ഫാ. വർഗീസ് വള്ളിക്കാട്ട്
ആ ചോദ്യം കൂടുതൽ പ്രസക്തമാവുകയാണ്: സ്റ്റാൻ സ്വാമിയുടെ മരണം ആകസ്മികമായിരുന്നോ??? ആസൂത്രിതമായി പലതും നടന്നു എന്നു കാലം വെളിപ്പെടുത്തുന്നു!
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ആകസ്മികമായിരുന്നോ?
നൂറ്റിത്തൊണ്ണൂറു വർഷം ദീർഘിച്ച ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു രാജ്യം രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണകൾ പുതുക്കി 2021 ആഗസ്റ്റ് 15 ന് ഇന്ത്യ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. 1857 മുതൽ 1947 വരെ നീണ്ടുനിന്ന സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഫലമായി രാഷ്ട്രീയാധികാരം വിദേശികളിൽനിന്ന് ഇന്ത്യക്കാരായ ഭരണക്കാരുടെ കൈകളിൽ എത്തി എന്നത് ഒരു ചെറിയ കാര്യമല്ല.
ജനാധിപത്യത്തിൽ ഭരണം ഭൂരിപക്ഷത്തിന്റേതാണെങ്കിലും, എല്ലാവിഭാഗം ജനങ്ങളുടെയും വിശിഷ്യാ, ഇന്ത്യൻ ഭരണഘടന പ്രത്യേക സംരക്ഷണവും പരിരക്ഷയും ഒരുക്കിയിട്ടുള്ള, ആദിവാസികളുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും മൗലികാവകാശങ്ങളും തുല്യ അന്തസ്സും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.
സർവ്വാധിപത്യപ്രവണതയുള്ള പ്രത്യയശാസ്ത്രവും ഭരണാധികാരികളും രാജ്യം ഭരിക്കുകയും, ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ സംവിധാനങ്ങൾ പരുങ്ങലിലാവുകയും, നീതിന്യായസംവിധാനങ്ങൾ ഭരണകൂടതാല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും, പൗരന്മാർക്ക് നിയമവാഴ്ചയിൽ വിശ്വാസം കുറഞ്ഞുവരുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിന്റെ ഒരു നേർക്കാഴ്ചയാണ് 2021 ജൂലൈ 5 -നു എൻ.ഐ.എ കസ്റ്റഡിയിലിരിക്കെയുള്ള ഫാ. സ്റ്റാൻ സ്വാമിയെന്ന 84-കാരൻ്റെ മരണം മുന്നോട്ടുവച്ചത്.
മൂന്നു പതിറ്റാണ്ടിലേറെ ബീഹാർ-ജാർഖണ്ഡ്-ഛത്തിസ്ഗഢ് മേഖലയിലെ ആദിവാസികളോടൊപ്പം ജീവിക്കുകയും, ജീവിക്കാനും നിലനില്ക്കാനുമുള്ള അവരുടെ സമരങ്ങളിൽ പങ്കുചേരുകയും, കോർപ്പറേറ്റു-ഭരണകൂട കൂട്ടുകെട്ടിന്റെ ചൂഷണത്തെ ശാസ്ത്രീയമായി വിശകലനവിധേയമാക്കുകയും, ആദിവാസി യുവാക്കളെ അന്യായമായി പീഡിപ്പിക്കുന്ന ഭരണകൂടത്തിന്റെ മർദ്ദന നയങ്ങളെ നിയമപരമായി നേരിടാൻ നീതിന്യായ സംവിധാനങ്ങളെ ആശ്രയിക്കുകയും ചെയ്ത ഒരു ഈശോ സഭാ വൈദികനായിരുന്നു ഫാ. സ്റ്റാൻ സ്വാമി.
സ്റ്റാൻ സ്വാമിയച്ചൻ്റെ പ്രവർത്തന മണ്ഡലങ്ങൾ…
1970 -ൽ വൈദികനായ ഫാ. സ്റ്റാൻ, 1971-ൽ ജംഷഡ്പൂർ ജെസ്യൂട്ട് പ്രൊവിൻസിനു കീഴിൽ കാത്തലിക് റിലീഫ് സർവീസസ് ഡയറക്ടർ എന്ന നിലയിൽ, ബീഹാർ-ജാർഖണ്ഡ് മേഖലയിലെ ആദിവാസികളുടെ ഇടയിലാണ് തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1975 – ’86 കാലഘട്ടത്തിൽ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന റിസേർച് സ്ഥാപനത്തിന്റെ ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു.
ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ ദളിത്, ആദിവാസി ജനവിഭാഗങ്ങളും സ്ത്രീകളും അനുഭവിക്കുന്ന അടിച്ചമർത്തലുകളും ചൂഷണങ്ങളും ആഴത്തിൽ വിശകലനവിധേയമാക്കുന്നതിനും പരിഹാരമാർഗങ്ങൾ ആരായുന്നതിനും ഈ കാലയളവ് അദ്ദേഹം വിനിയോഗിച്ചു. സമൂഹത്തോടു പ്രതിബദ്ധതയുള്ള സാമൂഹ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്ന ഒരു സാമൂഹ്യശാസ്ത്രജ്ഞൻ എന്ന നിലയിൽനിന്ന് അദ്ദേഹം സ്വയം താഴെത്തട്ടിൽ ഒരു സാമൂഹ്യപ്രവർത്തകനായി മാറുന്ന കാഴ്ചയാണ് തുടർന്ന് കാണാൻ കഴിയുന്നത്. 2021 ജൂലൈ 6 -നു അഗ്നിയിൽ എരിഞ്ഞടങ്ങുംവരെ, സ്റ്റാൻ സ്വാമിയെന്ന പുരോഹിതന്റെ ജീവിതം ഒരു മെഴുതിരിപോലെ ഇന്ത്യയിലെ മർദ്ദിത ജനവിഭാഗങ്ങൾക്കുവേണ്ടി എരിഞ്ഞുകൊണ്ടിരുന്നു!
കോർപറേറ്റു-ഭരണകൂട താല്പര്യങ്ങൾക്കെതിരേ…
ആദിവാസികളോടൊപ്പം താഴെത്തട്ടിൽ പ്രവർത്തിക്കുമ്പോളും, തന്നിലെ സാമൂഹ്യ ശാസ്ത്രജ്ഞന്റെ നിരീക്ഷണ പാടവവും വിശകലന വൈദഗ്ധ്യവും അദ്ദേഹം പ്രയോജനപ്പെടുത്തി. ഭരണകൂടത്തിന്റെ താല്പര്യങ്ങളെയും കോർപ്പറേറ്റുകളുമായുള്ള അതിന്റെ അവിശുദ്ധ ബന്ധങ്ങളെയും തുറന്നുകാട്ടുന്നതിന് അദ്ദേഹം മടിച്ചില്ല. ഭൂമി-വെള്ളം-വനം എന്നിവയിൽ ഊന്നിയുള്ള ആദിവാസികളുടെ ജീവനോപാധികൾ കവർന്നെടുക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന വികസനരീതികളെ അദ്ദേഹം വിമർശിച്ചു.
ഭരണഘടന അനുശാസിക്കുന്ന ആദിവാസി സംരക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ വരുത്തുന്ന ബോധപൂർവകമായ അലംഭാവത്തെ ആ സന്യാസി തുറന്നുകാട്ടി. മാവോയിസ്റ്റുകൾ സജീവമായ ബീഹാർ-ജാർഖണ്ഡ്-ഛത്തീസ്ഗഡ് മേഖലയിലെ ആദിവാസിയുവാക്കളെ നക്സൽ ബന്ധം ചുമത്തി ജയിലിലടയ്ക്കുന്ന ഭരണകൂട നടപടിക്കെതിരേ അദ്ദേഹം ശബ്ദമുയർത്തി. നിയമപരമായ മാർഗങ്ങളിലൂടെ നിരപരാധികളുടെ മോചനത്തിനായി അച്ചൻ പ്രവർത്തിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നിലവിൽ കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ ചൊടിപ്പിച്ചതിൽ അത്ഭുതമില്ലല്ലോ!
അറസ്റ്റും ജുഡീഷ്യൽ കസ്റ്റഡിയും…
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണെന്നിരിക്കെ, എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്ന നയം വച്ചുപുലർത്തുന്ന ഒരു ഭരണകൂടത്തിന്, അതിനുള്ള കാരണങ്ങൾ കണ്ടെത്തുക പ്രയാസകരമല്ല. ഫാ. സ്റ്റാൻ സ്വാമിയുടെയും സഹതടവുകാരുടെയും കാര്യത്തിൽ, എൻ.ഐ.എ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയാണ് അതിനു ദേശീയതലത്തിൽ വല വിരിച്ചത്. 2020 ഒക്ടോബർ 8 ന് ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ റാഞ്ചിയിലെ ജെസ്യൂട്ട് ഹൌസിൽനിന്നു കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ചോദ്യം ചെയ്യുന്നതിനായി ബോംബെയിലേക്ക് കൊണ്ടുവന്ന് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി തലോജ ജയിലിൽ പാർപ്പിക്കുകയുമായിരുന്നു.
