ സഹനങ്ങളെയും അവൾ ധീരതയോടെ സ്വീകരിച്ചു. ശുദ്ധീകരണസ്ഥലത്ത് അനുഭവിക്കേണ്ടി വേദനകളോട് താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ അഭിമുഖീകരിക്കുന്നവ നിസ്സാരങ്ങളാണെന്നാണ് അവൾ പറയാറുള്ളത്.
ആ കഠിനവേദനയിലും അവൾ ദിവ്യബലിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. അത് കാൽവരിയാത്ര പോലെ വേദനാജനകമായിരുന്നു. അന്ത്യനേരത്ത് ചുറ്റും നിന്ന് കരയുന്ന മക്കളെ നോക്കി അവൾ മന്ത്രിച്ചു, “എന്റെ ദൈവമേ, ഈ മക്കളെ കാക്കണമേ… എന്റെ അമ്മേ, ഈ മക്കൾക്ക് എന്നും അമ്മയായിരിക്കണമേ..” നമുക്കിനി ദൈവസന്നിധിയിൽ പരസ്പരം കാണാമെന്ന് ആ കണ്ണുകൾ മൊഴിഞ്ഞു. “എന്റെ സൃഷ്ടാവായ ദൈവമേ, എന്നോട് കരുണ തോന്നണമേ” -എന്ന് പറഞ്ഞ് അവൾ മരിച്ചു.
അമ്മയുടെ മരണശേഷം പിതാവായ ലൂയി മാർട്ടിനായിരുന്നു കുഞ്ഞുതെരേസയുടെ അധ്യാപകനും ആത്മീയനിയന്താവും. ഓരോ ദിവസവും ഓരോ പള്ളിയിൽ കയറി വിസീത്ത കഴിക്കുന്ന ശീലമുണ്ടായിരുന്ന മാർട്ടിൻ, കുർബ്ബാനയിലെ അപ്പത്തെ കാണിച്ച് “അത് ഈശോയാണ് ട്ടോ ” എന്ന് അവൾക്ക് പറഞ്ഞുകൊടുത്തു. ലിസ്യൂമഠത്തിലെ ചാപ്പലിലിരിക്കുമ്പോൾ ഇരുമ്പഴികൾക്ക് അപ്പുറം, “അതാ അവിടെ ഇരുപത്തിനാലുമണിക്കൂറും പ്രാർത്ഥിക്കുന്ന
കന്യാസ്ത്രീകളുണ്ട് ” എന്നും പറഞ്ഞു മകളുടെ ചിന്തകൾ ഉന്നതത്തിലേക്ക് ഉയർത്തിയ അപ്പൻ. പ്രാർത്ഥിക്കാൻ പഠിപ്പിച്ച്, മടിയിലിരുത്തി സ്വർഗീയ ആശയങ്ങളുള്ള കവിതകൾ പാടിക്കൊടുത്ത അവളുടെ ‘സുന്ദരനായ രാജാവ് ‘. ആ കുടുംബത്തിൽ ലിറ്റർജിയുടെ ചൈതന്യം വിളങ്ങി. കുർബ്ബാനയുടെയും ദിവ്യകാരുണ്യസ്വീകരണത്തിന്റെയും പ്രാധാന്യം മക്കൾക്കെല്ലാം
നന്നായറിയാമായിരുന്നു. അതുപോലെതന്നെ അനുരഞ്ജന കൂദാശയായ കുമ്പസാരത്തിന്റെയും.മഠത്തിൽ ചേരാനുള്ള ആഗ്രഹം ആ പിതാവിനെ ആ ഓമനമകൾ അറിയിച്ചപ്പോൾ കണ്ണുനിറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, “എന്റെ മക്കളെ ഓരോന്നായി കാരുണ്യവാനായ ദൈവം എന്നോട് ദാനം ചോദിക്കുന്നത് എനിക്ക് എത്ര വലിയ ഒരു ബഹുമതിയാണ്”! ലൂയി മാർട്ടിന്റെ അവസാനകാലത്ത് ഓർമ്മക്കുറവ് കൂടുതലായി.
