വിഖ്യാത ബൈബിൾ ടി. വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ഇതിനകം വിറ്റുപോയത് 6,40000ത്തിലേറെ ടിക്കറ്റുകൾ.
‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വിവിധ അമേരിക്കൻ നഗരങ്ങളിലെ 1700 തീയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘ചോസൺ സ്പെഷൽ’ എന്ന വിശേഷണത്തോടെ തയാറാക്കിയിരിക്കുന്ന സിനിമ ഡിസംബർ 10വരെമാത്രമായിരിക്കും തിയറ്ററുകളിൽ പ്രദർശിപ്പിക്കുക. ‘ഫാത്തം ഇവന്റ്സാ’ണ് വിതരണക്കാർ.
ഈശോയുടെ പരസ്യജീവിതം ചിത്രീകരിക്കുന്ന ‘ദ ചോസൺ’ ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുള്ള ടി.വി പരമ്പരയാണ്. പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി (ക്രൗഡ് ഫണ്ടിംഗ്) നിർമിക്കുന്ന ടി.വി പരമ്പര എന്ന നിലയിലും ശ്രദ്ധേയമാണ് ‘ദ ചോസൺ’. അതിന്റെ സംവിധാനം നിർവഹിക്കുന്ന ഡാളസ് ജംഗിൻസാണ് സിനിമയുടെയും സംവിധായകൻ. തിരുപ്പിറവി സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും കണ്ണുകളിലൂടെയുള്ള ദൃശ്യാവിഷ്കാരമാണ് ‘ദ മെസഞ്ചേഴ്സി’ന്റെ ഉള്ളടക്കം. തീയറ്ററിലെ പ്രദർശനത്തിനുശേഷം അധികം താമസിയാതെ ‘ദ ചോസൺ’ ആപ്പിൽ സ്പെഷൽ എപ്പിസോഡ് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്മസിനോട് അനുബന്ധിച്ച് സ്പെഷൻ എപ്പിസോഡ് തീയറ്ററുകളിൽ എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന കുതിക്കുകയായിരുന്നു. 12 മണിക്കൂറിനുള്ളിൽമാത്രം വിറ്റുപോയത് ലക്ഷക്കണക്കിന് ടിക്കറ്റുകളാണ്. 1079 തീയേറ്ററുകളിലാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും ഗംഭീര പ്രതികരണത്തെ തുടർന്ന് തീയറ്ററുകളുടെ എണ്ണം 1700ആയി വർദ്ധിപ്പിക്കുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ‘ദ ചോസൺ’ പരമ്പരയിലെ ഏതാനും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. പ്രമുഖരുടെ ഗാനാലാപനവും സ്പെഷൽ എപ്പിസോഡിന്റെ സവിശേഷതയാണ്.
‘ദ ചോസണിന്റെ ആവേശഭരിതരായ പ്രേക്ഷകരോടും പ്രദർശന സ്ഥലങ്ങൾ ഒരുക്കിയ ഞങ്ങളുടെ എക്സിബിറ്റർ പങ്കാളികളോടും ഞങ്ങൾ നന്ദിയുള്ളവരാണ്,’ ‘ഫാത്തം ഇവന്റ്സ്’ സി.ഇ.ഒ റേ നട്ട് പറഞ്ഞു. എട്ട് മില്യൺ ഡോളർ മൂല്യമുള്ള ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയിട്ടുള്ളത്. ഒരുപക്ഷേ, ഇത് ‘ഫാത്തം ഇവന്റ്സി’ന്റെ എക്കാലത്തെയും വലിയ നേട്ടമായിരിക്കും. ‘എണ്ണത്തെ കുറിച്ചൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല. എന്നാൽ, ഇത് ഒരു അടയാളമാണ്. പുതിയതും പഴയതുമായ പ്രേക്ഷകരിൽനിന്നുള്ള ആവേശകരമായ അഭിപ്രായങ്ങൾ സമാനമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമേകുന്നു,’ ഡാളസ് ജെംഗിൻസ് വ്യക്തമാക്കി.