Honey Bhaskaran

ജീവിതത്തിൽ ഈ May 29th വരെ പരിചിതമല്ലാതിരുന്ന ഒരാഴ്ച്ച കടന്നു പോയിരിക്കുന്നു. ശരിക്കും പറഞ്ഞാൽ ജീവിതത്തിൽ ആദ്യമായി ഒരു ഹാലൂസിനേഷൻ പിരീഡ്…! എന്താണ് എനിക്കും മനസിനും ഇടയിൽ സംഭവിക്കുന്നതെന്നറിയാതെ ഉഴുതിട്ട നിലം പോലെ ചിതറിയ ചിന്തകൾ…!
എന്തിനാണു മരിച്ചു പോയ മനുഷ്യരെ കുറിച്ച് എഴുതുന്നതെന്ന് ചോദിക്കുന്നവരെ കാണാറുണ്ട്.
വിദ്വേഷങ്ങളുടെ ഉപ്പു വിതറി പരസ്പരം നീറിക്കുന്ന ഏറെ മനുഷ്യരുള്ള ഈ ആൾക്കൂട്ടത്തിൽ, വിദ്വേഷങ്ങൾക്കെതിരെ ഒരിലയനക്കം പോലും കേൾപ്പിക്കാത്തവർക്കിടയിൽ,
സ്നേഹം കൊണ്ടും അലിവു കൊണ്ടും അത്ഭുതം ആയി തീർന്ന ഒരു മനുഷ്യനെ കുറിച്ച്, പ്രാണനോളം പ്രിയപ്പെട്ട ആത്മമിത്രത്തെ കുറിച്ച് ഞാനെഴുതിയിട്ടില്ലെങ്കിൽ എന്റെ മറ്റെന്തെഴുത്തിനു മീതെയും ഞാൻ ഒപ്പു ചാർത്തിട്ടിയിട്ടും കാര്യമെന്ത് ?
ഇന്നലെ നീയില്ലാത്ത ആദ്യത്തെ Zoom Meet ആയിരുന്നു ഞങ്ങളുടേത്…! നിനക്കേറ്റവും പ്രിയപ്പെട്ട ഇടത്തിൽ ” നെല്ലിക്ക”യിൽ. പുരോഹിത വേഷമണിഞ്ഞ ശേഷം നിന്റെ കുസൃതികൾ വീണ്ടും പൂത്തു നിന്ന ഇടം. നാല് വയസ്സുള്ളപ്പോൾ മുതൽ ഒരുമിച്ചു കൈ പിടിച്ച് നീണ്ട പതിനൊന്ന് വർഷങ്ങൾ ഒപ്പം നടന്നവർ…!

ചിലർക്ക് കൊടുംപകൽ, ചിലർക്ക് അർദ്ധരാത്രി, ചിലർക്ക് പ്രഭാതം എന്നിട്ടും സമയം മറന്ന് ലോകത്തിന്റെ പല കോണിൽ പെട്ട അവരെല്ലാം വന്നു. വിങ്ങിപ്പൊട്ടാറായ ബലൂൺ പോലെ ശ്വാസം പിടിച്ചും തുലാമഴ പോലെ ചിലമ്പിച്ച് പെയ്തും കടന്നു പോയ രണ്ടു മണിക്കൂർ…! കൈ വിട്ടു പോയാലോന്നുള്ള ലജ്ജയിൽ ചിലരൊക്കെ മുഖം മറച്ചിരുന്നു…! ചിലരൊന്നും മഞ്ഞുറഞ്ഞതു പോലെ ശബ്ദിച്ചതേയില്ല.
ഓർമ്മകളുടെ കയറ്റുവള്ളത്തിൽ നിന്ന് കരക്കിറക്കി വെച്ച വേദനകൾ…! നമ്മുടെ സ്കൂൾ പ്യൂൺ ജോസപ്പേട്ടന്റെ അനക്കമില്ലാഞ്ഞ ശരീരം കാണാൻ ആ വീട്ടിലേക്ക് നടന്ന ഇടവഴിയിലെ പോലെ തന്നെ ഇതുവരെയില്ലാത്ത ഇരുട്ട് ….! മുറിഞ്ഞു മുറിഞ്ഞു വീഴുന്ന അക്ഷരങ്ങളുടെ വക്കു തട്ടി പല നേരത്തും പൊള്ളി. വാക്കുകൾക്കിടയിൽ അനുവാദം ചോദിക്കാനെന്ന പോലെ വിറയലോടെ നിശ്ശബ്ദത.
