സോണിച്ചൻ CMI
ജീവിതത്തിൽ ദൈവം നൽകുന്നതൊക്കെ വിലപിടിപ്പുള്ള നിധികളാണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ കയ്യിൽക്കരുതിയ വിലയില്ലാത്തവയൊക്കെ ഉപേക്ഷിയ്ക്കാൻ എനിയ്ക്ക് കഴിയുകയുകയുള്ളൂവെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു. കൂടെയുള്ളതും കൂടെയുള്ളവരുമൊക്കെ ദൈവം നൽകിയ നിധിയാണെന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ ഞാൻ വലുതെന്നും എനിയ്ക്ക് വലുതെന്നുമൊക്കെ കരുതിവച്ചിരിയ്ക്കുന്നതെല്ലാം എടുത്തുകളയാൻ എനിയ്ക്ക് സാദ്ധ്യമാകൂ എന്നതാണ് ഈ സുവിശേഷത്തിന്റെ സാരാംശം.
നൽകപ്പെട്ടതൊക്കെ, അത് സഹനമായാലും സന്തോഷമായാലും ദൈവം നൽകിയ നിധിയാണെന്ന് വായിച്ചെടുക്കലാണ് യഥാർത്ഥ ആത്മീയത. സൗകര്യങ്ങളും സമ്പാദ്യങ്ങളും സതീർത്ഥ്യരുമൊക്കെ ഞാനാഗ്രഹിച്ച പോലെ ലഭിയ്ക്കാത്തതിന്റെ പേരിൽ ജീവിതം നിരാശയ്ക്കടിമപ്പെടുന്നിടത്ത് സുവിശേഷത്തിലെ ഈ ക്രിസ്തുമൊഴികളുടെ ധ്യാനം എനിയ്ക്കുപകരിയ്ക്കുമെന്നുറപ്പാണ്.
ഓരോ നിധിയും സന്തോഷം പ്രദാനം ചെയ്യുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ്. നൽകപ്പെട്ടതിൽനിന്നും വിലപിടിപ്പുള്ളതും വിലകെട്ട തുമായ നിധിശേഖരങ്ങളെ വിവേചിച്ചറിയാനുളള ആത്മീയത സ്വന്തമാക്കുമ്പോൾ വയലിലൊളിപ്പിച്ച നിധി ലഭിച്ചവനെപ്പോലെ ആ നിധി സ്വന്തമാക്കാനുള്ള ത്വര എന്നിൽ രൂപപ്പെടും.
അനശ്വരമായ ആനന്ദം പ്രദാനം ചെയ്യുന്ന നിധികളെത്തേടാനും കണ്ടുപിടിയ്ക്കാനുമുള്ള ആത്മീയയാത്രയാണ് ഈ ഭൂമിയിലെ ഓരോ ജീവിതവും. നല്ല തമ്പുരാനെ, സ്വർഗ്ഗം സ്വന്തമാക്കാനുപകരിയ്ക്കുന്ന നിധിശേഖരങ്ങളെ അനുദിനജീവിത സാഹചര്യങ്ങളിൽനിന്നും കണ്ടെത്തി സ്വന്തമാക്കാനും വിലകെട്ട സൗഭാഗ്യങ്ങൾ സമ്മാനിയ്ക്കുന്നവയെ ഉപേക്ഷിയ്ക്കാനുമുള്ള ആഗ്രഹം എന്നിൽ അങ്ങ് ഉണർത്തണമേ. ആമ്മേൻ.