അത്യന്തം അപകടകരമായ ഒരു സാംസ്കാരിക അപനിർമ്മിതി ഈ കാലഘട്ടത്തിൽ നടക്കുന്നുണ്ട് എന്നുള്ളതിന് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചിലത് തന്നെയാണ് സാക്ഷി. ആരാണ് ഇത്തരമൊരു ബൗദ്ധിക നീക്കത്തിന് പിന്നിൽ എന്ന ചോദ്യത്തിന്റെ ഉത്തരം അൽപ്പം സങ്കീർണ്ണമാണ് എങ്കിലും, ചില മാധ്യമസ്ഥാപനങ്ങളുടെ നീക്കങ്ങൾ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.
പാടിപ്പതിഞ്ഞ ആഖ്യാനങ്ങളുടെ പുനരവതരണത്തിനും, ആഴമായ നിരീക്ഷണങ്ങളോ പഠനമോ കൂടാതെയുള്ള വിശകലനങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ട് ഒരു വിഭാഗത്തെ “ആഴമില്ലാത്തവരായി” ചിത്രീകരിക്കുമ്പോൾ, ബൗദ്ധികമായ ഇടപെടലുകൾ നടത്തി മറ്റൊരു വിഭാഗത്തെ വെള്ളപൂശാനുള്ള ശ്രമങ്ങളും പതിവായി കാണാം. ഒന്നിനെ കുറച്ചുകാണിച്ചാലേ മറ്റൊന്നിനെ മഹത്വവൽക്കരിക്കാൻ കഴിയൂ എന്ന വിലകുറഞ്ഞ ലോജിക്ക് ഇവിടെ ദൃശ്യമാകുന്നതോടൊപ്പം, വിലയുള്ളവരാകാൻ കുറുക്കുവഴികൾ തേടുന്ന പ്രത്യയ ശാസ്ത്രങ്ങൾക്ക് ഇത്തരം ഇടപെടലുകൾക്ക് പിന്നിൽ സ്ഥാനമുണ്ടാകാനുള്ള സാധ്യതയും തെളിയുന്നു.
കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹങ്ങളും ടാർജറ്റ് ചെയ്യപ്പെടുന്നു പച്ചക്കുതിര എന്ന ഡിസി ബുക്സിന്റെ പ്രസിദ്ധീകരണത്തിന്റെ ഈ വർഷത്തെ ഇതുവരെയുള്ള ലക്കങ്ങൾ മാത്രം നിരീക്ഷിച്ചാൽ മേൽപ്പറഞ്ഞ നീക്കങ്ങൾ ക്രൈസ്തവ സമൂഹങ്ങൾക്ക് എതിരെ നടക്കുന്നതിന്റെ വ്യക്തമായ തെളിവുകൾ ദൃശ്യമാണ്. ജനുവരി ലക്കത്തിൽ സുറിയാനി ക്രൈസ്തവർ എന്ന പേരിൽ ലത്തീൻ ഇതര ക്രൈസ്തവ സമൂഹങ്ങളെ (കത്തോലിക്കാ, അകത്തോലിക്കാ) മുഴുവൻ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശക്തമായ ശ്രമങ്ങളുണ്ട്. അത്തരം ഉള്ളടക്കങ്ങളോടുകൂടിയ രണ്ട് ലേഖനങ്ങളിലും നിരവധി അവാസ്തവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിനൊപ്പം ഒട്ടേറെ ചരിത്രസത്യങ്ങളെയും യാഥാർഥ്യങ്ങളെയും തമസ്കരിച്ചിട്ടുമുണ്ട്.”ബവിതാ ഈശോ” എന്ന നാമധേയത്തിൽ എഴുതിയിരിക്കുന്ന ദീർഘമായ ഒരു വിശകലനത്തിൽ, “സുറിയാനി ക്രിസ്ത്യാനികൾ” എന്ന വിശേഷണം ആർക്കാണ് നൽകിയിരിക്കുന്നത് എന്നതുപോലും വ്യക്തമല്ല.
