ഏകീകരിച്ച വി.കുർബാനയർപ്പണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ കുറച്ചു നാളുകളായി വിശ്വാസികൾക്കും പൊതുസമൂഹത്തിനും വലിയ ഉതപ്പു നല്കിക്കൊണ്ട് തുടരുന്ന തർക്കങ്ങളിൽ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഞാൻ പരസ്യമായ പ്രതികരണം നടത്തിയിട്ടുള്ളത്. പ്രതികരിക്കാൻ കാരണമില്ലാതിരുന്നിട്ടല്ല, എരിതീയിൽ എണ്ണയൊഴിച്ച് അതാളിക്കത്തിക്കാൻ കാത്തിരിക്കുന്നവർക്ക് അതവസരമാകേണ്ടെന്നു കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്.
എന്നാൽ “അതീവ രഹസ്യസ്വഭാവമുള്ള” (Strictly Confidential) ഒരു നീണ്ട കത്ത് ഇന്നലെ മാധ്യമങ്ങളിൽക്കൂടി പുറത്തുവന്നതു ശ്രദ്ധയിൽപെട്ടു. സീറോ മലബാർ സഭയിലെ ആറു വിരമിച്ച മെത്രാന്മാരുടെ പേരിൽ മേജർ ആർച്ചുബിഷപ്പിനെയും മറ്റു സിനഡംഗങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് സഭയിലെ സമകാലിക പ്രശ്നത്തിന്റെ വിശകലനം എന്നു ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ഒരു കത്താണത്.
സിനഡുതുടങ്ങുന്നതിന്റെ തലേദിവസം വിരമിച്ച മെത്രാന്മാരുടേതായി ഇങ്ങനെയൊരു കത്തു പുറത്തുവന്നതിലുള്ള കൌശലമൊക്കെ അവിടെ നില്ക്കട്ടെ. ഈ കത്ത് അതിൽ പേരുപറഞ്ഞിരിക്കുന്ന മെത്രാന്മാർ മനസറിഞ്ഞ് തയ്യാറാക്കിയിട്ടുള്ളതാണെങ്കിൽ ചില കാര്യങ്ങൾ അവരുടെ മനസാക്ഷിക്കുമുമ്പിൽ വയ്ക്കുകയാണ്.
ഒന്നാമതായി അവർ പറഞ്ഞിരിക്കുന്നത് ഏകീകരിച്ച വി. കുർബാനയർപ്പണരീതി നടപ്പിലാക്കാൻ എടുത്ത തീരുമാനം സഭയിൽ അനൈക്യത്തിനും പൊതുസമൂഹത്തിനു ഉതപ്പിനും കാരണമായിത്തീർന്നത് കൃത്യമായ കൂടിയാലോചനയും സുതാര്യമായ നടപടിക്രമങ്ങളും ഇല്ലാതെപോയതുകൊണ്ടാണെന്നാണ്. എന്നാൽ 1999 ഡിസംബർ മാസത്തിൽ പുറത്തിറക്കിയ സിനഡൽ ന്യൂസിന്റെ 21-ാം നമ്പർ തീരുമാനമായി ചേർത്തിരിക്കുന്ന ഈ വിഷയം സംബന്ധിച്ച് അന്നത്തെ സിനഡുപിതാക്കന്മാർ സംയുക്തമായി എഴുതി പ്രസിദ്ധീകരിച്ച ഇടയലേഖത്തിൽ ഈയൊരു തീരുമാനമെടുക്കാൻ പിതാക്കന്മാർ നടത്തിയിട്ടുള്ള കൂടിയാലോചനകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും സുദീർഘമായി വിവരിച്ചിട്ടുണ്ട്. ആ സംയുക്ത ഇടയലേഖനത്തിന്റെ താഴെ ഇപ്പോൾ ഈ കത്തെഴുതിയിരിക്കുന്ന ആറു മഹാന്മാരുടെയും പേരുകളുമുണ്ട്. പ്രായാധിക്യത്താൽ പഴയകാര്യങ്ങളൊക്കെ മറന്നതാണോ, അതോ ആരെങ്കിലും നിങ്ങളുടെ പേരിൽ ഇങ്ങനെയൊരു കള്ളക്കത്ത് തയ്യാറാക്കിയതാണോ എന്ന സംശയം ഇവിടെ ന്യായമായും ഉണ്ടാകുന്നു.
