ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലൻ ഒരിക്കൽ വിശുദ്ധ പത്രോസിന്റെ പിൻഗാമി ആവുമെന്ന് ?
അന്റോണിയോ ജനിച്ചത് 1504 ജനുവരി 17 -ന് ആയിരുന്നു. പാവപ്പെട്ടതായിരുന്നെങ്കിലും ദൈവഭക്തിയുള്ളതായിരുന്നു അവരുടെ കുടുംബം.
വിശ്വാസത്തെ മുറുകെപിടിക്കാനും പരിശുദ്ധ അമ്മയെ സ്നേഹിക്കാനും അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. ഒരു വൈദികൻ ആവാൻ അവന് വളരെ ആഗ്രഹമായിരുന്നെങ്കിലും അവന്റെ വിദ്യാഭ്യാസത്തിനു വേണ്ട പണം അവന്റെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പതിനാലു വയസ്സായപ്പോൾ രണ്ടു ഡൊമിനിക്കൻ സഹോദരരെ കണ്ടുമുട്ടിയത് അവന്റെ ജീവിതം മാറ്റിമറിച്ചു. ഡൊമിനിക്കൻ സന്യാസവസ്ത്രമണിഞ്ഞ് അവൻ പഠിക്കാൻ തുടങ്ങി.
വളരെ പെട്ടെന്ന് അവൻ ഒപ്പമുള്ളവരെ പിന്നിലാക്കി പഠനത്തിൽ മുന്നേറി. 17 വയസ്സായപ്പോഴേക്കും മിഷേൽ എന്ന പേര് സ്വീകരിച്ച ഒരു ഡൊമിനിക്കൻ സഹോദരനായി തീർന്നിരുന്നു അവൻ. പ്രസിദ്ധമായ ബൊളോഞ്ഞ യൂണിവേഴ്സിറ്റിയിൽ അവന്റെ പേര് സഹോദരൻ മിഷേൽ ഗിസ്ലിയേരി എന്നായിരുന്നു. 24 വയസ്സായപ്പോൾ ജെനോവയിലെ പുരോഹിതനായി നിയമിതനായി. തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചിരുന്ന അവൻ അനിതരസാധാരണമായ കഴിവുകൾ കൊണ്ട് നോവിസ് മാസ്റ്ററും നാല് വട്ടം പ്രയോരച്ചനും ഒക്കെയായി.
1556 -ൽ മിഷേൽ നേപിയുടെയും സൂത്രിയുടെയും ബിഷപ്പായി അവരോധിക്കപ്പെട്ടു, ഒരു കൊല്ലത്തിനു ശേഷം കർദ്ദിനാളും. പാഷണ്ഡതകൾ കൂണ് പോലെ മുളച്ചുപൊങ്ങിയ ആ സമയത്ത് സഭാപ്രമാണങ്ങളെ പ്രതിരോധിക്കാൻ നിയുക്തനായിരുന്നു അദ്ദേഹം. 1517ൽ മാർട്ടിൻ ലൂഥർ കിംഗ് സകല വിശുദ്ധരുടെയും ഓർമ്മദിനത്തിൽ വിറ്റൻബർഗിലെ യൂണിവേഴ്സിറ്റി ചാപ്പലിന്റെ വാതിൽക്കൽ അയാളുടെ പ്രബന്ധങ്ങൾ ആണിയടിച്ചു വെച്ചപ്പോൾ പ്രോട്ടസ്റ്റന്റ് നവീകരണത്തിന് തുടക്കമായി. കുറച്ചു കൊല്ലങ്ങൾക്കുള്ളിൽ യൂറോപ്പിലെ വലിയൊരു ഭാഗം, കത്തോലിക്കസഭയുടെ പിടിയിൽ നിന്ന് തെന്നിമാറിപ്പോയി.