അറസ്റ്റിനു കാരണം കണ്ടെത്തുന്നു…
1818-ൽ മഹാരാഷ്ട്രയിൽ നടന്ന ഭീമ-കൊറെഗാവോൺ യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ചു 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂനയിൽ സംഘടിപ്പിക്കപ്പെട്ട ദളിത് സമ്മേളനത്തിൽ പങ്കെടുത്തവരും ചില പ്രാദേശിക ജാതി -രാഷ്ട്രീയക്കാരുമായുണ്ടായ സംഘർഷങ്ങൾക്ക് 2017 ഡിസംബർ മുപ്പത്തൊന്നിനു നടന്ന എൽഗാർ പരിഷദ് സമ്മേളനത്തിലെ പ്രസംഗങ്ങളും ക്ലാസ്സുകളും കാരണമായി എന്ന പൂനാ പോലീസിന്റെ കണ്ടെത്തലും, തുടർന്ന് അതിനു പിന്നിൽ പ്രവർത്തിച്ച ‘അർബൻ നക്സലൈറ്റുകളെ’ കണ്ടെത്താനുള്ള എൻ.ഐ.എയുടെ അന്വേഷണവുമാണ്
ഒരിക്കലും പൂനാ സന്ദർശിക്കുകയോ നിയമത്തിന്റെയും സമാധാനത്തിന്റെയും മാർഗം വിട്ടു യാതൊന്നും പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലാത്ത ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള, എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരുമായ 16 പേരുടെ അറസ്റ്റിൽ കലാശിച്ചത്. ഈ 16 പേരും ദളിത്-ആദിവാസി-ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരും മനുഷ്യത്വപരമായ സർക്കാർനയങ്ങൾക്കും നടപടികൾക്കും വേണ്ടി വാദിക്കുന്നവരും നിയമപരമായ മാർഗങ്ങളിലൂടെ സർക്കാർ നയങ്ങളെ എതിർക്കുന്നവരുമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഭീമ-കൊറെഗാവോൺ ഗൂഢാലോചനയിൽ പങ്കെടുത്തു, നിരോധിത മാവോയിസ്റ്റു സംഘടനകളുമായി ബന്ധം പുലർത്തി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രമാണ് എൻ.ഐ.എ ഇവർക്കെതിരേ കോടതിയിൽ സമർപ്പിച്ചത്. സർക്കാർ നയങ്ങളെ എതിർക്കുകയും ഭിന്നാഭിപ്രായം പുലർത്തുകയും ചെയ്യുന്നവരെ ജയിലിലടച്ചു നിശ്ശബ്ദരാക്കുക എന്ന ഭരണകൂട താല്പര്യമാണ് എൻ.ഐ.എ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന ശക്തമായ വിമർശനം രാജ്യാന്തര തലത്തിൽത്തന്നെ ഉയർന്നു കൊണ്ടിരിക്കെയാണ്, യു.എ.പി.എ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന 84 കാരനായ ഫാ. സ്റ്റാൻ സ്വാമി മരണത്തിനു കീഴടങ്ങിയത്.
കസ്റ്റഡിയിലെ പീഡനപർവ്വം…
പാർക്കിൻസൺസ് രോഗിയായിരുന്ന ഫാ. സ്റ്റാൻ സ്വാമിക്ക് ഒരു സിപ്പർ കപ്പും സ്ട്രോയും കിട്ടുന്നതിനായി അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് കോടതിയെ സമീപിക്കേണ്ടിവന്നു എന്ന് മാത്രമല്ല, മാസങ്ങൾ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു എന്നതുതന്നെ ജയിൽ അധികൃതരുടെയും കുറ്റാന്വേഷണ ഏജൻസിയുടെയും തടവുകാരോടുള്ള സമീപനം വെളിപ്പെടുത്തുന്നതാണ്. മാസങ്ങൾ ദീർഘിച്ച ജുഡീഷ്യൽ കസ്റ്റഡിയിൽ ഫാ. സ്റ്റാനിന്റെ രോഗം വഷളാവുകയും ഒപ്പം, കോവിഡ് ബാധിതനാവുകയും ചെയ്തിട്ടും, പരിശോധനകൾ നടത്താനും ചികിത്സ ലഭ്യമാക്കാനുമുള്ള നിയമപരമായ ബാധ്യത നിറവേറ്റാൻപോലും എൻ.ഐ.എ ഉദ്യോഗസ്ഥരും തലോജ ജയിൽ അധികൃതരും എൻ.ഐ.എ സ്പെഷ്യൽ കോടതിയും തയ്യാറായില്ല എന്നത് നടുക്കുന്ന പരമാർഥമാണ്.
