സോണിച്ചൻ CMI
പരിശുദ്ധ കന്യക മറിയത്തിന്റെ സ്വർഗാരോപണം!
അരക്ഷിതത്വങ്ങൾക്കും അലച്ചിലുകൾക്കും ആധിവ്യാധികൾക്കുമിടയിൽ ദൈവം ശക്തനും നല്ലവനുമാണെന്ന് അധരങ്ങൾ മൊഴിയുന്നിടത്തൊക്കെ കെട്ടുപാടുകളില്ലാത്ത ഒരു ആത്മീയലോകത്തിന്റെ സ്വാതന്ത്ര്യം എനിയ്ക്ക് അനുഭവിയ്ക്കാൻ കഴിയുമെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.മംഗളവാർത്ത മറിയത്തിന് മംഗളമായി ഭവിച്ചത് കെട്ടുപാടുകളില്ലാത്തവിധം ദൈവത്തിന് മുന്നിൽ സമ്പൂർണ്ണ സമർപ്പണം ചെയ്തപ്പോഴാണ്.
ആ സ്വാതന്ത്ര്യത്തിലാണ് മറിയത്തിന്റെ വാക്കുകൾ സ്തോത്രഗീതമായി രൂപാന്തരപ്പെട്ടത്. ദൈവം എന്നേക്കാൾ ശക്തനാണെന്ന തിരിച്ചറിവ് ലഭിയ്ക്കുന്നിടത്ത് മാത്രമേ ആത്മീയത പൂർണ്ണമാകുകയുള്ളൂ. ആ ദൈവീകശക്തിയ്ക്കുമുന്നിൽ എന്റെ സ്വപ്നങ്ങളും പദ്ധതികളും നേട്ടങ്ങളുമൊന്നും ഒന്നു മല്ലെന്ന തിരിച്ചറിവ് ലഭിച്ചതുകൊണ്ടാണ് രക്ഷകന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതാനുഭവങ്ങളിൽ ദൈവപരിപാലനയിൽ ആശ്രയിച്ച് മറിയം നടന്നുനീങ്ങിയത്.
ദൈവപരിപാലനയിൽ അഭയം തേടുന്നവരുടെ വാക്കുകളൊക്കെ സ്തോത്രഗീതമായുയരുമെന്നുറപ്പാണ്. പഴയനിയമത്തിൽ ദൈവം തന്നു ദൈവം എടുത്തു ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ എന്ന ജോബിന്റെ വാക്കുകളും ഒരു സ്തോത്രഗീതമായിരുന്നു.
എത്ര പരിമിതികളുടെയും എത്ര സമ്പന്നതയുടെയും നടുവിലും ദൈവം വിധിച്ചത് മാത്രമേ എന്നിലേയ്ക്ക് വരികയുള്ളൂ എന്ന് സന്തോഷത്തോടെ വിശ്വസിയ്ക്കാൻ കഴിയുമ്പോൾ എന്റെ ജീവിതവും സ്തോത്രഗീതമായിത്തീരും.
ആത്മാവിന്റെ പ്രേരണയനുസരിച്ച് മനസ്സാക്ഷിയുടെ സ്വരം കേട്ട് വാക്കുകൾ രൂപപ്പെടുമ്പോൾ അത് സ്തോത്രഗീതമായിത്തീരുന്നു. നല്ല തമ്പുരാനെ, ദൈവം വലിയവനാണെന്നുള്ള ആഴമായ ബോദ്ധ്യത്തിൽ വളർന്ന് ഒരു ആത്മീയസ്വാതന്ത്ര്യം അനുഭവിക്കുന്ന യഥാർത്ഥ ക്രിസ്തുശിഷ്യരായിത്തീരാൻ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ എന്നെ അനുഗ്രഹിയ്ക്കണമേ. ആമ്മേൻ.