അപ്പോഴത്തെ പോപ്പ് പീയൂസ് നാലാമൻ ആയിരുന്നു. 1560 -ൽ , തൻറെ അനന്തരവനായ ചാൾസ് ബൊറോമിയയെ അദ്ദേഹം കർദ്ദിനാൾ ആക്കിയിരുന്നു. ചാൾസ് ബൊറോമിയ ആണ് കർദ്ദിനാൾ ഗിസ്ലെരിയുടെ തീക്ഷ്ണതയും വിശുദ്ധിയും ശ്രദ്ധിക്കുന്നത്, ബിഷപ്പുമാരുടെ കാര്യത്തിൽ ജാഗ്രതയോടെ ഇടപെടുന്നതും പാവങ്ങളോടുള്ള കരുണയും അങ്ങനെ പലതും. പീയൂസ് നാലാമൻ മരിക്കുമ്പോൾ ചാൾസ് ബൊറോമിയോ മിലാന്റെ ആർച്ച്ബിഷപ്പും പേപ്പൽ സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയിരുന്നു.
മറ്റു കർദ്ദിനാൾമാരെക്കൊണ്ട് അടുത്ത പോപ്പ് ആയി മിഷേൽ ഗിസ്ലേരിയെ തെരഞ്ഞെടുപ്പിച്ചത് ചാൾസ് ബൊറോമിയോ ആണ് കാരണം സഭയുടെ നവോത്ഥാനനായകനെ അദ്ദേഹത്തിൽ കാണാൻ ചാൾസിന് കഴിഞ്ഞു. തന്നെ ഒഴിവാക്കാൻ എത്ര പറഞ്ഞിട്ടും ഫലമില്ലെന്നു കണ്ടപ്പോൾ ആ ഡൊമിനിക്കൻ സന്യാസി വിതുമ്പി. പീയൂസ് അഞ്ചാമൻ അവിടെ പിറവിയെടുത്തു. സഭക്ക് ഏറ്റവും ആവശ്യമായ കാലഘട്ടത്തിൽ ഒരു വിശുദ്ധൻ മറ്റൊരു വിശുദ്ധനെ തിരഞ്ഞെടുത്തു.
അനേക വർഷങ്ങളായി നിലനിന്ന ചട്ടങ്ങളും പാരമ്പര്യങ്ങളും പുതിയ പാപ്പ മാറ്റിമറിച്ചു. ക്രിസ്തുവിന്റെ വികാരിമാർ എന്നതിനേക്കാൾ രാജാക്കന്മാർ വാഴുന്നപോലെയായിരുന്നു അതുവരെ മാർപാപ്പമാർ ജീവിച്ചിരുന്നത്. 1566 ജനുവരി 7 -നു പുതിയ പാപ്പ അധികാരം ഏറ്റെടുക്കുമ്പോൾ, ജനക്കൂട്ടത്തിന് മീതേക്കൂടി ഒരു കാര്യവുമില്ലാതെ എറിയാറുള്ള വലിയൊരു തുക അതിനു പകരം ആശുപത്രികൾക്കും പാവപ്പെട്ടവർക്കും കൊടുത്തു. കർദ്ദിനാൾമാർക്കും അംബാസ്സഡർമാർക്കും മറ്റു അധികാരികൾക്കും വിരുന്ന് കൊടുക്കാനായി ചിലവാക്കാറുള്ള പണം പാവപ്പെട്ട കോൺവെന്റുകൾക്ക് കൊടുത്തയക്കപ്പെട്ടു.
വിശുദ്ധമായ മാതൃക പോപ്പ് തൻറെ ജീവിതം കൊണ്ട് കാണിച്ചുകൊടുത്തു. അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനകളും ദിവ്യബലിയും. വെളുത്ത ഡൊമിനിക്കൻ സഭാവസ്ത്രം ആണ് ധരിച്ചത് , അന്ന് മുതലാണ് മാർപ്പാപ്പാമാർ വെളുത്ത ളോഹ ധരിക്കാൻ തുടങ്ങിയത്. ഒരു ഉപദേശകൻ ആയി എല്ലാവർക്കും സമീപിക്കാൻ കഴിയുമായിരുന്ന പിതാവ് രോഗികളെയും ജയിൽപുള്ളികളെയും സന്ദർശിച്ചു, വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ ആശ്വസിപ്പിച്ചും കൂദാശകൾ കൊടുത്തും കഴുമരം വരെ അനുഗമിച്ചു.
