റോബിൻ കെ മാത്യു
കാനഡയിൽ ചെന്ന കാലം. ഞാൻ വഴിയിൽ നിൽക്കുകയാണ്. ഒരു ഇലക്ട്രോണിക് വീൽ ചെയർ പാതയോരത്ത് വച്ച് മറിയുകയും അതിൽ സഞ്ചരിച്ചിരുന്ന അംഗപരിമിതിയുള്ള വ്യക്തി മറിഞ്ഞു വീഴുകയും ചെയ്തു. ഞാൻ ഓടിച്ചെന്ന് അയാളെ സഹായിച്ചു. മറ്റാരും സഹായത്തിന് വരാത്തതുകൊണ്ട് എനിക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. എന്നാൽ കാര്യമായി പ്രശ്നമൊന്നും അയാൾക്കും ഇല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാൻ കുറച്ച് അങ്ങോട്ട് മാറിയപ്പോൾ ഒരു വ്യക്തി വന്ന് എന്നോട് പറഞ്ഞു. നിങ്ങൾ ഈ ചെയ്തത് ഒരുപക്ഷേ നല്ല കാര്യമായിരിക്കും, അത് ഇന്ത്യയിൽ. പക്ഷേ ഇവിടെ അതത്ര നല്ല കാര്യമല്ല. കാരണം നിങ്ങൾ സഹായിച്ച ആ വ്യക്തി തന്നെ നിങ്ങൾക്കെതിരെ കേസ് കൊടുത്തുകൂടാ എന്നില്ല. അയാളെ നിങ്ങളാണ് തള്ളിയിട്ടതെന്നോ അല്ലെങ്കിൽ ശരിയായിട്ടുള്ള രീതിയിൽ സ്പർശിച്ചില്ല എന്നോക്കയോ, എന്തുവേണമെങ്കിലും ആരോപണം വരാം.
അമേരിക്കയിൽ വാൾമാർട്ടിന്റെ പാർക്കിംഗ് ലോട്ടിൽ വികലാംഗർക്കുള്ള പാർക്കിംഗ് അലോട്ട്മെന്റ് ചിലർ വന്ന് അളക്കുന്നത് കാണാം .സർക്കാർ പറഞ്ഞതിൽ നിന്ന് ഒരല്പം എങ്കിലും നീളം കുറഞ്ഞിട്ടുണ്ടോ എന്ന് നോക്കാനാണ് .ഉണ്ടെങ്കിൽ വാൾമാർട്ടിനെ
സൂ ചെയ്തു(കേസ് കൊടുത്തു) പൈസ ഉണ്ടാക്കാനുള്ള ഒരു വഴി തേടുകയാണ് അവർ.
എന്തിനും ഏതിനും ഫൈൻ അടിക്കുന്ന സിംഗപ്പൂർ ഒരു ഫൈൻ രാജ്യം ആണെങ്കിൽ എന്തിനുമേതിനും കേസ് കൊടുക്കുന്ന അമേരിക്ക ഒരു സൂയിങ് രാജ്യമാണ്.
വക്കിൽമാർ തക്കം പാർത്തിരിക്കുകയാണ്.ആരും ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും കേസ് കൊടുക്കാം. ആർക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥലം. നമ്മുടെ നാട്ടിൽ പരസ്പരമുള്ള വിശ്വാസം എന്ന് പറയുന്നത് കുറഞ്ഞു കുറഞ്ഞാണ് വരുന്നത്. വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം പോലും എന്തെങ്കിലും ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകുന്നു. ഒരാളെ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാൽ അയാളുമായിട്ടുള്ള ബന്ധം സ്വിച്ച് ഇട്ടതു പോലെ നിർത്തുന്ന ആളുകളെയാണ് ഞാൻ ഇപ്പോൾ കണ്ടുവരുന്നത്.
