ജോസഫ് പാണ്ടിയപ്പള്ളിൽ
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വളരെ പ്രചരിച്ച ഒരു ഗ്രന്ഥത്തിന്റെ പേരാണ് ആരാധനാക്രമത്തിന്റെ അരൂപി. അതേ പേരിലുള്ള റൊമാനൊ ഗുവാർഡിനിയുടെ ഗ്രന്ഥത്തിൽ നിന്നും ചൈതന്യം ഉൾക്കൊണ്ട് എഴുതിയ ഗ്രന്ഥമാണെന്ന് മാർപ്പാപ്പയുടെ ആമുഖത്തിലെ വാക്കുകൾ മാത്രമല്ല പുസ്തകത്തിന്റെ ഉള്ളടക്കവും അക്കാര്യം വ്യക്തമാക്കുന്നുണ്ട്. നാല് ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്.
അവ: ആരാധനാക്രമത്തിന്റെ അന്തസത്ത, സമയവും കാലവും ആരാധനാക്രമത്തിൽ, കലയും ആരാധനാക്രമവും, ആരാധനാക്രമരൂപങ്ങൾ തുടങ്ങിയവയാണ്. ആരാധനാക്രമത്തിന്റെ അന്തസത്ത എന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ആരാധനാക്രമത്തിന്റെ അന്തസത്ത എന്ന ആദ്യഭാഗത്ത് ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രപരവും ആദ്ധ്യാൽമികവുമായ ആഴം വ്യക്തമാക്കാനാണ് മാർപ്പാപ്പ ശ്രമിക്കുന്നത്. എന്താണ് ആരാധനക്രമം എന്ന് ചോദിച്ചുകൊണ്ടാണ് മാർപ്പാപ്പ തന്റെ ആശയങ്ങൾ അവതരിപ്പിച്ചു തുടങ്ങുന്നത്. റൊമാനൊ ഗുവാർഡിനിയുടെ ആരാധനാക്രമം ഒരു വിനോദം എന്ന ദർശനത്തിന്റെ തണലിൽ ആരാധനാക്രമം നിർവചിക്കാൻ തുനിയുക വഴി യാഥാസ്ഥിതികവും ആധുനികവുമായ ദർശനധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിർവചനമാണ് മാർപ്പാപ്പ ആരാധനാക്രമത്തെക്കുറിച്ചു നൽകുന്നത്.
കാര്യക്ഷമവും പ്രസക്തവുമായ ആരാധനാക്രമം അഭിലഷിക്കുമ്പോൾ ആരാധനാക്രമത്തിന്റെ അന്തസത്ത അവഗണിക്കരുതെന്നും മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു. ആരാധനാക്രമം ഒരു ആരാധന (കൾട്ട് ) ആണെന്നും ക്രൈസ്ത ആരാധനാ പ്രാപഞ്ചികമാണെന്നും വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു.
പാരമ്പര്യത്തിനും ആധുനികതയ്ക്കും നടുവിൽ
റൊമാനൊ ഗുവാർഡിനി പറയുന്നതുപോലെ ആരാധനാക്രമം ഒരു വിനോദമായി അനുഷ്ഠിക്കുന്നതിന്റെ ഫലമായി വിശ്രമം, കൂട്ടായ്മ, സ്നേഹം, ദൈവത്തോടുള്ള ബന്ധം തുടങ്ങിയവ ലഭ്യമാകും എന്ന് ബനഡിക്ട് മാർപ്പാപ്പ പറയുന്നു. യഥാർത്ഥത്തിൽ ബനഡിക്ട് മാർപ്പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നവീകരണചൈതന്യം ഉൾക്കൊണ്ടുകൊണ്ട് പരമ്പരാഗത രീതി തള്ളിപ്പറയാതെ കാലാനുസൃതരീതിയിൽ ആരാധനക്രമം അനുഷ്ടിച്ച വ്യക്തിയാണ്.