ക്ഷാമത്തിന്റെ സമയത്ത് സിസിലിയിൽ നിന്നും ഫ്രാൻസിൽ നിന്നും സ്വന്തം ചിലവിൽ ധാന്യം ഇറക്കുമതി ചെയ്ത് പാവങ്ങൾക്ക് കൊടുത്തു. വളരെ കുറച്ചു ഭക്ഷിച്ചിരുന്ന അദ്ദേഹം കൂടെക്കൂടെ ഉപവസിച്ചു. മാഡ്രിഡിനുള്ള റിപ്പോർട്ടിൽ സ്പാനിഷ് അംബാസ്സഡർ എഴുതി , “ഈ പോപ്പ് ഒരു വിശുദ്ധനാണ്, ആത്മാക്കളുടെ രക്ഷ മാത്രമേ അദ്ദേഹത്തിന്റെ മനസ്സിലുള്ളു”.
ട്രെന്റ് സൂനഹദോസിന്റെ തീരുമാനങ്ങൾ ഒട്ടും ഭയമില്ലാതെ നടപ്പിൽ വരുത്താൻ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ഉത്തരവുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തങ്ങളുടെ ആടുകളുടെ ഇടയിൽ താമസിക്കേണ്ട ഇടയന്മാരാണ് ബിഷപ്പുമാർ , അല്ലാതെ നിസ്സംഗരായ ജന്മിമാരെപ്പോലെ ആവരുത് എന്നത്. ഇടവകവൈദികന്മാർ അവരവരുടെ ഇടവകയിൽ തന്നെ താമസിക്കണം.
ശരിയായ വൈദികപരിശീലനത്തിന് സെമിനാരികൾ ആരംഭിക്കാൻ ഉത്തരവിടുകയും പുതിയ വേദപുസ്തകങ്ങൾ, യാമപ്രാർത്ഥന, മതബോധനപുസ്തകങ്ങൾ എന്നിവ പുറത്തിറക്കുകയും യുവാക്കൾക്ക് ക്രിസ്ത്യൻ മതപഠനം നടത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ അഞ്ചാം പീയൂസ് പാപ്പ എന്നും ഓർമ്മിക്കപ്പെടും. നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.
ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് പോപ്പിന്റെ സ്വപ്നമായിരുന്നു. അവർ ക്രൂരമായി സൈപ്രസ് പിടിച്ചെടുത്തപ്പോൾ അത് നിവൃത്തിയാക്കേണ്ട സമയമായി. തമ്മിൽ തമ്മിലുള്ള യുദ്ധം നിർത്തി തുർക്കികൾക്കെതിരെയുള്ള യുദ്ധത്തിന് ഒരുമിച്ചു നിൽക്കാൻ അഞ്ചാം പീയൂസ് പാപ്പ കണ്ണീരോടെ ക്രിസ്ത്യൻ ഭരണകർത്താക്കളോട് അഭ്യർത്ഥിച്ചു. 1571 -ൽ അങ്ങനെയൊരു സേന ഓസ്ട്രിയയിലെ ഡോൺ ജുവാന്റെ നേതൃത്വത്തിൽ അണിനിരന്നു.
ശക്തമായ കാറ്റിനു വേണ്ടി കാത്തിരിക്കുന്നതിനിടെ ഡോൺ ജുവാനും കൂട്ടരും മൂന്നു ദിവസം ഉപവസിച്ചു. ക്രിസ്ത്യൻ സേന ഗ്രീസിലെ കൊറിന്തിന് അടുത്ത് ലെപ്പന്റോയിൽ തുർക്കി സൈന്യവുമായി നേർക്കുനേർ ഏറ്റുമുട്ടി . അതിനു മുൻപ് ഓരോ ക്രിസ്ത്യാനികളും കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചിരുന്നു. പരിശുദ്ധ പിതാവ് ക്രിസ്തീയസൈന്യത്തെ ഗ്വാഡലുപ്പേ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ച് തൻറെ അനുഗ്രഹങ്ങൾ വർഷിച്ചു.
