സ്നേഹ എലിസബത്ത്
വലിയ ദൂരങ്ങളിലേയ്ക്കൊന്നും ഞാനെന്നെ ഒരിക്കലും കൊണ്ടുപോയിട്ടില്ല. പക്ഷേ പോകുന്ന യാത്രകളൊക്കെ എപ്പോഴും അത്രമേൽ പ്രിയപ്പെട്ട ചില മനുഷ്യരിലേയ്ക്കാണ്. മടക്കയാത്രയിൽ കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ കൂടി ആ യാത്രകളൊക്കെ അതിൽ തന്നെ പൂർണ്ണവും സന്തോഷവുമാണ്. തുടക്കത്തിലെ പറയട്ടെ; ഇതും ഒരു യാത്രയുടെ ഓർമ്മക്കുറിപ്പാണ്. പക്ഷേ കണ്ട് കണ്ട് മനസിൽ പതിഞ്ഞ ഒരാളിലേയ്ക്കല്ല, അടുത്തു കിട്ടിയിട്ടും വേണ്ടത്ര കാണാതെ പോയ ഒരാളിലേയ്ക്കായിരുന്നു യാത്ര.
തേവര കോളേജിൽ ബിരുദാനന്തര ബിരുദം പഠിച്ചിരുന്ന കാലമാണ് വിദ്യാലയജീവിതത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമെന്ന് എല്ലാ കാലവും അഹങ്കരിച്ചിട്ടുണ്ട്. ആ നാളുകളിൽ കലാലയ വരാന്തകളിൽ അവിചാരിതമായി കണ്ടുമുട്ടാറുള്ള ഒരു മുഖമുണ്ടായിരുന്നു. സാരിയുടുത്ത് , മുടി പറ്റെ മുറിച്ച്, മെലിഞ്ഞ ശരീരമുള്ള ഒരു യുവ അദ്ധ്യാപിക. മുൻപരിചയങ്ങളൊന്നുമില്ലെങ്കിലും പതിവ് കണ്ടുമുട്ടലുകളിൽ ഒരു പുഞ്ചിരി സമ്മാനിച്ച് മാത്രമേ കടന്നുപോകാറുകണ്ടായിരുന്നുള്ളു പരസ്പരം. അദ്ധ്യാപികയാകണം എന്ന തീവ്രമായ ആഗ്രഹം എക്കാലവും ശക്തമായതിനാൽ തന്നെ പ്രസന്നതയോടെ വിദ്യാർത്ഥികളെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം കൗതുകമുണർത്തി മനസ്സിൽ എവിടെയോ തങ്ങിനിന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ബുധനാഴ്ച ദിവസം ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ആശ്രമത്തിന്റെ മുന്നിൽ അഗതികളായവരെ ഒരുമിച്ച് കൂട്ടി, സ്നേഹം പങ്കുവെക്കുന്ന ഒരു കൂട്ടായ്മയിലേക്ക് സാബു അച്ചൻ ഞങ്ങളെ ക്ഷണിക്കുന്നത്. ജീസസ് യൂത്തിലൊന്നും അംഗമല്ലെങ്കിലും വെറുതെ സമയം കളയാൻ പൊയ്ക്കളയാം എന്ന രസത്തോടെ മാത്രമാണ് അന്ന് പോയത്. ക്യാമ്പസിലെ വിദ്യാർത്ഥികൾ അപ്പച്ചന്മാർക്കും അമ്മമാർക്കും വേണ്ടി മനോഹരമായ ഗാനങ്ങളും സമ്മാനങ്ങളും ഒക്കെ ഒരുക്കിയിരിക്കുന്നു.
ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ അലസമായി ആശ്രമത്തിന്റെ മുന്നിലൂടെ നടക്കുമ്പോഴാണ് കൂട്ടത്തിലെ ഒരു അപ്പച്ചനെ മാറ്റി നിർത്തി ആരും കാണാതെ കൈയ്യിലേയ്ക്ക് കുറച്ചധികം പണം വെച്ചു കൊടുക്കുന്ന സാബു അച്ചനെ കണ്ടത്. പണം വാങ്ങി കൈകൂപ്പി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആ മനുഷ്യനെ ശ്രദ്ധിച്ചപ്പോൾ , കണ്ടതിനപ്പുറം കാണാത്ത ചിലതും കൂടി അവിടവിടെ ഒളിഞ്ഞിരിപ്പുണ്ടെന്നും, കളിയിൽ അൽപ്പം കാര്യമുണ്ടെന്നും തിരിച്ചറിഞ്ഞത്.
