തൃശൂര്‍: നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്മായരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു.
മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപ്പുമാർ അനുഗ്രഹീതമായ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഇന്ന് 78 ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ജെറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് ബൊക്കെ നൽകി അനുമോദിച്ചു. തുടർന്ന് വിശുദ്ധ ബലിയോടെ മിഷൻ കോൺഗ്രസിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.
മാമ്മോദീസാ സ്വീകരിച്ചവരെല്ലാം മിഷ്ണറിമാരാണെന്നും ഓരോ മിഷ്ണറിമാരുടെയും ജീവിതം സ്നേഹത്തിലൂടെ പ്രവർത്തന നിരതമാകണമെന്നും വിശുദ്ധ കുർബാന മധ്യേ നല്കിയ സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. തുടർന്ന് എഴുപതോളം വരുന്ന മിഷൻ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. മിഷൻ ധ്യാനം, വൈദിക ധ്യാനം,ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, എക്സിബിറ്റേഴ്സ് ഗാതറിംഗ്, കൾച്ചറൽ പ്രോഗ്രാം എന്നിവ നടന്നു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
2017-ൽ കർത്താവ് തന്ന സ്വപ്നമായ മിഷൻ മേഖലകളെ കേരളസഭയ്ക്ക് പരിചയപ്പെടുത്തുന്ന മഹാസംഗമത്തിൻ്റെ ആരംഭത്തെക്കുറിച്ച്, ഫിയാത്ത് മിഷൻ കുടുംബാംഗമെന്ന നിലയ്ക്ക് നമ്മിൽ പലരും ഓർക്കുന്നുണ്ടാകും. നമ്മുടെ സഭയിൽ തീരെ പരിചിതമല്ലാത്ത ഇത്തരമൊരു മഹാസംഗമം രൂപപ്പെട്ടുവരുന്നതുവരെ പരിശുദ്ധാത്മാവിനല്ലാതെ ആർക്കും വ്യക്തമായ ധാരണകളില്ലായിരുന്നു.
പാവനാത്മാവ് നൽകുന്ന ദർശനങ്ങളനുസരിച്ച് അന്നന്ന് ലഭിക്കുന്ന സാമ്പത്തികസൌകര്യങ്ങൾക്കനുസരിച്ച് ഓരോചുവടും വെച്ച് നമ്മളൊന്നായി പൂർത്തിയാക്കിയത് ഭാവിയിൽ കേരളസഭയൊന്നാകെ മിഷൻ ഉണർവിനായി യത്നിക്കുന്ന ശൈലി രൂപപ്പെടുന്നതിനായിരുന്നു.
നാലാമത് മിഷൻ കോൺഗ്രസിലെത്തിനിൽക്കുമ്പോൾ നമുക്ക് കൃതജ്ഞതയോടെ ഓർക്കാം, കേരളസഭയുടെ മിഷൻ ചൈതന്യത്തിന് പരിപോഷണമേകുന്ന ഒന്നായി മിഷൻ കോൺഗ്രസുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. ബിഷപ്പുമാരും വൈദികരും സമർപ്പിതരും ഓരോ വർഷത്തെയും മിഷൻ കോൺഗ്രസിനായി കാത്തിരിക്കുന്നു. ജെറുസലേം ധ്യാനകേന്ദ്രത്തിൽ 55 സ്റ്റാളുകളുടെ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മഡഗാസ്കർ മിഷൻ സ്റ്റാളും ഇതിലുൾപ്പെടും.
പോയ വർഷങ്ങളിൽ എത്യോപ്യയിൽ നിന്നും ബർമയിൽ നിന്നും വൈദികരെത്തിയതുപോലെ ഈ വർഷവും ദൂരത്തുനിന്നും ചാരത്തുനിന്നുമായി പലരും ഏത്തിക്കൊണ്ടിരിക്കുന്നു. കാമറൂണിൽ നിന്നുള്ള വൈദികരും, വൈദികധ്യാനം നടത്തുന്ന കൊയ്നോനിയ ടീമംഗങ്ങളും ഉടനെ എത്തിച്ചേരും. ഉഗാണ്ടയിൽ നിന്നുള്ള വൈദികരും മിഷൻധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഫിയാത്ത് മിഷൻ കുടുംബാംഗങ്ങളെന്ന നിലയ്ക്ക് ഇതിന്റെ ഓരോഘട്ടത്തിലും ഏവരുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. നമ്മുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് നാമേവരും ബോധവാന്മാരാണല്ലോ. പ്രാർത്ഥനകൊണ്ടും സഹകരണം കൊണ്ടും കർത്താവിന്റെ സ്വപ്നം പൂവണിയാൻ അവിശ്രമം പരിശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.
ഇപ്പോഴേ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഈ മിഷൻ മഹാസംഗമം ആഗോളസഭയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത് കാണുമ്പോൾ നമുക്ക് നിറഞ്ഞ മനസ്സോടെ പറയാൻ സാധിക്കട്ടെ.
പ്രാർത്ഥനകൊണ്ടും, പ്രവർത്തികൊണ്ടും, സമ്പത്തുകൊണ്ടും എന്നാലാവുന്നവിധം മിഷൻകോൺഗ്രസിനെ ഞാനും വളർത്തിയിട്ടുണ്ട്. സുവിശേഷപ്രഘോഷണം കടമയാണെന്ന് അരുൾചെയ്ത നാഥൻ അതിനുള്ള പ്രതിഫലം തരും തീർച്ച.
സീറ്റ് ലി ജോർജ്
ചെയർമാൻ, ഫിയാത്ത് മിഷൻ. ഫിയാത്ത് മിഷൻ ജിജിഎം മിഷൻ കോൺഗ്രസ് 2023 ഏപ്രിൽ 19-23, ജെറുസലേം ധ്യാനകേന്ദ്രം, തൃശൂർ