രാവിലെ 6 മണിക്ക് തുടങ്ങിയ യുദ്ധം വൈകീട്ട് വരെ നീണ്ടു. തുർക്കിപ്പട എണ്ണത്തിൽ വളരെ മുന്നിട്ടു നിന്നെങ്കിലും തോൽവി സമ്മതിച്ചു. ആ സായാഹ്നത്തിൽ അഞ്ചാം പീയൂസ് പാപ്പ, ബുസ്സൊറ്റി പ്രഭുവുമായി ഭരണകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ രഹസ്യസന്ദേശം ലഭിച്ചത് പോലെ പീയൂസ് പാപ്പ എണീറ്റ് ജനലിനരികിലേക്ക് പോയി കിഴക്കിനഭിമുഖമായി നിന്നിട്ടു പറഞ്ഞു, “നമുക്ക് കർത്താവിനോട് നന്ദി പറയാം. പരിശുദ്ധ കന്യാമറിയം നമുക്ക് അത്ഭുതം നേടിത്തന്നിരിക്കുന്നു.
ക്രിസ്റ്റ്യൻ സേന വിജയിച്ചിരിക്കുന്നു”. അടുത്ത രണ്ടാഴ്ച എടുത്തു ലോകം ആ വാർത്ത അറിയാൻ. പാപ്പ സെന്റ് പീറ്റേഴ്സിലേക്ക് ദൈവസ്തുതി പാടി ഘോഷയാത്ര നടത്തി . എല്ലായിടത്തും സന്തോഷം അലയടിച്ചു. പരിശുദ്ധ അമ്മ നേടിത്തന്ന വിജയത്തിന്റെ സ്മരണക്കായി ഒക്ടോബർ 7 പരിശുദ്ധ ജപമാലയുടെ തിരുന്നാൾ ആയി പ്രഖ്യാപിച്ചു കൊണ്ടും മാതാവിന്റെ ലുത്തിനിയയിൽ ക്രിസ്ത്യാനികളുടെ സഹായമേ എന്ന് കൂട്ടിച്ചേർത്തു കൊണ്ടും അഞ്ചാം പീയൂസ് പാപ്പ ഉത്തരവിറക്കി.
1572 -ന്റെ തുടക്കത്തിൽ , അഞ്ചാം പീയൂസ് പാപ്പയുടെ ഭരണകാലത്തുടനീളം അദ്ദേഹത്തെ ഉപദ്രവിച്ചിരുന്ന പിത്താശയകല്ലുകൾ സഹിക്കാനാവാത്ത വേദനയുളവാക്കി തുടങ്ങി. അതിന്റെ പേരിലുള്ള സഹനം വലുതായിരുന്നു. ഏപ്രിൽ 30 -ന് കുർബ്ബാന ചൊല്ലാൻ അദ്ദേഹം ശ്രമിച്ചെങ്കിലും അതിന് കഴിയുന്നുണ്ടായിരുന്നില്ല. അദ്ദേഹം കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചു. തൻറെ ഡൊമിനിക്കൻ സന്യാസവസ്ത്രത്തിൽ മുട്ടിൽ നിന്ന് സഭയിലെ അന്ത്യകൂദാശകൾ അദ്ദേഹം സ്വീകരിച്ചു. അടുത്ത ദിവസം അദ്ദേഹം മരണത്തിലേക്കടുത്തു.
ക്രൂശിതരൂപം കയ്യിൽ പിടിച്ച് തെരുതെരെ പിതാവ് അതിൽ ചുംബിച്ചുകൊണ്ടിരുന്നു. അന്ന് വൈകുന്നെരം 1572 മെയ് ഒന്നിന് പിതാവിന്റെ ആത്മാവ് നിത്യത പുൽകി. 1672 -ലാണ് അഞ്ചാം പീയൂസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത്.
വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പയുടെ തിരുന്നാൾ മംഗളങ്ങൾ
By, ജിൽസ ജോയ്