ഏകീകരിച്ച വി.കുർബാനയർപ്പണ രീതിയെക്കുറിച്ച് 1999-ലെ സിനഡെടുത്ത തീരുമാനം പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്നു പറയാൻ നിങ്ങൾക്ക് അല്പംപോലും ഉളുപ്പു തോന്നുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. കാരണം ഒരുമിച്ചു തീരുമാനമെടുത്ത് ഇടയലേഖനമെഴുതി വിശ്വാസികളെ ബോധിപ്പിച്ചിട്ട് അതു പരാജയപ്പെടുത്താൻ മുൻകൈയെടുത്തവർ നിങ്ങൾതന്നെയാണല്ലോ. നിങ്ങൾ രൂപതകളുടെ ശുശ്രൂഷാദൌത്യത്തിൽ സജീവമായിരുന്ന കാലത്ത്, സഭയുടെ ഐക്യത്തിനുവേണ്ടിയെന്നു പറഞ്ഞ് നിങ്ങളുംകൂടി ചേർന്നെടുത്ത ഈ തീരുമാനത്തിലേയ്ക്ക് നിങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികരെയും വിശ്വാസികളെയും നയിക്കാൻ നിങ്ങൾ ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടോ? പ്രബോധനദൌത്യം നിർവഹിക്കുമ്പോൾ, നിങ്ങൾതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സഭയുടെ ഏറ്റവും ശ്രേഷ്ഠമായ ആരാധനക്രമത്തെക്കുറിച്ച് തങ്ങളുടെ ആത്മീയ ശുശ്രൂഷയ്ക്കേല്പ്പിക്കപ്പെട്ടിരിക്കുന്നവരെ ബോധവത്ക്കരിക്കുകയും സഭയോടുചേർന്നു നില്ക്കാൻ അനുശാസിക്കുകയും ചെയ്യേണ്ടവരല്ലേ നിങ്ങൾ?
എന്റെ രൂപതയിലെ മെത്രാൻ അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് സ്വന്തം ബോദ്ധ്യങ്ങളോടു യോജിക്കാതിരുന്നിട്ടും സഭയുടെ തീരുമാനത്തോടു ചേർന്നുനിന്ന് കഴിഞ്ഞ 21 വർഷങ്ങളായി ഞങ്ങൾ ഇവിടെ സിനഡു തീരുമാനിച്ച രീതിയിൽ വി.കുർബായർപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഉത്തരവാദിത്വ നിർവഹണത്തിൽ സ്വാർത്ഥതാല്പര്യങ്ങൾമൂലം വീഴ്ച വരുത്തുകയും സജീവശുശ്രൂഷയിൽനിന്ന് വിരമിച്ച ശേഷവും ഇതുപോലുള്ള കുത്തിത്തിരിപ്പുംകൊണ്ടു വരികയും ചെയ്യുന്നത് നിർഭാഗ്യകരമാണ്.
വിരമിച്ചവരായതുകൊണ്ട് സിനഡിന് നടപടിയൊന്നുമെടുക്കാൻ പറ്റില്ലെന്ന ഉറപ്പിലാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്നും അല്ലെങ്കിൽ ആരോ നിങ്ങളെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്നുമൊക്കെ ചിലരെങ്കിലും സംശയിക്കുന്നതിൽ കാര്യമുണ്ടെന്നും തോന്നുകയാണ്.
ഏതായാലും ഒന്നൊഴികെ സഭയിലെ എല്ലാ രൂപതകളും വലിയ വിട്ടുവീഴ്ചാ മനോഭാവത്തോടെയും വലിയ സഹകരണത്തോടെയും സന്മനസോടെയും ത്യാഗത്തോടെയും സഭയുടെ ഐക്യത്തിനുവേണ്ടി ഒരേ തീരുമാനത്തിലേയ്ക്കു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മെത്രാന്മാരിലെ തലമൂത്തവരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിപ്പോയി ഈ കത്തെഴുതൽ. സുകൃതജപംചൊല്ലി സഭയ്ക്കുവേണ്ടി പ്രാർത്ഥിച്ചുകഴിയേണ്ട പ്രായത്തിൽ സഭാകൂട്ടായ്മയുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന ശുശ്രൂഷ അഭിവന്ദ്യ മെത്രാന്മാർ ദയവായി അവസാനിപ്പിക്കണം.
By, ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