ചിലരൊക്കെ അദ്ദേഹത്തിന് യാഥാസ്ഥിതികരുടെ വക്താവെന്ന വിശേഷണം കൊടുക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല. റൊമാനൊ ഗുവാർഡിനിയാകട്ടെ ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രപരവും അദ്ധ്യാൽമികവുമായ ആധുനികരീതികൾ പരീക്ഷിച്ച ആളായിരുന്നു. ഗുവാർഡിയിൽനിന്നും പ്രചോദിതമായി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാർപ്പാപ്പാക്ക് ആധുനികരീതികളോട് ഒരിക്കലും പൂർണ്ണമായി പുറംതിരിയാനാകില്ല.
പ്രാർത്ഥന, സംഗീതം, അനുഷ്ഠാനങ്ങൾ, പ്രസംഗങ്ങൾ, ധ്യാനം തുടങ്ങിയവ ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രപരമായ ആഴവും മനോഹാരിതയും വ്യക്തമാക്കുന്നു എന്ന് മാർപ്പാപ്പ പറയുമ്പോൾ അതിലൂടെ പാരമ്പര്യത്തിന്റെയും നവീകരണത്തിന്റെയും സമന്വയം വ്യക്തമാണ്.
അന്ധമായ പാരമ്പര്യവാദത്തിന്റെയും ഒന്നും മനസിലാകാതെ അനുഷ്ഠാനവിധികൾ അന്ധമായി പാലിക്കുന്നതിന്റെയും രീതിയായിരുന്നു ഒരുകാലത്ത് ആരാധനാക്രമത്തിന്റേത്.
അർത്ഥമറിയാതെ പുരാതനഭാഷയിൽ അർപ്പിച്ചിരുന്ന കുർബാന മനുഷ്യന് ദൈവാനുഭവം നൽകിയില്ല. ഈ സാഹചര്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെൽജിയത്തും ഹോളണ്ടിലും ഫ്രാൻസിലും ജർമനിയിലും തുടക്കമിട്ട ആരാധനാക്രമ നവീകരണ പ്രസ്ഥാനം ഉന്നം വച്ചത് ആരാധനാക്രമത്തിൽ സജീവമായി പങ്കെടുക്കാനുള്ള അവസരമാണ്. മാത്രമല്ല ആരാധനാക്രമത്തിനു അനുദിനജീവിതവുമായി ബന്ധമുണ്ടായിരിക്കണമെന്നും ഈ പ്രസ്ഥാനത്തിന്റെ വക്താക്കൾ നിഷ്കർഷിച്ചു.
അനുദിന ജീവിതത്തിന്റെ വ്യഗ്രതകളിൽ ആശ്വാസവും പ്രതീക്ഷയും നൽകാൻ ആരാധനാക്രമത്തിനു സാധിക്കും; സാധിക്കണം. അതിന് മുൻനിരയിൽ നിന്ന ദൈവദാസനായ ജർമ്മൻ ദൈവശാസ്ത്രജ്ഞൻ റൊമാനൊ ഗുവാർഡിനിയുടെ ദർശനങ്ങളെ പിന്തുടരാനാഗ്രഹിച്ച ബനഡിക്ട് പതിനാറാമൻ പുരോഗമനത്തിനും പാരമ്പര്യത്തിനും ഒരുപോലെ സ്വീകാര്യൻ ആകേണ്ടതാണ്.
സാഹചര്യങ്ങൾ മാറിവരും. സംസ്കാരം മാറ്റത്തിന് വിധേയമാണ്. അതുകൊണ്ട് ആധുനീകരണം, മാതൃഭാഷാവൽക്കരണം, സംസ്ക്കാരികാനുരൂപണം തുടങ്ങിയ ആശയങ്ങളോടെ ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നവീകരണ ശ്രമങ്ങൾക്കുശേഷം ഒരു അദ്ധ്യാൽമിക ചൈതന്യം തേടിയുള്ളൊരു തിരിച്ചുനടക്കൽ ആരാധനാക്രമരംഗത്തും ആവശ്യമാണെന്ന് ബനഡിക്ട് മാർപ്പാപ്പ പറയുന്നു; പ്രത്യേകിച്ച് ലോകത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ.