വ്യത്യസ്ത സ്വഭാവങ്ങളും വിരുദ്ധ ആശയങ്ങളുമുള്ള പഴയ ചില ഗ്രന്ഥങ്ങളിൽനിന്ന് സ്വീകരിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാവുന്ന, വിഭിന്നങ്ങളും വേറിട്ട് നിൽക്കുന്നതുമായ നിരവധി ചരിത്രങ്ങളെയും പാരമ്പര്യങ്ങളെയും ഒരേ നൂലിൽ കോർക്കാൻ ശ്രമിച്ചിരിക്കുന്നത് വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കാൻ മാത്രമേ സഹായിക്കൂ. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ ചില ചരിത്ര സംഭവങ്ങളുടെ ഭാഗമായ ആഖ്യാനങ്ങളുടെ ചുവടുപിടിച്ച് “പാശ്ചാത്യ യൂറോപ്യൻ ക്രൈസ്തവതയോട് എന്നും ഇന്നും കലഹിച്ചു നിൽക്കുന്ന, സുറിയാനി ക്രൈസ്തവത” എന്ന് ലേഖനകർത്താവ് പ്രസ്താവിക്കുന്നുണ്ട്. “ഹിന്ദുത്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഭൂരിപക്ഷ രാഷ്ട്രത്തിൽ ചെറു ന്യൂനപക്ഷ സമുദായമായി നിലകൊള്ളുമ്പോൾ ഉണ്ടാകേണ്ട സ്വാഭാവിക പേടികളെ മുസ്ളീം ഉൾപ്പെടെയുള്ള സമുദായങ്ങൾ ആവാഹിക്കുമ്പോൾ, എന്താണ് ഇന്ത്യയിലെ ക്രൈസ്തവ രാഷ്ട്രീയത” എന്ന് ലേഖനകർത്താവ് അത്ഭുതം കൂറുന്നു.
സംഘപരിവാറിനോടുള്ള യുദ്ധത്തിൽ മുസ്ളീം സമുദായത്തോട് നിരുപാധികം പക്ഷം ചേരാത്തതിലുള്ള വിയോജിപ്പ് അവിടെ വ്യക്തം. “പാടിപ്പതിഞ്ഞ അപ്പസ്തോലിക – ബ്രാഹ്മണ്യ പാരമ്പര്യം വീണ്ടെടുക്കുന്നതിലൂടെ ഒറ്റ ഉറവിടം മാത്രമുള്ള ഒരു വംശമായി സുറിയാനി ക്രൈസ്തവികതയെ അരക്കിട്ടുറപ്പിക്കുകയാണ് കേരളത്തിലെ ഇടയന്മാർ എക്കാലവും ചെയ്തുകൊണ്ടിരിക്കുന്നത്” എന്ന് പ്രസ്താവിക്കുമ്പോഴും, ആരാണ് കേരളത്തിലെ ഇടയന്മാർ എന്നും, എന്താണ് സുറിയാനി ക്രിസ്തീയത എന്നും വ്യക്തമല്ല. എന്നാൽ, തുടർന്നുവരുന്ന ഒരു ഭാഗത്ത്, “ഒരു ഉത്ഭവം ചരിത്രവൽക്കരിച്ചതിലൂടെ ശുദ്ധ രക്തത്തിന്റെ പങ്കാളികളായ ഒരു വംശമായി സുറിയാനി ക്രൈസ്തവ സമുദായ സ്വത്വം രൂപപ്പെടുത്തിയെടുക്കുകയും, തൽഫലമായി ഈ വംശാവലിയിൽ ഉൾപ്പെടാത്ത ക്രൈസ്തവരെ ആഭ്യന്തര ശത്രുക്കളാക്കി മാറ്റുകയും ചെയ്തു” എന്ന് പറഞ്ഞു വയ്ക്കുന്നു.