ഒൻപതു മാസം ദീർഘിച്ച ജയിൽവാസത്തിനിടയിൽ നാലുവട്ടം സമർപ്പിച്ച ജാമ്യ അപേക്ഷകൾ തുടർച്ചയായി നിരസിക്കപ്പെട്ടതിനെത്തുടർന്ന്, വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള അനുമതിക്കായി മുംബൈ ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന്റെ അഭിഭാഷകർക്ക്, 2021 മെയ് 28നാണ് അതിനുള്ള അനുമതി ലഭിച്ചത്. തുടർന്ന്, അദ്ദേഹത്തെ ബാന്ദ്രയിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റി. അപ്പോൾപോലും, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന എൻ.ഐ.എ അധികൃതരുടെ വാദത്തെത്തുടർന്ന് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു. എൻഐ.എയുടെ പ്രതികാരബുദ്ധിയോടെയുള്ള നിലപാടുകളും ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തിന്റെ കുറ്റകരമെന്നു വിശേഷിപ്പിക്കാവുന്ന പരാജയവുമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്ന് പറഞ്ഞാൽ, അതിൽ അതിശയോക്തിയില്ല.
ഉത്തരം തേടുന്ന ചോദ്യങ്ങൾ…
ആശയംകൊണ്ടോ ആയുധംകൊണ്ടോ ഫാ. സ്റ്റാൻ സ്വാമി അക്രമം കാട്ടുകയോ അതിനു പ്രേരണനൽകുകയോ ചെയ്തതായി കഴിഞ്ഞ ഒൻപതു മാസത്തെ അന്വേഷണത്തിനൊടുവിലും എൻ.ഐ.എയ്ക്കു കണ്ടെത്താനോ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല. പിന്നെ എന്തുകൊണ്ട് എൻ.ഐ.എ സ്പെഷ്യൽ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചില്ല? മരണവാർത്ത കോടതിയിൽ റിപ്പോർട്ടു ചെയ്യുമ്പോൾ, മുംബൈ ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലായിരുന്നു എന്നും, മരണ വാർത്തയിൽ നടുക്കവും ദുഖവും രേഖപ്പെടുത്തിയെന്നും വാർത്തവന്നു!
ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിനും അദ്ദേഹത്തിനെതിരേ തെളിവുണ്ടാക്കാൻ നടന്ന കുറ്റകരമായ ഗൂഢാലോചനയ്ക്കും പിന്നിൽ ആരൊക്കെയായിരുന്നു? എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഫാ. സ്റ്റാനിന്റെ തൃപ്തികരമായ ആരോഗ്യനില സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടായി? ഫാ. സ്റ്റാനിനെ പരിശോധിക്കുന്നതിനായി ജയിൽ അധികൃതർ നിയോഗിച്ച ബോംബെ ജെ. ജെ. ഹോസ്പിറ്റലിന് ഇതിലുള്ള പങ്കെന്താണ്? ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ആകസ്മികമോ അതോ ആസൂത്രിതമോ എന്ന ചോദ്യം നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ആരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ്!
ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തിയ എല്ലാവരുംതന്നെ, ഇന്നത്തെ ഇന്ത്യൻ ജനാധിപത്യസംവിധാനങ്ങളുടെ വിശിഷ്യാ, ജുഡീഷ്യറിയുടെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടിയത്! ഭരണകൂടത്തിന്റെ താല്പര്യങ്ങൾ നടപ്പാക്കുന്ന സംവിധാനങ്ങൾ മാത്രമായി അന്വേഷണ ഏജൻസികളും നിയമസംവിധാനങ്ങളും പരിണമിച്ചാൽ, പൗരാവകാശങ്ങൾ മാത്രമല്ല, ജനാധിപത്യവും നോക്കുകുത്തിയാവും. യു.എ.പി.എ പോലുള്ള നിയമങ്ങൾ, അത്തരം ഒരു സാഹചര്യത്തിൽ, എത്രമാത്രം ദുരുപയോഗിക്കപ്പെടാം എന്നത് നടുക്കത്തോടെ മാത്രമേ ആലോചിക്കാനാവൂ.