പ്രിയപ്പെട്ടൊരാളോട് ജീവിച്ചിരിക്കുമ്പോൾ നാമെത്രയായിരുന്നു നമുക്കെന്തായിരുന്നു എന്ന് മരണശേഷം തിരിച്ചറിഞ്ഞ ദിവസങ്ങൾ. മുപ്പത്തിയെട്ട് വർഷങ്ങൾക്കിടയിൽ ആകെ വന്ന അകലം എടൂർ സെന്റ് മേരീസ് നഴ്സറിയിൽ നീ ചേരാനെടുത്ത ആ നാല് വർഷങ്ങൾ മാത്രമായിരിക്കണം. ഒരേ വീട്ടുമുറ്റങ്ങളിൽ കളിപ്പാട്ടം പങ്കിട്ട നമുക്കിടയിലെ പലർക്കും അത്ര പോലും അകലമുണ്ടാവില്ല…!
എത്രയോ ബന്ധുക്കൾ, സുഹൃത്തുകൾ, പരിചയക്കാർ കാലത്തിനു കുറുകേ നടന്നില്ലാതായി. എന്നിട്ടും കൂടെ കളിച്ചു വളർന്ന ഒരാളുടെ മരണം ശേഷിച്ച മനുഷ്യരെ എത്രമാത്രം തകർത്തുകളയുമെന്ന് ജീവിതം കൊണ്ടനുഭവിച്ച ആദ്യ സംഭവം.
തലയിട്ടുരുട്ടിയും പൊട്ടിക്കരഞ്ഞും നിന്നെ തിരിച്ചു തരാൻ പ്രാർത്ഥിച്ചതിനോളം അത്യാഗ്രഹം പിടിച്ച മറ്റൊരു പ്രാർത്ഥനയും ഇന്നോളമുണ്ടായില്ലെടാ…. ഞാനടക്കം പലർക്കും.
ഓർമ്മകളുടെ ഒരു കയറ്റമിറങ്ങിയാൽ നിന്നെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ എൽ പി സ്കൂളിലെ ക്ലാസ് മുറിയിലിരുന്ന് സ്ളേറ്റിൽ നീ വരച്ചു മായ്ച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്.
ഓർമ്മകൾ,വല്ലാത്ത ഭാരമാണതിന്. ഇഷ്ടിക കയറ്റി വച്ച പോലെ കനത്ത നെഞ്ച്. പതിവിലും വിപരീതമായി വേഗത്തിൽ മിടിച്ചു കൊണ്ടേയിരിക്കുന്ന ഹൃദയം. അതിനുള്ളിൽ കാരമുള്ള് തറച്ചതു പോലെ സദാ വിങ്ങിക്കൊണ്ടിരിക്കുന്ന മുറിവായി പ്രിയപ്പെട്ടവനേ …. നീ.
നിനക്കേറെയിഷ്ടമുള്ള പാട്ടുകൾ, കവിതകൾ നിരന്തരം കേട്ടുകൊണ്ടിരുന്നു…! നിന്റെ ശബ്ദത്തിൽ “സന്ദർശനം ” ഒരു നൂറു വട്ടമെങ്കിലും കേട്ടു. നിനക്കൊപ്പം മൂളി.
“ചിറകു നീര്ത്തുവാനാവാതെ തൊണ്ടയില് പിടയുകയാണൊരേകാന്ത രോദനം”. മൂളി വന്നപ്പോൾ ശബ്ദമില്ലാതായി.
നീ കൂടെയുണ്ടെന്ന പോലെ നിന്നോട് ഹൃദയം കൊണ്ട് സംസാരിച്ചും മാ
ധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ നിന്നെ കേൾപ്പിച്ചും പകലും രാത്രിയും വെളിവ് നഷ്ടപ്പെട്ട് കടന്നു പോയി.
മണിപ്പാലിൽ വർഷങ്ങൾ നിന്റെ ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർ നിരന്തരം നിന്നെ കുറിച്ച് അനുഭവങ്ങൾക്ക് പങ്കു വച്ചത് വായിച്ച്, പിതാവ് വെളിപ്പെടുത്തിയ രോഗ രഹസ്യങ്ങൾ വീണ്ടും വീണ്ടും കേട്ടും ഞങ്ങൾ വിങ്ങി.
എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ അൾത്താരയെയും കവാടങ്ങളെയും നിന്റെ നെറുകയാൽ ചുംബിപ്പിച്ച് ഒരു രാജാവിനെ പോലെ തിരുവസ്ത്രത്തിൽ നീയാ വാതിൽ കടന്നു എന്നന്നേയ്ക്കുമായി പോകുന്നത് കണ്ടപ്പോൾ കൂടെ വരാൻ തോന്നി. നീയാ കല്ലറയിൽ ഒറ്റക്കാണല്ലോന്ന് ചിന്തകൾക്ക് ഭ്രാന്തു പിടിച്ചു…!
എങ്കിലും,
പ്രിയപ്പെട്ടവനേ … നോക്കൂ… നീ ഭാഗ്യവാനാണ്.
ഒരുറുമ്പിനെ പോലും നുള്ളി നോവിക്കാതെ 38 വർഷങ്ങൾ ഭൂമിയിലെ തന്റെ ജീവിതത്തെ താനിടപെട്ട ഒരോ മനുഷ്യനിലും മനുഷ്യത്വപരമായ സമീപനങ്ങളാൽ, പ്രവൃത്തികളാൽ അടയാളപ്പെടുത്തി കടന്നു പോയ എന്റെ പരിചയത്തിലെ ഏക മനുഷ്യൻ നീയാണ്. തികഞ്ഞ അഭിമാനമുണ്ട്.
എന്റെ പപ്പാ മരിച്ചപ്പോൾ എനിക്കിത്ര നൊന്തിട്ടില്ലെടീ ന്ന്, അവൻ പള്ളിയിൽ ഉണ്ടാവുമല്ലോ ഞാനങ്ങോട്ടിറങ്ങുന്നൂന്ന്, എനിക്കൊരു വരം കിട്ടിയാൽ എനിക്കവനെ മതീന്ന് അങ്ങനങ്ങനെ പതം പറഞ്ഞ് എത്ര കൂട്ടുകാരാണ് നിനക്ക്.
ഞാനോ… സ്വപ്നമാണെന്ന് സ്വയം പഠിപ്പിച്ചു കൊണ്ടാണ് എല്ലാ മയക്കത്തിൽ നിന്നും കണ്ണു തുറക്കുക…. വെളിച്ചം യാഥാർത്ഥ്യം പറയുമ്പോൾ കണ്ണതിരുകളിൽ ജലമൂറി വരും… !
തൊണ്ടക്കുഴിയിൽ കയ്പ്പു നിറയും. കടുത്ത ശൂന്യതയുടെ ചെകിടിപ്പിക്കുന്ന രുചി തികട്ടും.
പ്രിയപ്പെട്ടവനേ നോക്കൂ…
ഇതെഴുന്ന നേരത്തും നിന്റെ കാര്യം പറഞ്ഞു സങ്കടപ്പെട്ടൊരാൾ മറുതലയ്ക്കലുണ്ട്…! നീ പോയ ശേഷം ഞാൻ സംസാരിച്ച മനുഷ്യരിൽ നിന്റെ മരണമാണ് ഏറെ വേദനിപ്പിച്ച മരണങ്ങളിലൊന്ന് എന്ന് പറയാത്ത നിന്നെ അറിയുന്ന ഒരാൾ പോലുമില്ലെന്നത് ഞെട്ടിച്ചു കളയുന്നു…..!
ഇത്രയൊക്കെ സ്നേഹിക്കപ്പെടാനുള്ള മാന്ത്രികവടി നിന്റെ ദൈവം നിന്നെ മാത്രം ഏൽപ്പിച്ചതാവുമോ ?
ചില നേരം നിന്നെയോർക്കെ ഒരു പുഞ്ചിരി വിരിയും..!
കടുത്ത ദൈവ വിശ്വാസിയായ നീയും ദൈവത്തിനെതിരെ തല്ലാൻ കിട്ടുന്ന വടിയൊന്നും താഴെ വയ്ക്കാതെ നടക്കുന്ന ഞാനും. എന്നിട്ടും നമ്മളെന്താവും ഒരിക്കൽ പോലും ദൈവത്തെ കുറിച്ച് പറഞ്ഞ് കലഹിക്കാതിരുന്നത് ? അതെ, അതു നിന്റെ മാത്രം പ്രത്യേകതയായിരുന്നു.
പോവുന്ന ഇടങ്ങളിൽ നിന്നെല്ലാം ചിത്രം വരയ്ക്കാനുള്ള മഷിക്കൂട്ടിന് മണ്ണ് ശേഖരിക്കുന്ന ഒരുവൻ നീയല്ലാതെ വേറാരുണ്ട്.