“അതിന്റെ ഭാഗമായിതന്നെ, മറ്റു സമുദായങ്ങളെ, പ്രത്യേകിച്ച് ഇസ്ലാമിനെ ബാഹ്യ ശത്രുക്കളാക്കി അന്യവൽക്കരിക്കുന്ന സവിശേഷ സാഹചര്യം ഉരുത്തിരിഞ്ഞു” എന്നും പറയുന്നു. “ഒരേസമയം ആണധിഷ്ഠിത ഭൂരിപക്ഷ വരേണ്യ ജാതീയ സഭാധികാര ക്രമത്തിന്റെ രക്തസാക്ഷികളും ദൃക്സാക്ഷികളും ആയ കന്യാസ്ത്രീകൾ സമുദായത്തിന്റെ വിമർശനാത്മക കർത്താക്കളായി ഇപ്പോൾ ഉയർന്നുവരുന്നു” എന്ന, ഉപരിപ്ലവമായ കാഴ്ചകളിലും പ്രചരണങ്ങളിലും ഊന്നി നിൽക്കുന്ന ഒരു പ്രസ്താവനയും ലേഖനകർത്താവ് നടത്തുന്നുണ്ട്. തന്ത്രപരമായ ഒരു ചോദ്യംകൂടി ഈ ലേഖനത്തിൽ ഉയരുന്നു. “ഇപ്പോൾ ഭൂരിപക്ഷ വർഗ്ഗീയത ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്ലിം സമുദായത്തോടൊപ്പം നിൽക്കുന്ന രാഷ്ട്രീയതയായി ക്രൈസ്തവ സമുദായികതയെ പുനരാവിഷ്കരിക്കാൻ ക്രൈസ്തവ സമൂഹത്തിന് കെൽപ്പുണ്ടോ” എന്ന വെല്ലുവിളിയാണ് അത്.
ക്രൈസ്തവികതയുടെ ആന്തരികതയെയും ചരിത്രവഴികളെയും വികലമായും വിചിത്രമായും ചിത്രീകരിച്ചുകൊണ്ടും ആനുകാലിക യാഥാർഥ്യങ്ങളെ പൂർണ്ണമായി തമസ്കരിച്ചുകൊണ്ടും, മറ്റൊരു സമുദായത്തെ മഹത്വവൽക്കരിക്കാനും വെള്ളപൂശാനും അവർക്കുവേണ്ടി ഇരവാദം മുഴക്കാനും വേണ്ടിയാണ് പ്രസ്തുത ലേഖനം എഴുതപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം.വിദ്യാഭ്യാസം: വാസ്തവ വിരുദ്ധ പരാമർശങ്ങൾദളിത് ക്രൈസ്തവരെക്കുറിച്ച് അതേ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിലും ദുരുദ്ദേശ്യപരമായി വളച്ചൊടിക്കപ്പെട്ട ചില പ്രസ്താവനകളുണ്ട്.
“മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനവും, സുറിയാനി ക്രിസ്ത്യാനികളും വിദ്യാഭ്യാസമേഖലയിൽ ദളിത് ക്രൈസ്തവരോട് പരിപൂർണ്ണമായ അവഗണന പുലർത്തി” എന്ന ആരോപണമാണ് ഒന്ന്. തുടർന്നും, “മധ്യകേരളത്തിലെ ദളിത് ക്രൈസ്തവർക്ക് യാതൊരു സാമൂഹ്യ സാമ്പത്തിക മൂലധനവും സ്വരൂപിക്കാൻ സുറിയാനി ക്രിസ്ത്യാനികൾ അനുവദിച്ചില്ല” എന്നും, “സുറിയാനി ക്രിസ്ത്യാനികളും ഈഴവ ക്രിസ്ത്യാനികളും കോട്ടയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ദളിതരെ അകറ്റി നിർത്തി” എന്നും ലേഖകൻ പറഞ്ഞുവയ്ക്കുന്നു.