ആരാധനാക്രമത്തിന്റെ അടിസ്ഥാനങ്ങൾ നമ്മൾ നിലനിർത്തണമെന്ന് മാർപ്പാപ്പ ഉപദേശിക്കുന്നു. അത് “ക്രിസ്തുവിൽ ദൈവം നമ്മോടൊത്തുണ്ട്” എന്ന അനുഭവമാണ്. അതുപോലെ ആരാധനാക്രമത്തിന്റെ ആരഭചൈതന്യത്തിലേക്ക് തിരിച്ചുപോകണമെന്ന് വളരെ വ്യക്തമായി മാർപ്പാപ്പ പറയുകയും മാർപ്പാപ്പ ആരാധനക്രമം അനുഷ്ടിച്ചിരുന്ന രീതി അക്കാര്യം പരോക്ഷമായി വ്യക്തമാക്കുകയും ചെയ്യുന്നു. ഗുവാർഡിനിയുടെ ആരാധകനെന്ന നിലയിൽ ആരാധനാക്രമം ഒരു വിനോദമായി ഭവിക്കണം എന്ന ആശയത്തിന്റെ നല്ല ഫലങ്ങൾ ഉൾക്കൊള്ളാനും ബനഡിക്ട് മാർപ്പാപ്പ ശ്രമിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള ആരാധനാക്രമ നവീകരണത്തിനും പരിഷ്ക്കാരങ്ങൾക്കും അടിസ്ഥാനം ഗുവാർഡിനിയുടെയും ആരാധനാക്രമണവീകരണപ്രസ്ഥാനത്തിന്റെ വക്താക്കളുടെയും ആശയങ്ങളാണ്. വളരെ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ ആശയങ്ങൾ ലോകമെങ്ങും പ്രചരിച്ചു; ഭൂരിപക്ഷത്തിനും അവയുടെ ആരംഭ ഉറവിടം അറിയില്ലാ എങ്കിലും.
ഇത്തരം നവീകരണങ്ങളെ നല്ലതായി കാണാനും അവ അനുദിന ജീവിതവുമായി ബന്ധപ്പെടുത്താനും ബനഡിക്ട് മാർപ്പാപ്പ തന്റെ സമതുലിതമായ സമീപനത്തിലൂടെ ശ്രമിക്കുന്നു. ഒരേ റീത്തിനുള്ളിലെ ആരാധനാക്രമ വൈവിധ്യങ്ങളെ സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായി നമ്മൾ മനസിലാക്കണം എന്ന സന്ദേശവും മാർപ്പാപ്പയുടെ ദർശനത്തിലുണ്ട്.
ആരാധനാക്രമത്തിന്റെ അടിസ്ഥാനങ്ങൾ സംരക്ഷിക്കണം എന്നും അത് ക്രിസ്തുവിൽ “ദൈവം നമ്മോടുകൂടേ” എന്ന അനുഭവമാണ് എന്നും മാർപ്പാപ്പ വ്യക്തമാക്കുന്നു.
ആരാധനാക്രമവും ആരാധനയും
ദൈവവിശ്വാസവും ദൈവസങ്കല്പവും ഉള്ളിടത്ത് ആരാധനാ അഥവാ കൾട്ട് ആരംഭിക്കും. വെളിപാടും ദൈവാനുഭവവും “കൾട്ടി”ന് കാരണമാകും. മോശയുടെ മലമുകളിലെ അനുഭവം ആയിരുന്നു ഇസ്രായേൽക്കാരുടെ കൾട്ടിന്റെ അടിസ്ഥാനം. ക്രിസ്തുമതത്തിൽ പെസഹാരഹസ്യങ്ങളാണ് ക്രൈസ്തവ കൾട്ടിന്റെ അടിസ്ഥാനം. ആരാധനക്രമം ഒരു “കൾട്ട്” ആണെന്ന് മാർപ്പാപ്പ പറയുന്നു. “കൾട്ട്” എന്ന ആംഗലേയ പദത്തിന്റെ കൃത്യമായ അർത്ഥം ലഭിക്കാൻ മലയാളത്തിലും അതേ പദം തന്നെ ഞാനുപയോഗിക്കയാണ്.