ഞാൻ അറിഞ്ഞ, ബന്ധങ്ങളിൽ ജഡ്ജ്മെന്റലല്ലാത്ത ഏക മനുഷ്യൻ. പറയുന്നതെല്ലാം പരാതികളില്ലാതെ സൗമ്യനായി കേൾക്കുന്ന, എല്ലാ സംസാരങ്ങളും സന്ദേശങ്ങളും പുഞ്ചിരിക്കുന്ന സ്നേഹത്തിലവസാനിപ്പിച്ച ഏക മനുഷ്യൻ.
ഇനി അങ്ങനൊരാളില്ല തന്നെ. കാരണം ജീവിതത്തിന്റെ പാതി വഴി പിന്നിട്ടിരിക്കുന്നു…!
ഞാനോർക്കുകയായിരുന്നു സ്കൂൾ കാലത്തിനു ശേഷം വന്ന സൗഹൃദങ്ങളെ കുറിച്ച് … എത്ര കണ്ടിഷണലാണവ… ! ഒന്നു തുമ്മിയാൽ തെറിച്ചു പോയതും പോകുന്നവയുമാണേറെയും…! ഒന്നു കോളെടുക്കാൻ പറ്റാതായാൽ, സന്ദേശങ്ങൾക്ക് മറുപടി വൈകിയാൽ, വിരുന്നുകൾക്ക് പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ, എന്തിന്, ഒരു പിറന്നാളാശംസ മറന്നാൽ പോലും ഉപേക്ഷിക്കപ്പെടുന്നവ…!
മരണശേഷമാണ്, നിന്നെ ചികിത്സിച്ച ഡോക്ടറും സെമിനാരിയിലെ ഉറ്റ സുഹൃത്തുക്കളും എഴുതിയ കുറിപ്പുകളിൽ നിന്ന്, മൃതശുശ്രൂഷ പ്രസംഗങ്ങളിൽ നിന്നാണ് നീയനുഭവിച്ച രോഗപീഡകളുടെ കാഠിന്യം എല്ലാവരും അറിയുന്നത്. ഇനിയും ഒളിപ്പിക്കാതെ, വേദനിപ്പിക്കാതെ ഒരപകടത്തിന്റെ രൂപത്തിൽ നീ വിശ്വസിക്കുന്ന നിന്റെ ദൈവം നിന്നെ എളുപ്പത്തിൽ കൊണ്ടു പോയതാവണം.
ഇന്ന് നീയില്ലായ്മയുടെ ഒൻപതാം ദിനം. നീ സ്വർഗ്ഗം പൂകിയെന്ന് വിശ്വസിക്കുകയും നിന്റെ വീടകം വെഞ്ചരിക്കപ്പെടുകയും ചെയ്യുന്ന ദിവസം.
നിനക്കിന്നേറെ തിരക്കായിരിക്കുമെന്നറിയാം. നീയുള്ള എല്ലാ ഇടങ്ങളുടെയും ചുവരുകൾ നീ നിറങ്ങൾ ചാർത്തിയും ശില്പങ്ങൾ കൊത്തിയും പൂക്കൾ നിറച്ചും മനോഹരമാക്കിയതു പോലെ സ്വർഗ്ഗവും നിനക്കലങ്കരിക്കണമല്ലോ…!
നിന്റെ ഹൃദയത്തിൻ മീതെ നീക്കി വെച്ച ആ ചുവന്ന റോസാപ്പൂ വാടാതെ കാക്കുക. അൾത്താരകളിലെ നാനാവിധ നക്ഷത്ര വെളിച്ചം പോലെ നിന്റെ ചിരികൾ അവിടെയും നിറയട്ടെ…!
അതിജീവിക്കുകയാണ് പതിയെ, നിന്നെ സ്നേഹിക്കുന്ന സകലരും.
നീ ശേഷിപ്പിച്ച സ്വപ്നങ്ങൾ, ഞങ്ങൾക്കുമിനി തിരക്കാണ് …!
ജീവനേ… സ്നേഹമേ… സൗഹൃദമേ, നീ ഞങ്ങളുടെ ശ്വാസത്തിലുണ്ട്. ഉന്നതങ്ങളിൽ നിന്നും ഞങ്ങൾക്കിടയിലും നീ പ്രകാശമാവുക..! ശാന്തി…!