ആശുപത്രിയിൽ കിടക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെങ്കിലും ദൈവഹിതത്തിന് വഴങ്ങി. രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് കത്തെഴുതിയ മക്കളോട് പറഞ്ഞു, “രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കരുത്, ദൈവഹിതം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കണം”. കാലുകൾ തളർന്നുപോയിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് സഹായിച്ച കൊച്ചുത്രേസ്സ്യയുടെ അമ്മാവനോട് ലൂയി മാർട്ടിൻ പറഞ്ഞു, “ഇതിന് ഞാൻ സ്വർഗ്ഗത്തിൽ വെച്ച് പ്രതിഫലം തരാം”.
അദ്ദേഹത്തെ ശുശ്രൂഷിച്ച അമ്മായി അവൾക്കെഴുതി, “പ്രിയ തെരേസ,നിന്റെ മാതാപിതാക്കളെ പുണ്യാത്മാക്കളുടെ ഗണത്തിലാണ് എണ്ണേണ്ടത്. വിശുദ്ധാത്മാക്കളെ വളർത്തിയെടുത്തതിനും അവർ സമ്മാനാർഹരാണ്”. 1892 മെയ് 12-ന് സെലിനും ലെയോണിയും അപ്പച്ചനെ കർമ്മലമഠത്തിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ അവസാന സന്ദർശനം! വിട ചൊല്ലാൻ നേരം മക്കൾ സ്തുതി ചൊല്ലിയപ്പോൾ നിറകണ്ണുകളോടെ നിശബ്ദനായി അല്പസമയം ഇരുന്നിട്ട് കണ്ണുകൾ മേൽപ്പോട്ടുയർത്തി കൈവിരൽ ചൂണ്ടി പറഞ്ഞു,…”സ്വർഗ്ഗത്തിൽ” പിന്നീട് ശാന്തസുന്ദരമായ മരണത്തിലൂടെ ലൂയി മാർട്ടിനും നിത്യതയുടെ തീരത്തേക്ക് നീങ്ങി.
തങ്ങളുടെ വിവാഹത്തിന് മുൻപ്, കന്യാമഠത്തിലും സെമിനാരിയിലും ചേരാൻ ആവുന്നത്ര ആഗ്രഹിച്ച് ശ്രമിച്ചിരുന്നെങ്കിലും ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞ ആ ദമ്പതികൾ, സഭയിലെ വേദപാരംഗതയായ കൊച്ചുത്രേസ്സ്യ പുണ്യവതി അടക്കം തങ്ങളുടെ മക്കളെയെല്ലാം ദൈവത്തിനായി നൽകി തങ്ങളുടെ ദൈവവിളി പൂർത്തീകരിച്ചു മടങ്ങി. ഒരു മകൻ ജനിച്ചാൽ അവനെ മിഷനറി വൈദികനാക്കണമെന്ന് അതിയായി ആഗ്രഹിച്ച അവർക്ക് ദൈവം കൊടുത്തത് മിഷനറിമാരുടെ ആഗോളമധ്യസ്ഥയായ മകളെയാണ്. 2015 ഒക്ടോബർ 18 -ന് ഫ്രാൻസിസ് പാപ്പ ലൂയി മാർട്ടിനേയും സെലിഗ്വരിനെയും വിശുദ്ധപദവിയിലേക്കുയർത്തി.
അവരുടെ വെഡ്ഡിംഗ് ആനിവേഴ്സറി ദിവസമാണ് ജൂലൈ 12. ക്രിസ്തീയമായി ക്യടുംബജീവിതം നയിക്കുന്നതിൽ ഈ ദമ്പതികൾ നമുക്ക് മാതൃകയും വെല്ലുവിളിയുമാണ്. തങ്ങളുടെ മക്കളെ ഓരോരുത്തരെയും സ്വർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ട് സ്വയം വിജയകിരീടമണിഞ്ഞവർ. ഈ ജീവിതയാത്രയിൽ നമുക്കും ദൈവോന്മുഖമായി, കുടുംബോന്മുഖമായി പരോന്മുഖമായി ജീവിച്ചുകൊണ്ട് അവരുടെ കാലടികൾ പിന്തുടരാം. സ്വർഗ്ഗത്തിൽ ഒന്നുചേരാം. വിശുദ്ധ ലൂയി മാർട്ടിന്റെയും വിശുദ്ധ സെലിഗ്വരിന്റെയും തിരുന്നാൾ ആശംസകൾ.