സ്വാഭാവിക മതങ്ങളിലും മിസ്റ്റിക് മതങ്ങളിലും ആരാധനക്രമം പ്രാപഞ്ചികമാണെന്നും ക്രിസ്തുമതത്തിലും യഹൂദമതത്തിലും ആരാധനാക്രമം ചരിത്രപരം ആണെന്നുമുള്ള പൊതു അഭിപ്രായത്തോട് ബനഡിക്ട് മാർപ്പാപ്പ യോജിക്കുന്നില്ല. സ്വാഭാവിക മതങ്ങളിലും പ്രാപഞ്ചിക മതങ്ങളിലും ഏകദൈവവിശ്വാസികളായ ക്രിസ്തു മതത്തിലും യഹൂദമതത്തിലും ആരാധന പ്രാപഞ്ചികമാണ് എന്ന ആശയമാണ് മാർപ്പാപ്പ പങ്കുവെക്കുന്നത്.
ഏക ദൈവത്തിൽ വിശ്വസിക്കുന്നവർ ദൈവത്തോട് പ്രതികരിക്കുന്നത് സ്നേഹത്തോടെയാണ്. ദൈവത്തിന്റെ പ്രതികരണവും സ്നേഹമാണ്. ആരാധനയിലാണ് സ്നേഹം നിറവേറുന്നത്. ഈ സ്നേഹമാണ് ക്രൈസ്തവ ആരാധന. ആരാധനയുടെ പ്രാപഞ്ചിക ഭാവത്തെ വസ്തുവിന്റെ അന്ത്യദിവസത്തിലേ ദൈവീകരണത്തിന്റെ പൂർത്തീകരണം എന്ന് വ്യാഖ്യാനിക്കുന്ന തീയാർഡ് ഷെർദാന്റെ വീക്ഷണത്തോട് ബനഡിക്ട് മാർപ്പാപ്പ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാപഠനം താരതമ്യം ചെയ്യുന്നു.
അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപാന്തരീകരണം ക്രിസ്തുവിലുള്ള പൂർത്തീകരണത്തിന് മുന്നാസ്വാദനമാണ് വിശ്വപ്രസിദ്ധനായ ഫ്രഞ്ച് ദൈവശാസ്ത്രജ്ഞൻ തെയ്യാർഡ് ഷാർദാന്റെ വീക്ഷണത്തിൽ. ദിവ്യകാരുണ്യം പ്രാപഞ്ചികമാണ്. ഷാർദാന്റെ വീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ അക്രൈസ്തവ മതങ്ങളിലെ ദൈവാനുഭവവും എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ കാണുന്ന മിസ്റ്റിക് അനുഭവങ്ങളും മാർപ്പാപ്പ വിലയിരുത്തുന്നു. പൗരസ്ത്യ മതങ്ങൾ അതേ രീതി തുടരുന്നു എന്നും മാർപ്പാപ്പ പറയുന്നു.
വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ചരിത്രപരവും പ്രാപഞ്ചികവുമായ ദൈവാനുഭവങ്ങൾ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അഭിഭാജ്യവും സാംകാരികവുമായി അവ നിലനിൽക്കുന്നു. ദേവാലയ ശുദ്ധീകരണം,
ദേവാലയതിരശീല നടുവേ കീറുന്നത്, അന്ത്യ അത്താഴം, ക്രിസ്തുവിന്റെ മരണം, ഉയിർപ്പ് തുടങ്ങിയ പ്രതീകങ്ങൾക്ക് പുതിയ കാൾട്ടിന്റെ ആരംഭസ്ഥാനമാണുള്ളത്. സഭാപിതാക്കന്മാർ ഈ പുതിയ ആരാധനയെ ദിവ്യകാരുണ്യമായി കണക്കാക്കി. അത് പ്രാർത്ഥനയും അർപ്പണവും ആരാധനയും കൾട്ടും ആണ്.
മാർപ്പാപ്പായുടെ വാക്കുകളിൽ ക്രൈസ്തവ “കൾട്ട്” ക്രൈസ്തവ ആരാധനാക്രമമാണ്. അത് യഹൂദരുടെ സിനഗോഗൽ കൽട്ടിന്റെ ക്രൈസ്തവ രൂപമല്ല. അതൊരു പുതിയ കൾട്ട് ആണ്; പുതിയ ആരാധനയാണ്; പുതിയ അർത്ഥമാണ്; പുതിയ തിരിച്ചറിവും പുതിയ സാക്ഷാത്ക്കാരവും ആണ്. അത് ഒരു പുതിയ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നതാണ്; പുതിയ പ്രതീക്ഷയാണ്. ക്രിസ്ത്യൻ “കൾട്ട്” ഒരു പുതിയ കാഴ്ചപ്പാടും ഒരു പുതിയ “മീറ്റിംഗ് പോയിന്റും” വാഗ്ദാനം ചെയ്യുന്നു. സ്വർഗ്ഗത്തെയും ഭൂമിയെയും ദ്രവ്യത്തെയും ആത്മാവിനെയും ദൈവത്തെയും മനുഷ്യനെയും ഒന്നിപ്പിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തീയ ആരാധനാക്രമം ക്രിസ്ത്യൻ അനുഭവവും ക്രിസ്ത്യൻ വഴിപാടുമാണ്.
ക്രൈസ്തവാരാധനയുടെ പ്രാപഞ്ചിക സ്വഭാവം
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വീക്ഷണത്തിൽ ക്രൈസ്തവാരാധന പ്രാപഞ്ചികമാണ്. ക്രൈസ്തവരാധന പുതിയ ദേവാലയം പണിയപ്പെടും എന്ന പ്രതീക്ഷയിൽ കഴിയുന്ന യഹൂദരുടെ ആരാധനയോ മുഹമ്മദീയരുടെ ആരാധനയോ അല്ല. ക്രൈസ്തവാരാധന ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രാപഞ്ചിക ദേവാലയത്തിലെ പ്രാപഞ്ചിക ആരാധനയാണ്. നിത്യ സ്നേഹത്തിന്റെ അന്ത്യമമായ അർപ്പണമാണത്.
യഹൂദരുടെ സിനഗോഗിലെ ആരാധനയിൽ നിന്നും പല അംശങ്ങളും ക്രൈസ്തവ ആരാധന സ്വീകരിച്ചിട്ടുള്ളതുകൊണ്ടു ആരാധനയിൽ ഉണ്ടായിരിക്കേണ്ട പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള ആന്തരിക ഐക്യം ക്രൈസ്തവാരാധനയിൽ ഏതാണ്ട് നഷ്ടപ്പെട്ടുപോയി എന്നും മാർപ്പാപ്പ പറയുന്നു. അതിനർത്ഥം ഒരു പ്രാപഞ്ചികത ക്രൈസ്തവാരാധനക്കുണ്ടെന്നും അത് നഷ്ടപ്പെട്ടത് വീണ്ടെടുക്കണമെന്നുമാണ്.
