Shiji Johnson
ഇന്നലെ ധന്യയുടെ ആദ്യ കുർബാന സ്വീകരണമായിരുന്നു. സഹപ്രവർത്തകൻ ജോൺസിയുടെയും, മഞ്ജുവിന്റെയും മകൾ. ഡെന്നിസിന്റെയും ദിയകുട്ടിയുടെയും ചേച്ചി.
Myelo Meningocele ( Open Spine Bifida ) നട്ടെല്ല് പുറത്തേക്കു വന്ന്, ഇരിക്കാനോ നിൽക്കാനോ ശാരീരിക ആവശ്യങ്ങൾ സ്വയം നിറവേറ്റാനോ സാധിക്കാത്ത അവസ്ഥ യിൽ ജനിച്ച കുട്ടി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു പോകുമെന്ന് പറഞ്ഞ ഡോക്ടർമാരോട് ജോൺസിയെന്ന പിതാവ് പറഞ്ഞത് ഇവൾ ജീവിക്കാൻ വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നായിരുന്നു.
പ്രയോഗികമായി ചിന്തിക്കാനും, കുഞ്ഞിനെ ഉപേക്ഷിക്കാനും ഉപദേശിച്ചവരുടെ മുൻപിലൂടെ, അവളെ തോളിലെടുത്തു, കണ്ണീരകത്തേക്കൊഴുക്കി, ആ മാതാപിതാക്കൾ ആശുപത്രികൾ മാറി മാറി ക്കയറി, ദൈവം കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ. അലോപ്പതിയിൽ നിന്ന് ആയുർവേദത്തിലേക്കു കൂടു മാറിയപ്പോൾ, മകൾക്കുവേണ്ടി, ജോൺസി തന്റെ വീടൊരു ആശുപത്രിയാക്കി മാറ്റി.
ചികിത്സാവിധികൾ പഠിച്ചെടുത്തു… രാവിലെയും വൈകിട്ടും 2 മണിക്കൂറോളം ധാര, കിഴി, മരുന്ന് കൂട്ടുകൾ. അതുകഴിഞ്ഞാൽ സ്കൂളിലേക്ക്. ഇടയ്ക്കു പൊതുപ്രവർത്തനത്തിനും സമയം കണ്ടെത്തി.
നാൾ കഴിയും തോറും നട്ടെല്ല് കൂടുതലായി വളയുമെന്നും,10 വയസെത്തിയ മകളുടെ ശിഷ്ടകാലം വൈകാതെ കിടക്കയിൽ തന്നെയാകുമെന്നുമുള്ള തിരിച്ചറിവിന്റെ വേദനയിൽ നിന്നാണ് അവൾക്കു സന്തോഷമേകാനുള്ള ഈ തീരുമാനത്തിൽ എത്തിയത്.
ഒരളവുകോലിലും ഒതുങ്ങാത്ത പിതൃസ്നേഹം.. സ്വപ്നം പോലെ ഒരു ആഘോഷം..
വെള്ളയുടുപ്പും നെറ്റും അണിഞ്ഞു, മെഴുതിരിയേന്തി, നിലാവുപോലെ നനുത്ത ചിരിയുമായി വേദിയിലിരുന്നു ധന്യമോൾ, എല്ലാം കാണുന്നുണ്ടായിരുന്നു.. Live music, live kitchen, desert corner. നിറമുള്ള ബലൂണുകളുമായി കുട്ടികൾ,സമ്മാനങ്ങളുമാ യി വിരുന്നുകാർ, അങ്ങനെ എല്ലാം.
നേരെയിരിക്കാൻ വേണ്ടി ഉടുപ്പിനകത്തിട്ടിരിക്കുന്ന ബെൽറ്റിന്റ വേദന അവൾ പുറത്തുകാട്ടിയതേയില്ല.. അങ്ങനെയല്ലേ അവളുടെ പപ്പയും മമ്മിയും..
മക്കളെക്കുറിച്ചുള്ള ആഹ്ലാദത്തിന്റെ മാറ്റ് അല്പം കുറയുമ്പോൾ പരാതിപ്പെടുന്ന, ഉള്ളിത്തൊലി പോലെ ഊതിയാൽ പറക്കുന്ന കാര്യങ്ങളെക്കുറിച്ച് കലഹിക്കുന്ന, നമ്മുടെയൊക്കെ ചിന്തകൾക്കുമേലെ ധന്യമോൾടെ ചിരി ഒരു നൊമ്പരക്കനലായി എരിയും.
ബുദ്ധിമാന്ദ്യമുള്ള തന്റെ കുട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പിതാവിന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘ പേരൻപു ‘ കണ്ടു കണ്ണ് നിറയുകയും കൈയ്യടിക്കുകയും ചെയ്തവരാണ് നമ്മൾ. നമുക്കിടയിൽ ജീവിക്കുന്ന, കാതലുള്ള ഈ സാധാരണക്കാർക്കുവേണ്ടിയും നമുക്ക് കൈയടിക്കാം, കൂടെയുണ്ട് എന്ന് ധൈര്യം കൊടുക്കാം.