അക്കൂട്ടത്തിൽ മറ്റൊന്നു കൂടി മനസിനെ വല്ലാതെ ഗ്രസിപ്പിച്ചു.
എല്ലാവരേയും ഒരുമിച്ച് കൂട്ടാനും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനും ഉത്സാഹത്തോടെ ഓടി നടക്കുന്നു ആ അദ്ധ്യാപിക. മുഖം ക്ഷീണിതമായിരുന്നെങ്കിലും അതൊന്നും അലട്ടാത്ത ഒരു ഉത്സാഹം ആ ശരീരഭാഷയിൽ പ്രകടമായിരുന്നു. പിന്നീടൊരിക്കൽ ഒരു ഉച്ചനേരത്ത് ക്ലാസിന് മുന്നിൽ വന്ന് ” ഇന്ന് ജീസസ് യൂത്തിന്റെ പ്രയർ മീറ്റിങ്ങ് ഉണ്ട് കേട്ടോ. പറ്റുന്നവരൊക്കെ വേഗം ഭക്ഷണം കഴിച്ചിട്ട് വരണേ” എന്നു പറഞ്ഞു.
തൊട്ടു തലേ ബുധനാഴ്ച്ച കണ്ടുപരിചയിച്ച മുഖമായതു കൊണ്ടാണോ എന്തോ “മോളേ, വരില്ലേ… എബ്രഹാം വരുന്നുണ്ട്. കൂടെ വന്നാ മതീട്ടൊ ” എന്നു പ്രത്യേകം വിളിച്ചു. ഉച്ചയ്ക്കു ശേഷം ക്ലാസിൽ ഉണർന്നിരിക്കണമെങ്കിൽ ഒരു ഉച്ച മയക്കം പതിവുള്ളതിനാൽ തന്നെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി. പിന്നീടൊരിക്കൽ യാദൃച്ഛയാ കണ്ടപ്പോൾ ” എന്നെ പറ്റിച്ചല്ലേ” എന്നു പറഞ്ഞ് വീണ്ടും പുഞ്ചിരിച്ച് കടന്നുപോയി. ശേഷം കാണുമ്പോൾ വാക്കു കൊടുത്തിട്ട് പാലിക്കാതെ പോയതിന് ഇളിഭ്യതയുള്ള ഒരു ചിരി ഞാൻ ബാക്കി വെച്ചെങ്കിലും കുറച്ചധികം നാൾ ക്യാമ്പസിൽ ആ മുഖം എനിക്ക് കാണാനായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ സാബു അച്ചൻ ക്ലാസിൽ പറയുന്നത് … “നമ്മുടെ കോളേജിലെ ഒരു അദ്ധ്യാപികയ്ക്ക് ക്യാൻസറാണ്. ജീസസ് യൂത്തിലൊക്കെ ഉണ്ടായിരുന്ന ഒത്തിരി ദൈവഭക്തിയുള്ള കുട്ട്യാണ്. എല്ലാരും പ്രാർത്ഥിക്കണം ” ഇനിയൊരു പക്ഷേ പേരു പോലും ചോദിക്കാതെ ഞാൻ കടന്നുപോയ , എന്നെ കടന്നുപോകാറുണ്ടായിരുന്ന മുഖമായിരിക്കുമോ അത് എന്നാണ് ആദ്യമോർത്തത്. പരിചിതരായ ജീസസ് യൂത്തിലെ കുറച്ചു പേരോട് ചോദിച്ചപ്പോ അറിഞ്ഞു. ആൾ അതു തന്നെയാണ്. പേര് അജ്ന.