എല്ലാവർക്കും ഇപ്പോൾ അൺലിമിറ്റഡ് കോളുകൾ ആണെങ്കിൽ പോലും ഒരു അഞ്ചുമിനിറ്റ് ഫോൺ എടുത്ത് ഒരാളെ വിളിച്ച് ഏതെങ്കിലും വിശേഷ അവസരം ആശംസിക്കാൻ ആളുകൾ മെനക്കേടാറില്ല. സൗഹൃദ സംഭാഷണങ്ങൾ ഇല്ല. പരസ്പരമുള്ള കൂടിക്കാഴ്ചകൾ ഇല്ല. ഒരു ചായക്കപ്പുറം ഇരുന്ന് സൊറ പറയുന്ന കൂട്ടുകാരില്ല. പകരം ആരോ ഉണ്ടാക്കിയ ഒരു ആശംസ ഫോർവേഡ് ചെയ്ത് കൃതാർത്ഥൻ ആവുക.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് അല്ലെങ്കിൽ സൈലൻറ് മോഡ് ആക്കിയിട്ട് ,ഒരു മണിക്കൂർ നിങ്ങൾ നിങ്ങളുടെ പങ്കാളിയോടോ കൂട്ടുകാരോടോ അവർക്ക് വേണ്ട പൂർണ്ണ ശ്രദ്ധ കൊടുത്ത് സംസാരിച്ചിട്ട് എത്ര നാളായിട്ട് ഉണ്ടാവും? ഉപഭോക്ത സംസ്കാരത്തിൽ ഊന്നിയ ഈ മനോഭാവം വല്ലാതെ കൂടി വരുന്നു. എനിക്ക് നിന്നെക്കൊണ്ട് ആവശ്യമുള്ളപ്പോൾ മാത്രം ഞാൻ നീയുമായി സൗഹൃദം സ്ഥാപിക്കും.
അല്ലെങ്കിൽ നിന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടാകും എന്ന് കരുതി മാത്രം സൗഹൃദം സ്ഥാപിക്കും. അത് യഥാർത്ഥ ജീവിതത്തിൽ തൊട്ട് സോഷ്യൽ മീഡിയയിലെ ഇടപെടലുകളിൽ വരെ ഇതാണ് ആളുകൾ അനുവർത്തിച്ചു പോരുന്നത്. റീയാക്റ്റിവ് ഡിപ്രഷൻ പോലുള്ള കടുത്ത വിഷാദാവസ്ഥ ഉണ്ടാകുന്നതിൽ നിന്ന്-(അത് ആത്മഹത്യയിലേക്ക് പോലും നയിക്കാമെന്ന് ഓർക്കണം) നല്ല സൗഹൃദങ്ങളോ സ്നേഹബന്ധങ്ങളും ഉണ്ടെങ്കിൽ ഒരു പരിധിവരെ മറികടക്കാൻ സാധിക്കും.(അത് ഉണ്ടായാൽ ചികിത്സ ആവശ്യമാണ്).
അതുപോലെ തന്നെയാണ് സമൂഹ ബന്ധങ്ങളിലും ജോലിയിലും കുടുംബത്തിലും ഉണ്ടാകുന്ന വീഴ്ചകൾ.ഇവിടെ ഉറ്റവരോ ഉടയവരോ സുഹൃത്തുക്കളോ ഒരു കൈത്താങ്ങായി നിൽക്കാനുണ്ടെങ്കിൽ അത് വല്ല്യ ഗുണം ചെയ്യും. ആർക്കും ആരെയും കേൾക്കാൻ സമയമില്ല, താല്പര്യം ഇല്ല.സ്വന്തം സ്വരം കേൾക്കുവാനും അവനവൻറെ അറിവുകൾ ബാക്കിയുള്ളവരെ അടിച്ചേൽപ്പിക്കുവാനും ഉള്ള ശ്രമത്തിലാണ് ഏവരും. ഒരു യഥാർത്ഥ മനുഷ്യൻ പോലും 40% സമയവും അവനവനെ കുറിച്ചും അവനവൻറെ ആശയങ്ങളുമാണ് സംസാരിക്കുന്നതെങ്കിൽ അത് സോഷ്യൽ മീഡിയയിലേക്ക് വരുമ്പോൾ 80% ആയി മാറും.