ഈയർത്ഥത്തിൽ ദിവ്യകാരുണ്യവും വി. കുർബാനയും ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും പ്രപഞ്ചിക സംഗമമാണ്. അതിനു ലംബവും തിരശ്ചീനവുമായ മാനവും അതുല്യതയും ഐക്യവും ഉണ്ടെന്നുമാണ് മാർപ്പാപ്പ പറയുന്നത്. അതുകൊണ്ട് ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന്റെ ആരാധന ആയല്ല ക്രൈസ്തവ ആരാധന കരുതപ്പെടുന്നത്. പൗരസ്ത്യ സഭകളിലെ ആരാധനാക്രമത്തിന്റെ പ്രത്യേകതകളെപ്പോലും ഏതെങ്കിലുമൊരു പ്രത്യേ വിഭാഗത്തിന്റെ പ്രത്യേക ആരാധനാരീതി എന്ന് പറയാനാകില്ല എന്നും ബനഡിക്ട് മാർപ്പാപ്പ പറയുന്നു.
ക്രൈസ്തവ ആരാധനാക്രമം നിറവിന്റെയും തികവിന്റെയും പ്രതീക്ഷയുടെയും ആരാധനാക്രമമായും എല്ലാവർക്കും വേണ്ടിയുള്ള എല്ലാവരുടേതുമായ ഒരു പ്രാപഞ്ചിക ആരാധനാക്രമമായും ബനഡിക്ട് മാർപ്പാപ്പ വ്യാഖ്യാനിക്കുന്നു. അത് യഥാർത്ഥത്തിൽ റീത്തുകളുടെ വൈവിധ്യതക്കും പ്രാദേശികതയുടെയും സംസ്കാരത്തിന്റെയും അന്തരത്തിനും അതീതമാണ്. അത് മനുഷ്യനും ദൈവവും തമ്മിലുള്ള സംഗമമാണ്. ദിവ്യവും ദ്രവ്യവും തമ്മിലും ദൈവവും മനുഷ്യനും തമ്മിലും വസ്തുവും അരൂപിയും തമ്മിലും ദിവ്യകാരുണ്യത്തിൽ സമന്വയിക്കയും സംഗമിക്കയും ചെയ്യുന്നു.
ഉപസംഹാരം
ക്രൈസ്തവാരാധനയുടെ തികവും പൂർണ്ണതയും “ദൈവം എല്ലായിടത്തും എല്ലാത്തിലും” എന്ന അനുഭവം ആണെന്ന് ബനഡിക്ട് മാർപാപ്പ പറയുന്നു. എല്ലാ ആരാധനാക്ര അർപ്പണത്തിലും ഈ പ്രതീക്ഷയുണ്ട്. ഒരു “കൾട്ട്” ആയും ഒരു വിനോദമായും ഒരു പ്രാപഞ്ചിക അർപ്പണമായും എല്ലാ ആരാധനാക്രമവും അനുഭവവേദ്യമാകണം. ക്രൈസ്തവ ആരാധനാക്രമത്തിലൂടെ അദ്ധ്യാൽമിക അനുഭവത്തിൽ നിറയാൻ പ്രത്യക്ഷവും പരോക്ഷവുമായ അനുഭവങ്ങൾ തമ്മിൽ ഒരു സമതുലിത ആവശ്യമെന്നും മാർപാപ്പ പറയുന്നു.
ആരാധനാക്രമത്തിന്റെ അന്തസക്ത “കൾട്ട്” ആയും വിനോദമായും ആരാധനയുടെ പ്രകാശനമായും വ്യാഖ്യാനിക്കാം. ക്രിസ്തുവാണ് കേന്ദ്രം. ദിവ്യകാരുണ്യമാണ് പ്രത്യക്ഷീകരണവും പ്രതീകവും. ആഘോഷവും അർപ്പണവുമാണ് അവസരം. അനുഭവമാണ് ശക്തിയും സ്രോതസും. നടപടിയും പ്രവൃത്തിയും ഫലം തന്നെയാണ്. മനുഷ്യപുരോഗതിയും മനുഷ്യരുടെ ഐക്യവുമാണ് ലക്ഷ്യവും നേട്ടവും.