തേവര കോളേജിന്റെ പടിയിറങ്ങിയതോടെ ഓർമ്മകളൊക്കെ പതിയെ പതിയെ മഞ്ഞു മൂടാൻ തുടങ്ങി. ഞാൻ B.Ed പഠനമൊക്കെയായി കാര്യമായ തിരക്കിലായി. ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ജനുവരി 21 -ന് എബ്രാഹത്തിന്റെ സ്റ്റാറ്റസിലൂടെയാണ് വീണ്ടും ആ മുഖം എന്നെ തേടിവന്നത്. ഒരു ഞെട്ടലോടെയല്ലാതെ നിന്ന നിൽപിൽ നിന്ന് വേരോടാനായില്ല. അജ്ന ചേച്ചി ഈശോയുടെ അടുത്തേക്ക് പോയി. ഒക്കെയും പുകമൂടി മറഞ്ഞിട്ടും ആ മുഖവും ചിരിയും തെല്ല് ഉടയാതെ മനസിലങ്ങനെ നിറഞ്ഞു നിന്നിരുന്നെന്ന് അപ്പഴാണ് തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് നിറയെ നിറയെ വാർത്തകൾ … സ്റ്റാറ്റസുകൾ … ദിവ്യകാരുണ്യത്തിന്റെ ആ വാനമ്പാടിക്ക് എത്രയെത്ര സാക്ഷ്യങ്ങൾ.
ഇടയ്ക്കെപ്പോഴോ കൈമോശം വന്ന ദിവ്യകാരുണ്യ ഭക്തിയും പ്രാർത്ഥനയും ജപമാല വണക്കവുമൊക്കെ പിന്നീട് കുറെയൊക്കെ വീണ്ടെടുത്തപ്പോൾ കഴിഞ്ഞ ഒരു വർഷമായി ഒരു വിങ്ങലോടെ അജ്ന ചേച്ചി മനസിൽ നീറി നിൽപ്പുണ്ട്. വിളിച്ചിട്ടും വാക്കു പറഞ്ഞിട്ടും ചെല്ലാതെ പോയ ഒരു പ്രാർത്ഥനയുടെ കടവും ഓർമ്മിച്ചുകൊണ്ട്. 2023 ജനുവരിയായപ്പോഴേയ്ക്കും ‘ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി’ എന്ന പുസ്തകം പലതവണ വായിച്ചിരുന്നു.
അങ്ങനെയിരുന്നപ്പോഴാണ് അറിഞ്ഞത്, ജനുവരി 22-ന് ചേച്ചിയുടെ ഓർമ്മദിവസത്തിൽ പ്രിയപ്പെട്ടവരും സഹപാഠികളും ചേർന്ന് വി.കുർബാന ഒരുക്കിയിരിക്കുന്നു എന്ന്. വല്ലാത്ത തിരക്കുകളിലൂടെ സഞ്ചരിക്കുന്ന ദിവസങ്ങളാണ് ചുറ്റിനെന്നറിയാവുന്നതു കൊണ്ട് എങ്ങും പോകാതെ ഞായറാഴ്ച്ച വീട്ടിലിരിക്കാം എന്നുള്ള കണക്കുകൂട്ടലിലായിരുന്നു. പക്ഷേ, “പോകണം , ചേച്ചിയെ ഒന്ന് കാണണം” എന്ന് മനസ്സ് വല്ലാതെ ശാഠ്യം പിടിച്ചു. അന്നൊരിക്കൽ പറ്റിച്ച് പോയതിന് ഇന്ന് ചേച്ചി കണ്ടുമുട്ടാൻ സ്വർഗ്ഗത്തിലിരുന്ന് വിളിച്ചതാണെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
4 മണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ ആ സഹനപുത്രി നിത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കല്ലറയിൽ കുറെയധികം മണിക്കൂറുകൾ ചേച്ചിയ്ക്കൊപ്പം ചിലവഴിച്ചു. അവസരം തന്നിട്ടും ഒപ്പമിരുന്ന് പ്രാർത്ഥിക്കാൻ കഴിയാതെ പോയ നിമിഷങ്ങളോർത്ത് എനിക്കെന്നോട് നീരസം തോന്നി. പറ്റിച്ചു പോയ ഒരുവളുടെ പ്രാർത്ഥന സ്വീകാര്യമാകുമോ എന്നറിയില്ലെങ്കിലും ചേച്ചിയെ കണക്ക് സഹനത്തിലൂടെ കടന്നുപോകുന്ന കുറെയധികം പരിചിതമുഖങ്ങൾക്ക് വേണ്ടി ചേച്ചി ഈശോയോടു പറയണെ എന്ന് പ്രാർത്ഥിച്ചു.