1905ൽ ചെമ്മരപ്പള്ളിയിൽ സ്ഥാപിക്കപ്പെട്ട ഒരു ഇംഗ്ലീഷ് സ്കൂളിനെക്കുറിച്ച് എഴുതപ്പെട്ട പ്രസ്തുത ലേഖനത്തിൽ മേൽപ്പറഞ്ഞ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും, “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവകരമായ ആശയം മുന്നോട്ടു വയ്ക്കുകയും അത് പ്രയോഗികമാക്കുകയും ചെയ്ത ബിഷപ്പ് ബച്ചിനെല്ലിയെയും, സുറിയാനി കത്തോലിക്കാ സഭാംഗവും അന്നത്തെ വികാരി ജനറാളുമായിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും മനഃപൂർവ്വം തമസ്കരിക്കുന്നു. 1859 മുതൽ 1868 വരെ മധ്യകേരളത്തിലെ വരാപ്പുഴ രൂപതാധ്യക്ഷനായിരുന്നു ആർച്ച് ബിഷപ്പ് ബർണഡിൻ ബച്ചിനെല്ലി. ചെമ്മരപ്പള്ളിയിലെ സ്കൂളിന് ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് 1846 -ലാണ് മാന്നാനത്ത് തൊട്ടുകൂടാത്തവർക്കും തീണ്ടിക്കൂടാത്തവർക്കുമായി ചാവറയച്ചൻ സംസ്കൃത സ്കൂൾ ആരംഭിക്കുന്നത്.
താഴ്ന്ന ജാതിക്കാർ സംസ്കൃതം കേട്ടാൽ ചെവിയിൽ ഈയം ഒരുക്കിയൊഴിക്കണമെന്ന നിയമമുണ്ടായിരുന്ന ഒരുകാലത്താണ് വരേണ്യവർഗ്ഗത്തെ വെല്ലുവിളിച്ച് ദളിതർക്കും അന്യജാതിക്കാർക്കും പ്രവേശനമുള്ള സംസ്കൃത സ്കൂൾ ചാവറയച്ചൻ ആരംഭിച്ചത്. അക്കാലത്ത് വെല്ലുവിളിയായിരുന്ന ജാതിവ്യവസ്ഥിതിയെ മറികടക്കാനായി വിദ്യാർത്ഥികൾക്ക് യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയതും അദ്ദേഹമാണ്.വിദ്യാഭ്യാസ മേഖലയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകം മുതൽ ശക്തവും നിർണ്ണായകവുമായ ഇടപെടലുകൾ നടത്തുകയും ഇക്കാലത്തും അത് തുടരുകയും ചെയ്യുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തെക്കുറിച്ചും ഈ മേഖലയിലെ പ്രവർത്തന ചരിത്രത്തെക്കുറിച്ചും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും, ചില പേരുകളും അധ്യായങ്ങളും ചരിത്രങ്ങളിൽനിന്ന് അടർത്തി മാറ്റുകയും ചെയ്യാനുള്ള പ്രവണത സമീപകാലങ്ങളിൽ പ്രകടമാണ്.
അത്തരം സ്ഥാപിത താല്പര്യങ്ങളുടെ തുടർച്ചയാണ് ഇത്തരം ലേഖനങ്ങൾ എന്ന് കരുതുന്നതിൽ തെറ്റില്ല. കത്തോലിക്കാ സഭയുടെ മരണക്കളികൾ!പച്ചക്കുതിരയുടെ ഫെബ്രുവരി ലക്കത്തിൽ കത്തോലിക്കാ സഭയുടെ മരണക്കളികൾ എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആത്മകഥാംശംകൂടി ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന പ്രസ്തുത ലേഖനത്തിൽ മത – അനുഷ്ഠാന രഹിത എന്ന് സ്വയം പരിചയപ്പെടുത്തുന്ന ലേഖിക വാസ്തവ വിരുദ്ധമായ പ്രസ്താവനകളും അർദ്ധ സത്യങ്ങളും ശരിയായ ധാരണയില്ലാത്ത വിഷയങ്ങളും കൂട്ടിക്കലർത്തിയിരിക്കുന്നു.
