ഭാരതത്തിലെ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കു പിന്നിൽ വർഗീയത: കെആർഎൽസിസി. ക്രൈസ്തവർക്കെതിരേ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഭൂരിപക്ഷ വർഗീയതയുടെ സംഘടിത ശ്രമങ്ങളാണെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക്ക് കൗണ്‍സിൽ (കെആർഎൽസിസി) 38-ാം ജനറൽ കൗണ്‍സിൽ.
ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ആക്രമണങ്ങൾ അരങ്ങേറുന്നെന്നത് ഗൗരവമായി കാണണമെന്നും, ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജേന ബിജെപി കർണാടക നിയമസഭയിൽ ശബ്ദവോട്ടോടെ പാസാക്കിയ മതപരിവർത്തന നിരോധന ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യം, വൈവാഹിക വ്യക്തിസ്വാതന്ത്ര്യം എന്നിവയിലുള്ള കടന്നു കയറ്റമാണിതെന്നും കേരള കൗൺസിൽ പറഞ്ഞു.
മൗലികാവകാശങ്ങൾ ഉറപ്പാക്കി സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കാനുള്ള സഹചര്യമൊരുക്കാൻ സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേരളത്തിലെ നിർദിഷ്ട ക്രൈസ്തവ വിവാഹ നിയമം വഴി കൂദാശകളുടെ പരികർമത്തിൽ അനാവശ്യ ഇടപെടൽ കമ്മീഷൻ നടത്തിയിട്ടുണ്ട്. ഈ നിയമം സ്വീകാര്യമല്ല. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കേരളസമൂഹം ഉയർത്തുന്ന ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. വിശദമായ പദ്ധതി രൂപരേഖ ജനങ്ങൾക്കു മുന്നിൽ വയ്ക്കണം. സാമൂഹിക, സാമ്പത്തിക പാരിസ്ഥിതികാഘാത പഠനം നടത്തിയേ മുന്നോട്ടു പോകാനാകൂ.
മത്സ്യ സംഭരണം, വിപണനം, ഗുണപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട നിയമത്തിൽ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം സർക്കാർ നിരസിച്ചിരിക്കുകയാണ്. ട്രേഡ് യൂണിയനുകൾക്ക് അമിത പ്രാധാന്യം നൽകി നിർമിച്ചിട്ടുള്ള ഈ നിയമം പിൻവലിക്കണം.
ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ ഭാഗമായി ഇഎസ്എ വില്ലേജുകൾ നിർണയിച്ചതിലെ അപാകത പരിഹരിക്കണം. പരിവർത്തിത ക്രൈസ്തവർക്ക് സംവരണ അവകാശങ്ങൾ നിഷേധിക്കരുത്. ഇക്കാര്യത്തിൽ കോടതിയും സർക്കാരും കാണിക്കുന്ന നിസംഗത പ്രതിഷേധാർഹമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
ജനസംഖ്യാനുപാതികമായി ദളിത് ക്രൈസ്തവർക്ക് സംവരണം അനുവദിക്കണമെന്നും കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ബിഷപ് ഡോ. ജെയിസ് ആനാപറന്പിൽ, ഫാ. തോമസ് തറയിൽ, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, അഡ്വ. ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചൻ, എൻ. ദേവദാസ്, ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍ കളപ്പുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.