മടങ്ങാൻ ഇറങ്ങിയപ്പോ ഇപ്പോഴും വിശ്വസിക്കാനാവാത്ത വണ്ണം ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ ആരാണെന്നോ എന്താണെന്നോ ഇപ്പോഴും എനിക്ക് അത്ഭുതം വിട്ടുമാറിയിട്ടില്ല. ചേച്ചിക്കൊപ്പമിരുന്ന് ജപമാല ചൊല്ലാൻ എനിക്ക് മണിക്കൂറുകൾ കൂട്ടുണ്ടായിരുന്ന ആ മനുഷ്യൻ നിർബന്ധിച്ച് എന്നെ അജ്നചേച്ചിയുടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി.
“ഇത്രയും ദൂരത്തു നിന്ന് വന്നതല്ലേ .. അമ്മയെ കണ്ടിട്ട് പോയാ മതി” എന്നു പറഞ്ഞു മടിച്ചു നിന്ന എന്നെ അച്ചാമ അമ്മയ്ക്ക് അടുക്കൽ ഏൽപ്പിച്ചിട്ട് എങ്ങോട്ടോ അയാൾ നടന്നുപോയി.
നിറയെ വാത്സല്യത്തോടെ അമ്മ ഭക്ഷണം വിളമ്പി തന്നു. ഒപ്പമിരുന്ന് കഴിച്ച് കഴിയുന്ന വരെ വിശേഷങ്ങളൊക്കെ ചോദിച്ചു. വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഇടയ്ക്ക് വിളിക്കണെ എന്ന് പറഞ്ഞ് നമ്പർ തന്നു. തമ്പുരാൻ ഏൽപ്പിച്ച മാതൃത്വത്തിന്റെ ദൗത്യത്തെ വിശ്വസ്തതയോടെ പൂർത്തിയാക്കിയ ഒരമ്മയുടെ സംതൃപ്തി ആ മുഖത്ത് പ്രകടമായിരുന്നു. കലങ്ങിയ എന്റെ കണ്ണിൽ നോക്കിയുള്ള ആ അമ്മയുടെ ദൈവാശ്രയത്തോടെയുള്ള പുഞ്ചിരി എനിക്ക് തീർത്തും അത്ഭുതമായി. പോകാൻ നേരം കെട്ടിപ്പിടിച്ച് വിങ്ങി നിന്ന നിമിഷം എന്റെ ഹൃദയത്തിന്റെ ഭാരം കുറഞ്ഞിരുന്നു.
നമ്മളെ കണക്ക് ഒരുപാട് പേരിലൂടെ അജ്ന ചേച്ചി ഇനിയും ജീവിക്കും എന്ന വിശ്വാസം അമ്മയുടെ കണ്ണിലെ തിളക്കത്തിലുണ്ടായിരുന്നു. എങ്കിലും മനുഷ്യാ… ഒന്ന് കണ്ടു മടങ്ങാൻ മാത്രം വന്ന എന്നെ ആ അമ്മയ്ക്കരികിലെത്തിച്ച നിങ്ങളെയാണ് ഞാൻ തിരഞ്ഞതത്രയും! എനിയിപ്പോ … നഷ്ടബോധത്തിൽ നീറിയ എന്റെ നെഞ്ച് ഒരൽപ്പം തണുപ്പിക്കാൻ ചേച്ചി ദിവ്യകാരുണ്യയീശോയെ പറഞ്ഞു വിട്ടതാവുമോ?
നിശ്ചയമായും ചേച്ചീ… ഒരു കാര്യം പറയാം… നിങ്ങളിലേയ്ക്ക് സഞ്ചരിച്ച ഞാനല്ല തിരികെ മടങ്ങിയത്… എവിടെയൊക്കെ ചേച്ചിയെപോലെ പരാതികളില്ലാതെ ഈശോയെ സ്നേഹിക്കാനും സ്വീകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് ഞാൻ റാഫേൽ പള്ളിയുടെ പടിയിറങ്ങിയത്!