പി.ടിയുടെ മരണശേഷം സഭ വളരെ വിവേകത്തോടും അനുഭാവത്തോടും മാത്രമാണ് പ്രതികരിക്കുകയോ, ഇടപെടലുകൾ നടത്തുകയോ ചെയ്തിട്ടുള്ളതെങ്കിലും, പി.ടിയുടെ അന്ത്യാഭിലാഷം എന്ന നിലയിൽ ഉന്നയിക്കപ്പെട്ട ആഗ്രഹങ്ങളോടൊന്നും നിഷേധാത്മക നിലപാട് സ്വീകരിച്ചില്ലെങ്കിലും, അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികൾ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന അവസരങ്ങൾ പോലും ഉടലെടുത്തിട്ടും, സഭയ്ക്കെതിരായ അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ പി.ടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സഭയ്ക്കുമേൽ പഴി ചാരാനാണ് ലേഖിക കിണഞ്ഞു പരിശ്രമിച്ചിട്ടുള്ളത്.
പി.ടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പഴയ ചില സംഭവങ്ങളെയും ആനുകാലിക സാഹചര്യങ്ങളെയും തന്റെ വിദൂര അറിവുകളുടെ വെളിച്ചത്തിൽ ഭാവനയുടെ അകമ്പടിയോടെ വിശകലനം ചെയ്യുകയാണ് എഴുത്തുകാരി. തെമ്മാടിക്കുഴി പോലുള്ള ആശയങ്ങളെ ആവർത്തിച്ച് അവതരിപ്പിച്ച് സഭാനേതൃത്വത്തിന് ആദ്യന്തം വില്ലൻ പരിവേഷം നൽകുന്നുണ്ട്. മരണാനന്തരം ഒരു ജീവിതമില്ല എന്ന തന്റെ ധാരണയിൽ ഉറച്ചുനിന്നുകൊണ്ട് മരണശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ അതിന്റെ ആഴവും അർത്ഥവും അറിയാതെ അന്ധമായി വിമർശിച്ചിരിക്കുന്നു.
കൂടെ ജീവിച്ച് അടുത്തകാലത്ത് മരിച്ച ദൈവവിശ്വാസിയായ അമ്മയുടെ മരണാനന്തര ചടങ്ങുകൾ വിശ്വാസ പ്രകാരം നടത്തണമെന്ന മറ്റു കുടുംബാംഗങ്ങളുടെ ആഗ്രഹത്തെ പരിഹസിച്ചുകൊണ്ടാണ് ലേഖിക അവസാനിപ്പിക്കുന്നത്. ഇത്തരം ചടങ്ങുകളിൽനിന്നെല്ലാം തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശം കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.ക്രൈസ്തവ വിശ്വാസത്തെയും, കത്തോലിക്കാ സഭയെയും, സഭാ നേതൃത്വത്തെയും വിലകുറച്ചും തെറ്റിദ്ധാരണാജനകമായും ചിത്രീകരിക്കുക ഒരു അജണ്ടയായി സ്വീകരിച്ചിരിക്കുന്നതായി കാണപ്പെടുന്ന മാധ്യമങ്ങളിൽ ഒന്ന് മാത്രമാണ് പച്ചക്കുതിര.
ക്രൈസ്തവ വിശ്വാസ – ആചാര – അനുഷ്ഠാന വിഷയങ്ങൾ വ്യക്തമായ പഠനങ്ങൾ കൂടാതെയും, ഉപരിപ്ലവവും മുൻനിശ്ചിതവുമായ ആശയ പ്രകടനങ്ങളുടെ വെളിച്ചത്തിലും കൈകാര്യം ചെയ്യുകയും, മറ്റു ചില മത വിഷയങ്ങളെ സൂക്ഷ്മമായി സമീപിച്ച് ബൗദ്ധിക വെള്ളപൂശൽ നടത്താൻ അവസരം ഒരുക്കി നൽകുകയും ചെയ്യുന്ന പ്രവണത അപകടകരവും മതേതരത്വത്തിനും സഹവർത്തിത്വത്തിനും കടുത്ത ഭീഷണിയുമാണ്.
(കെസിബിസി ജാഗ്രത ന്യൂസ് മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച നിരീക്ഷണം)