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഒരു ആകസ്മികതയല്ല. അതുകൊണ്ടുതന്നെ, അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മറ്റുള്ളവരുടെ സ്ഥിതിയെന്ത് എന്ന ചോദ്യം അതിപ്രധാനമാണ്. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ, സ്റ്റാൻ സ്വാമിമാർ ഇനിയുമുണ്ടാകാം. നീതിപീഠങ്ങൾ മാത്രമല്ല, മാധ്യമങ്ങളും പൊതുസമൂഹവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭരണകൂടങ്ങൾ പൗരന്മാരുടെ മൗലിക അവകാശങ്ങൾ കവർന്നെടുക്കുന്നില്ല എന്നുറപ്പുവരുത്താൻ, ജനപ്രതിനിധികൾക്കും കടമയുണ്ട്.
സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണ്…
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണ് എന്ന യാഥാർഥ്യം എല്ലാവരും ഓർക്കണം. മനുഷ്യാവകാശങ്ങൾക്കും പൗരന്റെ മൗലികാവകാശങ്ങൾക്കുംവേണ്ടി പോരാടുന്നവർ കുറ്റവാളികളല്ല. ആദിവാസി യുവാക്കളെ ഒന്നടങ്കം മാവോയിസ്റ്റുകളെന്നു മുദ്രകുത്തുന്നത് നീതിക്കു ചേർന്നതല്ല. അവരുടെ നഷ്ടപ്പെട്ട ഭൂമിക്കും വെള്ളത്തിനും പ്രകൃതിവിഭവങ്ങൾക്കും ഉചിതമായ നഷ്ടപരിഹാരവും അവർക്കു മനുഷ്യത്വപരമായ പുനരധിവാസവും ഉറപ്പാക്കണമെന്ന് നിയമപരമായ മാർഗങ്ങളിലൂടെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത് മാവോയിസ്റ്റ് പ്രവർത്തനമല്ല.
സ്റ്റാൻ സ്വാമി ഒരു പ്രതീകമാണ്…
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം അദ്ദേഹത്തിന്റെ ജീവിതംപോലെതന്നെ തീക്ഷ്ണതയാർന്ന ഒരു നിയോഗമാണ്! സ്റ്റാൻ സ്വാമി നീതി നിഷേധിക്കപ്പെട്ട ഒരുപാടു മനുഷ്യരുടെ ശബ്ദവും പ്രതീകവുമാണ്! ജീവിതത്തിൽ അദ്ദേഹം ചെയ്തിരുന്നതുപോലെ, ഇന്ത്യൻ സാമൂഹ്യയാഥാർഥ്യങ്ങളെ വിശകലന വിധേയമാക്കുന്നതിനുള്ള ഉത്തരവാദിത്വത്തിലേക്ക് എല്ലാ പൗരന്മാരെയും ഉണർത്തുന്നതാണ് അദ്ദേഹത്തിന്റെ മരണം!
അൽബേർ കമ്യൂ പറഞ്ഞു: അനീതിക്കു മുൻപിൽ, തിന്മയുടെ ശക്തിക്കു മുൻപിൽ, പരിധിയില്ലാത്ത സഹനത്തിനു മുൻപിൽ, മനസ്സിന്റെ ശക്തികൊണ്ടു പൊരുതി നില്ക്കുക എന്ന്. അതാണ് സ്റ്റാൻ സ്വാമി ചെയ്തത്. അതാണ് ഗാന്ധിജി ചെയ്തത്. അതാണ് മാർട്ടിൻ ലൂതർ കിങ് ജൂനിയർ ചെയ്തത്. ക്രിസ്തുവും അതാണ് ചെയ്തത് എന്നു വ്യാഖ്യാനിക്കാവുന്നതാണ്: ആത്മാവിന്റെ ശക്തികൊണ്ടു തിന്മയെ നേരിടുക! നീതി ഉറപ്പാകും വരെ തളരാതെ, പൊരുതിനില്ക്കുക!