മനഃശാസ്ത്രജ്ഞർ തന്നെ പറയുന്ന ഒരു കാര്യമുണ്ട്. പല പ്രശ്നങ്ങളുമായി വരുന്ന ആളുകൾ അവരുടെ ആശയങ്ങൾ മനശാസ്ത്രജ്ഞനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതൊന്നും ഒട്ടും നിഷ്കളങ്കമല്ല. കാരണം മറ്റുള്ളവരിൽ നിന്ന് ഒന്നും പഠിക്കേണ്ട എന്നും എല്ലാം ഗൂഗിളിൽ ഉണ്ടല്ലോ എന്ന് കരുതുന്ന യുവജനത തൊട്ട് എല്ലാം വാട്സാപ്പിൽ ഉണ്ട് എന്ന് കരുതുന്ന വയോധികർ വരെയുള്ള ഈ സമൂഹം മനോരോഗത്തിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യർ പരിണമിച്ചു ഉണ്ടായിട്ട് രണ്ടുലക്ഷം വർഷമായിട്ടുള്ളൂ. അതിൽ 98% വും വനത്തിൽ തന്നെയായിരുന്നു. പതിനായിരം കൊല്ലം മാത്രമേയായിട്ടുള്ളൂ കുറച്ചു മനുഷ്യർ ആദ്യമായി കാട്ടിൽ നിന്ന് ഇറങ്ങി കൃഷി ആരംഭിച്ചിട്ട്. പരസ്പരം കണ്ടും കേട്ടും കൊടുത്തും വാങ്ങിയും സ്വാന്തനിപ്പിച്ചും തലോടിയും പുഞ്ചിരിച്ചും സ്നേഹിച്ചും ഒക്കെ മാത്രം മുമ്പോട്ട് പോകാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് മനുഷ്യന്റെ മസ്തിഷ്കത്തിന്റെ അടിസ്ഥാനപരമായ പ്രോഗ്രാമിംഗ്.
ഇതിനെ ഏതാനും വർഷങ്ങൾ കൊണ്ട് ഉണ്ടായ ഒരു സാങ്കേതികവിദ്യ കൊണ്ട് മറികടക്കുമ്പോൾ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. നിങ്ങളുടെ കുട്ടികളോട് മിനിമം മൂന്ന് കാര്യങ്ങൾ പറയുക. ഒന്ന് ചിരിക്കാൻ പഠിക്കുക. ചിരിക്കുന്ന മുഖമുള്ളത് മനശാസ്ത്രപരമായിയും സാമൂഹികപരമായും വല്ല്യൊരു അഡ്വാൻറ്റേജ് ആണ് . രണ്ട്: ബാക്കിയുള്ളവരെ ശ്രവിക്കുവാൻ പഠിക്കുക. മൂന്ന്: നിങ്ങളുടെ അതേ ആശയങ്ങൾ ഇല്ലാത്ത ആൾക്കാരെല്ലാം നിങ്ങളുടെ ശത്രുക്കൾ അല്ല എന്നും പഠിപ്പിക്കുക.
ജപ്പാൻ, ചൈന, തായ്വാൻ, കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ വളരെ വ്യക്തമായി തന്നെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് സാങ്കേതികവിദ്യയുടെ വരവോടുകൂടിയുള്ള മാനസികമായിട്ടുള്ള പ്രശ്നം. സൈബർ സൈക്കോളജിയിൽ ഏറ്റവും കൂടുതൽ കേസ് സ്റ്റഡിസ് വന്നിട്ടുള്ളതും പഠിച്ചിട്ടുള്ളതും ഈ രാജ്യങ്ങളിൽ നിന്ന് തന്നെയാണ്. ഭയാനകമായ കാര്യങ്ങൾ തന്നെയാണ് അവിടെ നിന്ന് പുറത്തുവരുന്നത്. “ഡിജിറ്റൽ നാഗവല്ലിമാർ” എന്ന പുസ്തകത്തിൽ അതെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്.
നമുക്ക് ആദ്യം മനുഷ്യരാകാൻ ശ്രമിക്കാം. സാങ്കേതിവിദ്യ നമ്മുടെ അടിമയാകട്ടെ .നമ്മൾ സാങ്കേതിവിധിയുടെ അടിമ ആകാതിരിക്കട്ടെ. പരസ്പരം സംശയിച്ചും കുറ്റപ്പെടുത്തിയും മുൻപോട്ടു പോകുന്ന പ്രവണത ഉപേക്ഷിച്ച്, പരസ്പരം സ്നേഹിച്ചും, ബാക്കിയുള്ളവരെ ശ്രവിച്ചും അംഗീകരിച്ചും മുൻപോട്ടു പോവുക. ഇല്ലെങ്കിൽ ഒരു കുടുംബത്തിനോ, സമൂഹത്തിനോ, രാജ്യത്തിനോ, ലോകത്തിനോ നിലനിൽപ്പ് ഉണ്ടാവില്ല.